Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

രാഷ്ട്രീയ ദല്ലാൾ പണി പൊലീസിൽ നടപ്പാക്കാൻ അച്ചാരം വാങ്ങിയിരിക്കുന്ന സഖാക്കൾ ഒന്നു മനസ്സിലാക്കുക; നിങ്ങൾ സഖാക്കളുടെയൊക്കെ ദൈവമായ ശ്രീ.പിണറായി വിജയനെ നട്ടെല്ലോടെ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചു വന്നവനാണ് ഞാൻ; പൊലീസിലെ അന്തംകമ്മി സഖാക്കളുടെ ബഹുമാനം വേണ്ട; കാലുനക്കാൻ നടക്കുന്ന ഐപിഎസുകാരുണ്ടെങ്കിൽ അവർക്ക് കൊടുത്താൽ മതി; പൊലീസ് ഓഫീസേഴ്‌സ് അസോ.നേതാവ് ബിജുവിന് മറുപടിയുമായി സെൻകുമാർ

രാഷ്ട്രീയ ദല്ലാൾ പണി പൊലീസിൽ നടപ്പാക്കാൻ അച്ചാരം വാങ്ങിയിരിക്കുന്ന സഖാക്കൾ ഒന്നു മനസ്സിലാക്കുക; നിങ്ങൾ സഖാക്കളുടെയൊക്കെ ദൈവമായ ശ്രീ.പിണറായി വിജയനെ നട്ടെല്ലോടെ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചു വന്നവനാണ് ഞാൻ; പൊലീസിലെ അന്തംകമ്മി സഖാക്കളുടെ ബഹുമാനം വേണ്ട; കാലുനക്കാൻ നടക്കുന്ന ഐപിഎസുകാരുണ്ടെങ്കിൽ അവർക്ക് കൊടുത്താൽ മതി; പൊലീസ് ഓഫീസേഴ്‌സ് അസോ.നേതാവ് ബിജുവിന് മറുപടിയുമായി സെൻകുമാർ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ടി.പി.സെൻകുമാർ രംഗത്തെത്തി. ബാലഗോകുലം പരിപാടിയിൽ കേരളത്തിലെ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന സെൻകുമാറിന്റെ പരാമർശം സൃഷ്ടിച്ച വിവാദമാണ് സംവാദത്തിന്റെ തുടക്കം. പ്രസംഗം വിവാദമായതോടെ സെൻകുമാർ ഫേസ്‌ബുക്കിൽ ന്യായീകരിച്ച് പോസ്റ്റുമിട്ടു. സെൻകുമാറിനെ തിരുത്തി ധനമന്ത്രി തോമസ് ഐസക്കും പോസ്റ്റിട്ടു. ഇതിന് പിന്നാലെയാണ് സെൻകുമാറിന്റെ നിലപാടുകളെ വിമർശിച്ച് സി.ആർ.ബിജു ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

'വിരമിച്ച ശേഷം സെൻകുമാർ എടുക്കുന്ന നിലപാടുകളും രീതികളും സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ ബഹുഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥന്മാരേയും വേദനിപ്പിക്കുന്ന തരത്തിലാണ്. മാത്രമല്ല, നിലവിൽ സർവീസിലുള്ളവരും ഇങ്ങനെയൊക്കെ ആകാം എന്ന് സമൂഹം സ്വാഭാവികമായും സംശയിക്കുന്ന തരത്തിലുമാണ്.2016 ലെ Annual Vital Statistics Report ലെ ചില പേജുകൾക്കൊപ്പം ചേർത്തിരിക്കുന്ന സ്വന്തം വരികൾ. ജനനനിരക്കിൽ കുട്ടികളുടെ എണ്ണം ജാതി തിരിച്ച് കാണിച്ചിരിക്കുന്ന പേജ് പോസ്റ്റ് ചെയ്ത്, അതിൽ എണ്ണത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിലെ കുട്ടികൾ ആണ് കൂടുതൽ എന്ന് പറയാതെ പറഞ്ഞിരിക്കുന്നു. സെൻകുമാറിനെ പോലുള്ളവർ ഇത്തരം നിലപാടിലേക്ക് പോകുമ്പോൾ സർവീസിലുള്ളവരിൽ മതേതരനിലപാടും ശരിപക്ഷ നിലപാടും എടുത്തുവരുന്ന എല്ലാവരേയും പൊതുസമൂഹം താങ്കളെ കാണുന്ന കണ്ണിലൂടെ കണ്ടുതുടങ്ങി എന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്, ബിജു വിമർശിക്കുന്നു. ഇതിനൊപ്പം സെൻകുമാറിന്റെ സർവീസ് സ്റ്റോറി, ശബരിമല സ്ത്രീപ്രവേശന വിഷയം, പൊലീസ് സംഘടനയോടുള്ള നിലപാട് തുടങ്ങിയവയും ബിജു ചോദ്യം ചെയ്യുന്നുണ്ട്. ഇതിനുള്ള മറുപടിയാണ് സെൻകുമാർ ഇന്നു നൽകിയത്.

Stories you may Like

സി.ആർ.ബിജു എന്ന, പൊലീസ് ഓഫീസേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നയാൾ എന്നെ ഉപദേശിച്ചു കൊണ്ടും, എനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടും ഒരു ഫെയ്സ് ബുക്ക് പോസ്റ്റും, വാട്ട്സ്ആപ്പിൽ പ്രചരണങ്ങളും നടത്തുന്നുണ്ട്. പൊലീസ് സേനയിലെ ഏതു നിയമത്തിന്റെ പിൻബലത്തിലാണാവോ ഈ ഫെയ്സ് ബുക്ക് പോസ്റ്റും, വാട്ട്സ്ആപ്പ് സന്ദേശങ്ങളും എന്ന ചോദ്യത്തോടെയാണു സെൻകുമാർ തന്റെ മറുപടി ആരംഭിക്കുന്നത്.

പൊലീസുകാരനെ മർദ്ദിച്ചവന് ബിരിയാണി വാങ്ങിച്ചു കൊടുക്കലല്ല സെൻകുമാറിന്റെ പണി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി പൊലീസ് വകുപ്പിനെ മാറ്റുകയായിരുന്നില്ല. സിപിഐ (എം) ന്റെ അടിയാളായി നിങ്ങൾ പറയുന്ന പല ബഹുമാന്യ പഴയ പൊലീസ് മേധാവികളും അവരുടെ സർവ്വീസിൽ എന്തൊക്കെ ചെയ്തുവെന്ന് നന്നായി അറിയാം. ടി.പി.ചന്ദ്രശേഖരനെ വധിച്ചത് വ്യക്തി വൈരാഗ്യം കൊണ്ടു മാത്രമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. അവരൊക്കെ അത്രെ മാതൃകാ പുരുഷന്മാരാണെന്നും സെൻകുമാർ. മുൻ ഡിജിപിയോട് സഹതപിക്കുന്നുവെന്നും ഇങ്ങനെയും ഒരാൾ അധപതിക്കുമല്ലോ എന്നുമാണ് ബിജുവിന്റെ പുതിയ പോസ്റ്റിലെ മറുപടി.'പൊലീസ് വകുപ്പിന് ഉള്ളിൽ നിൽക്കുന്നവർക്ക് മറുപടി പറയാൻ നിലനിൽക്കുന്ന പരിമിതികൾ അദ്ദേഹം ബോധപൂർവം ചൂഷണം ചെയ്യുകയാണെന്നും ബിജു പറഞ്ഞു.

സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പൊലീസിലെ ദല്ലാൾ സഖാക്കളുടെ കൂടിയാട്ടം

സി.ആർ.ബിജു എന്ന, പൊലീസ് ഓഫീസേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നയാൾ എന്നെ ഉപദേശിച്ചു കൊണ്ടും, എനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടും ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റും, വാട്ട്‌സ്ആപ്പിൽ പ്രചരണങ്ങളും നടത്തുന്നുണ്ട്. പൊലീസ് സേനയിലെ ഏതു നിയമത്തിന്റെ പിൻബലത്തിലാണാവോ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റും, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും?

സി.ആർ.ബിജു എന്ന, പിണറായി ഭരണത്തിന്റെ തണലിൽ പൊലീസ് ഓഫീസേഴ്‌സ് ഭാരവാഹിയായ, സഖാവ് മനസ്സിലാക്കേണ്ടത്, സി.ആർ.ബിജു എന്നല്ല, ഇപ്പോഴത്തെ പൊലീസ് അസോസിയേഷനിലെ എല്ലാ നേതാക്കളും എന്ത് ആക്ഷേപം ഉന്നയിച്ചാലും അതൊന്നും എന്റെമേൽ ഏശുകയില്ല എന്നതാണ്. കാരണം, ഞാൻ ഒരു പാർട്ടിയുടെയും ചട്ടുകമായിരുന്നില്ല. നിതിക്കും, നിയമത്തിനും വേണ്ടി പ്രവർത്തിച്ചവനാണ്. എന്റെ കീഴിൽ ജോലി ചെയ്തിരുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ആവശ്യമായ സന്ദർഭങ്ങളിൽ, ഏതൊരു സർക്കാരിന്റെ സമയത്തും എത്രയെല്ലാം സംരക്ഷണം ഞാൻ കൊടുത്തിട്ടുണ്ട് എന്ന് കേരളത്തിലെ പൊലീസുദ്യോഗസ്ഥർക്ക് അറിയാം. അതുകൊണ്ട് സി.ആർ.ബിജു എന്ന സഖാവിന്റെ ചാരിത്രപ്രസംഗം സ്വന്തം സഖാക്കളുടെ അടുത്തു മതി.

കേരളത്തിലെ സെൻസസ് പ്രകാരവും, കേരളാ സർക്കാർ വകുപ്പായ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സും മാത്രമാണ് ഞാൻ ഫേസ്‌ബുക്കിൽ കൊടുത്തത്. സഖാവിന്റെ സർക്കാർ 2017 മുതൽ ഈ പട്ടികകൾ അപ്രത്യക്ഷമാക്കി എന്നതുതന്നെ എന്തോ മറച്ചു പിടിക്കാനുണ്ട് എന്നതിന്റെ ലക്ഷണമല്ലേ? ജനസംഖ്യയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കേരളത്തിലെ ജനങ്ങൾ അറിയുന്നതിൽ സഖാവിന് എന്താണിത്ര വിമ്മിഷ്ടം? ഡോ. തോമസ് ഐസകിനു വേണ്ടി എനിക്കെതിരെ കമന്റിടാൻ വന്ന നെബു ജോൺ എബ്രഹാം എന്നയാൾ കാര്യം മനസ്സിലായപ്പോൾ മാന്യതയോടെ എല്ലാ കാര്യങ്ങളും പഠിക്കാമെന്ന് പറയുകയാണുണ്ടായത്.

സഖാക്കളെ, കണ്ണടച്ച് ഇരുട്ടാക്കിയാൽ അവരവർക്കു മാത്രമെ ഇരുട്ടാകൂ. അസോസിയേഷൻ നേതാവായിരുന്ന് ഭരണത്തിന്റെ തണലിൽ അധികം പാൽ കട്ടു കുടിക്കാതിരിക്കുന്നതാണ് നല്ലത്. 2016 ജൂൺ 1 ന് എന്നെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും നിയമവിരുദ്ധമായി മാറ്റിയപ്പോഴൊ, ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയിലൂടെ ഞാൻ തിരിച്ചു വന്നപ്പോഴൊ എനിക്കെതിരെ രാഷ്ട്രീയ ഭൃത്യന്മാരായ ചില പൊലീസുദ്യോഗസ്ഥർ കള്ളക്കേസുകൾ എടുത്തപ്പോഴൊ എവിടെയായിരുന്നു സി.ആർ.ബിജുവിന്റെ ചാരിത്ര്യപ്രസംഗം? മൂന്നു കൊല്ലം ഭരിച്ചിട്ടും, സെൻകുമാർ ഏതെങ്കിലും ഒരു കാര്യത്തിൽ നിയമവിരുദ്ധമായി പെരുമാറിയെന്ന്, നീതി രഹിതമായി പെരുമാറിയെന്ന് കൊണ്ടു വരാനായോ? ഇപ്പോഴും എംജി കോളജിലെ ഫോട്ടോയും പൊക്കിപിടിച്ച് നടക്കൽ മാത്രം! അത് ഈ നാട്ടിലെ ബഹുജനങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ്.
പൊലീസുകാരനെ മർദ്ദിച്ചവന് ബിരിയാണി വാങ്ങിച്ചു കൊടുക്കലല്ല സെൻകുമാറിന്റെ പണി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി പൊലീസ് വകുപ്പിനെ മാറ്റുകയായിരുന്നില്ല. സിപിഐ (എം) ന്റെ അടിയാളായി നിങ്ങൾ പറയുന്ന പല ബഹുമാന്യ പഴയ പൊലീസ് മേധാവികളും അവരുടെ സർവ്വീസിൽ എന്തൊക്കെ ചെയ്തുവെന്ന് നന്നായി അറിയാം. ടി.പി.ചന്ദ്രശേഖരനെ വധിച്ചത് വ്യക്തി വൈരാഗ്യം കൊണ്ടു മാത്രമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. അവരൊക്കെ അത്രെ മാതൃകാ പുരുഷന്മാർ!

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കേരളാ പൊലീസ് എവിടെയെത്തിയെന്നത് ഇവിടുത്തെ മാധ്യമങ്ങളും, പൊതുജനങ്ങളും നന്നായി അറിയുന്നതാണ്. ശബരിമലയുടെ കാര്യത്തിൽ ഇല്ലാത്ത വിധി നടപ്പാക്കാൻ പൊലീസിന് എത്ര ധൃതിയായിരുന്നു? അങ്ങനെ നടപ്പാക്കാൻ സർക്കാരിന്റെ ഉത്തരവ് സഖാവ് അടിയാളൻ ഒന്നു കൊണ്ടുവരാമോ? എന്താണ് കഴിഞ്ഞ ആറ് മാസങ്ങളായി സ്ത്രീകളെയൊന്നും തള്ളിക്കയറ്റാത്തത്? എന്താണ് ഓർത്തഡോക്‌സുകാരുടെ പള്ളികൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി അനുസരിച്ച് പിടിച്ചു കൊടുക്കാത്തത്? എന്താണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ടു വന്ന സിഐ മുതൽ, നൂറുക്കണക്കിന് കിലോമീറ്റർ അകലെ കിടന്നുറങ്ങിയ എസ്‌ഐ വരെ ശ്രീജിത് എന്ന മനുഷ്യനെ അറിയാത്തവർ മാത്രം പ്രതികളായത്? അതിൽ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്തു സംരക്ഷണമാണ് അനധികൃത നിർദ്ദേശം നൽകിയ ഉന്നതർക്ക് നൽകിയത്! ഇതു തന്നെയല്ലെ രാജ്കുമാറിന്റെ കൊലപാതകത്തിലും നടന്നത്? പ്രധാനമന്ത്രിക്കെതിരെ എന്ത് വൃത്തികെട്ട പോസ്റ്റുകളും ഇടാം. അതിനൊന്നും കേസില്ല. പിണറായി ആണെങ്കിലോ?

കേരളത്തിലെ പൊലീസുകാർക്ക് അറിയാം, അവർക്ക് സർവ്വീസിൽ പ്രയോജനം കിട്ടിയത് മുഴുവൻ ഇടതുപക്ഷം എന്ന സഖാക്കളുടെ കീഴിലല്ല എന്ന്. പൊലീസ് കോൺസ്റ്റബിളിന് യുഡിസിയുടെ ശമ്പള സ്‌കെയിൽ നൽകിയതും, നാലാമത്തെ ഗ്രേഡും നൽകി ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ പെൻഷനോടെ റിട്ടയർ ചെയ്യാൻ സാധിക്കുന്നതും സി.ആർ.ബിജുവിനെ പോലുള്ള അടിമസഖാക്കളുടെ പ്രവർത്തനം കൊണ്ടല്ല. പൊലീസിന്
എന്തറിയാം എന്നതിന്റെ നാന്ദിയാണ് തിരുവനന്തപുരത്തുള്ള പൊലീസ് സഹകരണ സംഘത്തിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പ്! ഭരണത്തെ മുഴുവൻ ദുർവിനിയോഗം ചെയ്തിട്ടും ഒരു സഖാവിനും അവിടെ ജയിക്കാനായില്ല. സി.ആർ.ബിജുവിനെ പോലുള്ള അർബുദങ്ങൾ കേരളാ പൊലീസിലേയ്ക്ക് കൂടുതൽ വ്യാപിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. തിരുവനന്തപുരത്തു തന്നെ വലിയതുറയിൽ നിയമപരിപാലനം നടത്തിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തപ്പോഴും, പാളയത്ത് ട്രാഫിക് ജോലി നിർവ്വഹിച്ച പൊലീസുകാരനെ എസ്എഫ്‌ഐ ഗുണ്ടകൾ നിർദാക്ഷിണ്യം മർദ്ദിച്ചപ്പോഴും എവിടെയായിരുന്നു സഖാവ്? വനിതാ പൊലീസുകാരിയെ പീഡിപ്പിച്ചതിന് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കേസുള്ള ചിലരും സഖാക്കളുടെ കൂട്ടത്തിൽ ഉണ്ടെന്നറിയാം.

സി.ആർ.ബിജു അല്ല, എന്റെ ബഹുജന പിന്തുണ അളക്കേണ്ടത്. ഇ.കെ.നായനാർ ചെയ്ത നടപടിക്ക് പിതൃശൂന്യതയോടെ ഈ സർക്കാർ എന്റെ പേരിൽ റിപ്പോർട്ടുകൾ അയച്ചിട്ടുപോലും നമ്പി നാരായണന് പത്മഭൂഷൻ കൊടുത്തപ്പോൾ യാതൊരു മടിയും കൂടാതെ പ്രതികരിച്ചവനാണ് ഞാൻ. നിലമ്പൂരിൽ പൊലീസുകാരെ ആക്രമിക്കാൻ വന്ന മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേർ വെടിവെയ്പിൽ കൊല്ലപ്പെട്ടപ്പോൾ സി.ആർ.ബിജുവിന്റെ മാതൃകാ പൊലീസ് മേധാവികളൊന്നും ഒരക്ഷരം ഉരിയാടി കണ്ടില്ല. അന്ന് ഞാനാണ് ലീവിൽ ആയിരുന്നിട്ടുപോലും മാധ്യമങ്ങളിൽ വന്ന് പൊലീസിനെ പിന്തുണച്ചത്. പിന്നിടേ മുഖ്യമന്ത്രി പോലും പൊലീസിനെ പിന്തുണച്ചുള്ളൂ. അതുകൊണ്ട്, കേരളാ പൊലീസിലെ ഒരു സംഘം അന്തംകമ്മി സഖാക്കളായ ചിലർക്കൊഴിച്ച് മറ്റെല്ലാപേർക്കും സെൻകുമാർ ആരാണെന്ന് അറിയാം. പിന്നെ അന്തംകമ്മി സഖാക്കളുടെ ബഹുമാനമൊന്നും എനിക്കു വേണ്ട. കാലു നക്കാൻ നടക്കുന്ന ഏതെങ്കിലും ഐപിഎസുകാരനുണ്ടെങ്കിൽ അത് അവിടെ കൊടുത്താൽ മതി.

ശ്രീ.ജോൺ മത്തായി ഐപിഎസ്, ശ്രീ.രാജഗോപാൽ നാരായൺ ഐപിഎസ്, ശ്രീ.രാജഗോപാലൻ നായർ ഐപിഎസ്, ശ്രീ.കെ.ജെ.ജോസഫ് ഐപിഎസ്, ശ്രീ.ഹോർമീസ് തരകൻ ഐപിഎസ് എന്നിങ്ങനെ വ്യക്തിത്വമുള്ള പൊലീസ് മേധാവികളെ ബഹുമാനിക്കുന്നവനാണ് സെൻകുമാർ. പക്ഷേ, പോളിറ്റ് ബ്യൂറോ മെമ്പർമാരെയും, കാലു നക്കികളെയും മേൽപറഞ്ഞ ഗണത്തിൽപ്പെടുത്തുന്ന ആളല്ല ഞാൻ. പൊലീസിനെ ഒരു പാർട്ടിയുടെ കീഴ്ഘടകമാക്കാൻ കോപ്പു കൂട്ടുന്ന എല്ലാവരും മനസ്സിലാക്കിക്കോളൂ, ഈ പിണറായി സംരക്ഷണം അധികനാൾ നീളില്ല എന്നത്. ജനം കണ്ണടച്ച് ഇരിപ്പല്ല, കണ്ണു തുറന്നാൽ ദേശാഭിമാനിയും, കൈരളി ചാനലും മാത്രം കാണുന്നവരുമല്ല. വിലയ്ക്കു വാങ്ങാൻ കിട്ടാത്ത ധാരാളം സാമൂഹ്യപ്രവർത്തകരും, ബുദ്ധിജീവികളും ഇനിയും കേരളത്തിലുണ്ട്.

2019ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പ് നടന്നപ്പോൾ പോസ്റ്റൽ ബാലറ്റുകളിൽ മുഴുവൻ കൃത്രിമം നടത്തി ഒരു രാഷ്ട്രീയ പാർട്ടിയെ സഹായിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ റിട്ടയർ ചെയ്ത് രണ്ടു വർഷം കഴിഞ്ഞ ടി.പി.സെൻകുമാറിനെ വിമർശിക്കാൻ വരുന്നത്. സിഐ മുതൽ താഴെ തലത്തിലേയ്ക്കുള്ള പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഓരോ മാസവും നടത്തുന്ന പണപ്പിരിവല്ലാതെ എന്തെങ്കിലും ഉപകാരം ചെയ്തിട്ടാണോ ഈ സഖാക്കൾ എന്നെ ഉപദേശിക്കാൻ വരുന്നതെങ്കിൽ മനസ്സിലാക്കാമായിരുന്നു. രാഷ്ട്രീയ ദല്ലാൾ പണി പൊലീസിൽ നടപ്പാക്കാൻ അച്ചാരം വാങ്ങിയിരിക്കുന്ന സഖാക്കൾ ഒന്നു മനസ്സിലാക്കുക. നിങ്ങൾ സഖാക്കളുടെയൊക്കെ ദൈവമായ, ശ്രീ.പിണറായി വിജയനെ നട്ടെല്ലോടെ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചു വന്നവനാണ് ഞാൻ. അതോർമ്മയിലിരിക്കട്ടെ.

സി.ആർ.ബിജുവിന്റെ പോസ്റ്റ് ഇങ്ങനെ:


എത്രയും ബഹുമാനമുണ്ടായിരുന്ന ശ്രീ.T.P. സെൻകുമാർ സർ

കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാരും, സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്മാരും,
ഭാവിയിൽ സേനയിലേക്ക് വരുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരും
അതിനെല്ലാം ഉപരി പൊതുസമൂഹമാകെയും
എന്നും ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വമായിരുന്നു താങ്കൾ. താങ്കളെക്കുറിച്ച് ഇങ്ങനെ *'ആയിരുന്നു'* എന്ന് എഴുതേണ്ടിവന്നത് ഖേദകരമാണ്. കേരള പൊലീസിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചവരെയെല്ലാം റാങ്ക് വ്യത്യാസമൊന്നുമില്ലാതെ ഇന്നും ഏറെ ബഹുമാനത്തോടെ കാണുന്നവരിൽ ഒരാളാണ് ഞാൻ.

പക്ഷേ..
ആ ഗണത്തിൽ നിന്നും, അവരുടെ മനസ്സിൽ നിന്നും എങ്ങനെയോ താങ്കളുടെ പേര് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിരമിക്കലിന് ശേഷം എല്ലാവരും സ്വതന്ത്ര വ്യക്തികളാണ് എന്നതിൽ തർക്കമില്ല.
അവർക്ക് രാഷ്ട്രീയമുണ്ടാകാം, രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കാം, ആരേയും വിമർശിക്കാം, അഭിപ്രായങ്ങൾ തുറന്ന് പറയാം. എന്നാൽ അത്തരത്തിൽ പറയുന്ന അഭിപ്രായങ്ങളും നിലപാടുകളും വിലയിരുത്തുന്നത് പൊതുസമൂഹമാണ്.
അതായത് ഒരേ തലമുറയിൽപെട്ട പൊതുസമൂഹം.

ശ്രീ.സെൻകുമാർ സമൂഹത്തിൽ അറിയപ്പെട്ടത്
ഒരു രാഷ്ട്രീയ നേതാവായിട്ടോ,
സാമൂഹ്യ പരിഷ്‌ക്കർത്താവായിട്ടോ,
സാംസ്‌കാരിക നായകനായിട്ടോ,
മതനേതാവായിട്ടോ അല്ല.
ഒരു പൊലീസ് ഓഫീസർ എന്ന നിലയിൽ മാത്രമാണ്. അതുകൊണ്ട് തന്നെ വിരമിക്കലിന് ശേഷം കൈക്കൊള്ളുന്ന നിലപാടുകൾ പൊതുസമൂഹം വിലയിരുത്തുന്നത് പൊലീസ് ഓഫീസർ ആയിരുന്നയാൾ എന്ന നിലയിൽ തന്നെ ആയിരിക്കും. ഇന്ന് താങ്കൾ എടുക്കുന്ന നിലപാടുകളും രീതികളും സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ ബഹുഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥന്മാരേയും വേദനിപ്പിക്കുന്ന തരത്തിലാണ്. മാത്രമല്ല, നിലവിൽ സർവീസിലുള്ളവരും ഇങ്ങനെയൊക്കെ ആകാം എന്ന് സമൂഹം സ്വാഭാവികമായും സംശയിക്കുന്ന തരത്തിലുമാണ്.

താങ്കളെ പോലെ മൂന്ന് പതിറ്റാണ്ടിലേറെക്കാലം കേരള പൊലീസിൽ പല ഉയർന്ന പദവികളും വഹിച്ച ഒരാളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കാത്തതും ചിന്തിക്കാത്തതുമായ ചില പ്രതികരണങ്ങളും ഇന്ന് ഉണ്ടാകുന്നു.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജൂലൈ 20 ന് ഉച്ചയ്ക്ക് 12.58 മുതൽ താങ്കളുടെ ഫേസ്‌ബുക്ക് പേജിൽ കാണുന്ന സ്വന്തം പോസ്റ്റ്. 2016 ലെ Annual Vital Statistics Report ലെ ചില പേജുകൾക്കൊപ്പം ചേർത്തിരിക്കുന്ന സ്വന്തം വരികൾ. ജനനനിരക്കിൽ കുട്ടികളുടെ എണ്ണം ജാതി തിരിച്ച് കാണിച്ചിരിക്കുന്ന പേജ് പോസ്റ്റ് ചെയ്ത്, അതിൽ എണ്ണത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിലെ കുട്ടികൾ ആണ് കൂടുതൽ എന്ന് പറയാതെ പറഞ്ഞിരിക്കുന്നു.
ആ പോസ്റ്റിൽ വന്നിരിക്കുന്ന കമന്റുകൾ എങ്കിലും ഒന്ന് വായിക്കുക. താങ്കളെ പോലുള്ളവർ ഇത്തരം നിലപാടിലേക്ക് പോകുമ്പോൾ സർവീസിലുള്ളവരിൽ മതേതരനിലപാടും ശരിപക്ഷ നിലപാടും എടുത്തുവരുന്ന എല്ലാവരേയും പൊതുസമൂഹം താങ്കളെ കാണുന്ന കണ്ണിലൂടെ കണ്ടുതുടങ്ങി എന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്.

അതുപോലെ സർവീസിൽ ഇരിക്കെ ഞാൻ ചെയ്തതെല്ലാം കേമത്വമെന്ന് സ്വയം പറയുകയല്ല വേണ്ടത്, അത് മറ്റുള്ളവരാണ് വിലയിരുത്തി പറയേണ്ടത്. സർവീസ് സ്റ്റോറികൾ പലരൂപത്തിൽ പലരും എഴുതി കണ്ടിട്ടുണ്ട്.
അതിൽ രാജ്യതാല്പര്യത്തിനും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനും, മതേതരത്വം സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ ചില പോരാട്ടങ്ങളും, അതിനെതിരായി നടന്ന ചില കാര്യങ്ങളും പലരും എഴുതിയിട്ടുണ്ട് . എന്നാൽ 'എന്നോട് ഇന്നയാൾ ഇന്നത് പറഞ്ഞു' എന്നതരത്തിൽ പല ഉദ്യോഗസ്ഥന്മാരുമായും നടത്തിയ സ്വകാര്യ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നതായി വായിച്ചു. ഇങ്ങനെ ഇരുന്ന പദവികൾക്ക് യോജിക്കാത്ത കാര്യങ്ങൾ എഴുതിയാൽ അതിനെ എന്തിനോട് ഉപമിക്കാമെന്നത് ഇത് വായിക്കുന്നവർ തന്നെ നിശ്ചയിക്കട്ടെ.

പൊലീസ് സംഘടനയുടെ മുൻകാല നേതാവിനെ പുകഴ്‌ത്താനും നിലവിലുള്ളവരെ ഇകഴ്‌ത്താനും ഒരു ടിവി ചാനലിൽ നടന്ന ചർച്ചയിലൂടെ താങ്കൾ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയിൽ വന്നു. അതിനുള്ള താങ്കളുടെ അവകാശത്തെ സ്വാഭാവികമായും അംഗീകരിക്കുന്നു.
അതിന്റെ വീഡിയോ 22/07/2019 ന് രാവിലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും രാത്രി സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെയും പോസ്റ്റ് ചെയ്തതും കണ്ടു. എന്തായാലും താങ്കൾ മഹാനാക്കിയ നേതാവിനോട് തത്കാലം ഞങ്ങളെ പോലുള്ളവരെ താരതമ്യം ചെയ്യേണ്ടതില്ല എന്ന് മാത്രം സൂചിപ്പിക്കട്ടെ.

പൊലീസ് ട്രൈനിങ് കോളേജ് പ്രിൻസിപ്പാളായിരുന്ന IPS ഉദ്യോഗസ്ഥൻ കൂടിയായ ഗോപാലകൃഷ്ണൻ സാറിനെ ഈ നേതാവ് മർദ്ദിച്ചു എന്ന പരാതി വന്നപ്പോൾ താങ്കൾ സംസ്ഥാന പൊലീസ് മേധാവി ആയിരുന്നു എന്ന് ഓർക്കുന്നത് നന്നായിരിക്കും. അദ്ദേഹവും താങ്കളും തമ്മിലുള്ള ശത്രുതയിൽ, ഈ തല്ലിൽ താങ്കൾ സന്തോഷിക്കുകയും കേസെടുക്കുന്നതിന് പോലും തടസ്സം നിന്നു എന്നും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സംഘടന ഭാരവാഹികളോട് താങ്കൾക്കുള്ള എതിർപ്പിന് പ്രധാന കാരണം 2005 ലെ MG കോളേജ് സംഭവമാണ് എന്ന് എല്ലാ മലയാളികൾക്കും അറിയാം. അന്നത്തെ വീഡിയോ ഇന്നും സജീവമായി പ്രചരിക്കുന്നത് എന്തുകൊണ്ട് എന്ന് സ്വയം ഒന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.

ഒരു കാര്യം വ്യക്തമാക്കട്ടെ...

താങ്കളെ പോലുള്ള ഉന്നത ഉദ്യോഗസ്ഥന്മാരുടേയോ, രാഷ്ട്രീയ നേതാക്കളുടേയോ അടുക്കള നിരങ്ങുന്നവർ ഇന്ന് പൊലീസ് സംഘടനകളുടെ നേതൃത്വത്തിൽ ഇല്ല.

ഗോളിയെന്നല്ല, എതിർ ടീം പോലുമില്ലാത്ത ഗൗണ്ടിൽ കളിച്ച് ഗോളടിക്കുന്നതിന് തുല്യമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ എന്ന് മാത്രം സൂചിപ്പിക്കട്ടെ.
സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ താങ്കൾക്ക് എന്തും വിളിച്ചു പറയാം. എന്നാൽ പൊലീസ് വകുപ്പിന് ഉള്ളിൽ നിൽക്കുന്നവർക്ക് മറുപടി പറയാൻ നിലനിൽക്കുന്ന പരിമിതികൾ താങ്കൾ ബോധപൂർവം ചൂഷണം ചെയ്യുകയാണ്.
അതുപോലെ തന്നെ സാമൂഹ്യ പ്രതിബദ്ധതയിലൂടെ, ജനാധിപത്യ ബോധത്തിലൂന്നി, മതത്തിനപ്പുറം മാനവികതയും, നവോത്ഥാന മൂല്യങ്ങളും, മതനിരപേക്ഷതയും സംരക്ഷിക്കേണ്ടവരാണ് കേരളത്തിലെ പൊലീസ് എന്ന്, എന്നും വിളിച്ചു പറയുന്ന കേരളത്തിലെ നിലവിലുള്ള പൊലീസ് സംഘടനാ നേതൃത്വത്തോട് താങ്കൾക്കുണ്ടാകുന്ന അസഹിഷ്ണുതയിൽ അത്ഭുതമില്ല എന്ന് കൂടി സൂചിപ്പിക്കട്ടെ.

അതുപോലെ തന്നെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നപ്പോൾ കേരളത്തിൽ ഉണ്ടായ സമരങ്ങളും, അതിന്റെ ഭാഗമായി നിരവധി പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത് വേദനാജനകമായിരുന്നു. ഇത്തരം ഒരു വിധിയുടെ പശ്ചാത്തലത്തിൽ ആരെങ്കിലും അവിടെ വന്നാൽ അവരുടെ സുരക്ഷയും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ട കടമ നിറവേറ്റേണ്ടവരാണ് പൊലീസ്. പക്ഷേ ഈ വിധി പൊലീസ് നടപ്പാക്കേണ്ടതല്ല എന്ന താങ്കളുടെ തെറ്റായ പ്രസ്താവനയിലൂടെ
പൊലീസുദ്യോഗസ്ഥന്മാരെ സമൂഹമദ്ധ്യത്തിൽ കൂടുതൽ ശത്രുവാക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.

സർവീസിൽ ഉണ്ടായിരുന്നെങ്കിൽ താങ്കളും ഈ ജോലി നിറവേറ്റേണ്ടി വരുമായിരുന്നു എന്ന യാഥാർത്ഥ്യം മറച്ചുവച്ചായിരുന്നു ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ഈ പ്രസ്താവന ഇറക്കിയത്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയിൽ ABVP എന്ന വിദ്യാർത്ഥി സംഘടനയുടെ സമരത്തിന് സമാപനം കുറിച്ചുകൊണ്ട് നടത്തിയ പൊതുയോഗത്തിൽ താങ്കൾ നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ കേൾക്കാൻ കഴിഞ്ഞു. കേരളത്തിലെ കേസുകൾ എല്ലാം എഴുതിത്തള്ളുന്നത് പൊലീസ് സംഘടനാ പ്രവർത്തകരാണ് എന്നാണ് താങ്കൾ പറഞ്ഞത്. ഈ സംഘടനകളെ നിരോധിക്കണം എന്നും പറയുന്നുണ്ടായിരുന്നു. എന്നാൽ വർത്തമാനകാലത്തെ താങ്കളുടെ സാഹചര്യങ്ങൾക്കും, MG കോളേജ് സംഭവത്തിനും മുമ്പ് ഈ സംഘടനകളെ വാനോളം പുകഴ്‌ത്തുന്ന താങ്കളുടെ പ്രസംഗത്തിന്റെ CD യും കൈവശമുണ്ട്. എന്തായാലും നീതിക്കും, നിയമത്തിനും എതിരായ ഒരു പ്രവർത്തനവും ഇന്നത്തെ പൊലീസ് സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. മറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ വ്യക്ത്യാധിഷ്ഠിതമായ അവസരവാദപരമായ നിലപാടുകൾ മാത്രമാണെന്ന് ഉറക്കെ വിളിച്ചു പറയേണ്ടി വരുന്നു.

കേരളത്തിലെ മറ്റൊരു
മുൻ പൊലീസ് മേധാവിയായ
ശ്രീ. ജേക്കബ് പുന്നൂസ് IPS അവർകൾ സമീപദിവസം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഒരു അദ്ധ്യായം തന്നെ കേരളത്തിലെ പൊലീസ് സംഘടനകളെ കുറിച്ചാണ്. കേരള പൊലീസിൽ ഉണ്ടായ മാറ്റങ്ങൾക്ക് പിന്നിൽ പൊലീസ് സംഘടനകൾ വഹിച്ച പങ്ക് എന്താണെന്ന് അദ്ദേഹം വ്യക്തമായി രേഖപെടുത്തിയിട്ടുണ്ട്.

അതുപോലെ തന്നെ 'താൻ മാത്രം ശരി' എന്ന ചിന്തയും, തനിക്ക് മുമ്പും പിൻപും ഉണ്ടായിരുന്ന മുഴുവൻ സംസ്ഥാന പൊലീസ് മേധാവികളേയും അടച്ച് ആക്ഷേപിക്കുകയും ചെയ്യുമ്പോൾ ഒന്ന് ചിന്തിക്കുക, ഒരു പക്ഷേ അത് താങ്കളുടെ മാത്രം ചിന്തയായിരിക്കും.

ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ...

സർവ്വീസിൽ ഇരിക്കുമ്പോൾ ഉള്ള താങ്കളുടെ ചില പ്രവർത്തികളിൽ വിയോജിപ്പുകൾ ഉണ്ടായിരുന്നപ്പോഴും, ചില നിലപാടുകളെ ബഹുമാനിച്ചിരുന്നു. അങ്ങനെ കാപട്യം തിരിച്ചറിയാൻ കഴിയാതെ പോയതിലുള്ള വേദനകൂടി ഈ അവസരത്തിൽ തുറന്നു പറയട്ടെ.

ഓരോ വ്യക്തിയും കൈക്കൊള്ളുന്ന നിലപാടുകൾ പല രൂപത്തിൽ ഉണ്ടാകുന്നതാണ്. അതിൽ വ്യക്തി എന്ന നിലയിൽ സ്വന്തമായ ചിന്തയും വീക്ഷണവും നിലപാടുകളും ഉള്ളവരാണെങ്കിൽ, അവരുടെ ഓരോ പ്രവർത്തിയിലും ആ ജന്മത്തിലാകെ ഏത് പ്രായത്തിലും ഏത് പദവിയിൽ ആയാലും അത് പ്രതിഫലിക്കുക തന്നെ ചെയ്യും.
മറിച്ചാണെങ്കിൽ, സ്വചിന്തകൾ മറച്ച് വച്ച് ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷമായി ഒരു നിലപാടും, പരോക്ഷമായി സ്വന്തം ചിന്തയും വീക്ഷണവും നിലപാടുകളും നടപ്പാക്കാൻ ഒളിഞ്ഞ് ശ്രമിക്കുകയും ചെയ്യും.
അത് നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരു സ്വതന്ത്ര സാഹചര്യത്തിലേക്ക് എത്തുമ്പോഴോ, അല്ലെങ്കിൽ തന്റെ മുഖംമൂടി അഴിഞ്ഞു വീണതായി സ്വയം തോന്നുമ്പോഴോ, അതുമല്ലെങ്കിൽ തന്റെ മുഖംമൂടി ആരെങ്കിലും പൊളിച്ചെറിയുകയോ ചെയ്യുമ്പോൾ യഥാർത്ഥ രൂപത്തിൽ ജീവിക്കാൻ തുടങ്ങും. അത്തരം ഒരവസ്ഥയിലാണ് താങ്കളെന്ന് പറയേണ്ടി വരുന്നു.
എന്നാൽ താങ്കളുടെ ഇത്തരം ചെയ്തികളാൽ ഇന്ന് പൊതുസമൂഹത്തിനുമുന്നിൽ തകർക്കപ്പെടുന്നത് കേരള പൊലീസിന്റെ വിശ്വാസ്യതയാണ്.

ഇനിയും നിരവധി കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ അത് ഞാൻ ഇന്നും ബഹുമാനിക്കുന്ന നിരവധി മുൻകാല പൊലീസ് ഉദ്യോഗസ്ഥന്മാരെ ഓർത്തുകൊണ്ട് മാത്രം ഒഴിവാക്കുന്നു.

പൊലീസ് പ്രവർത്തനങ്ങളിൽ വീഴ്ചകളും ആക്ഷേപങ്ങളും ഇടയ്ക്കിടെ ഉണ്ടാകുമ്പോൾ അതിനെതിരായ ശക്തമായ വിമർശനങ്ങൾ ഉയർത്തി പൊലീസിനെ നേരായ വഴിയിലൂടെ സഞ്ചരിപ്പിക്കുവാൻ ഇന്നും രംഗത്ത്
വരുന്ന മുൻകാല ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാർ നിരവധിയാണ്. അവരുടെ കുറ്റപ്പെടുത്തലുകൾ പൊലീസിനെ കൂടുതൽ നന്മയിലേക്ക് നയിക്കുന്നുണ്ട് എന്നതുകൂടി ഈ സന്ദർഭത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

C.R. ബിജു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP