Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

അറുപതാം വയസിൽ ടോം ക്രൂസ് അങ്ങനെയാണെങ്കിൽ എഴുപത് വയസായ ഞങ്ങളുടെ മമ്മൂട്ടിയെ നോക്കൂ; ഫിറ്റ്‌നസിൽ മിഷൻ ഇമ്പോസിബിൾ താരത്തെ വെല്ലുവിളിച്ച് മമ്മൂട്ടി ഫാൻസിന്റെ പൊങ്കാല; സോഷ്യൽ മീഡിയയിലെ പോര് ദേശീയ മാധ്യമങ്ങളിലും

അറുപതാം വയസിൽ ടോം ക്രൂസ് അങ്ങനെയാണെങ്കിൽ എഴുപത് വയസായ ഞങ്ങളുടെ മമ്മൂട്ടിയെ നോക്കൂ; ഫിറ്റ്‌നസിൽ മിഷൻ ഇമ്പോസിബിൾ താരത്തെ വെല്ലുവിളിച്ച് മമ്മൂട്ടി ഫാൻസിന്റെ പൊങ്കാല; സോഷ്യൽ മീഡിയയിലെ പോര് ദേശീയ മാധ്യമങ്ങളിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പണ്ടത്തെ പോലെയല്ല, സിനിമാ താരങ്ങളെല്ലാം ഫിറ്റ്‌നസിൽ വലിയ കമ്പമുള്ളവരാണ്. പതിവായി വർക്കൗട്ട് വീഡിയോകളും മറ്റും ഇട്ട് ആരാധാകരെ ത്രസിപ്പിക്കാറും ഉണ്ട്. ഹോളിവുഡിൽ ടോം ക്രൂസ് ഇങ്ങനെയാണ്. ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല. കഴിഞ്ഞ ദിവസം ടോം ക്രൂസ് അറുപതാം വയസിൽ എന്ന അടിക്കുറിപ്പോടെ, ഒരു ഫോട്ടോ വൈറലായിരുന്നു. ഇപ്പോഴും നല്ല ചുള്ളൻ. അദ്ദേഹത്തിന്റെ ചിത്രം സിനിമ ഇൻ മീംമ്‌സ് എന്ന ഫേസ്‌ബുക്ക് പേജാണ് പങ്കുവെച്ചത്. അറുപതു വയസായിട്ടും ടോം ക്രൂസിന്റെ ചെറുപ്പത്തെ വാഴ്‌ത്തിക്കൊണ്ടുള്ളത് ആയിരുന്നു പോസ്റ്റ്. എട്ടുലക്ഷത്തിൽ അധികം ആളുകളാണ് പോസ്റ്റിന് ലൈക്കുമായി എത്തിയത്. എന്നാൽ, നമ്മുടെ ചില മലയാളി ചങ്ങാതിമാർ സംഗതിക്ക് ഒരു ട്വിസ്റ്റ് കൊടുത്തു.

മിഷൻ ഇംബോസിബിൾ താരത്തിന് വെല്ലുവിളി ഉയർത്തി എത്തിയത് മമ്മൂട്ടി ആരാധകരാണ്. കറുപ്പ് വസ്ത്രം അണിഞ്ഞ ടോം ക്രൂസിന്റെ ചിത്രത്തിന്റെ കമന്റ് സെക്ഷൻ നിറയെ മമ്മൂട്ടി ചിത്രങ്ങൾ കൊണ്ട് ആരാധകർ പൊങ്കാല നടത്തി. ടോം ക്രൂസ് 60 ആണെങ്കിൽ മമ്മൂട്ടിക്ക് 11 വർഷം പ്രായക്കൂടുതലുണ്ട്. എന്നാലോ, ക്രൂസിനേക്കാൾ ചെറുപ്പം.

'മമ്മൂട്ടി, ഇന്ത്യൻ നടൻ, 71 വയസ്' എന്ന കുറിപ്പുമായി മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ കമന്റ് ബോക്‌സിൽ പങ്കുവെക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും അടുത്തകാലത്തുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ആരാധകർ ടോം ക്രൂസിന്റെ ചിത്രത്തിന് ചെക്ക് വെച്ചത്. അറുപതാം വയസിൽ ടോം ക്രൂസ് അങ്ങനെയാണെങ്കിൽ എഴുപത് വയസായ ഞങ്ങളുടെ മമ്മൂട്ടിയെ നോക്കൂ എന്ന രീതിയിലാണ് കമന്റുകൾ. സോഷ്യൽ മീഡിയയിലെ യുദ്ധം ദേശീയ മാധ്യമങ്ങളിലും വാർത്തയായിട്ടുണ്ട്.

മലയാളികൾ കമന്റ് ചെയ്യാൻ തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഏറെയും 70 വയസിനു ശേഷമുള്ള മമ്മൂട്ടിയുടെ നല്ല സ്റ്റൈലൻ ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ ലുക്ക് ഇതിനുമുമ്പും ചർച്ചയായിട്ടുണ്ട്. 'വയസ് ഒരു നമ്പർ മാത്രമാണ്' എന്ന രീതിയിൽ ഇതിനുമുമ്പും മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. അതേസമയം, ലാലേട്ടൻ പിന്നിലല്ല എന്നുകാട്ടാൻ, ചിലർ മോഹൻലാലിന്റെ പടവും കമന്റ് സെക്ഷനിൽ ഷെയർ ചെയ്തിട്ടുണ്ട്.മറ്റുചിലരാകട്ടെ, തങ്ങളുടെ 60 ാം വയസിലെ ഫോട്ടോകൾ നിരത്തി എങ്ങനെ ചെറുപ്പം നിലനിർത്തി എന്ന് വീമ്പിളക്കുന്നു.

അടുത്തിടെയാണ് ടോം ക്രൂസ് 1986 ലെ തന്റെ ഹിറ്റായ ടോപ് ഗണ്ണിന്റെ സീക്വൽ പുറത്തിറക്കിയത്. ടോപ് ഗൺ: മാവെറിക്, ടോം ഹോളണ്ടിന്റെ സ്‌പൈഡർമാൻ നോ വേ ഹോമിന് ശേഷം ഒരു ബില്യൻ സമ്പാദിച്ച ചിത്രമാണ്.

മുമ്പും ടോം ക്രൂസും മമ്മൂട്ടിയും തമ്മിലുള്ള താരതമ്യം വന്നിട്ടുണ്ട്. മമ്മൂട്ടി ടോം ക്രൂസുമായാണ് മത്സരിക്കുന്നതെന്ന് സംവിധായകൻ ഹരിഹരൻ ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്ന് ഒരു ആരാധിക പറഞ്ഞിരുന്നു. 'മമ്മൂട്ടി മത്സരിക്കുന്നത് ടോം ക്രൂസിനോടാണ്. 1989 ൽ പുറത്തിറങ്ങിയ വടക്കൻ വീരഗാഥയിൽ നിന്നും 20 വർഷം കഴിഞ്ഞാണ് പഴശ്ശി രാജ എത്തുന്നത്. അവിടെ നിന്നും 10 വർഷം കഴിഞ്ഞാണ് മാമാങ്കം വരുന്നത്. ചന്തുവിൽ നിന്നും ചാവേറിലേക്കുള്ള ദൂരം കൂടിയപ്പോഴും വീര്യം കുറയാത്ത യോദ്ധാവിനെയാണ് കാണാനാകുന്നത്'' ഹരിഹരന്റെ ഈ വാക്കുകളായിരുന്നു ആരാധിക ഓർമ്മപ്പെടുത്തിത്.

'ഹരിഹരൻ സാർ എന്നോടുള്ള സ്‌നേഹം കൊണ്ടു പറഞ്ഞതാണ്. ഞാൻ ടോം ക്രൂസിനെ കണ്ടിട്ടു പോലുമില്ല. ഇതൊരു ഓട്ടമത്സരമല്ലല്ലോ ഒന്നാം സ്ഥാനം നേടാൻ. മാത്രമല്ല ടോം ക്രൂസ് വടക്കൻ വീരഗാഥയും പഴശ്ശിരാജയും പോലുള്ള സിനിമകൾ ചെയ്യുന്നുമില്ല. അതുകൊണ്ട് അദ്ദേഹത്തോട് മത്സരിക്കേണ്ട കാര്യമില്ല. നമ്മൾ നമ്മളോട് തന്നെ മത്സരിച്ച് ഒന്നാമത് എത്തുകയാണ് വേണ്ടത്. എന്നെ കൊണ്ട് ആവുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട് '' എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. മാമാങ്കം ചിത്രത്തിന്റെ പ്രമോഷൻ വേളയിലായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP