Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുൽ ഗാന്ധി; ഡൽഹിയിൽ ആം ആദ്മിക്കാരോട് സഹകരിക്കേണ്ടതില്ല എന്ന് ഷീലാ ദീക്ഷിത് പറഞ്ഞാൽ അങ്ങോട്ട് ചായും; ഇടതുപക്ഷത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തലയും ആന്റണിയും ഉപദേശിച്ചാൽ അങ്ങോട്ടും ചായും; രാഹുൽ ഇന്നും അമുൽ ബേബി തന്നെ; രൂക്ഷവിമർശനവുമായി വി എസ്

കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുൽ ഗാന്ധി; ഡൽഹിയിൽ ആം ആദ്മിക്കാരോട് സഹകരിക്കേണ്ടതില്ല എന്ന് ഷീലാ ദീക്ഷിത് പറഞ്ഞാൽ അങ്ങോട്ട് ചായും; ഇടതുപക്ഷത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തലയും ആന്റണിയും ഉപദേശിച്ചാൽ അങ്ങോട്ടും ചായും; രാഹുൽ ഇന്നും അമുൽ ബേബി തന്നെ; രൂക്ഷവിമർശനവുമായി വി എസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത വിമർശനമാണ് സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾ ഉയർത്തുന്നത്.നേരത്തെ പപ്പുമോൻ എന്നടക്കം വിളിച്ച് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയത്. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിരിക്കുകയാണ്.

മുൻപൊരിക്കൽ രാഹുൽ ഗാന്ധിയെ അമുൽ പുത്രൻ എന്ന് വിളിച്ചത് ഇന്നും പ്രസക്തമാണെന്ന് വി എസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ടായിരുന്നു രാഹുലിനെക്കുറിച്ച് അന്നങ്ങനെ പറഞ്ഞത്. മദ്ധ്യ വയസ്സിനോടടുക്കുന്ന രാഹുൽ ഗാന്ധിയുടെ സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ലെന്നും വി എസ് പറയുന്നു. ബിജെപിക്കെതിരെ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുന്ന നടപടിയാണ് രാഹുൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

വയനാട്ടിൽ രാഹുൽ വന്നാലും ഇടതുപക്ഷം വർധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതോടെ ബിജെപിയാണ് മുഖ്യശത്രു എന്ന കോൺഗ്രസിന്റെ വാദം പൊളിച്ചടുക്കപ്പെടും. ഇരിക്കുന്ന കൊമ്പിൽ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് അമുൽ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണെന്നും വി എസ് തന്റെ കുറിപ്പിൽ പറയുന്നു.

വിഎസിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:

മുമ്പൊരിക്കൽ രാഹുൽ ഗാന്ധിയെ ഞാൻ അമുൽ പുത്രൻ എന്ന് വിളിച്ച് കളിയാക്കുകയുണ്ടായി. അത് ഞാൻ വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു.

മദ്ധ്യ വയസ്സിനോടടുക്കുന്ന രാഹുൽ ഗാന്ധിയുടെ സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് ബിജെപിയാണ്. ആ വിപത്തിനെ നേരിടാൻ ഇന്ത്യയിലെമ്പാടും ജനങ്ങൾ തയ്യാറുമാണ്. വലുതും ചെറുതുമായ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തൊഴിലാളി-കർഷകാദി ജനങ്ങളോടൊപ്പം നിന്ന് ബിജെപിയെ അധികാരത്തിൽനിന്ന് തൂത്തെറിയാൻ രംഗത്തിറങ്ങുന്നുണ്ട്. അക്കാര്യത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. കോൺഗ്രസ്സും അവകാശപ്പെടുന്നത്, തങ്ങൾ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണ് എന്നാണ്.

പക്ഷെ, കോൺഗ്രസ്സിന്, അവർതന്നെ സമ്മതിക്കുന്ന ഒരു പ്രശ്നമുണ്ട്. അതൊരു അരാജക പാർട്ടിയാണ്. ആർക്കും എന്തു നിലപാടും സ്വതന്ത്രമായി എടുക്കാനും അതിനനുസരിച്ച് മുന്നോട്ടുപോവാനുമുള്ള സ്വാതന്ത്ര്യമുള്ള വിചിത്രമായ ജനാധിപത്യമാണ് കോൺഗ്രസ്സിന്റേത്. എന്നാൽ, എല്ലാ ജനാധിപത്യവും അവസാനിക്കുന്നത് നെഹ്രു കുടുംബത്തിലെ ഇളമുറ കാരണവന്മാരിലാണ്. രാഹുൽ ഗാന്ധിയാണ് ഇപ്പോഴത്തെ കാരണവർ.

രാഹുൽ ഗാന്ധിയാവട്ടെ, ബിജെപിക്കെതിരെ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുകയാണ്. അങ്ങ് വടക്ക് ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കാണ് ശക്തി. ഇങ്ങ് തെക്ക് കേരളത്തിൽ സിപിഐ-എമ്മിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിനും. ആം ആദ്മി പാർട്ടിയായാലും എൽഡിഎഫ് ആയാലും ബിജെപിക്കെതിരെ സന്ധിയില്ലാ സമരത്തിലുമാണ്.

എന്നാൽ, ആരുടെയൊക്കെയോ ഉപദേശങ്ങളിൽ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുൽ ഗാന്ധി. ഡൽഹിയിൽ ആം ആദ്മിക്കാരോട് സഹകരിക്കേണ്ടതില്ല എന്ന് ഷീലാ ദീക്ഷിത് പറഞ്ഞാൽ, അങ്ങോട്ട് ചായും. കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തലയും ആന്റണിയും ഉപദേശിച്ചാൽ അങ്ങോട്ടും ചായും. അങ്ങനെയാണ്, രാഹുൽ ഇപ്പോൾ വയനാടൻ ചുരം കയറി ഇടതുപക്ഷത്തോട് യുദ്ധത്തിന് വന്നിട്ടുള്ളത്.

രാഹുൽ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വർധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും. എന്നാൽ, കോൺഗ്രസ്സിന്റെ കാര്യമോ? ഇതുവരെ പാടി നടന്ന, ബിജെപിയാണ് മുഖ്യശത്രു എന്ന വാദം പൊളിച്ചടുക്കപ്പെടും. കാരണം, രാഹുൽ വെറുമൊരു കോൺഗ്രസ്സുകാരനല്ല. കോൺഗ്രസ്സിന്റെ അവസാനവാക്കാണ്. ഇരിക്കുന്ന കൊമ്പിൽ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാൻ അമുൽ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP