Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയെയും താരങ്ങളെയും ന്യായീകരിച്ച് ഊർമിള ഉണ്ണി; സ്വന്തം വീട്ടിലാണ് ഇങ്ങനെയൊരു സംഭവവുണ്ടാകുന്നതെങ്കിൽ ചെളിവാരിയെറിയാതെ ഒതുക്കിത്തീർക്കണമെന്ന് ഉപദേശം; മാധ്യമപ്രവർത്തകർക്കും രൂക്ഷവിമർശനം

അമ്മയെയും താരങ്ങളെയും ന്യായീകരിച്ച് ഊർമിള ഉണ്ണി; സ്വന്തം വീട്ടിലാണ് ഇങ്ങനെയൊരു സംഭവവുണ്ടാകുന്നതെങ്കിൽ ചെളിവാരിയെറിയാതെ ഒതുക്കിത്തീർക്കണമെന്ന് ഉപദേശം; മാധ്യമപ്രവർത്തകർക്കും രൂക്ഷവിമർശനം

 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ, താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെയും വാർത്താസമ്മേളനത്തിലെ ചലച്ചിത്ര താരങ്ങളുടെ നിലവിട്ട പെരുമാറ്റത്തെയും ന്യായീകരിച്ച് നടി ഊർമിള ഉണ്ണി രംഗത്ത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഊർമിള ഉണ്ണിയുടെ അഭിപ്രായപ്രകടനം.ദിലീപിന്റെ വിഷയത്തിൽ യോഗത്തിൽ ആരും ഒന്നും ചോദിച്ചില്ലെന്നും ഇപ്പോൾ പുറത്തുവരുന്നത് മുഴുവൻ മാധ്യമങ്ങളുടെ കെട്ടുകഥകളാണെന്നും ഊർമിള പറഞ്ഞു.

ഈ പ്രശ്നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കിൽ എല്ലാരും മൂടിവെക്കാൻ ശ്രമിച്ചേനെ. വളർന്നു വരുന്ന ഒരു മകൾക്ക് ഒരു പ്രശ്നം വരുമ്പോൾ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത്.. ഒതുക്കി തീർക്കാൻ ശ്രമിക്കുക. ആർക്കും ഈ ഗതി വരാം.. ജാഗ്രത! ശരിതെറ്റുകൾ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത്-ഊർമിള ഫേസ്‌ബുക്കിൽ കുറിച്ചു.

ഊർമിളയുടെ പോസ്റ്റിലേക്ക്

facebook നു നന്ദി പറഞ്ഞു തുടങ്ങാം.കാരണം അതിന് സ്വയം എഡിറ്റ് ചെയ്യാൻ കഴിവില്ലല്ലോ.നമുക്കു പറയാനുള്ളത് സത്യസന്ധമായി പറയാം.രണ്ടു ദിവസമായി മാധ്യമങ്ങൾ ആഘോഷിക്കുന്ന ദിലീപ് പ്രശ്നം കാണാൻ ഞാനും tvയുടെ മുമ്പിൽ ഇരുന്നിട്ടുണ്ട്. കണ്ടിരുന്ന എല്ലാവരുടേയും മനസ്സിൽ ആശങ്കയുണ്ടായിരുന്നു.. ഇന്നലെ അമ്മ'യുടെ മീറ്റിങ്ങിനു ചെന്നു കയറിയപ്പോൾ ആകെ ഒരു മൂകത.. ആരും അധികം സംസാരിക്കുന്നില്ല. ഇന്നേട്ടൻ പ്രസംഗിച്ചു തുടങ്ങി രണ്ടു വാചകം കഴിഞ്ഞില്ല ഹാളിൽ ചിരി തുടങ്ങി.. പിന്നങ്ങോട്ട് മമ്മുക്കയും ലാലേട്ടനും മുകേഷും ഗണേശനും ഒക്കെ ഏറ്റുപിടിച്ചു..എല്ലാവരും relaxedആയി. ദിലീപ് വന്നു. എല്ലാവർക്കും ആശ്വാസമായി. കേട്ടിരിക്കുന്ന ആർക്കും എന്തും ചോദിക്കാം എന്ന് എടുത്തെടുത്ത് ഇന്നട്ടനും ഗണേശനും പറഞ്ഞു. ആരും ഒന്നും ചോദിച്ചില്ല. കാരണം ഞങ്ങളെല്ലാം അവരുടെ വാക്കുകളിൽ തൃപ്തരായിരുന്നു.

ദിലീപും നടിയും അമ്മയുടെ പ്രിയ മക്കളാണെന്നും രണ്ടു പേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് അക്കാര്യം മാധ്യമങ്ങളിൽ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നേട്ടൻ ആവർത്തിച്ചു പറഞ്ഞതോർക്കുന്നു. വൈകിട്ട് pressmeetസമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോൾ ഏതോ പത്രക്കാരൻ ചൊറിഞ്ഞ് കയറുന്നതു കണ്ടു. പക്വമതികളായ മമ്മുക്കയും ലാലേട്ടനും മൗനം പാലിച്ചു. പക്ഷെ ഗണേശനും മുകേഷും തത്സമയം ചൂടായി. സ്വന്തം വീട്ടിലെ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുമ്പോൾ ഇടം കോലിട്ടാൽ ആരാണു ചൂടാവാതിരിക്കുക ? ഇവിടെ വലിയ പ്രശ്നമൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങൾക്കു തൃപ്തികരമല്ല എന്ന് ഞാൻ അനുമാനിക്കുന്നു. അവർക്ക് വാർത്ത വേണമല്ലോ!

ഞാൻ തിരിച്ചെത്തി സന്ധ്യാ വാർത്ത tvയിൽ കണ്ടു. പിന്നീട് 8 മണിയുടെ ചർച്ചകളും. ഞാൻ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാർത്തകൾ. വളരെ സമാധാനമായി പിരിഞ്ഞ ഞങ്ങളുടെ മീറ്റിങ്ങിനെ തരം താഴ്‌ത്തി കാണിക്കുന്ന ചർച്ചകൾ! അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്ത ആരും ഇതിലൊന്നും ഇല്ല എന്നതാണ് സത്യം. എല്ലാവരും സ്വന്തം ഭാവനയിൽ തോന്നുന്നത് ഇരുന്നു വീമ്പിളക്കുന്നു. സിനിമയുമായി ബന്ധപ്പെട്ടവർ വൃത്തിയായി കാര്യങ്ങൾ പറയുന്നു മുണ്ട്. മഞ്ജുവും, ഗീതുവും മറ്റും ചേർന്ന് തുടങ്ങിയ പുതിയ വനിതാ സംഘടനയെ പൂർണ്ണമായി അമ്മ' പിൻതുണക്കുന്നു എന്നും അതിന് ഗീതു സ്റേറജിൽ കയറി നന്ദി പറഞ്ഞതും ഞാൻ കണ്ടതാണ്.. tvയിൽ എല്ലാ ചാനലുകളു അതിനു നേർ വിപരീതം എഴുതി കാണിക്കുന്നു.

കഷ്ടം!ആരാന്റമ്മക്കു പ്രാന്തിളകുമ്പോൾ കണ്ടു നിൽക്കാൻ നല്ല രസം എന്ന പറഞ്ഞ പോലെ... അറിയപ്പെടുന്ന ഒരു നടനും നടിയുമാണ് കഥാപാത്രങ്ങൾ. നടിക്കു പ്രശ്നമുണ്ടായ ഉടനെ ekmൽ പൊതുയോഗം വിളിച്ചു കൂട്ടുകയും നടീനടന്മാരും സാങ്കേതിക വിദഗ്ദരും ചേർന്ന് പ്രാർത്ഥന നടത്തിയതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ ഈ മാധ്യമങ്ങൾ മറന്നു പോയ പോലെ നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലേന്നും പറഞ്ഞ് ഇപ്പൊ ബഹളം വെക്കുന്നു.

ദിലീപിനു പ്രശ്നം വന്നപ്പോൾ അതിനും അമ്മ കൂടെ നിന്നപ്പോൾ അമ്മക്കു മകൾ വേണ്ടേ.. മകൻ മതിയേ... ന്നും പറഞ്ഞ് മാധ്യമബഹളം. പോരാത്തതിന് സിനിമക്കാരുടെ സംസ്‌കാരത്തെ ചൂണ്ടി കുറെ ചാനലുകാർ ! ഒരു പ്രശ്നവും, ഡിവോഴ്സും നടക്കാത്ത എത്ര കുടുംബങ്ങളുണ്ട് ഇവരുടെയൊക്കെ ഇടയിൽ എന്നൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു! എന്തായാലും സിനിമാ താരങ്ങളെ കരിവാരിതേച്ചാൽ സാധാരണക്കാരനു കിട്ടുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെ. ഒരു പ്രശ്നം വരുമ്പോൾ ഒറ്റകെട്ടായി നിൽക്കണമെന്ന് അമ്മ' തെളിയിച്ചു കഴിഞ്ഞു.

ദിലീപിനേയും നടിയേയും ഞങ്ങളെല്ലാവരും സ്നേഹിക്കുന്നു. ഇവരിലാരെങ്കിലും കുഴപ്പക്കാരാണെന്നു അമ്മ' സമ്മതിച്ചാൽ സാധാരണക്കാർക്കും, മാധ്യമങ്ങൾക്കും ഒക്കെസമാധാനമായേനെ.. ഈ പ്രശ്നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കിൽ എല്ലാരും മൂടിവെക്കാൻ ശ്രമിച്ചേനെ... വേറെയാതൊരു പണിയുമില്ലാത്തവർ.. വാർത്തകൾ സൃഷ്ടിക്കാനും വളച്ചൊടിക്കാനും കുറേ മാധ്യമങ്ങൾ..

എനിക്ക് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് വളർന്നു വരുന്ന ഒരു മകൾക്ക് ഒരു പ്രശ്നം വരുമ്പോൾ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത്.. ഒതുക്കി തീർക്കാൻ ശ്രമിക്കുക. ആർക്കും ഈ ഗതി വരാം.. ജാഗ്രത! ശരിതെറ്റുകൾ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത്. സത്യം തെളിയിക്കാനാണ് ഇവിടെ പൊലീസും കോടതിയുമൊക്കെയുള്ളത് സത്യത്തിനു നീതി ലഭിക്കട്ടെ. കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടെ.. വീണ്ടും പറയട്ടെ നന്ദി facebook.. നീ എഡിറ്റ് ചെയ്യില്ലല്ലോ..'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP