Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേട്ടക്കാരൻ നക്ഷത്രഗണത്തിലെ ഭീമൻ നക്ഷത്രമായ തിരുവാതിര കഴിഞ്ഞ രണ്ടാഴ്ചയായി കുറച്ചു മങ്ങിയിരിക്കയാണ്; ഈ മങ്ങൽ പൊട്ടിത്തെറിയുടെ ലക്ഷണം ആയിരിക്കുമോ; നാം ഇപ്പോൾ കാണുന്നത് 643 വർഷം മുമ്പുള്ള തിരുവാതിരയെ ആണ്; തിരുവാതിര നക്ഷത്രം പൊട്ടിത്തെറിച്ചാൽ അത് ഭൂമിയെ ബാധിക്കുമോ; ബെജുരാജ് എഴുതുന്നു

ബൈജുരാജ്

വേട്ടക്കാരൻ നക്ഷത്രഗണത്തിലെ ഭീമൻ നക്ഷത്രമായ തിരുവാതിര ( Betelgeuse ) കഴിഞ്ഞ രണ്ടാഴ്ചയായി കുറച്ചു മങ്ങി എന്ന് അസ്ട്രോണമി ട്വീറ്റ് ചെയ്തു. ടെലഗ്രാമിലും ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്ന ഈ മങ്ങൽ തിരുവാതിര നക്ഷത്രത്തിന്റെ സൂപ്പർനോവ പൊട്ടിത്തെറിയുടെ ലക്ഷണം ആയിരിക്കുമോ?

തിരുവാതിര നക്ഷത്രം 643 പ്രകാശവർഷം ദൂരെ ആണ്. അതുകൊണ്ട് 643 വർഷം മുൻപുള്ള തിരുവാതിരനക്ഷത്രത്തെ ആണ് സ്വാഭാവികമായും നാം ഇപ്പോൾ കാണുന്നത്. തിരുവാതിരയ്ക്കും അടുത്തായി കോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ട്. എന്നിരുന്നാലും തിരുവാതിരയുടെ വലിപ്പവും തിളക്കവും കാരണം നമുക്ക് അതിനെ ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ നക്ഷത്രമായി കാണാം.

തിരുവാതിരയെ നമ്മുടെ സൂര്യന്റെ സ്ഥാനത്തു വച്ചാൽ അതിന്റെ വലിപ്പം ചൊവ്വയും കടന്നു, വ്യാഴവും കടന്നു ഏതാണ്ട് ശനിയുടെ കുറച്ചു അടുത്തുവരെ എത്തും ! അത്ര വലുതാണ് ! നമ്മുടെ സൂര്യന്റെ ഏതാണ്ട് 12 മുതൽ 20 മടങ്ങുവരെ മാസ്സും ഉണ്ട് ! ഇത്ര മാസ്സ് ഉള്ളതുകാരണം ഇവയുടെ 'ജീവിതകാലം' കുറവായിരിക്കും. തിരുവാതിര പൊട്ടിത്തെറിച്ചാൽ സൂര്യനും, ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തെ ഏറ്റവും പ്രകാശമാനമായ വസ്തു ആയിരിക്കും.

പകൽ പോലും നമുക്ക് അതിനെ കാണുവാൻ സാധിക്കും ! പൊട്ടിത്തെറിച്ചു ഏതാണ്ട് ഒരു വർഷം കൊണ്ടായിരിക്കും അതിന്റെ പ്രകാശം മങ്ങി മങ്ങി കാണാൻ പറ്റാതാവുക. ഈ പൊട്ടിത്തെറി ഉണ്ടായാൽ അതിനടുത്തുള്ള സകലതും അൽപ്പാൽപ്പമായി തെളിഞ്ഞു ഒരു നെബുല ആയി ആയിരക്കണക്കിന് വർഷം ഭൂമിയിൽനിന്നു കാണുവാൻ പാകത്തിന് തെളിഞ്ഞു നിൽക്കും. ഇപ്പോൾ നാം കാണുന്ന ക്രാബ് നെബുല ഇങ്ങനെ ആണ് നാം കാണുന്നത്.

നക്ഷത്രത്തിന്റെ ഭീമമായ ഗ്രാവിറ്റിയിൽ അതിനു അകത്തേക്ക് ചുരുങ്ങുവാനുള്ള ബലം ഉണ്ടാവും. അതുപോലെ നക്ഷത്രത്തിന് അകത്തു നടക്കുന്ന ഫ്യൂഷൻ കാരണം പുറത്തേക്കുള്ള പ്രകാശമർദവും ഉണ്ടാവും. ഇവ രണ്ടും തുല്യവും, എതിരായും നിൽക്കുന്നത് കാരണമാണ് നക്ഷത്രം നമ്മൾ ഈ രൂപത്തിൽ കാണുന്നത്.

നക്ഷത്രത്തിന്റെ ജ്വലനം തുടങ്ങുന്നത് ഹൈഡ്രജൻ കൂടിച്ചേർന്നു ഹീലിയം ആവുമ്പോഴാണ്. പിന്നീട് കൂടുതൽ വലിയ മൂലകങ്ങളും ആവുന്നു. കാർബണും, നിയോണും, സിലിക്കോണും, അവസാനം ഇരുമ്പു വരെ ഫ്യൂഷൻ വഴി ഉണ്ടാവുന്നു. പിന്നീട് ഫ്യൂഷൻ ഉണ്ടാവില്ല. അതിനാൽ നക്ഷത്രത്തിനകത്തെ പുറത്തേക്കുള്ള തള്ളൽ നിൽക്കുകയും അകത്തേക്കുള്ള ഗ്രാവിറ്റി മുൻതൂക്കം നേടുകയും ചെയ്യും.

അങ്ങനെ നക്ഷത്രം അകത്തേക്ക് പെട്ടന്ന് ചുരുങ്ങുകയും, സൂപ്പർനോവയായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.തിരുവാതിര നക്ഷത്രം സൂപ്പർനോവയായി എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. പക്ഷെ അത് എപ്പോൾ എന്ന് ഒരു പിടുത്തവും ഇല്ല. ചിലപ്പോൾ ഇപ്പോൾ.. അല്ലെങ്കിൽ ലക്ഷക്കണക്കിന് വർഷം കഴിഞ്ഞു.

ശ്രദ്ധിക്കുക: ഇവിടെ ' ഇപ്പോൾ' പറഞ്ഞത് നാം ഇവിടെനിന്നു കാണുന്ന ഇപ്പോൾ ആണ്. പക്ഷെ അത് 643 വർഷം മുൻപു തിരുവാതിര നക്ഷത്രത്തിൽ കഴിഞ്ഞ കാര്യം ആയിരിക്കും.ഇതുവരെ നമ്മുടെ ഗാലക്്സിയിൽ ഉണ്ടായിട്ടുള്ള ഏതൊരു സൂപ്പർനോവ സ്പോടനത്തെക്കാളും പതിന്മടങ്ങു അടുത്താണ് തിരുവാതിര. എന്നിരുന്നാലും ഭൂമിയിലെ ജീവജാലങ്ങളെ അത് കാര്യമായി ബാധിക്കില്ല എന്നാണ് കണക്കുകൂട്ടുന്നത്. തിരുവാതിര പൊട്ടിത്തെറിച്ചാൽ അതിന്റെ കേന്ദ്രം ഒരു ബ്‌ളാക്‌ഹോൾ ആയി മാറാൻ വളരെയധികം സാധ്യത ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP