Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

ഇത്തവണ ബ്രഡും എരിവുള്ള മീൻ കറിയും; കടലിന്റെ മക്കൾക്കടുത്തേക്ക് എത്തിയത് അവരുടെ അധ്വാനം അറിയാൻ; കടലിലേക്ക് ചാടിയപ്പോൾ കമ്പനിക്ക് വിളിച്ചത് ടി എൻ പ്രതാപനെ;തൽക്കാലം ഇല്ലെന്ന് പ്രതാപന്റെ മറുപടി; തീരദേശ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് എം പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇത്തവണ ബ്രഡും എരിവുള്ള മീൻ കറിയും; കടലിന്റെ മക്കൾക്കടുത്തേക്ക് എത്തിയത് അവരുടെ അധ്വാനം അറിയാൻ; കടലിലേക്ക് ചാടിയപ്പോൾ കമ്പനിക്ക് വിളിച്ചത് ടി എൻ പ്രതാപനെ;തൽക്കാലം ഇല്ലെന്ന് പ്രതാപന്റെ മറുപടി;  തീരദേശ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് എം പിയുടെ ഫേസ്‌ബുക്ക്  പോസ്റ്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനവും കടലിന്റെ മക്കളുടെ അടുത്തേക്കുള്ള സന്ദർശനവുമൊക്കെയാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചാവിഷയം. കടലിന്റെ മക്കളുടെ അടുത്തേക്ക് രാഹുൽ ഗാന്ധി എത്തിയതും അവർക്കൊപ്പം ഭക്ഷണം കഴിച്ചതും കടലിൽ കുളിച്ചതുമൊക്കെയായി സജീവമാണ് ഈ ചർച്ചകൾ.സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുമുണ്ട്.

ഇപ്പോഴിത തിരദേശ മേഖല സന്ദർശനത്തിന്റെ സമയത്ത് രാഹുൽഗാന്ധിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ടി എൻ പ്രതാപൻ എം പി.ശത്രുക്കളെപ്പോലും അമ്പരപ്പിക്കുന്ന വിനയവും സ്‌നേഹവും മുഖമുദ്രയായ, ഒരുപക്ഷേ കാലത്തിനുപോലും ഉൾക്കൊള്ളാൻ കഴിയാത്തത്ര വിശാലമായ മനസ്സും ആത്മാവും ഉള്ള ഒരാളാണ് രാഹുൽജി എന്നാണ് പ്രതാപൻ പറയുന്നു.

ആഴക്കടലിലെ ആർത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുൽ ഗാന്ധിയുടെ കടലിൽച്ചാട്ടം അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ചെന്നും തന്നോടും കടലിലേക്ക് എടുത്തു ചാടാൻ പറഞ്ഞപ്പോൾ കൈകൂപ്പി തൊഴുത്, തന്റെ മക്കളെയോർത്ത് ഒഴിവാക്കിത്തരണം എന്നായിരുന്നു മറുപടിയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം

കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി എന്നൊരു പരിപാടി 2015ൽ ചാവക്കാട് വെച്ച് നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന അനുഭവം നേരിട്ടറിയണമെന്ന് രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷെ, സുരക്ഷാ പ്രശ്‌നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും അത് നടന്നില്ല. പിന്നീട്, തൃപ്രയാറിൽ വെച്ച് നടന്ന ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽ യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.

മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവെക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്ന് പറയും: 'എനിക്കവരുടെ അദ്ധ്വാനം അടുത്തറിയണം.' പക്ഷെ, പലപ്പോഴും അത് നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിന് വളരെ സൂക്ഷ്മമായി ഒരു പദ്ധതി തയ്യാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്ത് കൃത്യമായി സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാൻ സാധിച്ചു.

 പുലർച്ചെ, രാഹുൽജിയും ഞാനും പ്രിയ കെ സിയും സി ആർ പി എഫുകാരുടെ വല്ലാത്ത നിർബന്ധത്തിന് വഴങ്ങി രണ്ടുപേർ അവരെയും കൂട്ടി ഞങ്ങൾ കടലിലേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞുവെച്ച ബോട്ടുകാരോട് എന്റെ കൂടെ രാഹുൽജിയുണ്ടാകുമെന്ന് ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. രാഹുൽജിയെ കണ്ടപാടെ അവരുടെ കണ്ണുതള്ളി. ഇത് രാഹുൽജി തന്നെയാണോ എന്ന് ശങ്കിച്ച നില്പായിരുന്നു അവരുടേത്. കേരിയർ വഞ്ചിയിലാണ് മത്സ്യബന്ധന നൗകയിലേക്ക് നീങ്ങിയത്. ഞങ്ങളുടെ കൂടെ രണ്ട് വ്ളോഗർമാരും ഉണ്ടായിരുന്നു. അവർക്കും രാഹുൽജിയുടെ സാന്നിധ്യം വല്ലാത്തൊരു അതിശയമായിരുന്നു.

ഉൾക്കടലിലേക്കുള്ള യാത്രക്കിടെ രാഹുൽജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം അറിയുകയാണ് ആ മഹാ മനീഷി. ചുറ്റിലും ഇരുൾ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങൾ കണ്ണ് ചിമ്മുന്നത് കാണാം. ഉൾക്കടലിൽ എത്തിയപ്പോൾ വലയടിക്കാൻ തുടങ്ങി. വല കെട്ടാൻ വേണ്ടി തൊഴിലാളി സുഹൃത്തുക്കളിൽ ഒരാൾ കടലിലേക്ക് ചാടി. അയാളെന്തിനാണ് കടലിൽ ചാടിയതെന്ന് രാഹുൽജി ചോദിച്ചു. വലകെട്ടാൻ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് ഞങ്ങൾ വിശദീകരിച്ചു. എങ്കിൽ ആ സുഹൃത്തിനെ സഹായിക്കാൻ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുൽജി കടലിലേക്ക് ഊളിയിട്ട് ചാടി.

ഞാനും കെ സിയും രാഹുൽജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്താളിച്ചു നിൽക്കെ, രാഹുൽഹി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി. 'നിങ്ങൾ പേടിക്കണ്ട, രാഹുൽജി സ്‌കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉള്ള ആളാണ്', രാഹുൽജിയുടെ പേഴ്സണൽ അസിസ്റ്റന്റ് അലങ്കാർ ആണത് പറഞ്ഞത്. രാഹുൽജി ചാടിയത് കണ്ട് ഒന്നുരണ്ട് മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾ കൂടി കടലിലിറങ്ങി. കെ സിയോട് ചാടാൻ പറഞ്ഞപ്പോൾ കെ സി വിസമ്മതിച്ചു. രാഹുൽജി പിന്നെ നോക്കിയത് എന്നെ. ഞാൻ ഇല്ലെന്ന് കൈകൂപ്പി. 'അതെന്താ? ആൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് നേതാവൊക്കെയായിട്ട്..?' രാഹുൽജി വിടാൻ ഭാവമില്ല. 'എന്റെ മക്കൾ നന്നേ ചെറുതാണ്. ഇത് ഉൾക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല.' ഇതുകേട്ട രാഹുൽജി ചിരിച്ചു.

വലയടിച്ചു കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി വല കയറ്റാൻ തുടങ്ങി. ഒരു കണവയും രണ്ട് മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് കിട്ടിയില്ല. രാഹുൽജിക്ക് വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓർത്താണ് രാഹുൽജിയുടെ വിഷമം. അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലിൽ മൽസ്യസമ്പത്ത് കുറയുന്നതിനെ പറ്റിയും കടലിലെ വറുതി കാരണം കരയിൽ പട്ടിണിയാണെന്നും അവർ അദ്ദേഹത്തോട് പരിഭവം പറഞ്ഞു.

തൊഴിലാളി സുഹൃത്തുക്കൾ കൈയിൽ കരുതിയിരുന്ന മീൻ എടുത്ത് പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീൻകറിയും. ഒരു മീൻ ഭക്ഷണത്തിന് പാകമായി വരുമ്പോഴേക്കും എത്രമേൽ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന് മനസ്സിലായതായി അദ്ദേഹം അതിശയം കൊണ്ടു. മടക്കയാത്രയിലും അദ്ദേഹം തൊഴിലാളി സുഹൃത്തക്കളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു.

ബോട്ടിൽ നിന്ന് കാരിയർ വള്ളത്തിലേക്ക് ഞങ്ങൾ മാറികയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോൾ രാഹുൽജി വള്ളത്തിൽ നിന്ന് ചാടിയിറങ്ങി.അല്പ സമയം കഴിഞ്ഞാൽ തങ്കശേരി കടപ്പുറത്ത് രാഹുൽജിയെ കാണാനും കേൾക്കാനും കൊതിച്ച് കാത്തുനിൽക്കുന്ന ആയിരങ്ങളുടെ മനസ്സിലേക്ക് അദ്ദേഹം സ്‌നേഹത്തിന്റെ തുഴയെറിയും.

അടിസ്ഥാന വർഗ്ഗത്തിന്റെ അധ്വാനത്തോടൊപ്പവും അവരുടെ അഭിമാനത്തോടൊപ്പവും ചേർന്നുനിൽക്കുന്ന നിത്യവസന്തമായി രാഹുൽജി നമുക്കിടയിലുണ്ട്. ശത്രുക്കളെ പോലും അമ്പരിപ്പിക്കുന്ന വിനയവും സ്‌നേഹവും മുഖമുദ്രയായ, ഒരു പക്ഷെ കാലത്തിനുപോലും ഉൾകൊള്ളാൻ കഴിയാത്തത്ര വിശാലമായ മനസ്സും ആത്മാവും ഉള്ള ഒരാൾ.. അതാണ് രാഹുൽജി.

കടലിനും കടലിന്റെ മക്കൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കൂടെയുണ്ടാകുമെന്ന ആർജ്ജവമാണ് രാഹുൽജി തങ്കശ്ശേരിയിലും തുടർന്ന് ആവർത്തിച്ചത്. നന്ദി, രാഹുൽജി നന്ദി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP