Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

22 പ്രകാശ വർഷം അപ്പുറം മറ്റൊരു ലോകം കൂടിയുണ്ടെന്ന് ഉറപ്പിച്ചു ശാസ്ത്രം; ഭൂമിയെ പോലെ സുന്ദരമായ ഇടത്തേക്ക് പോകാൻ ഒരുങ്ങി നാസ

22 പ്രകാശ വർഷം അപ്പുറം മറ്റൊരു ലോകം കൂടിയുണ്ടെന്ന് ഉറപ്പിച്ചു ശാസ്ത്രം; ഭൂമിയെ പോലെ സുന്ദരമായ ഇടത്തേക്ക് പോകാൻ ഒരുങ്ങി നാസ

ഭൂമിക്കു പുറത്ത് ചൊവ്വയിൽ ജീവനെ തേടിയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ ഇതാ പുതിയൊരു ലോകം വാതിൽ തുറക്കുന്നു. 22 പ്രകാശ വർഷങ്ങൾക്കപ്പുറം സൗരയൂഥത്തിനു പുറത്ത് ഭൂമിയോളം വരുന്ന വാസയോഗ്യമായ മറ്റൊരിടം കൂടിയുണ്ടെന്ന സംശയം ശാസ്ത്രജ്ഞർക്കിടയിൽ ബലപ്പെട്ടു വരുന്നു. 15 വർഷത്തിനുള്ളിൽ ഈ പുതിയ ഭൂമിയേയും ലോകത്തേയും കണ്ടെത്തുമെന്ന നാസ ശാസ്ത്രജ്ഞന്റെ പ്രഖ്യാപനവും കൂടിയായപ്പോൾ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഗ്ലീസ് 58 വൺ ഡി എന്നു വിളിക്കപ്പെടുന്ന ഭൂമിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഈ പുതിയ ലോകത്തെ കുറിച്ചുള്ള സൂചനകൾ ആദ്യമായി ലഭിച്ചത് 2010-ലാണ്. ഇവിടെ നിന്നും ലഭിച്ച അജ്ഞാത ശബ്ദ സിഗ്നലുകളാണ് ശാസ്ത്രജ്ഞർക്കിടയിൽ കൗതുകമുണ്ടാക്കിയത്.

എന്നാൽ വിദൂര നക്ഷത്രങ്ങളിൽ നടക്കുന്ന പൊട്ടിത്തെറികളുടെ ഫലമായുണ്ടാകുന്ന ശബ്ദമാണ് ഇവിടെ നിന്നുള്ള സിഗ്നലുകളെന്ന് ലഭ്യമായ വിവരങ്ങൾ വച്ച് വിലയിരുത്തിയ ശേഷം ശാസ്ത്രലോകം ഈ പുതിയ ലോകത്തിന്റെ സാധ്യതകൾ കഴിഞ്ഞ വർഷം തള്ളിയിരുന്നു. ഈ വിലയിരുത്തൽ കൃത്യമായ വിവരങ്ങൾ ഉപയോഗിച്ചായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പ്രതീക്ഷകളുമായി വാനശാസ്ത്രജ്ഞർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 22 പ്രകാശ വർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന ഗ്ലീസ് 581 ഡി, ഗ്ലീസ് 581 ജിയുടേയും സമീപ നക്ഷത്രങ്ങളിലെ കാന്തിക പൊട്ടിത്തെറി മൂലമുണ്ടാകുന്ന വെളിച്ചത്തിന്റെ ഒരു കളിയായിരുന്നു 2010-ൽ കണ്ടതെന്ന് പെൻസിൽവാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് കഴിഞ്ഞ വർഷം വിശദീകരിച്ചത്.

എന്നാൽ ലഭ്യമായ വിവരങ്ങൾ വച്ച് ഈ ഗവേഷകർ വലിയ ഗ്രഹങ്ങൾ പഠന വിധേയമാക്കുന്ന രീതിയാണ് അവലംബിച്ചിരുന്നതെന്നും ഈ പഠനം ജിജെ 581 ഡി പോലുള്ള ചെറിയ ഗ്രഹങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാകാമെന്നും പുതിയ സാധ്യതകളുമായി രംഗത്തെത്തിയ ബ്രിട്ടീഷ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹെർട്‌ഫോഡ്ഷയർ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ പഠനം ലഭ്യമായ വിവരങ്ങൾ കൂടുതൽ കൃത്യമായ രീതി അവലംബിച്ചാണ്. ജിജെ 581 ഡി യാഥാർത്ഥ്യമാണോ അല്ലെയോ എന്ന വിവരം വളരെ സുപ്രധാനമാണെന്ന് ഇവർ പറയുന്നു. കാരണം നക്ഷത്രത്തിനു സമീപത്തെ വാസയോഗ്യമായ മേഖലയ്ക്കുള്ളിൽ കണ്ടെത്തിയ ഭൂമിയെ പോലുള്ള ആദ്യ ഗ്രഹമാണിത്.

അടുത്ത 15 വർഷത്തിനുള്ളിൽ സമുദ്രങ്ങളുള്ള ഭൂമിയെ പോലുള്ള പുതിയ ലോകം കണ്ടെത്തുമെന്ന നാസയിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോക്ടർ ജോൺ മേത്തറുടെ പ്രസ്താവന ഈ പശ്ചാത്തലത്തിൽ ലോകം ആവേശത്തോടെയാണ് കാണുന്നത്. സൗരയൂഥത്തിനു പുറത്തുള്ള ഭൂമി പോലുള്ള ഗ്രഹങ്ങളെ തേടിയാണ് തങ്ങളുടെ അന്വേഷണമെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP