Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലക്ഷ്യത്തിൽ ഭാഗ്യലക്ഷ്മിയോടൊപ്പം, മാർഗത്തിൽ യോജിപ്പില്ല; വിജയ് നായർ ചെയ്ത മോശം കാര്യത്തിന് അയാളുടെ അമ്മയെ പരാമർശിക്കേണ്ട കാര്യമുണ്ടോ? കേട്ടാൽ അറപ്പ് ഉണ്ടാക്കുന്ന അസഭ്യവർഷം നടത്തിയല്ല സ്ത്രീപക്ഷവാദം ഉന്നയിക്കേണ്ടത്; ഭാ​ഗ്യലക്ഷ്മിയോടുള്ള വിയോജിപ്പ് പ്രകടമാക്കി ശ്രീജിത്ത് പണിക്കർ

ലക്ഷ്യത്തിൽ ഭാഗ്യലക്ഷ്മിയോടൊപ്പം, മാർഗത്തിൽ യോജിപ്പില്ല; വിജയ് നായർ ചെയ്ത മോശം കാര്യത്തിന് അയാളുടെ അമ്മയെ പരാമർശിക്കേണ്ട കാര്യമുണ്ടോ? കേട്ടാൽ അറപ്പ് ഉണ്ടാക്കുന്ന അസഭ്യവർഷം നടത്തിയല്ല സ്ത്രീപക്ഷവാദം ഉന്നയിക്കേണ്ടത്; ഭാ​ഗ്യലക്ഷ്മിയോടുള്ള വിയോജിപ്പ് പ്രകടമാക്കി ശ്രീജിത്ത് പണിക്കർ

മറുനാടൻ ഡെസ്‌ക്‌

സമൂഹമാധ്യമത്തിലൂടെ സ്ത്രീകൾക്കെതിരെ വ്യക്തിഹത്യ നടത്തിയ ആളെ വീട്ടിൽ കയറി തല്ലിയ സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. അതേസമയം, മൂന്ന് സ്ത്രീകൾ അശ്ലീല പദങ്ങൾ ഉപയോ​ഗിച്ച് ഒരാളെ കയ്യേറ്റം ചെയ്ത നടപടിയെ വിമർശിച്ചും ചിലർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഭാ​ഗ്യലക്ഷ്മിയടുള്ള വിയോജിപ്പ് പ്രകടമാക്കി രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ രം​ഗത്തെത്തി. ‘നിയമം കയ്യിലെടുക്കുന്നത് അനുവദനീയമല്ല. നിയമലംഘനം ഒരു പൊതുപരിപാടി പോലെ മറ്റുള്ളവരെ കാണിക്കുന്നതും ശരിയല്ല. വിജയ് നായരുടെ വിഡിയോ വിഷയങ്ങൾ അങ്ങേയറ്റം നിന്ദ്യവും അപലപനീയവും സാമൂഹ്യവിരുദ്ധവും ആണെന്നതിലോ അയാൾക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തിലോ തെല്ലും സംശയമില്ല. ലക്ഷ്യത്തിൽ ഭാഗ്യലക്ഷ്മിയോടൊപ്പം, മാർഗത്തിൽ യോജിപ്പില്ല.’–ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് വായിക്കാം:

ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയോടൊപ്പം ഒരു ചർച്ചയിൽ പങ്കെടുത്ത പരിചയം ഉണ്ട്. ശബരിമല വിഷയത്തിൽ. സ്ത്രീപ്രവേശത്തെ അനുകൂലിച്ച് ഭാഗ്യലക്ഷ്മിയും ആചാരങ്ങളെ അനുകൂലിച്ച് ഞാനും. ആശയപരമായ യോജിപ്പ് ഇല്ലെങ്കിലും, നിലപാടുകൾ സധൈര്യം തുറന്നു പറയാൻ ആർജവമുള്ള സ്ത്രീ എന്നതു തന്നെയാണ് എനിക്കുണ്ടായ തോന്നൽ.

എന്നാൽ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി ഒരു യൂട്യൂബറെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്ത നടപടി ശരിയല്ല. വിജയ് നായർ എന്നയാളുടെ വിഡിയോ കാണ്ടേണ്ട കാര്യമൊന്നുമില്ല, അതിന്റെ തലക്കെട്ട് വായിച്ചാൽ തന്നെ അറിയാം അയാളുടെ കയ്യിലിരിപ്പ്. പൊലീസിൽ പരാതി നൽകി നടപടി സ്വീകരിക്കുകയെന്നതാണ് സ്വാഭാവിക നീതി. രണ്ടുപേർ തമ്മിൽ നേരിട്ട് തർക്കം നടക്കുമ്പോൾ പ്രകോപനമുണ്ടായി ഒരാൾ മറ്റെയാളെ തല്ലുന്നത് പോലെയല്ല, ആസൂത്രണം ചെയ്ത് ഒരാളെ മർദ്ദിക്കുന്നത്.

അത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആണ് പൊലീസും വനിതാ കമ്മീഷനും ഭാഗ്യലക്ഷ്മിക്ക് വ്യക്തിപരമായി പരിചയമുള്ള മുഖ്യമന്ത്രിയും ഒക്കെ ഇന്നാട്ടിൽ ഉള്ളത്. അവർക്കൊക്കെ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെങ്കിൽ അതാത് ഓഫിസുകളിൽ പോയി നടപടി ആവശ്യപ്പെടുക, സമരം ചെയ്യുക, മാധ്യമശ്രദ്ധ ആകർഷിക്കുക എന്നതൊക്കെയാണ് ജനാധിപത്യ സംവിധാനത്തിൽ ചെയ്യേണ്ടത്. മുൻപ് അനേകം സ്ത്രീപക്ഷ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ ഭാഗം കേൾക്കാൻ സർക്കാർ തയ്യാറാകില്ല എന്നു കരുതുക വയ്യ. വിജയ് നായർ സംസ്ഥാന സർക്കാരിൽ എന്തെങ്കിലും സ്വാധീനമുള്ള വ്യക്തിയാണെന്ന് തോന്നുന്നുമില്ല.

യോജിക്കാൻ കഴിയാത്ത മറ്റൊരു കാര്യം ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ള ആൾക്കാർ അയാൾക്കെതിരെ ഉപയോഗിച്ച വാക്കുകളാണ്. സ്ത്രീപക്ഷവാദം ഉന്നയിക്കുമ്പോൾ തന്നെ സ്ത്രീവിരുദ്ധമായ വാക്കുകൾ ഉപയോഗിക്കുക എന്നത് വിരോധാഭാസമാണ്. വിജയ് നായർ ചെയ്ത മോശം കാര്യത്തിന് അയാളുടെ അമ്മയെ പരാമർശിക്കേണ്ട കാര്യമുണ്ടോ? കേട്ടാൽ അറപ്പ് ഉണ്ടാക്കുന്ന അസഭ്യവർഷം നടത്തിയല്ല സ്ത്രീപക്ഷവാദം ഉന്നയിക്കേണ്ടത്.

ഇതുകൊണ്ട് ഉണ്ടായ പരിണിത ഫലങ്ങൾ എന്തൊക്കെയാണ്? വിജയ് നായരുടെ വിഡിയോകൾക്ക് കാഴ്ചക്കാർ വർദ്ധിച്ചു. ഭാഗ്യലക്ഷ്മി എന്തുകൊണ്ട് സഹപ്രവർത്തകയുടെ മകൻ സ്ത്രീകൾക്ക് അശ്ലീലചിത്രങ്ങൾ അയച്ചുകൊടുത്ത വാർത്ത പുറത്തുവന്നപ്പോൾ പ്രതികരിച്ചില്ല എന്ന കുറ്റപ്പെടുത്തലുകൾ ഉണ്ടായി. പിണറായി സർക്കാരിന്റെ പൊലീസ് വകുപ്പ്, സ്ത്രീസംരക്ഷണം എന്നിവ കാര്യക്ഷമമല്ലെന്ന തോന്നൽ പൊതുസമൂഹത്തിൽ ഉണ്ടായി.

ഈ വിഷയത്തെ തെലങ്കാന പൊലീസിന്റെ ഏറ്റുമുട്ടൽ കൊലപാതകവുമായി ചേർത്ത് ന്യായീകരിക്കുന്ന ഒരു കൂട്ടരെയും കണ്ടു. അത് ശരിയല്ല. ഒന്നാമത് സജ്ജനാറുടെ നേതൃത്വത്തിൽ നടന്നത് ഒരു ഏറ്റുമുട്ടൽ കൊലപാതകം ആയിരുന്നില്ല. സംഭവസ്ഥലത്ത് തെളിവെടുപ്പിന് പുലർച്ചെ എത്തിച്ച പ്രതികൾ പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ചപ്പോൾ പൊലീസിന് വെടിവെക്കേണ്ടി വന്നു എന്നതായിരുന്നു സാഹചര്യം. അതും ഇതും സമാന സാഹചര്യങ്ങളല്ല.

നിയമം കയ്യിലെടുക്കുന്നത് അനുവദനീയമല്ല. നിയമലംഘനം ഒരു പൊതുപരിപാടി പോലെ മറ്റുള്ളവരെ കാണിക്കുന്നതും ശരിയല്ല. വിജയ് നായരുടെ വിഡിയോ വിഷയങ്ങൾ അങ്ങേയറ്റം നിന്ദ്യവും അപലപനീയവും സാമൂഹ്യവിരുദ്ധവും ആണെന്നതിലോ അയാൾക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തിലോ തെല്ലും സംശയമില്ല. എന്നാൽ ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തി തെറ്റായ മാതൃകയാണ്. തെളിവുകൾ പൂർണ്ണമായും ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ പ്രകാരം നീതിപൂർവമായ വിചാരണക്കു ശേഷം ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. ആൾക്കൂട്ട വിചാരണയും ആൾക്കൂട്ട ആക്രമണങ്ങളും സദാചാര പൊലീസിങ്ങും ആൾക്കൂട്ട കൊലപാതകങ്ങളും എതിർക്കുന്നവർ നിയമത്തെ കയ്യിലെടുക്കുന്നത് അദ്ഭുതപ്പെടുത്തുന്നു.

ഓരോ വ്യക്തിയും ഇവിടത്തെ പൊലീസും കോടതിയും ആവുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് വേണ്ടത്. ലക്ഷ്യത്തിൽ ഭാഗ്യലക്ഷ്മിയോടൊപ്പം, മാർഗത്തിൽ യോജിപ്പില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP