Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിസ്റ്റർ ലൂസി കളപ്പുര സന്യാസിനീ സഭയിൽ തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരി! മാന്യതയുണ്ടെങ്കിൽ സന്യാവസ്ത്രം ഊരിവച്ചു പുറത്തുവരിക; അല്ലാതെ സന്യാസമഠത്തിന്റെ ആവൃത്തിക്കുള്ളിൽ നിന്നുകൊണ്ട് വിശ്വാസത്തിനു നേരെ കൊഞ്ഞനം കുത്തുന്നത് അൽപ്പത്തരം: ഡ്രൈവിങ് ലൈസൻസ് എടുത്തതിന്റെയും ചുരിദാർ ഇട്ടതിന്റെയും പേരിൽ കത്തോലിക്കാ സഭ വടിയെടുത്ത കന്യാസ്ത്രീക്കെതിരെ സിന്ധു ജോയി

സിസ്റ്റർ ലൂസി കളപ്പുര സന്യാസിനീ സഭയിൽ തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരി! മാന്യതയുണ്ടെങ്കിൽ സന്യാവസ്ത്രം ഊരിവച്ചു പുറത്തുവരിക; അല്ലാതെ സന്യാസമഠത്തിന്റെ ആവൃത്തിക്കുള്ളിൽ നിന്നുകൊണ്ട് വിശ്വാസത്തിനു നേരെ കൊഞ്ഞനം കുത്തുന്നത് അൽപ്പത്തരം: ഡ്രൈവിങ് ലൈസൻസ് എടുത്തതിന്റെയും ചുരിദാർ ഇട്ടതിന്റെയും പേരിൽ കത്തോലിക്കാ സഭ വടിയെടുത്ത കന്യാസ്ത്രീക്കെതിരെ സിന്ധു ജോയി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് എടുത്തതിനും ചുരുദാർ ഇട്ടതിലും മാധ്യമങ്ങളോട് സംസാരിച്ചതിന്റെയും പേരിൽ കത്തോലിക്കാ സഭയക്കും സന്യാസിനി സമൂഹത്തിനും അനഭിമതയായ സിസ്റ്റർ ലൂസി കളപ്പുരയെ രൂക്ഷവമായി വിമർശിച്ച് സിന്ധു ജോയി. കന്യാസ്ത്രീ മഠങ്ങളലെ അനീതിയെ കുറിച്ച് തുറന്നു പറച്ചിലുകൾ നടത്തിയ കന്യാസ്ത്രീയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സിന്ധു രംഗത്തെത്തിയത്. സഭ വിശദീകരണം തേടിയതിനെ പിന്തുണച്ചു കൊണ്ടാണ് സിന്ധു രംഗത്തുവന്നത്.

സഭയിൽ നിന്ന് നിരവധി പേർ സിസ്റ്റർ ലൂസിക്കെതിരെ രംഗത്ത് വന്നിരുന്നു. സിസ്റ്റർ ലൂസി കളപ്പുര ചെയ്യുന്നത് അൽപ്പത്തമാണെന്ന് ആരോപിച്ച് മുൻ യുവജന നേതാവ് കൂടിയായ സിന്ധുജോയി രംഗത്ത് എത്തിയത്. മാന്യതയുണ്ടെങ്കിൽ സന്യാസ വസ്ത്രം ഊരി വച്ച് പുറത്തുവരിക. ഒരു സാധാരണ പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. അല്ലാതെ സന്യാസമഠത്തിന്റെ ആവൃത്തിക്കുള്ളിൽ നിന്നുകൊണ്ട് വിശ്വാസത്തിനു നേരെ കൊഞ്ഞനം കൂത്തുന്നത് അൽപ്പത്തമാണന്ന് സിന്ധു ജോയി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുര വളരെയധികം മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെയാണ് ബിഷപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'കുമാരി (സിസ്റ്റർ) ലൂസിയോട് പറയാനുള്ളത്' എന്ന തലക്കെട്ടേടെയാണ് സിന്ധു ജോയ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. പോസ്റ്റിലുടനീളം സിസ്റ്റർ ലൂസിക്കെതിരെ രൂക്ഷ വിമർശനമാണ് സിന്ധു നടത്തുന്നത്. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാൻ സ്വന്തം കാറുള്ള അപൂർവം കത്തോലിക്കാ സന്യാസിനികളിൽ ഒരാളായ സിസ്റ്റർ ലൂസി, കഴിഞ്ഞ പത്തുവർഷത്തിലേറെയായി താൻ അംഗമായിരിക്കുന്ന സന്യാസിനീ സഭയിൽ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരിയാണെന്ന് സിന്ധു പറയുന്നു.

സിന്ധു ജോയിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കുമാരി (സിസ്റ്റർ) ലൂസിയോട് പറയാനുള്ളത്...

ഇന്നലെ കേരളത്തിലെ വാർത്താ ചാനലുകളിൽ ചൂടുപിടിച്ച ചർച്ചകൾ കണ്ടു.വയനാട് ജില്ലയിൽ നിന്നുള്ള ഫ്രാൻസിസ്‌കൻ ക്‌ളാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ ലൂസി കളപ്പുരയെ മുഖ്യാതിഥിയാക്കിയ സായാഹ്ന ചർച്ചകൾ. സ്വാഭാവികമായും കത്തോലിക്കാ സഭയെ ആവോളം പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു ആ വിചാരണ. സ്വന്തം മതവിശാസത്തിനുവേണ്ടി പലതും വിട്ടുപേക്ഷിച്ചുപോന്ന ഒരാളെന്ന നിലയിൽ അതെന്നെ വല്ലാതെ നോവിച്ചുവെന്നു പറയാതെ വയ്യ!

വയനാട് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ് കുമാരി (സിസ്റ്റർ) ലൂസി കളപ്പുര. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാൻ സ്വന്തം കാറുള്ള അപൂർവം കത്തോലിക്കാ സന്യാസിനികളിൽ ഒരാൾ! കഴിഞ്ഞ പത്തുവർഷത്തിലേറെയായി താൻ അംഗമായിരിക്കുന്ന സന്യാസിനീ സഭയിൽ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരി.

കുമാരി (സിസ്റ്റർ) ലൂസിയോട് പറയാനുള്ളത് ഇവയാണ്. ഫ്രാൻസിസ്‌കൻ ക്‌ളാരിസ്റ്റ് കോൺഗ്രിഗേഷന്റെ അന്തഃസത്ത എന്താണെന്ന് മനസിലാക്കേണ്ടിയിരുന്നു അവർ. ഇറ്റലിയിലെ അസ്സീസിയുടെ തെരുവുകളിൽ ദാരിദ്ര്യത്തിന്റെ ചാക്കുവസ്ത്രമണിഞ്ഞു നടന്ന ഫ്രാൻസിസ് എന്ന സന്യാസി; അവന്റെ ദാരിദ്ര്യത്തിന്റെ വിശുദ്ധിയെറിഞ്ഞു പ്രഭുമന്ദിരം വിട്ടിറങ്ങിയ ക്ലാര എന്ന പെൺകുട്ടി. ഈ ഫ്രാൻസിസിന്റെയും ക്‌ളാരയുടെയും സുകൃത പുണ്യങ്ങളാണ് എഫ് സി സി എന്ന സന്യാസിനീ സഭയുടെ ആന്തരിക സത്ത. 'അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം' എന്നീ മൂന്നു വ്രതങ്ങൾ അൾത്താരയുടെ മുന്നിൽ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞചൊല്ലിയാണ് ഒരു സ്ത്രീ ഫ്രാൻസിസ്‌കൻ ക്‌ളാരിസ്റ്റ് കോൺഗ്രിഗേഷനിൽ അംഗമാകുന്നത്.

നാലുവർഷത്തിലേറെ നീളുന്ന പരിശീലനപ്രക്രിയയുടെ അവസാനമാണ് അത്. അതും കഴിഞ്ഞു ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതേ വ്രതങ്ങൾ ഏറ്റുചൊല്ലി വീണ്ടും 'നിത്യവൃത വാഗ്ദാനം'. അപ്പോഴാണ് കത്തോലിക്കാ സഭയിൽ ഒരു ഒരു സ്ത്രീ പൂർണമായും സന്യാസിനി ആകുന്നത്. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും സന്യാസത്തിൽ നിന്ന് പുറത്തുവരാമെന്നു സാരം. കുമാരി (സിസ്റ്റർ) ലൂസി കളപ്പുരയുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഞാൻ അംഗീകരിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ സ്വാതന്ത്ര്യവും അവർക്കുണ്ട്. എന്നാൽ, സന്യാസത്തിന്റെ ആവൃതിയിൽ അതിനു പരിമിതികളുണ്ട്; അതാണ് സന്യാസത്തിന്റെ കാതൽ!

ഇന്ത്യയിലെ എല്ലാ സൈനിക വിഭാഗങ്ങളിലും ഇപ്പോൾ സ്ത്രീകൾക്ക് കമ്മീഷൻഡ് ഓഫീസർ റാങ്കിൽ സേവനം ചെയ്യാം. അതിനുവേണ്ടി അവർ ഒരു പരിശീലനപദ്ധതിയിലൂടെ കടന്നുപോകണം. സൈന്യത്തിന്റെ യൂണിഫോം ധരിക്കണം. സേനയിലെ അച്ചടക്കം പാലിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഉറപ്പായും അവർ അച്ചടക്കനടപടിക്ക് വിധേയമാകും; ഒടുവിൽ പുറത്തുപോകും. കേരള പൊലീസിലുമുണ്ട് വനിതകൾ. അവർക്കും ഈ നിയമങ്ങൾ ബാധകമാണ്. എന്തിന്, ഒരു ആശുപത്രിയിൽ ജോലിചെയ്യുന്ന നേഴ്സും ഡോക്ടറുമൊക്കെ ഇത്തരം നിയമങ്ങൾ പാലിച്ചേ ഒക്കൂ. ഇതാണ്, ഒരു സന്യാസസഭയിലും നടക്കുന്നത്. ആ സമൂഹത്തിന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ.
എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവലിൽ ഇങ്ങനെയൊരു പരാമർശമുണ്ട്: 'മുറിവേറ്റ മൃഗത്തെ സൂക്ഷിക്കണം; അതാണ് ഏറ്റവും അപകടകാരി'.

ക്ഷതം രണ്ടു തരമുണ്ട്. ഉള്ളിൽ ഉണങ്ങാതെ കിടന്ന്, വളർന്ന്, പിന്നെ ഉണങ്ങാത്ത മുറിവായി നീറിക്കിടക്കുന്ന, വിഷം വമിക്കുന്ന ക്ഷതം. മറ്റൊന്ന് ക്രിസ്തുവിന്റെ മുറിവു പോലെ രക്ഷാകരമായ ക്ഷതം. അവർ ചെയ്തത് എന്തെന്ന് അവർ അറിയുന്നില്ല എന്ന് മനസ്സിലാക്കി അവരുടെ വീഴ്ചകളോട് ക്ഷമിക്കുന്ന യേശുവിന്റെ ക്ഷതം. അത് ഉണങ്ങിപ്പോവുകയും ക്ഷമയുടെയും സൗഖ്യത്തിന്റെയും നീരുവ ആകുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ തിരുമുറിവുകളോട് ചേർത്തു വയ്ക്കുന്ന എല്ലാ മുറിവുകളും സൗഖ്യം പകരുന്ന ക്ഷതങ്ങളായി മാറുന്നു!

കുമാരി ലൂസി കളപ്പുരയുടെ ആന്തരികക്ഷതങ്ങൾ അങ്ങനെ ഉണങ്ങിയിട്ടില്ലെന്നു സാരം. കൗമാരപ്രായത്തിൽ ആരുടെയോ പ്രേരണക്ക് വശംവദയായി സന്യാസത്തിന്റെ ആവൃതിയിൽ അഭയം തേടിയ ലൂസിയുടെ വൃണങ്ങൾ ഇനിയും ഉണങ്ങിയിട്ടില്ലെന്നു വാസ്തവം.
കുമാരി ലൂസി കളപ്പുരയോട് അപേക്ഷിക്കാനുള്ളത് ഇതാണ്. മാന്യതയുണ്ടെങ്കിൽ സന്യാസവസ്ത്രം ഊരിവച്ചു പുറത്തുവരിക, ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. അല്ലാതെ, സന്യാസിനീമഠത്തിന്റെ ആവൃതിക്കുള്ളിൽ നിന്നുകൊണ്ട് വിശ്വാസത്തിനുനേരെ കൊഞ്ഞനം കുത്തുന്നത് അല്പത്തമാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP