Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരനാക്കിയ വിനായകന് ഒടുക്കം അംഗീകാരം; സാറ്റലൈറ്റ് അവകാശ യുദ്ധത്തിൽ ഏഷ്യാനെറ്റിന് പിഴച്ചിടത്ത് ജയിച്ച വനിതയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി; വനിതയുടെ പ്രധാന അവാർഡുകൾ ഏഷ്യാനെറ്റ് തഴഞ്ഞ കമ്മട്ടിപ്പാടത്തിനും മഹേഷിന്റെ പ്രതികാരത്തിനും

കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരനാക്കിയ വിനായകന് ഒടുക്കം അംഗീകാരം; സാറ്റലൈറ്റ് അവകാശ യുദ്ധത്തിൽ ഏഷ്യാനെറ്റിന് പിഴച്ചിടത്ത് ജയിച്ച വനിതയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി; വനിതയുടെ പ്രധാന അവാർഡുകൾ ഏഷ്യാനെറ്റ് തഴഞ്ഞ കമ്മട്ടിപ്പാടത്തിനും മഹേഷിന്റെ പ്രതികാരത്തിനും

കൊച്ചി: അവഗണിക്കപ്പെടുന്ന കീഴാളന്മാരുടെ കഥ പറഞ്ഞ കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരനാക്കിയ നടൻ വിനായകന് ഒടുക്കം അംഗീകാരം നല്കിയ വനിതയെ പ്രസംശിച്ചു സോഷ്യൽ മീഡിയ. ഏഷ്യാനെറ്റ് അടക്കമുള്ളവർ തള്ളിയ വിനായകനെ അഭിനന്ദിക്കാൻ മനസു കാട്ടിയ വനിതയുടെ ബോൾഡ് നടപടിയിൽ സോഷ്യൽ മിഡിയയിൽ അഭിനന്ദനങ്ങൾ നിറയുകയാണ്.

കഴിഞ്ഞദിവസം അരങ്ങേറിയ ഏഷ്യാനെറ്റ് അവാർഡ് വിതരണത്തിൽ വിനായകൻ അടക്കമുള്ളവരെ തഴഞ്ഞ നടപടി സോഷ്യൽ മീഡിയയിൽ വൻ പരിഹാസത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. നൂറു കോടിക്കു മുകളിൽ വിജയം നേടിയ പുലിമുരുകന്റെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമാണ് ഒട്ടു മിക്ക അവാർഡുകളും നല്കിയത്.

സിനിമകളുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിക്കൊണ്ടുള്ള കളികളാണ് പുലിമുരുകന് അവാർഡുകൾ വാരിക്കോരി നല്കിയ ഏഷ്യാനെറ്റിന്റെ നടപടിയിലും അവഗണിക്കപ്പെട്ട വിനായകന് അവാർഡ് നല്കാൻ വനിത കാണിച്ച സന്മനസിനു പിന്നിസുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

പുലിമുരുകന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ഏഷ്യാനെറ്റ് ചാനൽ ആയിരുന്നു. സ്വാഭാവികമായും ഏഷ്യാനെറ്റ് അവാർഡുകളിൽ ഭൂരിഭാഗവും ലഭിച്ചത് ആ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്കായി. പുലിമരുഗൻ സിനിമയിൽ അഭിനയിച്ച പുലി ഒഴികെയുള്ള എല്ലാവർക്കും അവാർഡ് ലഭിച്ചുവെന്നായിരുന്നു സോഷ്യൽ മീഡിയയുടെ പരിഹാസം.

കമ്മട്ടിപ്പാടം സംപ്രേഷണം ചെയ്യാനുള്ള സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് വനിതയുടെ സഹോദര സ്ഥാപനമായ മഴവിൽ മനോരമ ചാനലാണ്. വനിത ഫിലിം അവാർഡ്സിലെ സ്പെഷൽ പെർഫോമൻസ് പുരസ്‌കാരമാണ് വിനായകനു നല്കപ്പെട്ടത്. പി. ബാലചന്ദ്രൻ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും കമ്മട്ടിപ്പാടത്തിലൂടെ സ്വന്തമാക്കി.

ഏഷ്യാനെറ്റ് അവാർഡിൽ തഴയപ്പെട്ട മഹേഷിന്റെ പ്രതികാരത്തിനും ഒരു പിടി അവാർഡുകൾ വനിത നല്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും മഴവിൽ മനോരമയാണ് സ്വന്തമാക്കിയിരിക്കുന്നത്. സംഗീത സംവിധാനത്തിന് ബിജിപാൽ, ഛായാഗ്രാഹണത്തിന് ഷൈജു ഖാലിദ് എന്നീ പ്രമുഖ അവാർഡുകളാണ് മഹേഷിന്റെ പ്രതികാരത്തിനു നല്കിയിരിക്കുന്നത്.

മഴവിൽ മനോരമ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിനും അവാർഡുകളുണ്ട്. പുതുമുഖ നടിക്കുള്ള അവാർഡ് പ്രയാഗ മാർട്ടിനും പുതുമുഖ നടനുള്ള അവാർഡ് വിഷ്ണു ഉണ്ണികൃഷ്ണനും ഹാസ്യ നടനുള്ള പുരസ്‌കാരം ധർമ്മജനും സ്വന്തമാക്കി.

അതേസമയം സാറ്റലൈറ്റ് അവകാശം ലഭിച്ചില്ലെന്ന പേരിൽ പുലിമുഗുരനെ പൂർണമായി തഴയാതിരിക്കാനുള്ള നല്ല മനസ് വനിത കാട്ടിയിട്ടുണ്ട്. ചിത്രത്തിലെ മാനത്തെ മാരിക്കുറുമ്പേ.... എന്ന ഗാനത്തിലൂടെ വാണി ജയറാം മികച്ച ഗായികയ്ക്കുള്ള അവാർഡ് നേടി.

വിനായകന് അവാർഡ് നല്കിയ വനിതയുടെ നടപടിയെ അഭിനന്ദിച്ച് നടൻ സണ്ണി വെയ്ൻ അടക്കമുള്ളവർ രംഗത്തെത്തി. നമ്മളെല്ലാം ഏറെ കാത്തിരുന്ന നിമിഷമാണിത്.... വിനായകന് അവാർഡ് നല്കുന്ന ചിത്രം തനിക്ക ഏറെ സന്തോഷം നല്കുന്നു... ഇത്തരമൊരു ബോൾഡ് ഡിസിഷൻ എടുത്ത വനിതയ്ക്കു മുന്നിൽ താൻ ഹാറ്റ് ഓഫ് ചെയ്യുന്നുവെന്ന് സണ്ണി വെയ്ൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP