Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകിയെന്നുകേട്ട് ഞാൻ അമ്പരന്നുപോയി; കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാൻ; ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രസ്താവിക്കാൻ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?' നിർമല സീതാരാമനെ വിമർശിച്ച് തോമസ് ഐസക്

കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകിയെന്നുകേട്ട് ഞാൻ അമ്പരന്നുപോയി; കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാൻ; ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രസ്താവിക്കാൻ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?' നിർമല സീതാരാമനെ വിമർശിച്ച് തോമസ് ഐസക്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജിൽ വസ്തുതാ വിരുദ്ധമായി കാര്യങ്ങൾ പറയുന്നുവെന്ന് വിമർശിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. 'കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ. സംസ്ഥാനങ്ങൾക്ക് നൽകിയെന്നുകേട്ട് ഞാൻ അമ്പരന്നുപോയി. കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാൻ. ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരമുള്ള എസ്.ഡി.ആർ.എഫ് അഥവാ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള തുകയാണിത്. ഇതിന്റെ 25% കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി ചെലവഴിക്കാൻ അനുവാദം കിട്ടി. കേരളത്തിന് ആകെ ലഭിച്ചത് 157 കോടി രൂപയാണ്. ഇതിന്റെ 25 ശതമാനമാണ് കുടിയേറ്റ തൊഴിലാളികൾക്കായി ചെലവഴിക്കാൻ കളക്ർമാർക്ക് കൈമാറിയിട്ടുമുണ്ട്. ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രസ്താവിക്കാൻ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?'

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഉത്തേജക പാക്കേജിന്റെ ആരവമെല്ലാം കെട്ടടങ്ങുന്നതിന് ഒരു ദിവസം വേണ്ടിവന്നില്ല. സെൻസെക്‌സ് ഇന്ന് 885 പോയിന്റാണ് ഇടിഞ്ഞത്. ഒരു പ്രമുഖ നിരീക്ഷകന്റെ കാഴ്ചപ്പാടിൽ ഉത്തേജക പാക്കേജ് ഏതാണ്ട് പൂർണ്ണമായും നിലവിലുള്ള സ്‌കീമുകളുടെയും സ്ഥാപനങ്ങളുടെയും ലിവറേജിംങ് മാത്രമാണെന്ന് കമ്പോളത്തിനു ബോധ്യപ്പെട്ടു. രണ്ടാംദിവസത്തെ കാർഷിക മേഖല സംബന്ധിച്ച പ്രഖ്യാപനങ്ങളും ആദ്യദിവസത്തെ സമീപനത്തിന്റെ തനിയാവർത്തനം മാത്രമാണ്. ബജറ്റിൽ നിന്നുള്ള അധികച്ചെലവ് ഏറിയാൽ ഒരു പതിനായിരം കോടി രൂപ മാത്രം.

കാർഷിക മേഖല ഭീകരമായ തകർച്ചയിലാണ്. നിർമ്മലാ സീതാരാമൻ ഊന്നിപ്പറഞ്ഞ കണക്കു തന്നെയാണ് ഇതിനുള്ള തെളിവ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 63 ലക്ഷം കൃഷിക്കാർക്ക് 86000 കോടി രൂപ വായ്പ നൽകിയത്രേ. എന്നുവച്ചാൽ മാസം 43000 കോടി രൂപ. എത്രയാ ശരാശരി ഒരു മാസം വായ്പ നൽകുക? ഏതാണ്ട് 1.2 ലക്ഷം കോടി രൂപ. ഇതിന്റെ മൂന്നിലൊന്ന് മാത്രമാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാർഷിക മേഖലയ്ക്ക് ലഭിച്ചത്. ഇതാണ് പെരുമ്പറ കൊട്ടുന്ന നേട്ടം. ഈ കുറവ് പരിഹരിക്കാൻ എന്താ പ്രതിവിധി? 30000 കോടി രൂപ നബാർഡ് വഴി അധിക വായ്പ നൽകും! കടം എഴുതിത്ത്ത്ത്തള്ളിയില്ലെങ്കിലും നിലവിലെ കടത്തിന്റെ മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും എഴുതിത്ത്ത്ത്തള്ളിക്കൂടേ? ആറ് മാസത്തെ മൊറട്ടോറിയത്തിന് 80000 കോടി രൂപ പലിശ വരും. അത്രയൊന്നും ബജറ്റിൽ നൽകാനാവില്ലെന്നാണ് കേന്ദ്രധമന്ത്രി എടുത്തിരിക്കുന്ന നയം.

മൂന്ന് പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. ഒന്ന്, കിസാൻ ക്രെഡിറ്റ് കാർഡ്, മത്സ്യ-ക്ഷീര മേഖലകളിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നത്. രണ്ട്, 30000 കോടി രൂപയുടെ നബാർഡ് റീ-ഫിനാൻസ്. അത്രയെങ്കിലും നൽകാൻ തോന്നിയല്ലോ. മൂന്ന്, രണ്ട് ലക്ഷം കോടി രൂപ കിസാൻ ക്രെഡിറ്റ് കാർഡുവഴി ഈ വർഷം വായ്പ നൽകുമത്രേ. ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡു വഴി എത്രെയന്ന് കൃത്യമായി അറിയാത്തതുകൊണ്ട് ഇതിനെക്കുറിപ്പ് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. ഏതായാലും ഇപ്പോൾ ഏതാണ്ട് ഒരു വർഷം 16 ലക്ഷം കോടി രൂപ കാർഷിക വായ്പ നൽകുന്നുണ്ട്.

കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ. സംസ്ഥാനങ്ങൾക്ക് നൽകിയെന്നുകേട്ട് ഞാൻ അമ്പരന്നുപോയി. കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാൻ. ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരമുള്ള എസ്.ഡി.ആർ.എഫ് അഥവാ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള തുകയാണിത്. ഇതിന്റെ 25% കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി ചെലവഴിക്കാൻ അനുവാദം കിട്ടി. കേരളത്തിന് ആകെ ലഭിച്ചത് 157 കോടി രൂപയാണ്. ഇതിന്റെ 25 ശതമാനമാണ് കുടിയേറ്റ തൊഴിലാളികൾക്കായി ചെലവഴിക്കാൻ കളക്ർമാർക്ക് കൈമാറിയിട്ടുമുണ്ട്. ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രസ്താവിക്കാൻ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?

കുടിയേറ്റ തൊഴിലാളികൾക്ക് പോർട്ടബിൾ റേഷൻകാർഡ് നൽകുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇപ്പോൾ തന്നെ ഇത് 17 സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. കേരളവും നടപ്പാക്കാൻ നടപടി സ്വീകരിച്ചുവരുന്നു. പക്ഷെ, ഒരു കാര്യം ഓർക്കണം. ഇവിടെ റേഷൻ വാങ്ങുമ്പോൾ നാട്ടിലെ റേഷൻ വെട്ടിക്കുറയ്ക്കപ്പെടും. അതുകൊണ്ട് കുടിയേറ്റ തൊഴിലാളിക്ക് അസ്സൽ നേട്ടമൊന്നും ഇല്ല.

കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലുറപ്പിൽ ജോലി നൽകുമെന്നുള്ളതാണ് മറ്റൊരു വലിയ പ്രഖ്യാപനം. നല്ലത്. പക്ഷെ, 60000 കോടി രൂപയുടെ തൊഴിലുറപ്പ് ബജറ്റ് അടങ്കലിൽ ഒരു പൈസപോലും വർദ്ധനവ് നടത്താൻ ധനമന്ത്രി തയ്യാറല്ല. ഈ വറുതിയുടെ കാലത്ത് 100 ദിവസത്തെ പണി 150 ആക്കാനും സമ്മതമല്ല. തൊഴിലുറപ്പിനെ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും സമ്മതമല്ല. വെറും വാചകമടി മാത്രം.

അതിന്റെ ഒരു സാമ്പിൾ ഇതാ ഏപ്രിൽ 1 മുതൽ 43 ദിവസംകൊണ്ട് 10000 കോടി രൂപ തൊഴിലുറപ്പിലൂടെ നൽകിയെന്നാണ് അവകാശവാദം. 14.6 കോടി പ്രവൃത്തി ദിനങ്ങൾ നൽകിയത്രേ. ആകട്ടെ. 2019 ഏപ്രിൽ മാസത്തിൽ എത്രയായിരുന്നു പ്രവൃത്തി ദിനങ്ങൾ? 27.9 കോടി. 2020 ഏപ്രിൽ മാസത്തിൽ 11.08 കോടി. മെയ് മാസത്തിൽ 3.5 കോടി പ്രവൃത്തി ദിനങ്ങൾകൂടി സൃഷ്ടിക്കപ്പെട്ടു. കേരളത്തിൽ 2019 ഏപ്രിൽ മാസത്തിൽ 21.75 ലക്ഷം ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2020 ഏപ്രിൽ മാസത്തിൽ 11.08 ലക്ഷം തൊഴിൽ ദിനങ്ങളും. എത്ര ഭീകരമാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ! എന്നിട്ടും അവകാശവാദങ്ങൾക്ക് ഒരു കുറവുമില്ല.

10000 കോടി രൂപ തൊഴിലുറപ്പിലൂടെ നൽകിയെന്നാണല്ലോ പറഞ്ഞത്. ഇതുവരെ 39000 കോടി രൂപ ഈ വർഷം റിലീസ് ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ, ഇതുമുഴുവൻ മുൻവർഷത്തെ കുടിശിക തീർക്കാനാണ്. ഈ വർഷത്തെ പണിക്ക് ഒരുപൈസപോലും ഇതുവരെ അനുവദിച്ചിട്ടില്ല.

ചിരി വന്നത് നേട്ടത്തിന്റെ പട്ടികയിൽ 12000 സ്വയംസഹായ സംഘങ്ങൾ പുതിയതായി രൂപീകരിച്ചെന്നു പറഞ്ഞു കേട്ടപ്പോഴാണ്. സ്വയംസഹായ സംഘങ്ങൾ 3 കോടി മാസ്‌കുകളും 1.2 ലക്ഷം ലിറ്റർ സാനിട്ടൈസറും ഉൽപ്പാദിപ്പിച്ചത്രേ. കേരളത്തിൽ കുടുംബശ്രീ, അയൽക്കൂട്ടങ്ങളുടെ എണ്ണം 3 ലക്ഷം വരും. ഒരുകോടി മാസ്‌കുകൾ അടിയന്തിരമായി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ സ്വയംസഹായ സംഘങ്ങൾക്ക് വാചകമടിയല്ലാതെ എന്തെങ്കിലും പുതിയ സഹായമുണ്ടോ? അതുമില്ല.

ബജറ്റിൽ നിന്നും ഇന്നത്തെ പ്രഖ്യാപനങ്ങളിൽ വരുന്ന അധികച്ചെലവ് അധിക റേഷൻ (കുടിയേറ്റ തൊഴിലാളികൾക്കും, റേഷൻ കാർഡ് ഇല്ലാത്തവർക്കും) 3500 കോടി രൂപ. കുടിയേറ്റ തൊഴിലാളികൾക്കുള്ള ബിൽഡിങ് കോംപ്ലക്‌സുകൾ (പിപിപി മോഡൽ) തുക പറഞ്ഞിട്ടില്ല. 5000 കോടി രൂപ തെരുവോര കച്ചവടക്കാർക്ക്. ഇതിന്റെ പലിശ സബ്‌സിഡി ഉണ്ടെന്ന് പറഞ്ഞിട്ടില്ല. മുദ്ര, ശിശു ലോണുകൾക്കുള്ള 2 ശതമാനം സബ്ഡിസി. എങ്ങനെ കൂട്ടിയാലും 10000 കോടിയിൽ കൂടില്ല. എന്നാൽ പ്രഖ്യാപനമാവട്ടെ, മൂന്നുലക്ഷം കോടിയുടെ പാക്കേജെന്നാണ്. ഭയങ്കര ഉത്തേജനമായിരിക്കും കാർഷിക മേഖലയിൽ വരാൻ പോകുന്നതെന്ന് വ്യക്തമായിക്കാണുമല്ലോ.

അവസാനമായി ഒരുകാര്യം കൂടി. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുള്ള ലേബർ കോഡിനെയും ദേശീയ മിനിമം കൂലിയെക്കുറിച്ചും പറയുന്നുണ്ട്. ധനമന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ യുപിക്കും മധ്യപ്രദേശിനും ഗുജറാത്തിനും പിന്നാലെ ഹരിയാനവും നിലവിലുള്ള തൊഴിൽ നിയമങ്ങൾ 1000 ദിവസത്തേയ്ക്ക് കൊവിഡിന്റെ പേരിൽ റദ്ദ് ചെയ്യാൻ തയ്യാറെടുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP