Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സേവ് ദ ഡേറ്റ്.. ഈ മാസം 30ന് ഇവരുടെ വിവാഹമാണ്; കൊച്ചനിയൻ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടെയും വിവാഹത്തിന് ക്ഷണവുമായി ജോൺ ഡാനിയലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; വൃദ്ധസദനം വിവാഹമണ്ഡപമാകുമ്പോൾ സേവ് ദ ഡേറ്റ് ഫേസ്‌ബുക്ക് പോസ്റ്റുമായി തൃശ്ശൂർ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ

സേവ് ദ ഡേറ്റ്.. ഈ മാസം 30ന് ഇവരുടെ വിവാഹമാണ്; കൊച്ചനിയൻ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടെയും വിവാഹത്തിന് ക്ഷണവുമായി ജോൺ ഡാനിയലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; വൃദ്ധസദനം വിവാഹമണ്ഡപമാകുമ്പോൾ സേവ് ദ ഡേറ്റ് ഫേസ്‌ബുക്ക് പോസ്റ്റുമായി തൃശ്ശൂർ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: സേവ് ദ ഡേറ്റുകളുടെ കാലമാണ്. യുവത തങ്ങളുടെ വിവാഹം കെങ്കേമമാക്കാൻ എന്തും ചെയ്യാനൊരുക്കമാണെന്ന പ്രഖ്യാപനമാണ് പല സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളും. എന്നാലിതാ ഒരു സേവ് ദ ഡേറ്റ് ഫേസ്‌ബുക്ക് പോസ്റ്റും വൈറലാകുന്നു. ന്യൂ ജനറേഷൻ അല്ല അൽപ്പം ഓൾഡ് ജനറേഷനാണ് കഥയിലെ നായകനും നായികയും.

വൃദ്ധസദനത്തിലെ താമസക്കാരായ 67 വയസുള്ള കൊച്ചനിയൻ മേനോൻ 66 വയസായ ലക്ഷ്മി അമ്മാളുവിന്റെയുമാണ് വിവാഹം. ഈ വിവാഹം നടത്തിക്കൊടുക്കാനുള്ള സാഹചര്യത്തെക്കുറിച്ചാണ് തൃശ്ശൂർ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റ് പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇവരുടെ വിവാഹമാണ് വരണം . .

തൃശ്ശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി ചുമതല ഏറ്റെടുത്ത ശേഷമാണ് രാമവർമ്മപുരത്തെ വൃദ്ധസദനവുമായി കൂടുതൽ ഇഴുകി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചത്. സ്വന്തം മക്കളുടേയും ഉറ്റവരുടേയും പരിലാളനയും സംരക്ഷണവുമേറ്റ് കഴിയേണ്ട സമയത്ത് അവരാൽ തന്നെ ഉപേക്ഷിക്കപ്പെട്ടു സർക്കാരിന്റെ അഗതിമന്ദിരത്തിൽ കഴിയേണ്ടിവരുന്ന അച്ഛന്മാരോടും അമ്മമാരോടൊപ്പം ഒരുമിച്ചിരിക്കാനുള്ള അവസരമായി കണ്ടു പോകുന്നതിനിടയിലാണ് വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയൻ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടേയും കാര്യം വൃദ്ധസദനം സൂപ്രണ്ട് ശ്രദ്ധയിൽപ്പെടുത്തിയത്. ആ കഥ ഇങ്ങനെ, ലക്ഷ്മി അമ്മാളുവിന്റെ ഭർത്താവായിരുന്ന ജികെ കൃഷ്ണയ്യരുടെ സഹായിയായിരുന്നു രാമവർമ്മപുരം വൃദ്ധസദനത്തിലെ ഇപ്പോഴത്തെ താമസക്കാരനായ കൊച്ചനിയൻ ചേട്ടൻ. ലക്ഷ്മിഅമ്മാളു അമ്മ കൃഷ്ണയ്യരുടെ ഭാര്യയും. പിന്നീട് കൃഷ്ണയ്യരുടെ മരണത്തിനുശേഷം സഹായിയായിരുന്ന കൊച്ചനിയൻ ചേട്ടൻ നാടുവിട്ടു പോയി. ഭർത്താവായിരുന്ന കൃഷ്ണയ്യരുടെ മരണത്തിനുശേഷം കൃഷ്ണഅമ്മാളുഅമ്മ വൃദ്ധസദനത്തിലും എത്തി. കറങ്ങിത്തിരിഞ്ഞ് കൊച്ചനിയൻ ചേട്ടനും രാമവർമ്മപുരത്ത് എത്തിപ്പെട്ടു.

ഇനിയാണ് കഥ ശരിക്കും തുടങ്ങുന്നത്. നേരിൽ കണ്ടപ്പോഴാണ് രണ്ടുപേരുടെയും മനസ്സിൽ അടക്കി വെച്ചിരുന്ന പ്രണയമണിതൂവലുകൾ ചിറകു വിരിച്ചത്. അങ്ങനെയെങ്കിൽ കൊച്ചനിയൻ ചേട്ടന്റേയും ലക്ഷ്മി അമ്മാളു അമ്മയുടേയും ഒരുമിക്കാനുള്ള തീരുമാനത്തിന് സർവ്വ പിന്തുണയും നൽകി. രണ്ടുപേരോടും വിവരം പറഞ്ഞു സന്തോഷവർത്തമാനം കേട്ട് രണ്ടു പേരും ഹാപ്പി. ഇത്തരമൊരു നീക്കത്തിന് തടസ്സം ആയേക്കാവുന്ന സർക്കാർ നൂലാമാലകളെ കുറിച്ച് ആലോചിക്കാതെ ആയിരുന്നു എന്റെ എടുത്തുചാട്ടം എന്ന് പിന്നീട് മനസ്സിലായി. ഇത്തരത്തിൽ വൃദ്ധസദനത്തിൽ കഴിയുന്നവർക്ക് വിവാഹം കഴിക്കാമെന്ന ഉത്തരവ് ഇല്ലെന്ന് ചില ദോഷൈകദൃക്കുകൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ കല്യാണത്തിന്റെ സാധ്യതകളെ സാധൂകരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. സൂപ്രണ്ടിനോട് പഴയ സർക്കാർ ഉത്തരവുകളും പരാമർശങ്ങളോ തപ്പിയെടുക്കാൻ നിർദ്ദേശം നൽകി. അങ്ങനെ ഒരു സർക്കാർ ഉത്തരവ് ഇല്ലെന്ന് സൂപ്രണ്ട്. എങ്കിൽ വല്ല സർക്കാർ പരാമർശങ്ങളോ കത്തോ ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു.

മനസ്സിൽ ഒരു ഇച്ഛാഭംഗം ഉരുണ്ടുകൂടിയ സമയമായിരുന്നു അത്. രണ്ടുപേരോടും വാക്കും പറഞ്ഞു ഇനി കാര്യം നടക്കാതായൽ കൊച്ചനിയൻ ചേട്ടനും ലക്ഷ്മി അമ്മാളുവിനും ഉണ്ടായേക്കാവുന്ന വിഷമത്തെ കുറിച്ചാലോചിച്ച് ടെൻഷനുമായി ഇരിക്കുമ്പോഴാണ് സൂപ്രണ്ടിനോട് വീണ്ടും ചോദിച്ചത് ഒരു കച്ചിത്തുരുമ്പ് എങ്കിലും ഉണ്ടോ സൂപ്രണ്ടേ ഒന്ന് ആലോചിക്കൂ ഒരു പരാമർശം എങ്കിലും. അതിൽ സൂപ്രണ്ടിന്റെ ചിന്ത ഒന്ന് ഉടക്കി പുള്ളി പറഞ്ഞു ഉണ്ട് സാർ ഒരു യോഗത്തിന്റെ മിനിറ്റ്‌സ് ഉണ്ട്. അങ്ങനെയെങ്കിൽ ഏത് പാതാളത്തിൽ പോയാലും ശരി അത് തപ്പിനോക്കാൻ പറഞ്ഞു. അങ്ങനെ സാധനം കിട്ടി രസകരമാണ് അതിന്റെ കാര്യം, ഇക്കൊല്ലം എട്ടാം മാസത്തിൽ സെക്രട്ടറിയേറ്റിൽ കൂടിയ അഗതി മന്ദിരങ്ങളിലെ സൂപ്രണ്ടുമാരുടെ യോഗത്തിന്റെ മിനുട്‌സ്. ഗവൺമെന്റ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ മിനിറ്റിൽ ഒരു പരാമർശം ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. താമസക്കാരിൽ നിയമപരമായി വിവാഹം കഴിച്ച് താമസിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം നൽകേണ്ടതാണ്. മിനിറ്റ്‌സ് തപ്പിയെടുത്തപ്പോൾ ആശ്വാസമായോ ശ്വാസം നേരെ വീണോ എന്നത് നിങ്ങൾക്ക് വിടുന്നു.(മിനുട്‌സ് കമ്മന്റ് ബോക്‌സിൽ)

ഇനി വലിച്ചു നീട്ടുന്നില്ല. കഴിഞ്ഞ ദിവസം കൂടിയ മാനേജ്‌മെന്റ് കമ്മിറ്റിയിൽ അജണ്ടയായി കാര്യം അവതരിപ്പിച്ചു (സർക്കാർ കാര്യം മുറപോലെ ആയതിനാൽ അത് അങ്ങനെതന്നെ). അപ്പോഴതാ ചെറിയ മുറുമുറുപ്പ് ആരുടെ ഭാഗത്ത് നിന്നാണ് എന്നല്ലേ, വൃദ്ധസദനത്തിലെ ഒന്നുരണ്ട് അച്ഛനമ്മമാരിൽ നിന്നായിരുന്നു.

അത് സംഗതി പിടികിട്ടിയതിനാൽ ഉടൻ പ്രതിവിധി മുന്നോട്ടുവെച്ചു. വൃദ്ധസദനത്തിലെ ഏതെങ്കിലും താമസക്കാർക്ക് പരസ്പരം കല്യാണം കഴിക്കാൻ തോന്നിയാൽ എന്നോട് നേരിട്ടോ രഹസ്യമായോ അറിയിക്കാം കല്യാണം നടത്തി തരുന്നതായിരിക്കും ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി എന്ന് മുഖഭാവം കണ്ടപ്പോൾ മനസ്സിലായി. അങ്ങനെ കൊച്ചനിയൻ ചേട്ടന്റേയും ലക്ഷ്മി അമ്മാളു അമ്മയുടെയും കല്യാണം അങ്ങനെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചു. ഇനി വിവാഹത്തിനുള്ള ഒരുക്കമാണ് ബന്ധുക്കളെ ക്ഷണിക്കണം ബന്ധുക്കളെന്ന് പറഞ്ഞാൽ നമ്മുടെ ജില്ലാ കളക്ടർ, പിന്നെ നമ്മുടെ മന്ത്രി, നമ്മുടെ എംപി. താലിമാല വൃദ്ധസദനത്തിലെ താമസക്കാരുടെ വക. രാമവർമപുരം വൃദ്ധസദനത്തിൽ തന്നെ വിവാഹമണ്ഡപം (മണിയറയും) അങ്ങനെ കേരളത്തിൽ ആദ്യമായി ഒരു സർക്കാർ വൃദ്ധസദനത്തിൽ താമസക്കാർ തമ്മിൽ വിവാഹിതരാവുന്നു. (അങ്ങനെയെന്ന് കരുതുന്നു). ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു വധൂവരന്മാർക്ക് പുത്തൻ വസ്ത്രങ്ങൾ അങ്ങനെ ആവശ്യമായതെന്തും.

ബാക്കിയുണ്ടായിരുന്നത് നിങ്ങൾക്കുള്ള ക്ഷണമാണ്. ഈ മാസം 30ന് കൊച്ചനിയൻ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടെയും വിവാഹമാണ്. സ്ഥലം: തൃശൂർ രാമവർമപുരം. വേദി: സർക്കാർ വൃദ്ധസദനം എല്ലാവരും വരണം ക്രിസ്തുമസ് ന്യൂ ഇയർ തിരക്കുകളൊക്കെ കാണും എല്ലാവർക്കും എന്നാലും കുറച്ച് സമയം മാറ്റി വയ്ക്കണം. നമുക്കൊന്നിച്ച് ഇവരുടെ വിവാഹം കെങ്കേമാക്കാം അപ്പൊൾ ശരി ഈ മാസം 30. SAVE THE DATE

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP