Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിവുള്ള നടനെ വെറും വഴിപോക്കനാക്കി അവതരിപ്പിച്ചു; മാലിക്കിനെതിരെ വേറിട്ട വിമർശനവുമായി സുഭാഷ് സ്‌കറിയ; പ്രദേശത്തെ ഭാഷ കൊണ്ടുവരുന്നതിൽ പാലിക്കേണ്ട മര്യാദ ഒട്ടുംതന്നെ പാലിച്ചിട്ടില്ല; ഈ പ്രദേശത്ത് ജനിച്ച് വളർന്നവർക്ക് ഇത് ക്ഷമിക്കാൻ കഴിയുന്നില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

കഴിവുള്ള നടനെ വെറും വഴിപോക്കനാക്കി അവതരിപ്പിച്ചു; മാലിക്കിനെതിരെ വേറിട്ട വിമർശനവുമായി സുഭാഷ് സ്‌കറിയ;  പ്രദേശത്തെ ഭാഷ കൊണ്ടുവരുന്നതിൽ പാലിക്കേണ്ട മര്യാദ ഒട്ടുംതന്നെ പാലിച്ചിട്ടില്ല; ഈ പ്രദേശത്ത് ജനിച്ച് വളർന്നവർക്ക് ഇത് ക്ഷമിക്കാൻ കഴിയുന്നില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാലിക് ഒടിടിയിൽ റീലീസായത് മുതൽ വിവിധങ്ങളായ വിമർശനങ്ങളാണ് ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ വളച്ചൊടിച്ചു, ചരിത്രത്തോട് നീതി പുലർത്തിയില്ല തുടങ്ങിയ വിമർശനങ്ങളാണ് ഭൂരിഭാഗവും.എന്നാലിപ്പോഴിത അത്തരം വിമർശനങ്ങളിൽ നിന്ന് മാറി വേറിട്ട ഒരു വിമർശനവുമായി എത്തിയിരിക്കുകയാണ് കവിയും ഗായകനുമായ സുഭാഷ് സ്‌കറിയ. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെയും ഒരു മികച്ച നടന് കാര്യമായ വേഷം നൽകാത്തതുമാണ് വിമർശനാത്മകമായി സുഭാഷ് ചൂണ്ടിക്കാട്ടുന്നത്.

ചിത്രം പറയുന്ന രാഷ്ട്രീയം എനിക്ക് വിഷയമല്ല. പക്ഷെ ഒരു കഥ പറയുമ്പോൾ അ കഥ നടക്കുന്ന പ്രദേശത്തിന്റെ ഭാഷ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കണം എന്നാൽ മാലിക് ആ മര്യാദ പോലും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടില്ല. സംഭാഷണങ്ങളുടെ കൂടെ എന്റൂടെ, നിന്റൂടെ ചേർക്കൽ അല്ല തിരുവനന്തപുരം ഭാഷ എന്നും സ്‌കറിയ പറയുന്നു.മാത്രമല്ല മികച്ച നടനായ കൃഷണൻ ബാലകൃഷ്ണനു പ്രധാന്യമുള്ള വേഷം നൽകിയില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഫേസ്‌ബുക്ക് പോസ്റ്റിലുടെ ആയിരുന്നു സുഭാഷിന്റെ വിമർശനം.

പോസ്റ്റിന്റെ പൂർണ്ണരൂപം

'മാലിക് എന്ന സിനിമ കണ്ടു, നല്ല സിനിമ, തിയറ്ററിൽ കാണേണ്ടിയിരുന്ന സിനിമ, ഒരു ഗംഭീര വിജയം നൽകുമായിരുന്ന സിനിമ. ചില കാര്യങ്ങളിലെ വിയോജിപ്പു കൂടി രേഖപ്പെടുത്താനാണ് ഈ കുറിപ്പ്. തിരുവനന്തപുരത്തെ ഒരു തീരദേശ മേഖലയിൽ നടക്കുന്നു എന്ന രീതിയിലാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത് (ബീമാപള്ളി വെടിവെപ്പുമായി ഈ കഥയ്ക്ക് ബന്ധമുണ്ടോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല) ഒന്നാമതായി ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ. തിരുവനന്തപുരത്തെ തീരദേശത്തെ കഥ പറയുമ്പോൾ അവിടെയുള്ളവർ ആ പ്രാദേശിക ഭാഷ തന്നെ ഉപയോഗിക്കണം, അതാണ് അതിന്റെ ഭംഗി. നായകനടക്കം പലരും അതല്ല ഉപയോഗിച്ചിരിക്കുന്നത്.

സംഭാഷണങ്ങൾക്കിടയിൽ 'എന്റുടെ'/ 'നിന്റുടെ' എന്ന് ചേർത്താൽ തിരുവനന്തപുരം ഭാഷ ആവില്ല എന്ന് വിനയപൂർവ്വം പറഞ്ഞുകൊള്ളട്ടെ, സംഭാഷണം എഴുതുന്നവർ മിനിമം പാലിക്കേണ്ട മര്യാദ ഒട്ടുംതന്നെ പാലിച്ചിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. അപ്പാനി ശരത്ത്, ഇന്ദ്രൻസ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർ കൃത്യമായി തന്നെ ഭാഷ ഉപയോഗിക്കുന്നുണ്ട്, അത് സംഭാഷണം എഴുതിയ ആളിന്റെ മിടുക്കല്ല എന്ന് ഇവരെ അറിയാവുന്നവർക്കറിയാം.

സർക്കാർ ജീവനക്കാർ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്നില്ല, അവർ മറ്റു ജില്ലക്കാരുമാകാം. പക്ഷേ, പ്രദേശത്തുകാർ ആ ഭാഷ തന്നെ ഉപയോഗിക്കണം. ഏതാണ്ട് ഈ പ്രദേശത്ത് ജനിച്ച് വളർന്ന എനിക്ക് ഈ അരോചകത്വം ക്ഷമിക്കാൻ കഴിയുന്നില്ല.

മറ്റൊന്ന് കൃഷ്ണൻ ബാലകൃഷ്ണൻ എന്ന നടനെ അവഹേളിക്കുന്ന തരത്തിലായി അദ്ദേഹത്തിന് ലഭിച്ച വേഷം എന്നതാണ്. മിന്നാമിനുങ്ങ് എന്ന സിനിമ കണ്ടിട്ടുള്ളവർക്കൊക്കെ അദ്ദേഹത്തിന്റെ അഭിനയം എത്ര മനോഹരം ആയിരുന്നു എന്ന് അറിയാം. കൃഷ്ണന് തിരുവനന്തപുരത്തുകാരുടെ ഭാഷ ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല, കടപ്പുറത്തുള്ളവരുടെ ശരീര ഭാഷയടക്കം വളരെ തന്മയത്വമായി അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടന് വഴിയേ പോകുന്ന ആർക്കും ചെയ്യാവുന്ന ഒരു വേഷം കൊടുത്ത് അവഹേളിച്ചതിൽ കൃത്യമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

(ആർക്ക് എന്ത് വേഷം കൊടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംവിധായകനാണ് എന്ന് അറിയാഞ്ഞിട്ടല്ല) എല്ലാ അഭിനേതാക്കളും അവരവരുടെ വേഷം ഗംഭീരമായി അവതരിപ്പിച്ചു. (ഭാഷാപ്രയോഗം ഒഴികെ) അഭിനന്ദനങ്ങൾ.....! കലാ സംവിധായകന് പ്രത്യേക അഭിനന്ദനം...സിനിമ ഒരു വൻ വിജയമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP