Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലത്ത് അഞ്ചുമണിക്ക് പതിവില്ലാതെ ഒരു ഫോൺകോൾ, മറുതലക്കൽ ചാക്കോച്ചൻ; ഒരു ബാഡ് ന്യൂസ് ആണ്, ഒടുവിൽ ഉണ്ണിയേട്ടൻ മരിച്ചു; ഞാൻ നേരെ ലോഹിസാറിനെ വിളിച്ചു, കാര്യം പറഞ്ഞപ്പോൾ അവർ രണ്ടുപേരും ടെൻഷനിൽ ആയി; ലോഹി സാറിന്റെ ഫോൺ വിളിയിൽ മറുതലയ്ക്കൽ സാക്ഷാൽ ഉണ്ണിയേട്ടന്റെ ശബ്ദം; ജീവിച്ചിരുന്ന ഒടുവിലിന്റെ മരണവാർത്ത പരന്നത് ഇങ്ങനെ; മലയാളികളുടെ പെരിങ്ങോടന്റെ ഓർമയിൽ വിനോദ് കോവൂർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഓർമയായിട്ട് ഇന്നേക്ക് 14 വർഷം. 4 പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന അതുല്യ കലാകാരനാണ്. സംസ്ഥാന അവാർഡ് നേടിയ നിഴൽകൂത്ത് സിനിമയിലെ കാളിയപ്പൻ, ദേവാസുരത്തിലെ പെരിങ്ങോടൻ, തൂവൽകൊട്ടാരത്തിലെ മാരാർ, രസതന്ത്രത്തിലെ ഗണപതി ചെട്ടിയാർ തുടങ്ങി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ ഒട്ടേറെയാണ്. ഗ്രാമീണ നിഷ്‌കളങ്കതയും ലാളിത്യവും ഒടുവിലിനെ വിത്യസ്തനാക്കി. ഒടുവിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും അനുസ്മരണ സമ്മേളനം നടത്താറുണ്ട്.

അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കുത്തി'ലെ കാളിയപ്പൻ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തനി നാട്ടിൻപുറത്തുകാരനായി ജീവിച്ച ഒടുവിലിന്റെ കഥാപാത്രങ്ങൾ ഗ്രാമീണ നന്മയുടെ പ്രകാശം തൂകുന്നതായിരുന്നു.

ഇത്തവണ ലോക് ഡൗൺ ആയതിനാൽ ഓൺ ലൈൻ വഴി ഒടുവിലിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി ടിക്ടോക് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. നടന്റെ സ്മരണ നിലനിർത്താൻ ഒടുവിൽ സ്മാരക സാംസ്‌കാരിക കേന്ദ്രം 2019ൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. കലകൾ, കലാകാരന്മാർ എന്നിവരെ പ്രോത്സാഹിപ്പിക്കുക, സാന്ത്വന പരിചരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയാണ് ലക്ഷ്യങ്ങൾ. വിവിധ കലകളുടെ പരിശീലനം ഇവിടെ നടക്കുന്നുണ്ട്.

മലയാള സിനിമയിലെ പകരം വയ്ക്കാനാകാത്ത അപൂർവം നടന്മാരിൽ ഒരാളായിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഓർമദിനമാണ് ഇന്ന്. അധികമാരും അദ്ദേഹത്തെക്കുറിച്ച് ഇന്ന് എവിടെയും പറഞ്ഞു കേട്ടില്ലെങ്കിലും സംവിധായകനായ വിനോദ് ഗുരുവായൂർ തന്റെ ഫേസ്‌ബുക്ക് പേജിൽ അദ്ദേഹവുമൊത്തൊരു ഓർമ പങ്കു വച്ചു. അതും അദ്ദേഹം ജീവിച്ചരുന്നപ്പോൾ പുറത്തു വന്ന അദ്ദേഹത്തിന്റെ മരണവാർത്തെയക്കുറിച്ചുള്ള അനുഭവം.

ഞാൻ അന്ന് വീട്ടിലായിരുന്നു... കാലത്ത് അഞ്ചുമണിക്ക് പതിവില്ലാതെ ഒരു ഫോൺകാൾ, മറുതലക്കൽ കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ഒരു ബാഡ് ന്യൂസ് ആണ്, ഒടുവിൽ ഉണ്ണിയേട്ടൻ മരിച്ചു എന്ന് ഒരു ന്യൂസ് ഉണ്ട്. ചാക്കോച്ചൻ വിഷമത്തോടെ എന്നോട് ചോദിച്ചു... നീ അറിഞ്ഞിരുന്നോ., പാതി ഉറക്കത്തിൽ ഇത് കേട്ട് ഞാനും ആകെ ഷോക്കായി. ഇത് ശരിയാണോ എന്നറിയാൻ എന്താ ഒരു വഴി എന്ന് ചാക്കോച്ചൻ ചോദിച്ചു. ആ സമയത്ത് പുതിയ സിനിമയുടെ എഴുത്തുമായി ലോഹിതദാസും സത്യൻ അന്തിക്കാടും ലക്കിടിയിലെ ലോഹിസാറിന്റെ വസതിയിൽ ഉണ്ട്. ഞാൻ നേരെ ലോഹിസാറിനെ വിളിച്ചു, കാര്യം പറഞ്ഞപ്പോൾ അവർ രണ്ടുപേരും ടെൻഷനിൽ ആയി. വിളിച്ചു പറഞ്ഞ ചാക്കോച്ചന് കിട്ടിയ വിവരം ഉറപ്പില്ലാത്തതിനാൽ, ആദ്യം ഇതൊന്ന് സത്യമാണോന്നന്വേഷിക്കാൻ എന്താ വഴിയെന്ന് ഞാൻ ലോഹി സാറിനോട് ചോദിച്ചു. ഉണ്ണിയേട്ടന്റെ വീട്ടിലേക്കു വിളിക്കുകയെ വഴിയുള്ളുവെന്നും.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞ് സാർ ഫോൺ കട്ട് ചെയ്തു. മോശമായ വാർത്ത സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചു സാർ ഉണ്ണിയേട്ടന്റെ വീട്ടിലേക്കു വിളിച്ചു. റിങ്ങിന്റെ നീളം കൂടും തോറും രണ്ടുപേരും വിഷമത്തിലായി, പെട്ടന്ന് മറുതലക്കൽ ഫോൺ എടുത്തു. സാക്ഷാൽ ഉണ്ണിയേട്ടന്റെ ശബ്ദം... ഹെലോ... ആരാണ്...

ലോഹിസാറിന് ശ്വാസം നേരെ വീണത് അപ്പോളാണ്.. എന്താ ലോഹി ഇത്ര നേരത്തെ? എന്ത് പറയണം എന്നറിയാതെ ലോഹിസാർ പരുങ്ങി. മറുപടി ഒന്നും കേൾക്കാതായപ്പോൾ ഉണ്ണിയേട്ടൻ.

ലോഹി.. ദൈവമായിട്ടാ തന്നെ ഇപ്പോൾ വിളിപ്പിച്ചത്, കാലത്ത് അത്യാവശ്യമായി ഒരു പതിനായിരം രൂപ വേണം ആരോട് ചോദിക്കും എന്നോർത്തിരിക്കുമ്പോളാണ് തന്റെ ഫോൺ.ഞാൻ ഒരാളെ അങ്ങോട്ട് പറഞ്ഞ് വിടാം. മറുപടി കേൾക്കാൻ പോലും നില്കാതെ ഉണ്ണിയേട്ടൻ ഫോൺ വച്ചു.എപ്പോഴെങ്കിലും പണം കടം വാങ്ങിയാൽ കൃത്യ സമയത്തു തിരിച്ചു നൽകുന്ന ഉണ്ണിയേട്ടനോട് പണമില്ല എന്ന് പറയാൻ സാറിനും കഴിയുമായിരുന്നില്ല.

പിന്നീട് എനിക്കുള്ള ഊഴമായിരുന്നു , നിന്നോട് ഈ വാർത്ത ആരാണോ പറഞ്ഞത്... അവനോട് എന്റെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ ഇടാൻ പറ.. ആ സന്ദർഭം മനസിലാക്കിയ ഞാൻ എന്നെ വിളിച്ചു പറഞ്ഞത് ആരാണെന്ന് പറഞ്ഞില്ല. ഉണ്ണിയേട്ടൻ ആ പണം തിരിച്ചു കൊടുത്ത ദിവസം ഇതിനെല്ലാം കാരണക്കാരൻ ആരാണെന്ന് ലോഹിസാറിനോടും ഉണ്ണിയേട്ടനോടും ഞാൻ പറഞ്ഞത്. വലിയൊരു പൊട്ടിച്ചിരി ആയിരുന്നു മറുപടി.എന്നെ ഒരു അത്യാവശ്യ ഘട്ടത്തിൽ സഹായിച്ച ചാക്കോച്ചനോടുള്ള നന്ദി അറിയിക്കണം എന്ന് പറഞ്ഞാണ് ഉണ്ണിയേട്ടൻ അന്ന് പിരിഞ്ഞത്. ഇന്ന് ഉണ്ണിയേട്ടന്റെ ഓർമ്മ ദിനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP