Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

'കടൽഭിത്തിയിൽ എറിഞ്ഞ് കൊല്ലുമ്പോഴും അവസാനമായി, ദയനീയമായി നീ വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം; പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിർത്താറായി...!' കണ്ണൂരിൽ ഒന്നര വയസുകാരൻ വിയാനെ പെറ്റമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ദുഃഖവും അമർഷവും അടക്കാനാകാതെ സോഷ്യൽ മീഡിയ

'കടൽഭിത്തിയിൽ എറിഞ്ഞ് കൊല്ലുമ്പോഴും അവസാനമായി, ദയനീയമായി നീ വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം; പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിർത്താറായി...!' കണ്ണൂരിൽ ഒന്നര വയസുകാരൻ വിയാനെ പെറ്റമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ദുഃഖവും അമർഷവും അടക്കാനാകാതെ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

പെൺക്രിമിനലുകൾ മുമ്പെങ്ങുമില്ലാത്ത നിലയിൽ കൂടി വരുന്ന കാലമാണിത്. കാമാസക്തിയിൽ സ്വന്തം മക്കളെ പോലും കൊല്ലാൻ കൂട്ടുനിൽക്കുകയും യാതൊരു മടിയുമില്ലാതെ കൊല്ലുകയും ചെയ്യുന്ന അമ്മമാരുടെ വാർത്തകൾ കേട്ട കേരളം നടുങ്ങുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരൻ വിയാനെ കരിങ്കൽ ഭിത്തിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിലായ വാർത്തയാണ് ഏറ്റവുമൊടുവിൽ കേരളത്തെ ഞെട്ടിച്ചത്. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും പെൺമനസ്സുകളിലെ ക്രൂരതകൾ സംബന്ധിച്ച ചർച്ചകൾ സജീവമാകുകയാണ്.

Stories you may Like

വർധിച്ച് വരുന്ന ഇത്തരം കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ ടെലിവിഷൻ അവതാരകയായ അശ്വതി ശ്രീകാന്ത്, 'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിർത്താറായി...! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല...' എന്നാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.

സംഭവത്തിൽ തന്റെ നടുക്കവും ദുഃഖവും പങ്കുവെച്ച് സണ്ണി വെയ്‌നും രംഗത്തെത്തി. 'കടൽഭിത്തിയിൽ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം.. വിയാൻ.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട..' സണ്ണി വെയ്ൻ ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞദിവസം രാവിലെയാണ് പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാനായി ശരണ്യ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  അടുത്തകാലത്തായി കേരളത്തിൽ വനിതാ കുറ്റവാളികളുടെ എണ്ണം കൂടി വരികയാണ്. കോഴിക്കോട് കൂടത്തായിയിൽ ആറ് കൊലപാതകങ്ങൾ നടത്തിയ ജോളി കേരളക്കരയെ ശരിക്കും ഞെട്ടിച്ചു. ജോളി സ്വത്തു തട്ടാൻ വേണ്ടിയും അവിഹിത ബന്ധത്തിനുമായി ആറ് പേരെയാണ് കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കാരണവർ വധക്കേസിലെ ഷെറിനും അവിഹിത ബന്ധം തുടരാൻ ഭർതൃമാതാവിനെയും മകളെയും കാമുകനെ കൊണ്ട് കൊലപ്പെടുത്തിയ ടെക്കി അനുശാന്തിക്കും ശേഷം കേരളം ശ്രദ്ധിക്കുന്ന മറ്റൊരു കുറ്റവാളിയായി ജോളി മാറുകയായിരുന്നു. ജോളിയുടെയും അനുശാന്തിയുടെയും ശ്രേണിയിലേക്കാണ് ശരണ്യയും പടി ചവിട്ടുന്നത്.

കൂടത്തായി കൊലപാതകത്തിന് സമാനമാണ് പിറണായിയിലെ കൊലപാതകവും. കൂടത്തായിയിൽ സംഭവിച്ചതു പോലെ ഒരു വീട്ടിൽ നാലു മാസത്തിനിടെ മൂന്നു മരണങ്ങൾ സംഭവിച്ചു. എല്ലാവരും മരിച്ചത് ഛർദിയെത്തുടർന്ന്. വീട്ടിൽ അവശേഷിച്ച യുവതിയും ഛർദിച്ച് ആശുപത്രിയിലായതോടെ നാട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിലെ ഗൂഢാലോചന വെളിയിൽ കൊണ്ടുവന്നത്. കേസിൽ അറസ്റ്റിലായി ജയിലിലായ സൗമ്യ വിചാരണ നടക്കുന്നതിനിടെ, ജയിൽവളപ്പിലെ കശുമാവിൽ സാരിത്തുമ്പിൽ തൂങ്ങി ജീവനൊടുക്കുകയും ചെയ്തു.

കേരളത്തിൽ കൊലപാതക കേസിൽ ഷെറിൻ പ്രതിയായ ഭാസ്‌ക്കര കാരണവർ കേസ് ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. 2009 നവംബർ ഒൻപതിനാണ് ഭാസ്‌കര കാരണവർ കിടപ്പുമുറിയിൽ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവർ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവിൽ വീട് വച്ചത്. ഇളയ മകൻ ബിനു, മരുമകൾ ഷെറിൻ എന്നിവരോടൊപ്പമായിരുന്നു താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട കൊലക്കേസിൽ കാരണവറുടെ മരുമകളായ ഷെറിൻ, കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയിൽ കാലായിൽ വീട്ടിൽ ബിബീഷ്ബാബു എന്ന ബാസിത് അലി, എറണാകുളം കളമശേരി ബിനാമിപുരം കുറ്റിക്കാട്ടുകര നിധിൻ നിലയത്തിൽ ഉണ്ണി എന്ന നിധിൻ, എറണാകുളം ഏലൂർ പാതാളം പാലത്തിങ്കൽ വീട്ടിൽ ഷാനുറഷീദ് എന്നിവരായിരുന്നു പ്രതികൾ. പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി നാലു വയസുകാരിയായ മകളെയും അമ്മായിഅമ്മയെയും കാമുകനെ ഉപയോഗിച്ചു മർദ്ദിച്ചു കൊലപ്പെടുത്തിയ ടെക്‌നോപാർക്ക് ജീവനക്കാരിക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ ലഭിച്ചത്. അനുശാന്തിക്കും നിനോമാത്യുവിനും ഒരുമിച്ച് ജീവിക്കുന്നതിന് അനുശാന്തിയുടെ ഭർത്താവായ ലിജിഷിനെയും, മകൾ സ്വസ്തികയെയും വകവരുത്താൻ പദ്ധതിയിടുകയായിരുന്നു. 2014 ഏപ്രിൽ പതിനാറിനായിരുന്നു ഇരട്ടക്കൊല നടന്നത്. ലിജീഷിന്റെ വീട്ടിൽ എത്തിയ നിനോമാത്യു ലിജീഷിന്റെ അമ്മ ഓമനയെയും, മകൾ സ്വസ്തിക എന്നിവരെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്സിലാക്കി നാടിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിച്ച കൊടും കുറ്റവാളിയാണ് ഡോക്ടർ ഓമന. ഇവർ കേരളത്തെ ശരിക്കും ഞെട്ടിച്ച വനിതാ കുറ്റവാളിയാണ്. 1996 ജൂലായ് 11 നാണ് കണ്ണൂർ സ്വദേശിനിയായ ഡോക്ടർ ഓമന കാമുകനെ കൊന്ന് നാടിനെ ഞെട്ടിച്ചത് 2001-ൽ പരോളിലിറങ്ങിയ ഓമന തിരികെ വന്നില്ല. ഇന്റർപോൾ തിരയുന്ന പിടികിട്ടാപ്പുള്ളിയാണിവർ.

തിരുവാണിയൂരിൽ 2013 ഒക്ടോബറിലായിരുന്നു നാല് വയസ്സുള്ള മകളെ കൊല്ലാൻ റാണി കാമുകന്മാർക്കു കൂട്ടുനിന്നത്. കാമുകന്മാർ മകളെ ക്രൂരമായി മർദിച്ചു കൊന്ന് കുഴിച്ചിട്ടു. റാണി ഒന്നുമറിയാത്തവളെ പോലെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. റാണിയുടെ എൽ.കെ.ജി. വിദ്യാർത്ഥിയായിരുന്ന മകൾ 2013 ഒക്ടോബർ 29-നാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് പിറ്റേന്ന് റാണി ചോറ്റാനിക്കര പൊലീസിലെത്തുകയായിരുന്നു.  ഇവരുടെ മൊഴികളിൽ സംശയംതോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാ പ്രേംകുമാറിനൊപ്പം സഹ കുറ്റവാളിയാണ് സുനിത എന്ന കാമുകി. സർജിക്കൽ ബ്ലേഡുകൊണ്ട് വിദ്യയുടെ മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനെ തുടർന്ന് പ്രേകുമാർ പഴയ സഹപാഠി കൂടിയായ കൂട്ടുകാരന്റെ സഹായം തേടിയിരുന്നതായും അന്വേഷണത്തിൽ തെളിയുകയായിരുന്നു. ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പിൽ വിദ്യ (48)യെയാണ് കൊലപ്പെടുത്തിയത്. കേസിൽ പ്രതികളായ ഭർത്താവ് കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്തിൽ പ്രേം നിവാസിൽ പ്രേംകുമാർ (40), കാമുകി വെള്ളറട അഞ്ചുമരംകാല വാലൻവിള സുനിത ബേബി (39) എന്നിവരായിരുന്നു പിടിയിലായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP