Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനധികൃത നിർമ്മാണങ്ങൾക്ക് പച്ചക്കൊടി കാട്ടുന്നത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾ; ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ക്വാറികൾക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം കൊള്ളാം; അനുമതി നൽകിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതെന്നും ദുരന്തകാരണമായതെന്നും മറന്നുകൂടാ; ഉറച്ച തീരുമാനങ്ങൾക്ക് അടുത്ത പ്രളയം വരെ കാത്തിരിക്കേണ്ടതില്ല; സർക്കാരിനെ വിമർശിച്ച് വി എസ്

അനധികൃത നിർമ്മാണങ്ങൾക്ക് പച്ചക്കൊടി കാട്ടുന്നത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾ; ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ക്വാറികൾക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം കൊള്ളാം; അനുമതി നൽകിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതെന്നും ദുരന്തകാരണമായതെന്നും മറന്നുകൂടാ; ഉറച്ച തീരുമാനങ്ങൾക്ക് അടുത്ത പ്രളയം വരെ കാത്തിരിക്കേണ്ടതില്ല; സർക്കാരിനെ വിമർശിച്ച് വി എസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവും പ്രളയം കേരളത്തിൽ ജനജീവിതം താറുമാറാക്കിയതോടെ സംസാരം മുഴുവൻ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ചാണ്. ഗാഡ്ഗിലിന്റെ റിപ്പോർട്ടിൽ വെള്ളം ചേർക്കാൻ കൊണ്ടുവന്ന കസ്തൂരിരംഗൻ റിപ്പോർട്ടും രാഷ്ട്രീയനേതാക്കളും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിയുമൊക്കെ ഇന്ന് ചർച്ചാവിഷയമാണ്. പ്രകൃതി ദുരന്തങ്ങളെ ഒരുപരിധി വരെ തടയാൻ സഹായിക്കുന്നതാണ് ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ. എന്നാൽ പുത്തുമലയും കവളപ്പാറയുമൊക്കെ ആവർത്തിക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിൽ പാറ ഖനനത്തിനും കുന്നിൻ മുകളിലെ തടയണ നിർമ്മാണത്തിനുമെല്ലാം വിവേകമില്ലാതെ അനുമതി കൊടുക്കുന്ന സർക്കാരിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് വി എസ്.അച്യുതാനന്ദൻ.

നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഇളവുകൾ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നൽകുന്നതും അനധികൃത നിർമ്മാണങ്ങൾ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളാവുമ്പോൾ ജനങ്ങൾ നിസ്സഹായരായിപ്പോവുകയാണ്. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ക്വാറികൾക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പക്ഷെ, അനുമതി നൽകിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതും അതെല്ലാം ദുരന്തകാരണമായതും എന്ന വസ്തുത മറന്നുകൂട, വി എസ് ഫേസ്‌ബുക്കിൽ കുറിക്കുന്നു.

കുന്നിൽമുകളിൽ തടയണ കെട്ടാൻ ഇടതുപക്ഷത്ത് നിൽക്കുന്ന പി.വി.അൻവറിനെ പോലുള്ള നേതാക്കൾ മുന്നിട്ടിറങ്ങുന്നതിനെയും അതിന് ഒത്താശ ചെയ്യുന്ന സർക്കാരിനെയും വി എസ് തന്റെ പോസ്റ്റിൽ വിമർശിക്കുന്നു. അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്മുകളിലെ തടയണ നിർമ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏതുകൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് ഇതപര്യന്തമുള്ള പ്രതികരണങ്ങളിൽനിന്ന് ജനങ്ങൾ വായിച്ചെടുക്കുന്നത്, വി എസ് പറഞ്ഞു.

വിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം ശാസ്ത്രീയമായ പഠനങ്ങളും നടന്നിട്ടുണ്ട്. പക്ഷെ, ശാസ്ത്രീയ പഠനങ്ങളെ ചില സൗകര്യങ്ങളുടെ പേരിൽ നാം അവഗണിക്കുകയായിരുന്നു. അതിവർഷവും വരൾച്ചയും തുടർച്ചയായി അനുഭവിക്കേണ്ടിവരുന്ന കേരളത്തിന്, ഓരോ വർഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് വന്നുചേർന്നിട്ടുള്ളത്.

ഈ ദുരന്തങ്ങളുടെ യഥാർത്ഥ കാരണം ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർ പറഞ്ഞു തന്നിട്ടുണ്ട്. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ നമ്മുടെ മുമ്പിലുണ്ട്. വയൽ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്മുകളിലെ തടയണ നിർമ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏതുകൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് ഇതപര്യന്തമുള്ള പ്രതികരണങ്ങളിൽനിന്ന് ജനങ്ങൾ വായിച്ചെടുക്കുന്നത്.

നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഇളവുകൾ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നൽകുന്നതും അനധികൃത നിർമ്മാണങ്ങൾ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളാവുമ്പോൾ ജനങ്ങൾ നിസ്സഹായരായിപ്പോവുകയാണ്. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ക്വാറികൾക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പക്ഷെ, അനുമതി നൽകിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതും അതെല്ലാം ദുരന്തകാരണമായതും എന്ന വസ്തുത മറന്നുകൂട.

അതിനാൽ, ശാസ്ത്രീയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ എല്ലാ നടപടികളും കർശനമായി വിലക്കപ്പെടുകതന്നെ വേണം. പാറമടകൾ ജനവാസ മേഖലയിൽനിന്നും ഇരുനൂറ് മീറ്ററെങ്കിലും ദുരം പാലിക്കണം എന്നും, പാരിസ്ഥിതിക ദുർബ്ബല പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തണമെന്നും, കുന്നിൻ മുകളിലെ തടയണകളും ഇതര നിർമ്മിതികളും പൊളിച്ചുമാറ്റണമെന്നുമെല്ലാം തീരുമാനിക്കാൻ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ പ്രളയത്തിൽ വീടുകളാണ് ഒലിച്ചു പോയതെങ്കിൽ, ഇത്തവണ ഗ്രാമങ്ങൾതന്നെ ഒലിച്ചുപോയി.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയർന്നുകഴിഞ്ഞു. കേരളത്തെ കേരളമാക്കി നിലനിർത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാൻ അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തങ്ങൾക്ക് നാം തന്നെയായിരിക്കും ഉത്തരവാദികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP