Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഒരു ദിവസം സഹിക്കാൻ പറ്റാത്ത വേദനയോടെ അവൻ നോക്കുമ്പോൾ വലതുകാലിന്റെ മുട്ടിന് താഴെയുള്ള പച്ച മാംസം ഉറുമ്പ് തിന്നുകയാണ്; സത്യത്തിൽ ക്യാൻസർ അവനെ ജീവനോടെ വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു; വേദനകളും സാമ്പത്തിക ബുദ്ധിമുട്ടും പിന്നെ തന്റെ ഭാവി ഓർത്തുള്ള ആകുലതകളും അവനെ തളർത്തി; വലതു കാൽ മുറിച്ചു മാറ്റി... മാസങ്ങൾക്ക് ശേഷം വേദനകളില്ലാതെ മനസ്സറിഞ്ഞുറങ്ങിയത് അതിന് ശേഷമാണ് എന്ന കാര്യം അവൻ ഓർത്തു; കുറിപ്പുമായി നന്ദു മഹാദേവൻ

മറുനാടൻ ഡെസ്‌ക്‌

ക്യാൻസറിനെതിരെ മനക്കരുത്തുകൊണ്ട് നേരിടുന്ന യുവാവാണ് നന്ദു മഹാദേവ. ഇപ്പോൾ മനക്കരുത്തുകൊണ്ട് ക്യാൻസറിൽ നിന്നും കരകയറിയ ജസ്റ്റിൻ എന്ന യുവാവിന്റെ കഥ പങ്കുവെച്ചിരിക്കുകയാണ് നന്ദു. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് നന്ദു ജസ്റ്റിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

നന്ദുവിന്റെ കുറിപ്പിന്റെ പൂർണരൂപം;

ഇത് ജസ്റ്റിൻ തളരാത്ത മനസ്സിന്റെ പേരാണ് ജസ്റ്റിൻ ഒരു ദിവസം സഹിക്കാൻ പറ്റാത്ത വേദനയോടെ അവൻ നോക്കുമ്പോൾ അവന്റെ വലതുകാലിന്റെ മുട്ടിന് താഴെയുള്ള പച്ച മാംസം ഉറുമ്പ് തിന്നുകയാണ്.. സത്യത്തിൽ ക്യാൻസർ അവനെ ജീവനോടെ വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു ഒടുവിൽ വിധിക്ക് തിന്നാൻ വേണ്ടി കാലിന്റെ മുട്ടിന് മുകളിൽ വച്ചു മുറിച്ചു കൊടുത്തു ചങ്കൂറ്റത്തോടെ ജീവിതത്തിലേക്ക് നടന്നു കയറി നുമ്മട ചെക്കൻ കാലിന്റെ തുടയെല്ലിലെ ക്യാൻസറും അതിന്റെ വേദനകളും സാമ്പത്തിക ബുദ്ധിമുട്ടും പിന്നെ തന്റെ ഭാവി ഓർത്തുള്ള ആകുലതകളും അവനെ തളർത്തി.. തന്റെ ജീവന്റെ ജീവനായ അപ്പന്റെയും അമ്മയുടെയും ദുഃഖം നിഴലിച്ച സ്നേഹം നിറഞ്ഞ മുഖങ്ങൾ അവനെ കൂടുതൽ കൂടുതൽ തളർത്തി...

ഇതിനിടയിൽ അവനോടാരോ പറഞ്ഞു.. മരണം തൊട്ടു മുന്നിലുണ്ടെന്ന്.. സ്വന്തം ജീവൻ നഷ്ടമാകാൻ പോകുന്നു എന്നറിഞ്ഞ ഒരു കൗമാരപ്രായക്കാരന്റെ മനസ്സ് നിങ്ങൾക്ക് ഊഹിക്കാമല്ലോ.. വേദന കൊണ്ട് പുളഞ്ഞ രാത്രികളെപ്പറ്റി പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.. കീമോ തുടങ്ങി.. അതിശക്തമായ കീമോ അവന്റെ ശരീരത്തെ തകർത്തു കളയുകയും വെറും 25 കിലോ മാത്രമുള്ള ഒരസ്ഥികൂടം പോലെയായി അവൻ മാറുകയും ചെയ്തു.. പുറം മുഴുവൻ പൊട്ടിപ്പൊളിഞ്ഞു.. വായ മുറിഞ്ഞു ചോര വന്നു.. തിളച്ച എണ്ണയിലിട്ടു വറുക്കുന്നത് പോലെ കീമോ അതിന്റെ ചൂടിൽ അവനെ വറുത്തു.. ഇതിലും വലിയൊരു സങ്കടം കൂടി ആ സമയത്തു അവന് അനുഭവിക്കേണ്ടി വന്നു.. പെങ്ങന്മാരുള്ള ഏതൊരു ആങ്ങളയും ഏറ്റവും കൂടുതൽ വിഷമിക്കുന്ന സന്ദർഭം.. അവന്റെ ഒരേ ഒരു ചേച്ചിക്കുട്ടിയുടെ കല്യാണം തീയതി മുൻകൂട്ടി തീരുമാനിച്ചിരുന്നു.. യാദൃച്ഛികമായി അവന് കീമോ തുടങ്ങുന്ന ദിവസവും കല്യാണദിവസവും ഒന്നിച്ചു വന്നു.. കീമോ മുടക്കാനും പറ്റില്ല...

അവിടെ പുന്നാര ചേച്ചിയുടെ താലി കെട്ട് നടക്കുമ്പോൾ RCC യിലെ കീമോ വാർഡിൽ ലാവ പോലെ തിളച്ച കീമോ അവന്റെ ശരീരം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.. നിസ്സഹായതയും വേദനയും ഒക്കെ കാരണം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... 4 കീമോ കഴിഞ്ഞ ശേഷം വലതു കാൽ സർജറി ചെയ്ത് ട്യൂമർ ഉള്ള ഭാഗം മാത്രം മാറ്റിയ ശേഷം ടൈറ്റാനിയം കമ്പി ഇട്ടു.. പക്ഷേ അപ്പോഴും വിധി തോൽപ്പിക്കാൻ നോക്കി.. ഇൻഫെക്ഷൻ ആയി.. വേദന കൊണ്ട് പുളഞ്ഞു.. ഒരു ദിവസം രാവിലെ നോക്കുമ്പോൾ കാലിലെ സർജറി കഴിഞ്ഞ ഭാഗത്ത് ഉറുമ്പുകൾ കൂട്ടമായി ഇരുന്നു സർജറി കഴിഞ്ഞ ഭാഗം കരണ്ടു തിന്നുകയാണ്... ഇതുകണ്ട് സഹിക്കാനാകാതെ അപ്പൻ ഡോക്ടറുടെ അടുത്തേക്ക് ഓടി.. ഡോക്ടർ നോക്കിയിട്ട് പറഞ്ഞു കാലിന്റെ ജീവൻ നഷ്ടമായിരിക്കുന്നു.. ഇനി ഒറ്റ വഴിയേ ഉള്ളൂ..

അവൻ ഇത്രനാളും ഓടിക്കളിച്ച അവനെ ഇത്ര നാളും കൊണ്ടു നടന്ന വലതു കാൽ മുട്ടിന് മുകളിൽ വച്ചു മുറിച്ചു മാറ്റണം.. അവൻ സമ്മതിച്ചു.. വേദന സഹിച്ചു മടുത്തിരുന്നു.. അങ്ങനെ വലതു കാൽ മുറിച്ചു മാറ്റി... മാസങ്ങൾക്ക് ശേഷം വേദനകളില്ലാതെ മനസ്സറിഞ്ഞുറങ്ങിയത് അതിന് ശേഷമാണ് എന്ന കാര്യം അവനോർത്തു.. സ്വന്തം അവയവം ഒരെണ്ണം നഷ്ടപ്പെട്ടിട്ടും ആ നഷ്ടത്തിൽ അവന് ദുഃഖം തോന്നിയില്ലെങ്കിൽ മറിച്ച് അതിൽ ആശ്വാസം തോന്നിയെങ്കിൽ... അനുഭവിച്ച വേദനയുടെ ഭീകരത നിങ്ങൾക്ക് ഊഹിക്കാം.. പക്ഷെ അവൻ തോറ്റു കൊടുക്കാൻ തയ്യാറായില്ല.. അവിടെ നിന്നും ഒരു ഊർജ്ജം അവന്റെ മനസ്സിൽ നിറഞ്ഞു. അമ്മയുടെയും അച്ഛന്റെയും കൂട്ടുകാരുടെയും ഒക്കെ പിന്തുണ അവനെ കൂടുതൽ കരുത്തനാക്കി.. ജയിക്കണമെന്നും എഴുന്നേറ്റ് നടക്കണമെന്നും അവന് വാശിയായി.. വിധിയോട് പൊരുതാൻ തന്നെ തീരുമാനിച്ചു..

ഇന്ന് നാലു വർഷങ്ങൾക്കിപ്പുറം അവൻ വിധിയുടെ ക്രൂരതയെ പൊരുതി ജയിച്ച് ആയിരം പൂർണ്ണചന്ദ്രന്റെ ശോഭയിൽ ഉദിച്ചങ്ങനെ നിൽക്കുന്നു.. ആത്മവിശ്വാസം കൊണ്ടും ശരിയായ ചികിത്സ കൊണ്ടും ദൈവകൃപ കൊണ്ടും ജീവിതം ജീവിതം തിരിച്ചു പിടിച്ച് അനേകർക്ക് മാതൃകയാണ് ഇന്നവൻ കേരളത്തിലെ മികച്ച ക്യാൻസർ ആശുപത്രികളിൽ ഒന്നായ MVR ക്യാൻസർ സെന്ററിൽ ജോലി ചെയ്തു കുടുംബം നോക്കി സന്തോഷത്തോടെ ജീവിക്കുന്നു..

സ്വന്തം കാലിൽ നിൽക്കുന്നു.. കൂടാതെ ചങ്കൂറ്റത്തിന്റെ ഒറ്റക്കാലിൽ നിന്നുകൊണ്ട് ക്യാൻസർ രോഗികളെ സഹായിക്കാനും അവർക്ക് ഊർജ്ജം നൽകാനും മുന്നിൽ നിന്ന് പ്രവർത്തിക്കുന്നു.. ഇതല്ലേ ചങ്കുകളേ കട്ട ഹീറോയിസം..! അഭിമാനമാണ് അവന്റെ സുഹൃത്തെന്ന നിലയിൽ ?? NB : ഇതവന്റെ കഥ അവന്റെ രീതിയിൽ അവനെന്നോടൊരിക്കൽ പറഞ്ഞത് ഞാനെന്റെ രീതിയിൽ എഴുതുകയാണ്... ലോകമറിയണമെന്ന് തോന്നി..

സ്നേഹപൂർവ്വം നന്ദു മഹാദേവ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP