Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിസന്ധി: ഐഎംഎഫ് പോലും വേണമെങ്കിൽ നോട്ട് അടിക്കാമെന്ന് പറഞ്ഞുകഴിഞ്ഞു; എന്നാൽ റിസർവ് ബാങ്ക് ഇപ്പോഴും ഈ സുപ്രധാന കാര്യത്തിൽ മൗനം പാലിക്കുകയാണ്; ആർബിഐയുടെ പുതിയ പാക്കേജും പ്രതിസന്ധിയെ നേരിടാൻ അപര്യാപ്തം: വിമർശനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്

കോവിഡ് പ്രതിസന്ധി: ഐഎംഎഫ് പോലും വേണമെങ്കിൽ നോട്ട് അടിക്കാമെന്ന് പറഞ്ഞുകഴിഞ്ഞു; എന്നാൽ റിസർവ് ബാങ്ക് ഇപ്പോഴും ഈ സുപ്രധാന കാര്യത്തിൽ മൗനം പാലിക്കുകയാണ്; ആർബിഐയുടെ പുതിയ പാക്കേജും പ്രതിസന്ധിയെ നേരിടാൻ അപര്യാപ്തം: വിമർശനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ സാമ്പത്തിക പാക്കേജും കോവിഡ് പ്രതിസന്ധിയെ നേരിടാൻ അപര്യാപ്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ലോകത്തെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പ്രതിസന്ധി നേരിടുന്നതിന് സർക്കാരുകളെ സഹായിക്കുന്നതിനുവേണ്ടി പുതിയ പണം അച്ചടിക്കുക അല്ലെങ്കിൽ സർക്കാരുകൾക്ക് നേരിട്ടു വായ്പ നൽകുന്നതടക്കമുള്ള എന്ത് നടപടിയും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഐഎംഎഫ് പോലും വേണമെങ്കിൽ നോട്ട് അടിക്കാമെന്ന് പറഞ്ഞുകഴിഞ്ഞു.

എന്നാൽ, റിസർവ്വ് ബാങ്ക് ഈ സുപ്രധാന കാര്യത്തിൽ നിശബ്ദത പാലിക്കുകയാണെന്നും തോമസ് ഐസക് രണ്ടുഫേസ്‌ബുക്ക് പോസ്റ്റുകളിലായി വിമർശിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇങ്ങനെ:

1. റിസർവ്വ് ബാങ്ക് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പുതിയ പണം അച്ചടിച്ച് നൽകാമെന്ന് പറയാൻ തയ്യാറാകുന്നില്ല. എന്നാൽ ഐഎംഎഫ് പോലും വേണമെങ്കിൽ നോട്ട് അടിക്കാമെന്ന് പറഞ്ഞുകഴിഞ്ഞു.

ലോകരാഷ്ട്രങ്ങൾക്ക് മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലെങ്കിൽ പിന്നെ അവസാന ആശ്രയം ഐഎംഎഫ് ആണ്. അവരുടെ പണത്തിന്റെ പേരാണ് എസ്ഡിആർ (Special Drawing Right). ഒരു എസ്ഡിആർ 1.36 ഡോളറിനു സമമാണ്. ഇപ്പോൾ 2400 കോടി എസ്ഡിആർ പ്രചാരത്തിലുണ്ട്. അവയെല്ലാം അംഗരാജ്യങ്ങളുടെ വിദേശനാണയ ശേഖരത്തിന്റെ ഭാഗമായിട്ടാണ് ഇരിക്കുന്നത്. ഇപ്പോൾ കയറ്റുമതിയെല്ലാം നിലച്ചപ്പോൾ രാജ്യങ്ങൾക്ക് വിദേശനാണയം അല്ലെങ്കിൽ ഡോളർ വരുമാനം ഇല്ല. ഈ പശ്ചാത്തലത്തിലാണ് ഐഎംഎഫ് ദശാബ്ദങ്ങൾക്കുശേഷം വീണ്ടും ഇതുവരെ പുറത്തിറക്കിയ നോട്ടിനു തുല്യമായ എസ്ഡിആർ അടിച്ചിറക്കാൻ ആലോചിക്കുകയാണ്.

നമുക്ക് അറിയാമല്ലോ എത്ര യാഥാസ്ഥിതിക നിലപാടാണ് ഐഎംഎഫ് എടുക്കുകയെന്ന്. ഐഎംഎഫിന്റെ എല്ലാ വായ്പകൾക്കും കർശന നിബന്ധനകളുണ്ടാകും. അതുകൊണ്ട് പൊതുവിൽ മറ്റു മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ ആരും ഐഎംഎഫിൽ പോകാറില്ല. ആ ഐഎംഎഫാണ് ഒരു നിബന്ധനകളുമില്ലാതെ പണം ഇറക്കാൻ ശ്രമിക്കുന്നത്. ഇനി അമേരിക്കയുടെ സമ്മതംകൂടി കിട്ടിയാൽ മതി. അപ്പോഴാണ് ഇന്ത്യാ സർക്കാർ ഏതാണ്ട് കാൽനൂറ്റാണ്ട് മുമ്പ് ഉണ്ടാക്കിയ ചട്ടവും പറഞ്ഞു വരുന്നത്. ഇത് ശുദ്ധഅസംബന്ധ നയമാണ്. ഈ നയം ഉണ്ടാക്കിയ അന്നത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ രംഗരാജൻ പോലും ഈ നയത്തെ തള്ളിപ്പറഞ്ഞു.

2. റിസർവ്വ് ബാങ്കിന്റെ രണ്ടാമത്തെ പാക്കേജും ഇന്നത്തെ ഗൗരമായ പ്രതിസന്ധി നേരിടുന്നതിന് അപര്യാപ്തമാണ്. ലോകത്തെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പ്രതിസന്ധി നേരിടുന്നതിന് സർക്കാരുകളെ സഹായിക്കുന്നതിനുവേണ്ടി പുതിയ പണം അച്ചടിക്കുക അല്ലെങ്കിൽ സർക്കാരുകൾക്ക് നേരിട്ടു വായ്പ നൽകുന്നതടക്കമുള്ള എന്ത് നടപടിയും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടത്തിന്റെ ഒരുഭാഗം മോണിറ്റൈസ് ചെയ്യാതെ നിർവ്വാഹമില്ലായെന്ന് മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ രംഗരാജൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹമായിരുന്നു രണ്ടുപതിറ്റാണ്ട് മുമ്പ് റിസർവ്വ് ബാങ്കിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് വായ്പ എടുക്കുന്ന രീതി അവസാനിപ്പിച്ചത്. അദ്ദേഹം തന്നെ ഇന്നത്തെ അസാധാരണമായ സാഹചര്യത്തിൽ അസാധാരണമായ നടപടികൾ വേണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. എന്നാൽ, റിസർവ്വ് ബാങ്ക് ഈ സുപ്രധാന കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്.

ഈ സാമ്പത്തികവർഷമാദ്യം കേന്ദ്രത്തിന്റെ വെയിസ് ആൻഡ് മീൻസ് പരിധി 60 ശതമാനം ഉയര്ത്തിതയപ്പോൾ സംസ്ഥാനങ്ങളുടെത് 30 മാത്രമാണ് ഉയര്ത്തിൽയിരുന്നത് അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരുകളുടെ വെയിസ് ആൻഡ് മീൻസ് പരിധി ഇപ്പോൾ 60 ശതമാനം ഉയർത്തിയതുകൊണ്ട് അവരുടെ സാമ്പത്തിക ഞെരുക്കത്തിൽ വലിയ മാറ്റമുണ്ടാകാൻ പോകുന്നില്ല.

കേരളത്തിന് ഈ സാമ്പത്തികവര്ഷംോ ആദ്യം വെയിസ് ആൻഡ് മീൻസ് അഡ്വാൻസും തുല്യമായ ഓവർ ഡ്രാഫ്റ്റ് സൗകര്യവുമടക്കം 3159 കോടി രൂപ വായ്പയെടുക്കാൻ അനുവാദമുണ്ട്. ഇതിന്റെ പകുതി വരുന്ന ഓവർ ഡ്രാഫ്റ്റ് 21 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കണം. പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി കേരളത്തിന് ഇപ്രകാരം താൽക്കാലികമായി എടുക്കാവുന്ന തുക 3888 കോടി രൂപയായി ഉയർന്നു. അതായത് 729 കോടി രൂപയുടെ വർദ്ധന.

ഇതു തന്നെ സെപ്റ്റംബർ 30 വരെ മാത്രമേയുള്ളൂ. അതു കഴിഞ്ഞാൽ പഴയ സ്ഥിതിയിലേയ്ക്ക് തിരിച്ചു പോകണം. സംസ്ഥാനങ്ങളുടെ ധനക്കമ്മി പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തണമെന്നുള്ളതാണ് കേരളത്തിന്റെ ആവശ്യം. എങ്കിൽ കേരളത്തിന് 18000 കോടി രൂപ കൂടുതൽ വായ്പയെടുക്കാൻ കഴിയും. ആ സ്ഥാനത്താണ് താൽക്കാലികമായി 729 കോടി രൂപ അനുവദിച്ചത്.

റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചതുകൊണ്ട് റീട്ടെയിൽ പലിശ നിരക്കിൽ വലിയ വ്യത്യാസമുണ്ടായിട്ടില്ല. അതുകൊണ്ട്റ്റി.എൽ.റ്റി.ആർ.ഒ. (Targeted Long Term Repo Operations) വഴി 50,000കോടി രൂപ ബാങ്കേതര സ്ഥാപനങ്ങൾക്കു ലഭ്യമാക്കുന്നത് നല്ല കാര്യമാണ്. സാധാരണഗതിയിലുള്ള റിപ്പോ വായ്പ ഒരു മാസത്തിൽ താഴെ കാലാവധിയാണ്. എന്നാൽ പുതിയ വായ്പകൾ ഒന്ന് മുതൽ മൂന്നു വർഷം വരെ ദൈർഘ്യമുള്ളവയാണ്. നബാർഡിനും സിഡ്ബിക്കും നാഷണൽ ഹൗസിങ് ബാങ്കിനും കൂടുതൽ റീ-ഫിനാൻസ് അനുവദിച്ചത് സ്വാഗതാർഹമാണ്. നബാർഡിൽ നിന്ന് കേരളം അഭ്യർത്ഥിച്ചിട്ടുള്ള അധിക വായ്പ ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കണം. സിഡ്ബി കൂടുതൽ പണം കെഎഫ്‌സിക്ക് അനുവദിക്കണം. നാഷണൽ ഹൗസിങ് ബാങ്ക് ലൈഫ് മിഷന് വായ്പ അനുവദിക്കണം.

ഇന്ന് ഇന്ത്യ മുഴുവനും റിസർവ്വ് ബാങ്കിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചകാര്യങ്ങൾ മുഖ്യമായും മൂന്നാണ്.

ഒന്ന്, കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുമോ?

രണ്ട്, മൊറട്ടോറിയം ഒരു വർഷത്തേയ്ക്ക് നീട്ടുമോ?

മൂന്ന്, സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ഉദാരമായ വായ്പയും നിലവിലുള്ള വായ്പയുടെ പുനഃസംഘടന പാക്കേജും പ്രഖ്യാപിക്കുമോ?

ഈ മൂന്ന് സുപ്രധാന കാര്യങ്ങളിലും ആർബിഐ മൗനം പാലിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP