Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ; ഞാൻ അവനെ മാത്രമേ വിളിച്ചുള്ളു; ഇപ്രാവശ്യം ആരും തോൽക്കുമെന്ന് കരുതിയിരുന്നില്ല; തോൽക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു; അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ, സ്നേഹം പൂർണമായും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു; അദ്ധ്യാപകന്റെ കുറിപ്പ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞദിവസം പുറത്തുവന്ന എസ്എസ്എൽസി പരീക്ഷാഫലത്തിൽ സംസ്ഥാനം റെക്കോർഡ് വിജയമാണ് കൈവരിച്ചിരിക്കുന്നത്. 98.82 ശതമാനമാണ് ഈവർഷത്തെ വിജയ കണക്ക്. വിജയിച്ചവരെ അഭിനന്ദിക്കുന്നതിനൊപ്പം തോറ്റുപോയ കുട്ടികളെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അവരെ കുറ്റപ്പെടുത്താതെ വിജയത്തിലേക്കുള്ള പടവുകൾ കൈപിടിച്ചു കയറ്റേണ്ടതുണ്ട്. അത്തരത്തിലുള്ളൊരു കുറിപ്പാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. തന്റെ സ്‌കൂളിൽ പരീക്ഷയ്ക്ക് തോറ്റുപോയ ഒരേയൊരു കുട്ടിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മടപ്പള്ളി സർക്കാർ എച്ച് എസ് എസിലെ പ്രധാനാധ്യാപകൻ വി പി പ്രഭാകരൻ മാസ്റ്റർ.

പരീക്ഷാഫലം വന്നതിന് ശേഷം തന്റെ സ്‌കൂളിൽ വിജയിച്ച 434പേരിൽ ആരേയും വിളിക്കാതെ തോറ്റുപോയ വിദ്യാർത്ഥിയെ മാത്രമാണ് താൻ വിളിച്ചതെന്ന് പ്രഭാകരൻ മാസ്റ്റർ കുറിക്കുന്നു.
ഒപ്പം തോറ്റുപോയവരെ ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ പരീക്ഷ എഴുതാൻ സജ്ജരാക്കിയ അദ്ധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ. ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളിൽ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോൽക്കുമെന്ന് കരുതിയിരുന്നില്ല. തോൽക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു.

അതിൽ അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ, സ്നേഹം പൂർണമായും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു. പരാജയഭീതിയിൽ വെളിച്ചമറ്റ കണ്ണുകളിൽ കണ്ടതിളക്കം, ലൈബ്രറി മുറിയിൽ പോകുമ്പോഴൊക്കെ ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു സ്നേഹത്തോടെയാണ് ടീച്ചർമാർ അവരോട് പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികൾ ജീവിതത്തിൽ ഈ സ്നേഹം മുമ്പ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്നേഹവും കരുതലും നല്കാൻ ടീച്ചർക്ക് ഇതിനു മുമ്പ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല.

പരീക്ഷാ ദിനങ്ങളിൽ ഇവർ ഇരിക്കുന്ന ക്ലാസ് മുറികളിൽ പോവുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളിൽ തട്ടിൽ പ്രശ്നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ നോക്കിയ നോട്ടത്തിലെ സ്നേഹം. എനിക്ക് ഇപ്പോൾ തോന്നുകയാണ് തോറ്റു പോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തിൽ നിന്ന് കരുതലിൽ നിന്ന് സ്നേഹത്തിൽ നിന്ന് വിട്ടു പോയ ഒരു കുട്ടി.

ഇന്നു വിളിച്ചപ്പോൾ പറഞ്ഞു: സാർ ഞാൻ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടിൽ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഉമ്മ തിരിച്ചുവിളിച്ചു: എന്റെ മോൻ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോൾ അവൻ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്.

ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോ. റീ വാല്വേഷനൽ അവൻ ജയിക്കുമായിരിക്കും. അല്ലെങ്കിൽ സേ പരീക്ഷയിൽ. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം . ഞാൻ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്‌ക്കൂളിൽ വാ. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വരാം സാർ. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP