Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ആകാശത്ത് നിന്നൊരു മാലാഖ വന്ന് ആരാധനാലയം വേണോ മതമൈത്രി വേണോ എന്ന് ചോദിച്ചാൽ മതമൈത്രിയെന്ന് പറയാൻ കഴിയണം; മുസ്ലിങ്ങൾ ഏറെയുള്ള മലബാറിൽ മാപ്പിള രാമായണമുള്ളത് മതമൈത്രിയുടെ പ്രതീകം; ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ രാമനും രാമായണവും ഏറെ സ്വാധീനം ചെലുത്തി; മഹാത്മാ ഗാന്ധിയും രാമഭക്തനായിരുന്നു; മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളിയും അമ്പലങ്ങളും പണിയാൻ കഴിയണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ആകാശത്ത് നിന്നൊരു മാലാഖ വന്ന് ആരാധനാലയം വേണോ മതമൈത്രി വേണോ എന്ന് ചോദിച്ചാൽ മതമൈത്രിയെന്ന് പറയാൻ കഴിയണം; മുസ്ലിങ്ങൾ ഏറെയുള്ള മലബാറിൽ മാപ്പിള രാമായണമുള്ളത് മതമൈത്രിയുടെ പ്രതീകം; ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ രാമനും രാമായണവും ഏറെ സ്വാധീനം ചെലുത്തി; മഹാത്മാ ഗാന്ധിയും രാമഭക്തനായിരുന്നു; മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളിയും അമ്പലങ്ങളും പണിയാൻ കഴിയണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളികളും ക്ഷേത്രങ്ങളും പണിയാൻ കഴിയണമെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമിപൂജ നടന്ന പശ്ചാത്തലത്തിൽ ഫെയ്ബുക്കിൽ കുറിച്ച പ്രതികരണത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.

സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡണ്ടുമായിരുന്ന അബുൽകലാം ആസാദിന്റെ പ്രസിദ്ധമായ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് തങ്ങൾ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, കുതബ്മീനാറിന്റെ മുകളിൽ കയറി നിന്ന് എന്നോട് സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്ലിം മൈത്രി വേണോ എന്നു ചോദിച്ചാൽ ഈ അബ്ദുൽകലാം ആയിരം വട്ടം ആവശ്യപ്പെടുന്നത് ഹിന്ദു-മുസ്ലിം മൈത്രിയായിരിക്കും.'' എന്നായിരുന്നു അദ്ദേഹത്തിന്റെ വചനങ്ങൾ. ഇത്തരത്തിൽ നമുക്കും പറയാൻ കഴിയണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറയുന്നു.

ബാബരി മസ്ജിദിൽ വിഗ്രഹം സ്ഥാപിച്ചതും, മസ്ജിദ് തകർത്തതും തെറ്റായിരുന്നുവെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. യുക്തിരാഹിത്യമാണെന്ന് ബോധ്യപ്പെട്ടിരുന്നെങ്കിലും അവിടെ തന്നെ ക്ഷേത്രം നിർമ്മിക്കാമെന്ന കോടതിവിധി മുസ്ലിം സമൂഹവും മതേതര ചേരിയും അംഗീകരിക്കുകയാണുണ്ടായത്. പള്ളിയുണ്ടായിരുന്ന സ്ഥലം രാമക്ഷേത്രം പണിയാൻ വിട്ടുകൊടുക്കാനും മുസ്ലിം പള്ളി പണിയാൻ അഞ്ച് ഏക്കർ വേറെ ഭൂമി കണ്ടെത്തി നൽകാനുമുള്ള വിധിയെ അംഗീകരിക്കുകയാണുണ്ടായത്. ബഹുസ്വര സമൂഹത്തിന്റെ നിലനിൽപ്പിന് മൈത്രിയും പരസ്പര വിശ്വാസവും അനിവാര്യതകളിൽ പ്രധാനപ്പെട്ടതാണ്.

അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും പരസ്പരം യോജിപ്പ് മാത്രമല്ല ഭിന്നതകളും ജൈവിക സ്വാഭാവമാണ്. എന്നാൽ ഭിന്നതയുടെ സ്വരം മാത്രം സംസാരിക്കുമ്പോഴാണ് സാമൂഹികമായ പ്രതിസന്ധികൾ ഉടലെടുക്കുന്നത്. ബാബരി മസ്ജിദിന്റെ കാര്യത്തിൽ ഭിന്നതക്ക് പ്രാധാന്യം നൽകിയവർ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം വെച്ചത്. രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് അവരാണ് ക്ഷേത്രം നിർമ്മിക്കേണ്ടത് എന്നും കോടതി വിധിയിൽ പ്രത്യേകം പരാമർശിച്ചു. മുസ്ലിം പക്ഷത്ത് കേസ് നടത്തിയിരുന്ന ഉത്തർപ്രദേശ് സുന്നി വഖഫ്‌ബോർഡും ഇതംഗീകരിച്ച് തന്നെ മുന്നോട്ട് പോകുന്നു. ഭിന്നത ആഗ്രഹിക്കുന്നവർക്ക് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന കാഴ്ചപ്പാടാണ്. ഭിന്നതയുടേയും പ്രകോപനങ്ങളുടേയും പുതിയ രാഷ്ട്രീയ വാതായനങ്ങൾ അവർ തുറക്കാൻ ശ്രമിക്കുകയാണ്.വളരെ പെട്ടെന്ന് മനുഷ്യ വികാരത്തെ ത്രസിപ്പിക്കുന്ന ഒന്നാണ് മതം.

ഇവിടെ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമാക്കി മതത്തെ മാറ്റുകയാണ്.ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ രാമനും രാമായണവും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവ് രാമ ഭക്തനായിരുന്നു. വെടിയേറ്റ് വീഴുമ്പോഴും മഹാത്മാഗാന്ധി വിളിച്ചത് ഹരേ റാം എന്നായിരുന്നു. വിവിധ രചനകളിലായി വിവിധ ദേശങ്ങളിൽ ധാരാളം രാമായണങ്ങളുണ്ട്. മുസ്ലിംങ്ങൾ ഏറെയുള്ള മലബാറിൽ മാപ്പിള രാമായണമുണ്ടായത് സൗഹാർദത്തിന്റെ സ്വാധീന ഫലമാണ്. കിളിപ്പാട്ട് രാമായണമെഴുതിയ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും, രാമചരിത മാനസം എഴുതിയ തുളസീദാസിനും അവരുടെ ജീവിതകാലത്ത് മുസ്ലിം സമൂഹം നൽകിയ പിന്തുണ ചരിത്രത്തിലെ നമ്മുടെ മൈത്രിയുടെ പൈതൃകമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഹിന്ദു മുസ്ലിം മൈത്രി തകർക്കാതെ തന്നെ ഒരുപാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് നിർമ്മിക്കാൻ കഴിയും. അതിന് വിവിധ മത സമൂഹങ്ങൾക്കിടയിൽ പരസ്പര സാഹോദര്യത്തിന് തടസ്സം നിൽക്കുന്നവരെ ഒറ്റപ്പെടുത്തുക മാത്രമേ വഴിയുള്ളൂ.'ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, മത മൈത്രി വേണോ അതോ ആരാധനാലയങ്ങൾ വേണോ എന്നു ചോദിച്ചാൽ ഞങ്ങൾക്ക് ആദ്യം വേണ്ടത് മത മൈത്രിയാണ് എന്ന് ഒറ്റക്കെട്ടായി പറയാൻ നമുക്ക് കഴിയണം'. മതമൈത്രിയുടെ പാഠങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും വളരട്ടെ നമ്മുടെ മക്കൾ. തർക്കങ്ങളില്ലാത്ത കാലം പുലരട്ടെയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP