Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും പ്രഖ്യാപിച്ച പോരാളിയുടെ ചരിത്രം; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാൻ പി ടി കുഞ്ഞുമുഹമ്മദും; ‘ഷഹീദ് വാരിയംകുന്നൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കും

തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും പ്രഖ്യാപിച്ച പോരാളിയുടെ ചരിത്രം; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാൻ പി ടി കുഞ്ഞുമുഹമ്മദും; ‘ഷഹീദ് വാരിയംകുന്നൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കും

മറുനാടൻ ഡെസ്‌ക്‌

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആഷിഖ് അബു സിനിമയാക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി പി ടി കുഞ്ഞുമുഹമ്മദും പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. ‘ഷഹീദ് വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കും. സിനിമയിലെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും തീരുമാനിച്ചുവെന്നാണ് വിവരം.

‘തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കിൽ ഭാവി ചരിത്രകാരന്മാർ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊർജസ്വലനായ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നാണ് ചിത്രത്തിന് പരസ്യവാചകമായി നൽകിയിരിക്കുന്നത്. ടി ദാമോദരൻ രചിച്ച് ഐവി ശശി സംവിധാനത്തിൽ മമ്മൂട്ടി നായകനായ '1921' എന്ന ചലച്ചിത്രത്തിനുശേഷം ഇതാദ്യമായാണ് മലബാർ കലാപം മലയാള സിനിമക്ക് പശ്ചാത്തലമാകുന്നത്. പിടി കുഞ്ഞുമുഹമ്മദ് നേരത്തെയും നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ‘വിശ്വാസപൂർവം മൻസൂർ’ ആണ് അവസാനമിറങ്ങിയ ചിത്രം. 2017ൽ ആണിത് പുറത്തിറങ്ങിയത്. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു.

അതേസമയം പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആഷിഖ് അബുവും സിനിമയാക്കുന്നുണ്ട്. ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്ന് ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചു. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിർമ്മിക്കുന്നത്. ഹർഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. 'വാരിയംകുന്നൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. പൃഥ്വിരാജ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ റോളിലെത്തുന്നത്.

അടുത്ത വർഷം ചിത്രീകരണമാരംഭിക്കും. 'ഉണ്ട' എന്ന സിനിമയുടെ രചയിതാവ് ഹർഷദും നവാഗതനായ റമീസും ചേർന്നാണ് തിരക്കഥ. നേരത്തെ വിക്രമിനെ നായകനാക്കി അൻവർ റഷീദ് ഇതേ പ്രൊജക്ട് ചെയ്യാൻ ആലോചന നടത്തിയിരുന്നു. 1921ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ 2021ൽ ചിത്രീകരിക്കാനാണ് തീരുമാനം.

പൃഥ്വിരാജ് സുകുമാരൻ സിനിമയെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

'ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.മുഹസിൻ പരാരി കോ ഡയറക്ടറാകുന്ന പ്രൊജക്ടിന് ക്യാമറ ചലിപ്പിക്കുന്ന ഷൈജു ഖാലിദ് ആണ്. സിക്കന്ദർ, മൊയ്തീൻ എന്നിവരാണ് നിർമ്മാണം. സൈജു ശ്രീധരൻ എഡിറ്റിംഗും, ജ്യോതിഷ് ശങ്കർ കലാസംവിധാനവും, സമീറാ സനീഷ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന നിർമ്മാണ നിയന്ത്രണവും നിർവഹിക്കും. കാംപസ് മുവീസും ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നൽകുന്ന ഒപിഎം സിനിമാസും ചേർന്നാണ് നിർമ്മാണം.'

സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരിക്കാനായിരുന്നു ആഷിക് അബു നേരത്തെ തീരുമാനിച്ചത്. കോവിഡ് കാരണം ഈ പ്രൊജക്ട് മാറ്റിവച്ചു. ആഷിക് അബു ക്യാമറ ചെയ്യുന്ന ഹർഷദ് സംവിധാനം ചെയ്യുന്ന ഹഗാർ എന്ന സിനിമ ജൂലൈയിൽ തുടങ്ങാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP