Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്റെ പാട്ട് ആ വർഷം അവാർഡിന് പരിഗണിച്ചിരുന്നില്ല; ഇതിഹാസതുല്യനായ ദാസേട്ടനെ അപമാനിക്കാൻ എന്നെ കരുവാക്കുകയായിരുന്നു; യേശുദാസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഉണ്ണിമേനോൻ

എന്റെ പാട്ട് ആ വർഷം അവാർഡിന് പരിഗണിച്ചിരുന്നില്ല; ഇതിഹാസതുല്യനായ ദാസേട്ടനെ അപമാനിക്കാൻ എന്നെ കരുവാക്കുകയായിരുന്നു; യേശുദാസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഉണ്ണിമേനോൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 1984ൽ ഉണ്ണിമേനോൻ പാടിയ 'തൊഴുതു മടങ്ങും' എന്ന പാട്ടിന് കെ.ജെ.യേശുദാസിനാണ് പുരസ്‌കാരം ലഭിച്ചതെന്ന മട്ടിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഈ വീഡിയോയിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തന്റെ പാട്ട് ആ വർഷം പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നില്ലെന്നും ഉണ്ണിമേനോൻ ഫേസ്‌ബുക്കിൽ കുറിച്ചു.ഇത്തരമൊരു പരമാർശം വീഡിയോയിൽ വന്നത് ഇതിഹാസതുല്യനായ മഹദ് വൃക്തിത്വത്തെ നിന്ദിക്കാൻ വേണ്ടിയാണെന്നും അതിന് തന്നെ ഒരുകരുവാക്കിയതാണെന്നും ഉണ്ണിമേനോൻ അഭിപ്രായപ്പെട്ടു.

പ്രിയ സുഹൃത്തുക്കളെ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അസത്യങ്ങളോടും അർദ്ധസത്യങ്ങളോടും പ്രതികരിക്കുന്ന ശീലമില്ല എനിക്ക്. അത്തരം മാധ്യമങ്ങൾ മനുഷ്യന്റെ നന്മ മാത്രം പ്രചരിപ്പിക്കാനേ ഉപയോഗിച്ചുകൂടൂ എന്നാണ് എന്റെ വിശ്വാസം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ് ബുക്കിലും വാട്‌സപ്പിലും മറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടപ്പോൾ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നി. ഞാൻ ഉൾപ്പെടെയുള്ള സംഗീത പ്രേമികളും ഗായകരും സ്‌നേഹിക്കുകയും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മഹദ് വ്യക്തിത്വത്തെ നിന്ദിക്കാൻ വേണ്ടി ഈ വീഡിയോയിൽ എന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതിൽ ദുഃഖമുള്ളതു കൊണ്ടാണ് ഈ വിശദീകരണം.

ഞാൻ പാടിയ ``തൊഴുതു മടങ്ങും'' എന്ന പാട്ട് 1984 ലെ സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെട്ടതായും ആ പാട്ടിന്റെ പേരിൽ ഒടുവിൽ യേശുദാസിനാണ് അവാർഡ് ലഭിച്ചതെന്നും അഭിമുഖം നൽകിയ ആൾ പറയുന്നു. തികച്ചും വസ്തുതാവിരുദ്ധമാണ് ആ പരാമർശം. ഞാൻ അറിയുന്നിടത്തോളം എന്റെ പാട്ട് ആ വർഷം അവാർഡിന് പരിഗണിക്കപ്പെട്ടിരുന്നില്ല. ദാസേട്ടൻ പാടിയ ``സ്വന്തം ശാരിക'' യിലെ ഈ മരുഭൂവിൽ (സംഗീതം: കണ്ണൂർ രാജൻ) എന്ന ഗാനത്തിനായിരുന്നു ആ വർഷത്തെ അവാർഡ്. ഇത്രയും കാലത്തിന് ശേഷം വസ്തുതാവിരുദ്ധമായ ``വെളിപ്പെടുത്ത''ലുമായി ഈ പഴയ വീഡിയോ പുറത്തുവിട്ടത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തം. ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഉണ്ടാകാൻ ഇടയുള്ളൂ. അതിന് എന്നെ അവർ ഒരു ആയുധമാക്കി മാറ്റി എന്നതാണ് നിർഭാഗ്യകരം.

എന്റെ വ്യക്തി ജീവിതത്തിലും സംഗീത ജീവിതത്തിലും ദാസേട്ടനെ പോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരാൾ ഉണ്ടാവില്ല. ആ ശബ്ദം കേട്ടും ആസ്വദിച്ചും ഉൾക്കൊണ്ടും വളർന്ന ബാല്യമാണ് എന്റേത്. സഹോദര നിർവിശേഷമായ സ്‌നേഹത്തോടെയേ അദ്ദേഹം എന്നോട് എന്നും പെരുമാറിയിട്ടുള്ളൂ. എന്റെ ജീവിതത്തിന്റെ ഓരോ നിർണായക ഘട്ടത്തിലും ദാസേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1986 ൽ ആലാപ് എന്ന പേരിൽ ഞാൻ തുടങ്ങിയ സ്റ്റുഡിയോ ഉൽഘാടനം ചെയ്യാൻ അന്നത്തെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് എത്തിച്ചേർന്നത് ദാസേട്ടനാണ്. സംഗീത ജീവിതത്തിൽ എന്റെ മുപ്പത്തിമൂന്നാം വാർഷികം പാലക്കാട്ട് വെച്ച് സ്വരലയ ആഘോഷിച്ചപ്പോൾ മുഖ്യാതിഥിയാകാനുള്ള ക്ഷണവും സസന്തോഷം സ്വീകരിച്ചു അദ്ദേഹം. ആ അവസരങ്ങളിലെല്ലാം അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ നന്മ നിറഞ്ഞ വാക്കുകൾ നന്ദിപൂർവമല്ലാതെ ഓർക്കാതെ വയ്യ. എന്റെ ജീവിതത്തിലെ എത്രയോ അനർഘ മുഹൂർത്തങ്ങൾക്ക് സുഗന്ധമേകിയത് ആ ഗന്ധർവ സാന്നിധ്യമാണ്. വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഈ സൗഹൃദത്തിന് ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, ഇത്തരം വ്യാജ പ്രചാരണങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്ന് എന്റെ പ്രിയ സുഹൃത്തുക്കളോടും സംഗീത പ്രേമികളോടും വിനയപൂർവം അഭ്യർത്ഥിക്കുകയാണ്. ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും അത്.

ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങളൊന്നും യേശുദാസിനെ പോലൊരു പ്രതിഭാസത്തെ സ്പർശിക്കുക പോലുമില്ലെന്ന് എനിക്കറിയാം. അതിനെല്ലാം മുകളിലാണ് സംഗീതത്തെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം. മനസാ വാചാ കർമണാ താൻ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു അനാവശ്യ വിവാദത്തിലേക്ക് ദാസേട്ടന്റെ പേര് ഇനിയും വലിച്ചിഴക്കരുതേ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP