Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സർക്കാരിന്റെ കൈയിൽ 80,000 കോടി രൂപയുണ്ടാകുമോ? കോവിഡ് വാക്സിൻ തയ്യാറായാൽ കേന്ദ്ര സർക്കാർ കണ്ടെത്തേണ്ടത് ഭീമമായ തുക; വാക്‌സിൻ വിതരണത്തിന് അടുത്ത വർഷം സർക്കാർ 80,000 കോടി രൂപ ചെലവിടേണ്ടി വരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല

ഇന്ത്യൻ സർക്കാരിന്റെ കൈയിൽ 80,000 കോടി രൂപയുണ്ടാകുമോ? കോവിഡ് വാക്സിൻ തയ്യാറായാൽ കേന്ദ്ര സർക്കാർ കണ്ടെത്തേണ്ടത് ഭീമമായ തുക; വാക്‌സിൻ വിതരണത്തിന് അടുത്ത വർഷം സർക്കാർ 80,000 കോടി രൂപ ചെലവിടേണ്ടി വരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന് വലിയ തോതിൽ സമ്പത്ത് കണ്ടെത്തേണ്ടി വരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ വികസിപ്പിച്ചാലും സർക്കാരിന് മുന്നിലെ പ്രതിസന്ധി വളരെവലുതാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അദാർ പൂനവാല ചൂണ്ടിക്കാട്ടുന്നു. കേവിഡ് വാക്‌സിൻ വിതരണത്തിന് അടുത്ത വർഷം സർക്കാർ 80,000 കോടി രൂപ ചെലവിടേണ്ടി വരുമെന്ന് അദാർ പൂനവാല വ്യക്തമാക്കി. കേവിഡ് വാക്‌സിൻ എല്ലാവരിലേക്കുമെത്തിക്കാൻ 80,000 കോടിയിലേറെ രൂപ ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി വരുമെന്നും അത് സർക്കാറിന്റെ കൈയിൽ ഉണ്ടാകുമോ എന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അ​ദ്ദേഹം ഈ ചോ​ദ്യം ഉന്നയിച്ചത്.

'അടുത്ത വർഷത്തേക്കായി ഇന്ത്യൻ സർക്കാരിന്റെ കൈയിൽ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്‌സിൻ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് വേണ്ടിവരിക അതാണ്. നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.' പൂനാവാല ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് ഈ ചോദ്യം താൻ ചോദിച്ചതെന്നും മറ്റൊരു ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി രാജ്യത്തിന് പുറത്തും രാജ്യത്തിനകത്തും സേവനം ചെയ്യുന്ന വാക്‌സിൻ നിർമ്മാതാക്കളെ സംഭരണം, വിതരണം എന്നിവ സംബന്ധിച്ച് നാം വഴികാട്ടേണ്ടതുണ്ടെന്നും കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതുണ്ടെന്നും പൂനവാല പറയുന്നു.

ഓക്‌സഫഡ് സർവകലാശാലയും ആസ്ട്ര സെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽഡിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഷീൽഡ് വാക്‌സിൻ വിതരണത്തിന് തയ്യാറായി കഴിഞ്ഞാൽ ഏകദേശം 1000 രൂപ വാക്‌സിന് വില വരുമെന്ന് ജൂലൈയിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൂനാവാല പറഞ്ഞിരുന്നു. ഇന്ത്യക്ക് പ്രതിമാസം മൂന്ന് കോടി ഡോസ് ലഭിക്കുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോവിഡ് വാക്‌സിൻ വിതരണം സംബന്ധിച്ച് സർക്കാറിനും നിർമ്മാതാക്കൾക്കും കൃത്യമായ ധാരണവേണമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ ലഭ്യമായാൽ ഏകദേശം 1000 രൂപ ചെലവ് വരും. ഒരുമാസം മൂന്ന് കോടി പേർക്ക് എന്ന രീതിയിൽ വാക്‌സിൻ നൽകിയാൽ തന്നെ രാജ്യം മുഴുവൻ പൂർത്തിയാകണമെങ്കിൽ രണ്ട് വർഷമെടുക്കും. വാക്‌സിൻ സംഭരണത്തിനും വിതരണം വെല്ലുവിളികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ ലഭ്യമായാൽ എല്ലാവരിലേക്കും എത്തിക്കാൻ സർക്കാറിന്റെ പക്കൽ പദ്ധതിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് സെറം. 100 കോടി ഡോസ് നിർമ്മാണമാണ് ലക്ഷ്യം. നൊവാവാക്‌സ് നിർമ്മിക്കുന്ന വാക്‌സിൻ 100 കോടി ഡോസ് കൂടി ഉൽപാദിപ്പിക്കാമെന്ന് കരാറിലെത്തിയിട്ടുണ്ട്. അടുത്ത മാസം മൂന്നാം ഘട്ട പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെറം സ്വന്തമായി നിർമ്മിക്കുന്ന വാക്‌സിനും ക്ലിനിക്കൽ പരീക്ഷണത്തിലാണ്. സെറത്തിന് പുറമെ, സൈഡസ് കാഡിലയും ഭാരത് ബയോടെക് ഇന്റർനാഷണലും വാക്‌സിൻ പരീക്ഷണത്തിലാണ്. ശരാശരി 80,000ത്തിലേറെ ആളുകൾക്കാണ് രാജ്യത്ത് കോവിഡ് ബാധിക്കുന്നത്. ഇതുവരെ 55ലക്ഷത്തിലേറെ ആളുകൾക്ക് കോവിഡ് ബാധിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വരും ദിവസങ്ങളിൽ കോവിഡ് നിയന്ത്രണ വിധേയമായില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP