Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നു രാത്രിയിൽ ദൃശ്യമാകുന്ന ബ്ലഡ്മൂൺ 270 വർഷത്തിനുശേഷം എത്തുന്ന അപൂർവ പ്രതിഭാസം; ലോകാവസാനത്തിന്റെ തുടക്കമെന്ന് വിശ്വസിക്കുന്നർ ഏറെ; അപൂർവ ചന്ദ്രനെ കാണാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്നു രാത്രിയിൽ ദൃശ്യമാകുന്ന ബ്ലഡ്മൂൺ 270 വർഷത്തിനുശേഷം എത്തുന്ന അപൂർവ പ്രതിഭാസം; ലോകാവസാനത്തിന്റെ തുടക്കമെന്ന് വിശ്വസിക്കുന്നർ ഏറെ; അപൂർവ ചന്ദ്രനെ കാണാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്:  ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കുക. ഒന്നേമുക്കാൽ മണിക്കൂറോളം നേരം നീളുന്ന ആകാശവിസ്മയം ഇനി സംഭവിക്കണമെങ്കിൽ 270 വർഷം കാത്തിരിക്കേണ്ടിവരും. സൂര്യനും ചന്ദ്രനും ഇടയിൽ നേർരേഖയിൽ ഭൂമി എത്തുന്നതോടെ, ചന്ദ്രൻ ചുവന്ന് തുടുക്കുന്നത് മാത്രമല്ല ഇന്നത്തെ പ്രത്യേകത. ചൊവ്വ ഗ്രഹത്തിന്റെ വ്യക്തമായ ദൃശ്യവും ഈ ഗ്രഹണ സമയത്ത് ദൃശ്യമാകും. ഇരട്ട വിസ്മയമാണ് ഇന്ന് രാത്രിയിലൊരുങ്ങുന്നതെന്ന് ചുരുക്കം.

ആയുസ്സിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന വിസ്മയമെന്നാണ് പൂർണചന്ദ്ര ഗ്രഹണവും ചൊവ്വാദൃശ്യവും ഒത്തചേരുന്ന മുഹൂർത്തത്തെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയിലും ചന്ദ്ര ഗ്രഹണം ദൃശ്യമായിരുന്നു. അടുത്ത പൂർണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബറിലാണ്. എന്നാൽ, ചന്ദ്രന് ചുവപ്പ് രാശി പടരുന്ന രക്തചന്ദ്രൻ എന്ന പ്രതിഭാസം അപൂർവമായി മാത്രമാണ് സംഭവിക്കാറ്. ഭ്രമണപഥത്തിൽ ഭൂമിയിൽനിന്ന് ഏറ്റവും അകന്നാണ് ഇന്ന് ചന്ദ്രൻ കാണപ്പെടുക. അതിനാൽ വലിപ്പം കുറഞ്ഞ പൂർണചന്ദ്രനാകും ഇന്ന് ദൃശ്യമാകുക.

ഭൂമിയോട് ഏറ്റവുമടുത്ത് ചൊവ്വയെ കാണുന്ന ഏതാനും ദിവസങ്ങളാണ് ഇനിയുള്ളത്. പൂർണചന്ദ്രഗ്രഹണം കൂടി വരുന്നതോടെ, ചൊവ്വയുടെ ദൃശ്യം ഇന്ന് കൂടുതൽ വ്യക്തതയുള്ളതായിത്തീരും. 15 വർഷത്തിനുശേഷമാണ് ചൊവ്വാഗ്രഹം ഭൂമിയോട് ഇത്രയടുത്തെത്തുന്നത്. ജൂലൈ 31-നാകും ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്തെത്തുക. 5.76 കോടി കിലോമീറ്ററാകും അന്ന് ഭൂമിയും ചൊവ്വയുമായുള്ള അകലം. ചന്ദ്രനും ചൊവ്വയും ഒരേവലിപ്പത്തിലായിരിക്കും കാണപ്പെടുകയെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. അത് വിശ്വസിക്കരുതെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞർ പറയുന്നത്.

എന്നാൽ, ഈ അപൂർവ വിസ്മയം ലോകാവസാനത്തിന്റെ സൂചനയാണെന്ന് കരുതുന്നവരുമുണ്ട്. റെഡ് മൂണും റെഡ് പ്ലാനറ്റും ഒരുമിച്ച് ദൃശ്യമാകുന്നത് ലോകാവസാനം സൂചിപ്പിക്കുന്നതാണെന്ന് യു.എസ്. ടിവി സുവിശേഷകൻ പോൾ ബെഗ്ലി പറയുന്നു. ബൈബിളിൽ ഇതേക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അന്തിമദിനം അടുക്കുന്നതിന് മുമ്പ് സൂര്യൻ ഇരുളിലാഴുമെന്നും ചന്ദ്രൻ രക്തനിറത്തിലാകുമെന്നും ബൈബിളിൽ സൂചനയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

എന്താണ് ബ്ലഡ് മൂൺ പ്രതിഭാസം?

ഭൂമിയിൽ നിന്ന് ഏറ്റവും അകലയെയുള്ള ഭ്രമണപഥ ബിന്ദുവിൽ ചന്ദ്രൻ എത്തുന്ന ദിവസം നടക്കുന്നതിനാലാണ് ഗ്രഹണത്തിന് അത്രയേറെ ദൈർഘ്യം വർധിച്ചത്. നിരവധി സംശയങ്ങളുമായിട്ടാണ് ബ്ലഡ്മൂൺ ചന്ദ്രഗ്രഹണം ഒരിക്കൽ കൂടി വരുന്നത്. വിശ്വാസി സമൂഹം അതീവ ഭീതിയോടെയാണ് ബ്ലഡ് മൂണിനെ കാണുന്നത്. ലോകാവസാനം എന്നുവരെ പ്രവചിക്കുന്നവരുമുണ്ട്.

മറ്റ് ഗ്രഹണ പ്രതിഭാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ബ്ലഡ് മൂൺ പ്രതിഭാസം. പൗർണമിയിൽ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗർണമി ദിവസം സൂര്യൻ, ചന്ദ്രൻ എന്നിവ ഭൂമിക്ക് ഇരുവശങ്ങളിലുമായിരിക്കുകയും ഇവ മൂന്നും ഏകദേശം ഒരു നേർരേഖയിൽ വരികയും ചെയ്യുന്നു. എന്നാൽ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേർ രേഖയിൽ വന്നാൽ, ചന്ദ്രനിൽ പതിക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തതിനു കാരണം ഭൂമി, സൂര്യൻ, ചന്ദ്രൻ ഇവ കൃത്യം നേർ രേഖയിൽ വരാത്തതാണ്. അങ്ങനെ വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കാതെ അല്പം മാറിയാകും പതിക്കുക. ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്ക്കുമ്പോഴാണല്ലോ പൂർണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോൾ ചന്ദ്രമുഖം പൂർണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാൽ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലിൽ പൂർണ്ണമായും പ്രവേശിക്കുന്ന ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രൻ (Blood Moon) എന്ന് വിളിക്കുന്നത്. ചുവപ്പ് ചന്ദ്രൻ (Red Moon), ചെമ്പൻ ചന്ദ്രൻ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.

ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവർത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴൽ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. ഈ പ്രകാശ രശ്മികൾ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയിൽ പതിക്കുമ്പോൾ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാൽ ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുമ്പോൾ ചന്ദ്രനെ നാം ചുവന്ന നിറത്തിൽ കാണുന്നു. അതായത് പൂർണ്ണ ഗ്രഹണ സമയത്ത് അദൃശ്യമാകുന്നതിന് പകരം മങ്ങിയ ചുവപ്പ് നിറത്തിൽ ചന്ദ്രൻ ദൃശ്യമാവുകയാണ് ചെയ്യുക. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാൻ കഴിയില്ല.

ഇന്ത്യയുൾപ്പെടുന്ന കിഴക്കൻ രാജ്യങ്ങളിലാണ് ഗ്രഹണം നന്നായി ദൃശ്യമാകുക. കിഴക്കൻ ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പൂർണ്ണസമയവും തെക്കേ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ചന്ദ്രോദയ ഉദയസമയത്തും, കിഴക്കൻ ഏഷ്യയിലും ഓസ്‌ട്രേലിയയിലും ചന്ദ്രാസ്തമന സമയത്തും ഇത് ദൃശ്യമാകും. കേരളത്തിൽ 27ന് രാത്രി 11 മണിയോടെ ചന്ദ്രൻ ഭൂമിയുടെ ഭാഗിക നിഴൽ പ്രദേശത്തേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. അർദ്ധരാത്രി 12.05-ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന്1 മണിയോടെ ചന്ദ്രൻ പൂർണ്ണമായി ഭൂമിയുടെ നിഴലിലാകും. പൂർണ്ണ ഗ്രഹണം സംഭവിക്കും. പുലർച്ചെ 2.45 വരെ ഈ നില തുടരും. പിന്നീട് ചന്ദ്രൻ ഭാഗിക നിഴൽ പ്രദേശത്തേക്ക് പ്രവേശിക്കുകയം 3.45ഓടെ ഗ്രഹണത്തിൽ നിന്നും പൂർണ്ണമായും പുറത്ത് വരികയും ചെയ്യും.

നഗ്‌നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂർണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്ന് അറിയാമല്ലോ. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രൻ ചെയ്യുന്നത്. ഇപ്രകാരം പ്രതിഫലിച്ചുവരുന്ന വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിർദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം നേരിട്ട് കാണുന്നതിന് യാതൊരു ദോഷവും ഇല്ല. ഈ വർഷം 11 ചന്ദ്ര പ്രതിഭാസങ്ങളാണ് ഉള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജനുവരി 31-ന് കണ്ടത് വൂൾഫ് മൂണാണ്. മാർച്ച് 31-ന് വോം മൂണാണ് കണ്ടത്. പിങ്ക് മൂൺ, ഫ്ളവർ മൂൺ, സ്ട്രോബറി മൂൺ, ബക്ക് മൂൺ, സ്റ്റുർഗൺ മൂൺ, ഫുൾ കോൺ മൂൺ, ഹണ്ടേഴ്സ് മൂൺ, ബീവേഴ്സ് മൂൺ, കോൾഡ് മൂൺ എന്നിവയാണ് ഈ വർഷത്തെ പ്രധാന ചാന്ദ്ര പ്രതിഭാസങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP