Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കലാപ്രതിഭ ഉമ്മൻ ചാണ്ടി... കലാതിലകം സരിത... മികച്ച നടൻ ജോസ് കെ മാണി... അക്ഷരശ്ലോകത്തിനു തിരുവഞ്ചൂർ... കഥാപ്രസംഗം ബിജു രമേശ്... ഉപന്ന്യാസം വി ടി ബൽറാം: ട്രോൾ ചെയ്തു മടുക്കാതെ സോഷ്യൽ മീഡിയ

കലാപ്രതിഭ ഉമ്മൻ ചാണ്ടി... കലാതിലകം സരിത... മികച്ച നടൻ ജോസ് കെ മാണി... അക്ഷരശ്ലോകത്തിനു തിരുവഞ്ചൂർ... കഥാപ്രസംഗം ബിജു രമേശ്... ഉപന്ന്യാസം വി ടി ബൽറാം: ട്രോൾ ചെയ്തു മടുക്കാതെ സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്നാലും നമ്മുടെ സോഷ്യൽ മീഡിയയുടെ കാര്യം. ഒരാളെ എവിടെ കളിയാക്കാൻ പറ്റുമെന്നു നോക്കിയിരിക്കുകയാണ് ഈ സൈബർ ലോകം. സംസ്ഥാന സ്‌കൂൾ കലോത്സവം കഴിഞ്ഞതിനു പിന്നാലെ രാഷ്ട്രീയരംഗത്തെ 'മികച്ച പ്രതിഭ'കൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

കേരള രാഷ്ട്രീയോത്സവം 2011-16 എന്ന പേരിലാണ് കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രകടനത്തെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ പോയിന്റു നേടി കലാപ്രതിഭ-കലാതിലകം പട്ടത്തിന് അർഹരായത് യഥാക്രമം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സോളാർ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുമാണ്.

അഴിമതിയിൽ മുങ്ങിയ സോളാർ കേസു തന്നെയാണ് ഇരുവർക്കും 'അംഗീകാരം' നേടിക്കൊടുത്തത്. സോളാർ കേസിൽ ഇടയ്ക്കിടെ വിവിധ തെളിവുകളെക്കുറിച്ചും മറ്റും കളം നിറയുന്ന സരിതയും ഇതെല്ലാം നിഷേധിച്ച് തെളിവില്ലെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രിയും പുരസ്‌കാരനേട്ടത്തിന് ഏറെ യോഗ്യരെന്നാണു സൈബർ ലോകത്തിന്റെ അഭിപ്രായം.

മറ്റു പല പുരസ്‌കാരങ്ങളും സോഷ്യൽ മീഡിയ പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച നടനായി തെരഞ്ഞെടുത്തിരിക്കുന്നത് കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണിയെയാണ്. സോളാർ കേസുമായി ബന്ധപ്പെട്ട് സരിതയുടെ കത്തിൽ പേരുണ്ടെന്ന ആരോപണവും റബർ കർഷകർക്കു വേണ്ടി നിരാഹാരം കിടക്കുകയും തുടർന്ന് പൊലീസുകാരെത്തി ആശുപത്രിയിലാക്കിയതുമൊക്കെ വൻ വാർത്തയായിരുന്നു. ഇവിടങ്ങളിലൊക്കെ തന്റേതായ അഭിനയപാടവം കൊണ്ടു 'പ്രേക്ഷകരെ' കൈയിലെടുത്തുവെന്നാണ് ജോസ് കെ മാണിക്ക് പുരസ്‌കാരം നൽകി സൈബർ ലോകം പറയുന്നത്.

അക്ഷരശ്ലോക മത്സരത്തിന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഒന്നാം സ്ഥാനം. സൈബർ ലോകം ഒറ്റക്കെട്ടായാണു തിരുവഞ്ചൂരിനു പുരസ്‌കാരം നൽകിയതെന്നാണു 'റിപ്പോർട്ടുകൾ'. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേദിയിലുൾപ്പെടെ തിരുവഞ്ചൂരിനുണ്ടായ നാക്കുപിഴ കണക്കിലെടുത്താണത്രേ പുരസ്‌കാരം.

കേരള നടനത്തിന് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് കേരള കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ കെ എം മാണിയാണ്. ബാർ കോഴക്കേസിൽ ആരോപണവിധേയനായ മാണി രാജി വൈകിച്ച് ഏറെ നർത്തനമാടിയെന്നാണ് 'ജൂറി'യുടെ വിലയിരുത്തൽ. ഒടുവിൽ രാജി സമർപ്പിച്ചിട്ടും മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചതെന്നും വിലയിരുത്തലുണ്ട്.

ഉപന്ന്യാസ മത്സരത്തിൽ സമ്മാനം കോൺഗ്രസിന്റെ യുവനേതാവും എംഎൽഎയുമായ വി ടി ബൽറാമിനാണ്. ഫേസ്‌ബുക്കിലെ തന്റെ പേജിൽ ആരെയും തോൽപ്പിക്കുന്ന വാക്ചാതുരിയാണ് ബൽറാം പ്രദർശിപ്പിക്കുന്നതത്രെ. ആരൊക്കെ എന്തൊക്കെ ന്യായം പറഞ്ഞു വന്നാലും വാചകക്കസർത്തുകൊണ്ടു പിടിച്ചുനിൽക്കാൻ ബൽറാമിനെപ്പോലെ മറ്റാർക്കും കഴിയില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

കഥാപ്രസംഗത്തിനു ബാറുടമ അസോസിയേഷൻ നേതാവ് ബിജു രാധാകൃഷ്ണനാണ് പുരസ്‌കാരം. ബാർ കോഴക്കേസ് ഉയർത്തിക്കൊണ്ടുവരാൻ പറഞ്ഞ കഥകളാണ് ബിജുവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

പ്രസംഗത്തിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും തെരഞ്ഞെടുത്തു. കേരളത്തിലങ്ങോളമിങ്ങോളം വായിട്ടലച്ച് ഒടുവിൽ ഒരു പാർട്ടി തന്നെയുണ്ടാക്കി വെള്ളാപ്പള്ളി. ഇതിനിടെ, ചില പരാമർശങ്ങളൊക്കെ നടത്തി വാർത്തകളിൽ വളരെക്കാലം നിറഞ്ഞുനിൽക്കാനും വെള്ളാപ്പള്ളിക്കു കഴിഞ്ഞുവെന്നതും പുരസ്‌കാരത്തിന് അർഹനാക്കി.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണു മിമിക്രിക്കും ചാക്യാർകൂത്തിനും പുരസ്‌കാരം. അംഗവിക്ഷേപങ്ങളിലൂടെ ആശയവിനിമയം നടത്തുകയും ഡയലോഗ് ഡെലിവറിയിലെ പ്രത്യേകതകളുമാണു വി എസിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുക്കാൻ കാരണമെന്നാണു വിധികർത്താക്കൾ പറയുന്നത്.

വി എസിനു പുരസ്‌കാരം കൊടുക്കുമ്പോൾ കേരളത്തിൽ നിന്നുള്ള സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സോഷ്യൽ മീഡിയ രണ്ടു പുരസ്‌കാരം കൊടുത്തു. മോണോ ആക്ടിനും മൂകാഭിനയത്തിനുമാണ് പിണറായിക്കു പുരസ്‌കാരം. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തെയും സെക്രട്ടറി സ്ഥാനം വിട്ടതിനുശേഷമുള്ള കാലത്തെയും പ്രകടനം പരിശോധിച്ചാണ് ര്ണ്ടു പുരസ്‌കാരങ്ങൾ.

ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും തെരഞ്ഞെടുത്തത് പി കെ ശ്രീമതി എംപിയെയാണ്. സിപിഐ(എം) വേദികളിൽ കാട്ടിയ അസാധാരണമായ നൃത്തപ്രകടനത്തിനാണ് ശ്രീമതിക്കു പുരസ്‌കാരം. മൂന്നാർ സമരവേദിയിലും ലോക്‌സഭയിലെ ഇംഗ്ലീഷ് പ്രസംഗത്തിനിടയിലും കൈമുദ്രകളും ഭാവാഭിനയവും മികച്ചതാക്കിയതും പുരസ്‌കാരം ലഭിക്കാൻ ഇടയാക്കി.

കഥാരചനയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് എം ബി രാജേഷ് എംപിയാണ്. സിപിഎമ്മിനെതിരായ വിമർശനങ്ങളും മറ്റും ചർച്ചയാകുമ്പോൾ തന്റെ രചനാപാടവം കൊണ്ട് പുത്തൻ കഥകൾ ചമയ്ക്കാൻ മിടുക്കനാണു രാജേഷെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

ഏവരും ഒറ്റക്കെട്ടായി അംഗീകരിച്ച പുരസ്‌കാരമാണ് ബിജെപി നേതാവ് കെ സുരേന്ദ്രനു ലഭിച്ചത്. ഹിന്ദി പദ്യപാരായണത്തിനാണ് സുരേന്ദ്രനു പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ പോലും തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് എന്നതും പുരസ്‌കാരത്തിന് അർഹനാക്കി.

നാടോടിനൃത്തത്തിനുള്ള പുരസ്‌കാരം ലഭിച്ചത് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനാണ്. ഏതു നാട്ടിൽ തെരഞ്ഞെടുപ്പു നടന്നാലും ഓടിച്ചെന്ന് അവിടെ സ്ഥാനാർത്ഥിയാകുന്ന മികവു പരിഗണിച്ചാണ് ഒ രാജഗോപാലിനു 'നാടോടിനൃത്ത'ത്തിനുള്ള പുരസ്‌കാരം നൽകിയതെന്നും സൈബർ ലോകം പറയുന്നു.

പ്രഖ്യാപിക്കാൻ ഇനിയേറെ പുരസ്‌കാരങ്ങൾ ബാക്കിയുണ്ടെന്നും ഉടൻ തന്നെ അവ പ്രഖ്യാപിക്കുമെന്നുമാണ് 'ജൂറി' അറിയിച്ചിട്ടുള്ളത്. എന്തായാലും കേരള രാഷ്ട്രീയോത്സവ പുരസ്‌കാരങ്ങൾ സൈബർ ലോകം ആഘോഷമാക്കിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP