Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുട്ടികൾക്ക് വേണ്ടി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്തു നൽകുന്ന 'ശ്രുതി തരംഗം' പദ്ധതിയുടെ ആനുകൂല്യം കഴിഞ്ഞ വർഷം ലഭിച്ചത് വെറും 113 പേർക്ക്; 'കൊട്ടിഘോഷിക്കലുകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും കേട്ടാൽ എന്തൊക്കെയോ വലിയ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നും; 90 ശതമാനം ആളുകളേയും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്'; ചികിത്സയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള വരുമാന പരിധി എടുത്ത് കളയണമെന്ന് നിയമസഭയിൽ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ച് വി.ടി ബൽറാം

കുട്ടികൾക്ക് വേണ്ടി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്തു നൽകുന്ന 'ശ്രുതി തരംഗം' പദ്ധതിയുടെ ആനുകൂല്യം കഴിഞ്ഞ വർഷം ലഭിച്ചത് വെറും 113 പേർക്ക്; 'കൊട്ടിഘോഷിക്കലുകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും കേട്ടാൽ എന്തൊക്കെയോ വലിയ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നും; 90 ശതമാനം ആളുകളേയും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്'; ചികിത്സയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള വരുമാന പരിധി എടുത്ത് കളയണമെന്ന് നിയമസഭയിൽ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ച് വി.ടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത കുഞ്ഞുങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയാണ് 'ശ്രുതി തരംഗം'. കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്തു നൽകുന്ന പദ്ധതി വഴി കഴിഞ്ഞ ഒരു വർഷം ആനുകൂല്യം ലഭിച്ചത് വെറും 113 കുട്ടികൾക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി തൃത്താല എംഎൽഎ വി.ടി ബൽറാം രംഗത്തെത്തി. നിയമസഭയിൽ വിഷയം താൻ ഉന്നയിക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെക്കുന്നതിനൊപ്പം സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സഹായങ്ങൾ വളരെ ചുരുക്കം ആളുകളിലേക്കാണ് പോകുന്നതെന്നും ബൽറാം ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ കീഴിൽ ഇതുവരെ പ്രയോജനം ലഭിച്ചത് 948 കുട്ടികൾക്കാണെന്നും ഇതിൽ 626 പേർക്കും സഹായം ലഭിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്കായി ഈ വർഷം 8.80 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുള്ളതായി ബൽറാം പറയുന്നു.

മാത്രമല്ല രണ്ട് ലക്ഷത്തിൽ താഴെ മാത്രം വരുമാനമുള്ളവർക്കാണ് പദ്ധതിയിൽ അപേക്ഷിക്കാൻ പറ്റൂ എന്നതിനൊപ്പം തന്നെ സർക്കാർ മേഖലയിൽ ചികിത്സയ്ക്ക് 5.50 ലക്ഷം രൂപയും സ്വകാര്യ മേഖലയിൽ 15 ലക്ഷത്തോളം രൂപ വരുമെന്നും അതിനാൽ തന്നെ വരുമാന പരിധി എടുത്ത് മാറ്റണമെന്നും ബൽറാം ആവശ്യപ്പെടുന്നു. വാർഷിക വരുമാനം 5 ലക്ഷം രൂപയുണ്ടെങ്കിൽ പോലും മറ്റ് ജീവിത ച്ചെലവുകൾ കഴിഞ്ഞ് ചികിത്സകൾക്കൊക്കെ നീക്കിവയ്ക്കാൻ ഒന്നോ രണ്ടോ ലക്ഷമേ കാണൂവെന്നും അങ്ങനെയെങ്കിൽ എങ്ങനെയാണ് ചികിത്സയുടെ കാര്യത്തിൽ രണ്ടു ലക്ഷം എന്ന വരുമാന പരിധി വെക്കാൻ സാധിക്കുന്നതെന്നും ബൽറാം ചോദിക്കുന്നു.

വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്തുനൽകുന്ന 'ശ്രുതി തരംഗം' പദ്ധതിയുമായി ബന്ധപ്പെട്ട ഒരു വിഷയം ഇന്നലെ നിയമസഭയിൽ ഉന്നയിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതിയുടെ കീഴിൽ ഇതുവരെ പ്രയോജനം ലഭിച്ചത് 948 കുട്ടികൾക്കാണ്. ഇതിൽ 626ഉം യുഡിഎഫ് സർക്കാർ കാലത്താണ്. കഴിഞ്ഞ വർഷം പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത് 113 കുട്ടികൾക്ക് മാത്രമായിരുന്നു. ഈ വർഷം സർക്കാർ ഈ പദ്ധതിക്കായി 8.80 കോടി രൂപ അനുവദിച്ചിട്ടുള്ളതായി മന്ത്രി അറിയിക്കുന്നുണ്ട്.

എന്നാൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായുള്ള അർഹതാ മാനദണ്ഡത്തിൽ ഒരു വലിയ പോരായ്മ നിലനിൽക്കുന്നുണ്ട്. കുടുംബത്തിന്റെ മൊത്തം വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെ ആണെങ്കിൽ മാത്രമേ പദ്ധതിയിൽ അപേക്ഷിക്കാൻ പറ്റൂ. ശസ്ത്രക്രിയക്ക് സർക്കാർ മേഖലയിൽത്തന്നെ 5.50 ലക്ഷം രൂപ വേണം. സ്വകാര്യ മേഖലയിൽ ഇത് 15 ലക്ഷത്തോളം വരും. അതായത്, രണ്ട് ലക്ഷത്തിന് തൊട്ടു മുകളിൽ വരുമാനമുണ്ടെങ്കിൽ പദ്ധതിയിൽ നിന്ന് പുറത്താവുമെങ്കിലും അവർക്ക് സ്വന്തം നിലക്ക് ഈ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താൻ ഒരു കാരണവശാലും കഴിയില്ല.

വാർഷിക വരുമാനം 5 ലക്ഷം രൂപയുണ്ടെങ്കിൽപ്പോലും മറ്റ് ജീവിതച്ചെലവുകൾ കഴിഞ്ഞ് ചികിത്സകൾക്കൊക്കെ നീക്കിവയ്ക്കാൻ ഒന്നോ രണ്ടോ ലക്ഷമേ കാണൂ. ആയതിനാൽ ഒന്നുകിൽ വരുമാനപരിധി പൂർണ്ണമായും എടുത്തുകളയുക, അല്ലെങ്കിൽ എട്ടോ പത്തോ ലക്ഷമായി പരിധി ഉയർത്തുക എന്നതാണ് ചെയ്യേണ്ടതായിട്ടുള്ളത്. എന്നാൽ മാത്രമേ അർഹതപ്പെട്ട ആയിരക്കണക്കിന് കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളൂ. സാമ്പത്തിക സംവരണത്തിനുള്ള ക്രീമിലെയർ പരിധി 8 ലക്ഷമാണ് എന്നോർക്കണം. മറുപടി പറഞ്ഞ ബഹു. ആരോഗ്യ വകുപ്പുമന്ത്രി ഇക്കാര്യങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും സാമ്പത്തിക പരിമിതി ചൂണ്ടിക്കാട്ടി ആവശ്യകത നിരസിക്കുകയാണുണ്ടായത്.

സത്യത്തിൽ നമ്മുടെ പല പദ്ധതികളുടേയും അവസ്ഥ ഇങ്ങനെയാണ്. കൊട്ടിഘോഷിക്കലുകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും കേട്ടാൽ എന്തൊക്കെയോ വലിയ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നും. എന്നാൽ യഥാർത്ഥത്തിൽ ഇത്തരം പദ്ധതികൾ കൊണ്ട് പ്രയോജനമെത്തേണ്ടവരുടെ വെറും അഞ്ചോ പത്തോ ശതമാനത്തിന് മാത്രമാണ് അത് ഉപകാരപ്പെടുന്നത്. ബാക്കി തൊണ്ണൂറ് ശതമാനത്തേയും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുന്നത്.

ഒരു പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിവക്കുമ്പോൾ അത് ഒറ്റയടിക്ക് എല്ലാവരിലേക്കുമെത്തിക്കണമെന്ന് പറയുന്നില്ല. എന്നാൽ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് പദ്ധതിയുടെ പ്രയോജനക്ഷമത ബോധ്യപ്പെട്ടാലെങ്കിലും അതിന്റെ വ്യാപ്തി ഗണ്യമായി വർദ്ധിപ്പിച്ച് എല്ലാവരേയും ഉൾക്കൊള്ളാനും പ്രശ്‌നത്തിന്റെ പൂർണ്ണ പരിഹാരത്തിലേക്ക് എത്താനും കഴിയേണ്ടതുണ്ട്. ഇവിടത്തെ അടിസ്ഥാന പ്രശ്‌നം ശ്രവണ/സംസാരശേഷിക്കുറവുള്ള കുട്ടികൾക്കായി ഇന്ന് ആധുനികമായ ശസ്ത്രക്രിയാ സൗകര്യം ഉണ്ടെങ്കിലും സാമ്പത്തിക കാരണങ്ങളാൽ അത് മഹാഭൂരിപക്ഷത്തിനും ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നതാണ്.

ആയതിനാൽ അവർക്കെല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു സാർവ്വത്രിക പദ്ധതി നടപ്പാക്കുക എന്നതാണ് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം. അവരിൽ ചിലർക്ക് മാത്രം ഗുണം ചെയ്യുക എന്നത് ഒരുതരം ചാരിറ്റി പ്രവർത്തനം മാത്രമാണ്. വ്യക്തികൾ മുൻകൈ എടുത്ത് ചാരിറ്റിയിലൂടെ ഒറ്റപ്പെട്ട പ്രശ്‌ന പരിഹാരങ്ങളുണ്ടാക്കുന്നത് സ്വാഗതാർഹമാണ്, എന്നാൽ ഒരു വെൽഫെയർ സ്റ്റേറ്റിൽ, പ്രശ്‌നങ്ങളുടെ പൂർണ്ണ പരിഹാരമാണ് സ്റ്റേറ്റ് പോളിസി ആവേണ്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP