Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

'ദയവായി ക്ഷമിക്കുക...എന്റെ അശ്രദ്ധ കാരണം അബദ്ധവശാൽ തുഷാർ വെള്ളാപ്പള്ളിയുടെ പേജിൽ മുഖ്യമന്ത്രി പിണറായി വിജയനും വട്ടിയൂർക്കാവിൽ വിജയിച്ച സ്ഥാനാർത്ഥി പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്ക് പോസ്റ്റായി വന്നു'; തുഷാറിന്റെ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടി ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ; അച്ചോടാ..നാട്ടുകാർ മൊത്തം പൊട്ടന്മാരല്ലെന്ന് ട്രോളി സോഷ്യൽ മീഡിയ

'ദയവായി ക്ഷമിക്കുക...എന്റെ അശ്രദ്ധ കാരണം അബദ്ധവശാൽ തുഷാർ വെള്ളാപ്പള്ളിയുടെ പേജിൽ മുഖ്യമന്ത്രി പിണറായി വിജയനും വട്ടിയൂർക്കാവിൽ വിജയിച്ച സ്ഥാനാർത്ഥി പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്ക് പോസ്റ്റായി വന്നു'; തുഷാറിന്റെ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടി ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ; അച്ചോടാ..നാട്ടുകാർ മൊത്തം പൊട്ടന്മാരല്ലെന്ന് ട്രോളി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എങ്ങനെ തോറ്റെന്ന ആലോചനയിലാണ് സിപിഎം. എസ്എൻഡിപിയും, രഹസ്യമായി ബിഡിജെഎസും ഒക്കെ പിന്തുണ നൽകിയിട്ടും വോട്ട് മാത്രം വിചാരിച്ച പോലെ പെട്ടിയിൽ വീണില്ല. തുഷാർ എൻഡിക്കൊപ്പമാണെങ്കിലും, കയ്യാലപ്പുറത്തെ തേങ്ങ പോലെയാണെന്നാണ് ബിജെപിക്കാർ പോലും പറയുക. അരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയുടെ ക്ഷീണം മറക്കാനാണോ എന്നറിയില്ല, തൂഷാർ വെള്ളാപ്പള്ളിക്ക് വട്ടിയൂർക്കാവിലെ വി.കെ.പ്രശാന്തിന്റെ ജയത്തിൽ ഒന്ന അഭിനന്ദിക്കണമെന്ന് തോന്നി. നമ്മുടെ വിജയശ്രീലാളിതനായ മേയർ ബ്രോയും സാക്ഷാൽ പിണറായി വിജയനും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം തന്നെ തിരഞ്ഞെടുത്തു. പിന്നെ മനോഹരമായ ഒരുകുറിപ്പും. 'പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും, മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തിൽ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയർത്തി നിൽക്കുന്ന ഈ കാഴ്ച, കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്.'

ബിഡിജെഎസിന്റെയും എൻഡിഎയുടെയും അണികളെ കോൾമയിർ കൊള്ളിക്കുന്നതായിരുന്നു കുറിപ്പും പടവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിലെ കമന്റ് എങ്ങനെ വന്നതാ രമണാ.....പാലായിലെ പോലെ വോട്ട് കച്ചവടം നടത്തി നടേശനെ കേസുകളിൽ നിന്നും എത്ര നാൾ രക്ഷിക്കും, എന്നൊക്കെയായി കമന്റ് ബോക്‌സിലെ ചോദ്യം. അപ്പോഴാണ് തുഷാറിന്റെ ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ കിരൺ ചന്ദ്രന് ബോധം വീണത്. വളരെ വേഗം പോസ്റ്റ് പിൻവലിച്ചു. ഒപ്പം ഒരുക്ഷമാപണ കുറിപ്പും.

Stories you may Like

സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്‌സിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നുവെന്നും തന്റെ അശ്രദ്ധ കാരണം അബദ്ധവശാൽ തുഷാറിന്റെ പേജിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വട്ടിയൂർക്കാവ് വിജയിച്ച സ്ഥാനാർത്ഥി ശ്രീ പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്ക് പോസ്റ്റായി വന്നുവെന്നും കിരൺ പറയുന്നു. അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പോസ്റ്റ് റിമൂവ് ചെയ്‌തെങ്കിലും, അതിലൂടെ തുഷാർ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തിൽ തീരുന്നതല്ലായെന്ന് അറിയാം. അദ്ദേഹത്തിന്റേയോ പാർട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫെയ്‌സ് ബുക്ക് പോസ്റ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും കിരൺ തന്റെ പുതിയ കുറിപ്പിൽ പറഞ്ഞു. എൻ.ഡി.എ മുന്നണിയിൽ തുടക്കം മുതൽ ഉറച്ചുനിൽക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടിൽ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

കിരൺ ചന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ:

എല്ലാവരും ദയവായി ക്ഷമിക്കുക..

പ്രിയ സഹോദരങ്ങളെ

ഞാൻ കിരൺ ചന്ദ്രൻ.ശ്രീ തുഷാർ വെള്ളാപ്പള്ളിയുടെ ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജ്(Thushar Vellappally) കഴിഞ്ഞ രണ്ടാഴ്ചയായി ഞാനാണ് അഡ്‌മിനായി കൈകാര്യം ചെയ്തിരുന്നത്.ആ പേജ് ഇന്ന് software update ചെയ്ത ശേഷം settingsൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.എന്റെ അശ്രദ്ധകാരണം അബദ്ധവശാൽ അദ്ദേഹത്തിന്റെ പേജിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വട്ടിയൂർക്കാവ് വിജയിച്ച സ്ഥാനാർത്ഥി ശ്രീ പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്ക് പോസ്റ്റായി വന്നു.അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പ്രസ്തുത പോസ്റ്റ് റിമൂവ് ചെയ്‌തെങ്കിലും,അതിലൂടെ എന്റെ നേതാവ് ശ്രീ തുഷാർ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തിൽ തീരുന്നതല്ലായെന്ന് അറിയാം.അദ്ദേഹത്തിന്റേയോ പാർട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫേസ്‌ബുക്ക് പോസ്റ്റിൽ ശ്രീ തുഷാർവെള്ളാപ്പള്ളിയോടും,
ബി.ഡി.ജെ.എസിനോടും,മുഴുവൻ പ്രവർത്തകരോടും,അഭ്യൂദയകാംക്ഷികളോടും ഞാൻ നിരുപാധികം മാപ്പ് അഭ്യർത്ഥിക്കുന്നു.എൻ.ഡി.എ മുന്നണിയിൽ തുടക്കം മുതൽ ഉറച്ചുനിൽക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടിൽ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.മാനുഷിക പരിഗണന നൽകി അറിയാതെ എനിക്ക് പറ്റിപ്പോയ അബദ്ധത്തിന് എല്ലാവരും സദയം ക്ഷമിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

Kiran Chandran

ഏതായാലും എൻഡിഎ അണികൾ തുഷാറിനെയും അഡ്‌മിനെയും വെറുതെ വിടാൻ തയ്യാറല്ല.

ചില കമന്റുകൾ ഇങ്ങനെ:

സെറ്റിംങ്ങ്‌സ് മാറി കറക്ട് പ്രശാന്തിന്റെയും പിണറായിയുടെയും ഫോട്ടോ സെലക്ട് ചെയ്ത്, അതിന് ക്യാപ്ഷനും ടൈപ്പ് ചെയ്തു, പോസ്റ്റ് ബട്ടണും പ്രസ്സ് ചെയ്ത് പോസ്റ്റ് ആവുന്നത്...നീ നാട്ടുകാർ മൊത്തം പൊട്ടന്മാർ ആണെന്ന് കരുതരുത്.

അച്ചോടാ... മറ്റാർക്കുമില്ലാത്ത അതെന്തൊരു സെറ്റിങ് ആണെടാ ഊളെ നിന്റെ ഫോണിൽ മാത്രം ഉള്ളത്

സോഫ്റ്റ് വെയർ update ചെയ്താൽ സിഎം ന്റെ pic വരുമോ... അത് എന്ത് സോഫ്റ്റ് വെയർ ?

അല്ല സേട്ടാ തള്ളുന്നതിന് ഒക്കെ ഒരു പരിധി ഇല്ലെ സോഫ്റ്റ് വെയർ അപ്‌ഡേഷൻ കഴിഞ്ഞ് ഫോട്ടോ അപ് ലോഡ് അറിയാതെ ആയി എന്നും അത് കഴിഞ്ഞ് നല്ല നെടുനീളൻ പ്രസംഗവും അങ്ങ്ട് ഫോൺ തന്നെ എഴുതിയത് ആയിരിക്കം അല്ലെ

ഞാൻ ബിജെപി പ്രവർത്തകൻ ആണ്.നിങ്ങളോട് ഒരു സംശയം.നിങ്ങൾ വ്യക്തിപരമായ പോസ്റ്റ് ആണെന്ന് പറഞ്ഞു. അങ്ങനെ ആണെങ്കിൽ നിങ്ങളുടെ രാഷ്ട്രീയം ഏതാണെന്ന് കൂടി പറയണം.കാരണം നിങ്ങൾ നിലകൊള്ളുന്ന സംഘടന ബിജെപികൂടെ കക്ഷി ആയ NDA ആണ്.വ്യക്തി പരമായി എതിർ സ്ഥാനാർത്ഥിയെ അഭിനധിക്കുന്നത് ഏത് രീതിയിൽ കാണണം..ഒന്നുകൂടെ ഇലക്ഷൻ കഴിഞ്ഞു അത് കെണ്ടാണ് എന്നാണ് ഉത്തരം എങ്കിൽ അടുത്ത തവണ ഇതേ വെക്തി നിന്നാൽ നിങ്ങൾ അയാൾ ജയിക്കാൻ കാത്തിരിക്കുമോ?

അതിനിടെ വി.കെ.പ്രശാന്തിനെ പ്രകീർത്തിച്ച് കിരൺ ചന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പേജിലിട്ട പോസ്റ്റും ചിലർ കുത്തിപ്പൊക്കി. ഏതായാലും തുഷാർ വെള്ളാപ്പള്ളിയുട ഫേസ്‌ബുക്ക് പേജിൽ വന്ന പോസ്റ്റ് ചെറുതൊന്നുമല്ല, ബിഡിജെഎസിന് ക്ഷീണം വരുത്തിയത്. അഡ്‌മിന്റെ സ്വന്തം നിലപാട് അറിയാതെ പോസ്റ്റിയതാവാമെന്നാണ് സോഷ്യൽ മീഡിയ അടക്കം പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP