Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രീ ബേസിക്‌സ് തന്ത്രവുമായി എത്തിയ സുക്കർബർഗിനു തിരിച്ചടി; ആവശ്യപ്പെട്ട വിവരങ്ങൾ ഫേസ്‌ബുക്ക് കൃത്യസമയത്തു ഹാജരാക്കിയില്ലെന്നു ട്രായ്; പഴയ വീഞ്ഞു പുതിയ കുപ്പിയിൽ അവതരിപ്പിക്കാനുള്ള നീക്കം പാളി

ഫ്രീ ബേസിക്‌സ് തന്ത്രവുമായി എത്തിയ സുക്കർബർഗിനു തിരിച്ചടി; ആവശ്യപ്പെട്ട വിവരങ്ങൾ ഫേസ്‌ബുക്ക് കൃത്യസമയത്തു ഹാജരാക്കിയില്ലെന്നു ട്രായ്; പഴയ വീഞ്ഞു പുതിയ കുപ്പിയിൽ അവതരിപ്പിക്കാനുള്ള നീക്കം പാളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്റർനെറ്റ് സമത്വത്തെ തകർക്കുന്ന ഫ്രീ ബേസിക്‌സ് സംവിധാനത്തിന് കരുക്കൾ നീക്കിയ ഫേസ്‌ബുക്കിനു തിരിച്ചടിയുമായി ട്രായ്. പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട വിവരങ്ങൾ ഫേസ്‌ബുക്ക് കൃത്യസമയത്തു ഹാജരാക്കിയില്ലെന്നു ട്രായ് അറിയിച്ചു. ഇതോടെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന പേരിൽ മുമ്പ് അവതരിപ്പിച്ച നെറ്റ് ന്യൂട്രാലിറ്റിക്കെതിരായ നടപടി ഫ്രീബേസിക്‌സ് എന്ന പേരിൽ പുനരവതരിപ്പിച്ച ഫേസ്‌ബുക്കിന്റെ തന്ത്രം വീണ്ടും പാളി.

ഇന്റർനെറ്റ് സമത്വത്തിന് (നെറ്റ് ന്യൂട്രാലിറ്റി) തുരങ്കം വയ്ക്കുന്ന ഫ്രീ ബേസിക്‌സ് തന്ത്രങ്ങൾ തത്കാലം വേണ്ടെന്നാണു ടെലകോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദ്ദേശം. ടെലകോം ഓപ്പറേറ്റർമാരോട് ഇതു സംബന്ധിച്ച നിർദ്ദേശങ്ങളും ട്രായ് നൽകിക്കഴിഞ്ഞു.

നെറ്റ് ന്യൂട്രാലിറ്റിക്ക് വിരുദ്ധമായ, ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക്‌സ് തന്ത്രം സംബന്ധിച്ച് 24 ലക്ഷം പ്രതികരണങ്ങളാണു ട്രായിക്ക് ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും ആവശ്യപ്പെടുന്നത് ഇന്റർനെറ്റ് സമത്വം നിലനിറുത്തണം എന്നാണ്. സപ്പോർട്ട് ഫ്രീ ബേസിക്‌സ്.കോം വഴിയാണ് 13.5 ലക്ഷം പ്രതികരണങ്ങൾ ലഭിച്ചത്. ഫേസ്‌ബുക്ക് മെയിൽ.കോം വഴി 5.44 ലക്ഷം പേരും പ്രതികരിച്ചു. പക്ഷേ, ഫ്രീ ബേസിക്‌സിനെ പിന്തുണയ്ക്കുന്നതായി ഫേസ്‌ബുക്ക് അറിയിച്ചവരുടെ വിശദവിവരങ്ങളൊന്നും തങ്ങൾക്കു ലഭിച്ചില്ലെന്നു ട്രായ് വ്യക്തമാക്കി. വെറും മൊബൈൽ നമ്പരുകൾ മാത്രമാണു പിന്തുണയ്ക്കുന്നവരുടേതായി ഫേസ്‌ബുക്ക് നൽകിയതെന്നും ട്രായ് വിശദീകരിച്ചു. ഡേറ്റാ സേവനങ്ങൾക്കു വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു ട്രായ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടുമില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബർ ഒമ്പതിനാണു ഇത്തരത്തിലൊരു കൺസൾട്ടേഷൻ പേപ്പർ ട്രായ് നൽകിയത്. ഇക്കാര്യത്തിൽ മറുപടി നൽകാനായി ജനുവരി ഏഴുവരെ സമയം നീട്ടിനൽകുകയും ചെയ്തിരുന്നു.

ഇക്കാര്യത്തിൽ വിശദമായ വിവരങ്ങൾ നൽകണം എന്നായിരുന്നു ട്രായ് ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഫ്രീബേസിക്‌സിനെ ഉപയോക്താക്കൾ പിന്തുണച്ചു എന്ന് അവകാശപ്പെടുന്ന മെയിലുകളിൽ ട്രായ് ആവശ്യപ്പെട്ട ചോദ്യങ്ങൾക്കുള്ള കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.

തുടർന്ന് ജനുവരി ഒന്നിനു ട്രായ് വീണ്ടും ഫേസ്‌ബുക്കിനു കത്തയച്ചു. ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങളിൽ കൃത്യമായ ഉത്തരം നൽകണം എന്നു ഉപയോക്താക്കളോട് ആവശ്യപ്പെടണമെന്നും ഇതു സംബന്ധിച്ച മറുപടി ഉടൻ തരണമെന്നുമായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ഡേറ്റാ സേവനങ്ങൾക്കു വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു അഭിപ്രായം സമർപ്പിക്കേണ്ട അവസാന തീയതിയായ ജനുവരി ഏഴു കഴിഞ്ഞിട്ടും കൃത്യമായ മറുപടി നൽകാൻ ഫേസ്‌ബുക്കിനു കഴിഞ്ഞില്ല. ജനുവരി ഏഴിനും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു ട്രായ് ഫേസ്‌ബുക്കിനെ സമീപിച്ചിരുന്നു. എന്നാൽ, അതിന് ഇതുവരെ ഫേസ്‌ബുക്ക് മറുപടി തന്നില്ലെന്നാണ് ട്രായ് അറിയിക്കുന്നത്.

ഉപയോക്താക്കൾ ഭൂരിപക്ഷവും ഫ്രീബേസിക്‌സിനെ അനുകൂലിക്കുന്നുവെന്ന തരത്തിൽ പ്രചാരണം നടത്തിയിരുന്ന ഫേസ്‌ബുക്കിനു കനത്ത തിരിച്ചടിയാണ് ട്രായ് പുറത്തിറക്കിയ വാർത്താക്കുറിപ്പ്. സോഷ്യൽ മീഡിയ നടത്തിയ ശക്തമായ ഇടപെടലാണു ഫേസ്‌ബുക്കിന്റെ നീക്കങ്ങൾക്കു തടസമായത്.

നിലവിൽ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മാത്രമാണ് ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക്‌സിനെ അനുകൂലിക്കുന്നത്. നേരത്തേ, ഇന്റർനെറ്റ്.ഓർഗ് എന്നായിരുന്നു ഫ്രീ ബേസിക്‌സിനു സുക്കർബർഗ് നൽകിയിരുന്ന പേര്. വിവാദം കത്തിപ്പടർന്നതോടെ പേര് ഫ്രീബേസിക്‌സ് എന്നാക്കുകയായിരുന്നു. എയർടെലാണ് ആദ്യം ഇന്റർനെറ്റ് സമത്വത്തിനെതിരെ, രംഗത്തെത്തിയത്. ചില വെബ്‌സൈറ്റുകൾ മാത്രം സൗജന്യമായും മറ്റുള്ളവ നിശ്ചിത ഫീസ് ഈടാക്കിയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഫേസ്‌ബുക്ക് ഇതേറ്റുപിടിക്കുകയായിരുന്നു.

എന്നാൽ, ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇതിനെതിരെ തിരിഞ്ഞു. ട്രായിക്ക് കിട്ടിയത് പരാതിപ്രവാഹമാണ്. തുടർന്നാണ്, ഇതു സംബന്ധിച്ച പ്രതികരണം ട്രായ് ആരാഞ്ഞത്. ഫ്രീബേസിക്‌സ് പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട വിവരങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മറുപടി കിട്ടാതായിരിക്കുകയാണെന്നു ട്രായ് വ്യക്തമാക്കിയതോടെ നിലവിലെ സ്ഥിതിതന്നെ തുടരും.

ഫ്രീ ബേസിക്‌സ് കാമ്പയിന്റെ പരസ്യത്തിനു വേണ്ടി ഇന്ത്യയിൽ മാത്രം ഫേസ്‌ബുക്ക് ചിലവഴിച്ചത് 300കോടി രൂപയാണ്. ഇന്ത്യയിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച കാമ്പയിനും ഇതാണ്. എല്ലാ ആളുകൾക്കും ലഭ്യമാവത്തക്ക രീതിയിലും, ഡാറ്റയ്ക് പണമടക്കാൻ കഴിയാത്തവർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലും സൗജന്യ ഇന്റർനെറ്റ് ലഭ്യതയ്ക്ക് വേണ്ടിയാണ് ഫ്രീ ബേസിക്‌സ് ആവിഷ്‌കരിക്കുന്നതെന്ന് ഫേസ്‌ബുക്ക് സിഇഒ സൂക്കർബർഗ് പറഞ്ഞിരുന്നു. പക്ഷേ, ബില്ല്യനോളം വരുന്ന ഇന്ത്യൻ ഉപഭോക്താക്കൾ ഫ്രീ ബേസിക്‌സ് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഫേസ്‌ബുക്ക് അച്ചടിമാദ്ധ്യമങ്ങളിൽ പ്രചരണം നടത്താനാണ് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്. ഇത് 180- 200 കോടിയോളം വരും. പരസ്യ പ്രചരണത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അവകാശവാദങ്ങളാണെന്നും അത് വിശ്വസനീയമല്ലെന്നുമുള്ള രീതിയിൽ അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് ഉപഭോക്താക്കളുടെ ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP