Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജറ്റിനു പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും? ആ കണക്ക് എഴുത്തുരീതി ആരെങ്കിലും എന്നെ പഠിപ്പിച്ചു തന്നാൽ അവരോട് ഞാൻ കടപ്പെട്ടിരിക്കും; സിഎജി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കിഫ്ബി കണ്ടുപനിക്കേണ്ടെന്ന് പറയുന്നവർക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്

ബജറ്റിനു പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും? ആ കണക്ക് എഴുത്തുരീതി ആരെങ്കിലും എന്നെ പഠിപ്പിച്ചു തന്നാൽ അവരോട് ഞാൻ കടപ്പെട്ടിരിക്കും; സിഎജി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കിഫ്ബി കണ്ടുപനിക്കേണ്ടെന്ന് പറയുന്നവർക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധ്‌പ്പെട്ട് സി ആൻഡ് എജിയുടെ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വായ്പ ''ബജറ്റിനു പുറത്തുള്ള കടമെടുക്കൽ''ആണെന്ന് ഏജി വിലയിരുത്തുന്നു. ഇങ്ങനെ നബാർഡിൽ നിന്നും എടുത്ത 100.8 കോടി രൂപയും അതിന്റെ പലിശ നൽകിയ 2.65 കോടി രൂപയും പരിശോധിച്ചിട്ട് ഏജി എത്തുന്ന നിഗമനം ഇതാണ് - '100.8 കോടി രൂപയുടെ ബജറ്റിനു പുറത്തുള്ള കടം വാങ്ങൽ സംസ്ഥാനത്തിന്റെ ബാധ്യതകളിൽ ഉൾപ്പെടുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കുകളിൽ അത് രേഖപ്പെടുത്തിയിട്ടില്ല''. ഇതാണ് ചില മാധ്യമങ്ങൾ കണ്ട ഗൗരവമായ ഒരു വീഴ്ച. ബജറ്റിനു പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും? ആ കണക്ക് എഴുത്തുരീതി ആരെങ്കിലും എന്നെ പഠിപ്പിച്ചു തന്നാൽ അവരോട് ഞാൻ കടപ്പെട്ടിരിക്കും, ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

സി ആൻഡ് ഏജിയുടെ 2018ലെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചു. കിഫ്ബിയിലെ ഏജി ഓഡിറ്റ് സംബന്ധിച്ച് വിവാദവേളയിൽത്തന്നെ ഈ റിപ്പോർട്ട് പുറത്തു വന്നതു നന്നായി. കാരണം, ഈ റിപ്പോർട്ടിൽ കിഫ്ബി ഓഡിറ്റ് സംബന്ധിച്ച പരാമർശങ്ങളുമുണ്ട്. ഏതായാലും ഇനി കിഫ്ബി ഓഡിറ്റ് ഇല്ലായെന്ന് ആരും പറയില്ലല്ലോ. അത്രയും സമാധാനം.

ല മാധ്യമങ്ങൾക്കും ആഘോഷിക്കാനുള്ള വക സി ആൻഡ് ഏജി റിപ്പോർട്ടിലുണ്ട്. ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട് ഇതാണ്.

''പറഞ്ഞത് 15575 കോടി; കൊടുത്തത് 47 കോടി മാത്രം
കിഫ്ബി കണ്ടു പനിക്കേണ്ട
• വീഴ്ചകൾ തുറന്നുകാട്ടി സിഎജി റിപ്പോർട്ട്
• 2 വർഷത്തിൽ കിഫ്ബി 26 പദ്ധതികൾ പ്രഖ്യാപിച്ചു; പണം നൽകിയത് രണ്ടെണ്ണത്തിന്''

2016-17, 2017-18 വർഷങ്ങളിൽ പ്രഖ്യാപിച്ച 15,575 കോടി രൂപ അടങ്കലുള്ള 26 പദ്ധതികൾ ഏജി പരിശോധിച്ചു. ഇതിൽ 7745 കോടി രൂപയുടെ അടങ്കലുള്ള 17 പദ്ധതികളെ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചുള്ളൂ. ഇവയിൽ കിഫ്ബി അവലോകനം നടത്തി അംഗീകരിച്ചത് 4951 കോടി രൂപയുടെ 10 പദ്ധതികൾ മാത്രമാണ്. ഇതിൽ രണ്ട് പദ്ധതികളിലായി 47.8 കോടി രൂപയേ നൽകിയുള്ളൂ.

ഇതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാനും പനിക്കാനുമുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പദ്ധതി പ്രഖ്യാപിച്ചാൽ അതിന്റെ ഡിപിആർ തയ്യാറാക്കാൻ ഒന്നോ രണ്ടോ വർഷമെടുക്കുന്നത് അത്ഭുതകരമാണോ? സമർപ്പിക്കപ്പെടുന്ന പ്രോജക്ടുകളെല്ലാം അതേപടി അംഗീകരിക്കലോ വേണ്ടത്? അതോ കൂടുതൽ പരിശോധനകൾ നടത്തേണ്ടതില്ലേ? അതെ 47 കോടി രൂപയേ നൽകിയിട്ടുള്ളൂ. പണി തീരാതെ പണം കൊടുക്കാൻ കഴിയുമോ?

ഒരു കാര്യം ഓർക്കുക. 2016 അവസാനമാണ് കിഫ്ബി നിയമഭേദഗതി നടത്തി ഈ സ്ഥാപനം പ്രവർത്തനക്ഷമമാകുന്നത്. ഇന്ന് ഇപ്പോൾ മൂന്നാം വർഷമാകുമ്പോൾ 45,619 കോടി രൂപയുടെ 591 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിൽ പതിനായിരത്തിലേറെ കോടി രൂപയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. 2580 കോടി രൂപ വിതരണവും ചെയ്തുകഴിഞ്ഞു. അടുത്ത ധനകാര്യ വർഷം അവസാനിക്കുമ്പോൾ നോക്കിക്കോളൂ എത്ര കോടി രൂപ ചെലവാകുമെന്ന്? ഇങ്ങനെ കാലതാമസം വരുമെന്ന് അറിയാമെന്നതു കൊണ്ടുതന്നെയാണ് സർക്കാർ വന്ന് ഉടനെ തന്നെ ഇത്ര ഭീമമായ തുകയ്ക്കുള്ള പ്രോജക്ടുകൾ പ്രഖ്യാപിച്ചത്.

എങ്കിലും കാലതാമസത്തെക്കുറിച്ച് ആരെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടെങ്കിൽ അന്യായമെന്നു ഞാൻ പറയില്ല. കൂടുതൽ വേഗതയിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം. പക്ഷെ, സി ആൻഡ് ഏജിയുടെ പാര 1.10.5 ലെ വിമർശനം അടിസ്ഥാനരഹിതമാണ്. കിഫ്ബിയുടെ വായ്പ ''ബജറ്റിനു പുറത്തുള്ള കടമെടുക്കൽ''ആണെന്ന് ഏജി വിലയിരുത്തുന്നു. ഇങ്ങനെ നബാർഡിൽ നിന്നും എടുത്ത 100.8 കോടി രൂപയും അതിന്റെ പലിശ നൽകിയ 2.65 കോടി രൂപയും പരിശോധിച്ചിട്ട് ഏജി എത്തുന്ന നിഗമനം ഇതാണ് - '100.8 കോടി രൂപയുടെ ബജറ്റിനു പുറത്തുള്ള കടം വാങ്ങൽ സംസ്ഥാനത്തിന്റെ ബാധ്യതകളിൽ ഉൾപ്പെടുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കുകളിൽ അത് രേഖപ്പെടുത്തിയിട്ടില്ല''. ഇതാണ് ചില മാധ്യമങ്ങൾ കണ്ട ഗൗരവമായ ഒരു വീഴ്ച.

ആദ്യം തന്നെ പറയട്ടെ, നമ്മൾ ഇത്തരം വായ്പകളെ ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൾ എന്നാണു വിളിക്കാറ്. പക്ഷെ, ഇതൊരു പുതിയ കാര്യമാണോ? സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളും സംയുക്ത സംരംഭങ്ങളും സർക്കാർ ഗ്യാരണ്ടിയിൽ കിഫ്ബി വരുന്നതിനു മുമ്പ് ഏതാണ്ട് 12,000 കോടി രൂപയോളം വായ്പയെടുത്തിരുന്നു. പക്ഷെ, അവ എപ്പോഴെങ്കിലും സർക്കാരിന്റെ ധനകാര്യ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ? കേന്ദ്രസർക്കാരിന്റെ കണക്കുകളിൽ ആയാലും അർദ്ധസർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ സർക്കാർ കണക്കിൽ ഉൾപ്പെടുത്തില്ല. അത് ആ സ്ഥാപനത്തിന്റെ വായ്പയായിട്ടാണ് പരിഗണിക്കുക. ബജറ്റിനു പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും? ആ കണക്ക് എഴുത്തുരീതി ആരെങ്കിലും എന്നെ പഠിപ്പിച്ചു തന്നാൽ അവരോട് ഞാൻ കടപ്പെട്ടിരിക്കും.

കിഫ്ബിയിൽ ഓഡിറ്റ് ചെയ്യാൻ ഇന്നുള്ള സി ആൻഡ് ഏജിയുടെ അവകാശം സമഗ്രമല്ലെന്ന് ആരെങ്കിലും വാദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സി ആൻഡ് ഏജിയുടെ അവസാനത്തെ കത്ത് വായിച്ചപ്പോൾ അവർക്കുപോലും അങ്ങനെയൊരു അഭിപ്രായം ഇല്ലായെന്നാണ് എനിക്കു മനസ്സിലായത്. നിലവിലുള്ള ഓഡിറ്റ് അവകാശം വച്ച് എത്ര സമഗ്രമായ പരിശോധനയും സി ആൻഡ് ഏജിക്ക് നടത്താമെന്ന് ഓഡിറ്റ് നിയമവും അതു സംബന്ധിച്ച് സി ആൻഡ് ഏജിയുടെ കമന്ററിയും കോടതിവിധിയുമെല്ലാം വ്യക്തമാക്കുന്നുണ്ട്. ആകെയുള്ള ആശങ്ക നാളെ കിഫ്ബിയുടെ മൊത്തം വരുമാനത്തിൽ സർക്കാർ ധനസഹായം ഗണ്യമായി കുറയുമ്പോൾ കിഫ്ബി സിഎജി ഓഡിറ്റിനു പുറത്തുപോകും എന്നതു മാത്രമാണ്. അങ്ങനെ കിഫ്ബി പുറത്തു പോയാലും കിഫ്ബിയിൽ സി ആൻഡ് ഏജി ഓഡിറ്റ് തുടരണമെന്ന സർക്കാർ നിലപാട് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവും സി ആൻഡ് ഏജിയെ അറിയിക്കും.

കാര്യങ്ങളെല്ലാം ഇങ്ങനെയായിരിക്കെ എന്തിനാണ് വിവാദങ്ങൾ ഉയർത്തി കേരളത്തിന്റെ ഭാവിക്ക് അത്താണിയാകാൻ പോകുന്ന ഒരു സ്ഥാപനത്തെ പുകമറയിലാക്കാൻ ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ടവരെല്ലാവരും ആലോചിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP