Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി വിജയനിൽ നിന്നും കർണാടകയെ രക്ഷിക്കണം; ഒരു കാരണവശാലും അതിർത്തി തുറക്കില്ല; കോവിഡ് വ്യാപനം ഉണ്ടായിട്ടും കാസർകോട് ഒരു ആശുപത്രി തുറക്കാൻ കേരള സർക്കാരിന് കഴിഞ്ഞിട്ടില്ല; മനുഷ്യത്വം പോലുമില്ലാതെ അതിർത്തി അടച്ചതിനെ ന്യായീകരിച്ച് ബിജെപി കർണാടക ഘടകം അധ്യക്ഷൻ; രോ​ഗികൾക്കാവശ്യമായ സൗകര്യങ്ങൾ കേരള മുഖ്യമന്ത്രി കാസർകോട് തന്നെ ഒരുക്കണമെന്നും നളിൻകുമാർ കട്ടീൽ

പിണറായി വിജയനിൽ നിന്നും കർണാടകയെ രക്ഷിക്കണം; ഒരു കാരണവശാലും അതിർത്തി തുറക്കില്ല; കോവിഡ് വ്യാപനം ഉണ്ടായിട്ടും കാസർകോട് ഒരു ആശുപത്രി തുറക്കാൻ കേരള സർക്കാരിന് കഴിഞ്ഞിട്ടില്ല; മനുഷ്യത്വം പോലുമില്ലാതെ അതിർത്തി അടച്ചതിനെ ന്യായീകരിച്ച് ബിജെപി കർണാടക ഘടകം അധ്യക്ഷൻ; രോ​ഗികൾക്കാവശ്യമായ സൗകര്യങ്ങൾ കേരള മുഖ്യമന്ത്രി കാസർകോട്  തന്നെ ഒരുക്കണമെന്നും നളിൻകുമാർ കട്ടീൽ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: പിണറായി വിജയനിൽ നിന്നും കർണാടകയെ രക്ഷിക്കണമെന്ന് കർണാടക ബിജെപി പ്രസിഡന്റ്. ഒരു കാരണവശാലും കർണാടക അതിർത്തി തുറക്കില്ലെന്നും നളിൻകുമാർ കട്ടീൽ ട്വിറ്ററിൽ കുറിച്ചു. കാസർകോട്ടെ രോ​ഗികൾക്കാവശ്യമായ സൗകര്യങ്ങൾ പിണറായി വിജയൻ അവിടെ തന്നെ ഒരുക്കണമെന്നും ദക്ഷിണ കന്നട എംപി കൂടിയായ കട്ടീൽ പറഞ്ഞു. കോവിഡ് വ്യാപനം ഉണ്ടായിട്ടും കാസർകോട് ഒരു ആശുപത്രി തുറക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് കേരള മോഡലിന്റെ പരാജയമാണ്. അവരെ ചികിത്സിക്കാനുള്ള സംവിധാനം അവിടെ തന്നെ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹൈക്കോടതി ഇന്നലെ കർണാടക അതിർത്തി തുറക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അവകാശമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം അംഗീകരിക്കാൻ കർണാടക സർക്കാർ തയ്യാറായിരുന്നില്ല.

ഒരു കാരണവശാലും കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ല. നേരത്തെ വിവിധ ആവശ്യങ്ങൾക്കായി മലയാളികളെ മംഗലാപുരത്തേക്ക് എത്താൻ അനുവദിച്ചിരുന്നു. നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. രാജ്യത്ത് കോവിഡ് കൂടുതൽ സ്ഥീരികരിച്ചസ്ഥലങ്ങളിലൊന്ന് കാസർകോട്ട് ആണ്. ഈ സാഹചര്യത്തിൽ അവർക്ക് വഴി തുറന്നുകൊടുത്താൽ കർണാടക വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

കാസർകോട് തലപ്പാടി അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവും കർണാടക പാലിച്ചില്ല. അതിർത്തിയിൽ രോഗികളുമായി പോയ വാഹനത്തെ ഇന്നും തടഞ്ഞു. മേഖലയിൽ കർണാടക കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

കർണാടക അതിർത്തി അടച്ചതോടെ കഴിഞ്ഞ 5 ദിവസത്തിനിടെ 7 പേരാണ് കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചത്. ഈ സാഹചര്യത്തിൽ രോഗികളുമായി കടന്ന് പോവുന്ന ആംബലുൻസുകളെ കടത്തിവിടണമെന്ന ആവശ്യം ശക്തമാവുമ്പോഴും അത് പരിഗണിക്കാൻ കർണാടക തയ്യാറായിട്ടില്ല. കർണാടക സർക്കാരിന്റെ തെറ്റായ നടപടി പിൻവലിപ്പിക്കുന്നതിനായി നിയമപരമായി ഇടപെടുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

ദേശീയ പാത അടക്കാൻ ഒരു സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ കർണാടക സംസ്ഥാന സർക്കാരിന്റെ നടപടിയിൽ ദേശീയ പാത അഥോറിറ്റി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ നൽകിയ ഹരജി നാളെ സുപ്രിം കോടതിയും പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും സുപ്രിംകോടതയിൽ നിന്നും അനുകൂലമായ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. അതിനിടയിലാണ് തീവ്രനിലപാടുമായി കർണാടക ഘടകം ബിജെപി അധ്യക്ഷൻ രം​ഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP