Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

'അവളുടെ കണ്ണുകൾ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്; അവളുടെ ജഡത്തിൽ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി കോടികൾ നേടി; ഈ സിനിമകൾക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്; അവൾ മരിച്ചപ്പോഴും എല്ലാവർക്കും അറിയേണ്ടത് ഞങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്'; സിൽക്ക് സ്മിതയുടെ ചരമവാർഷികത്തിൽ സോഷ്യൽ മീഡിയ വൈറൽ ആക്കിയ ഒരു ഓർമ്മക്കുറിപ്പ്

'അവളുടെ കണ്ണുകൾ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്; അവളുടെ ജഡത്തിൽ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി കോടികൾ നേടി; ഈ സിനിമകൾക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്; അവൾ മരിച്ചപ്പോഴും എല്ലാവർക്കും അറിയേണ്ടത് ഞങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്'; സിൽക്ക് സ്മിതയുടെ ചരമവാർഷികത്തിൽ സോഷ്യൽ മീഡിയ വൈറൽ ആക്കിയ ഒരു ഓർമ്മക്കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമയിലെ മാദകറാണി 24ാം ചരമവാർഷികമായിരുന്നു ഇന്നലെ കടന്നുപോയത്. ഈ സമയത്ത് സോഷ്യൽ മീഡിയ വൈറലാക്കിയത് നടനും സിൽക്കിന്റെ ഗോഡ്ഫാദറായി അറിയപ്പട്ടിരുന്ന അന്തരിച്ച നടനും തിരക്കഥാകൃത്തുമായ വിനു ചക്രവർത്തിയുടെ വാക്കുകൾ ആണ്. വിജയലക്ഷ്മി എന്ന ആന്ധ്രക്കാരി സിൽക്ക് എന്ന മാദകറാണിയായത് വിനു ചക്രവർത്തിയുടെ രചനയിൽ കെ വിജയൻ സംവിധാനം ചെയ്ത വണ്ടിചക്രം എന്ന ചിത്രത്തിലൂടെയാണ്. അന്തരിച്ച വിനു ചക്രവർത്തി സിൽക്കിന്റെ ഗോഡ്ഫാദർ എന്ന നിലയിലും ആഘോഷിക്കപ്പെട്ട നടനാണ്. താനും സിൽക്കും തമ്മിലുള്ള ബന്ധം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിനു ചക്രവർത്തി പലപ്പോഴും പറഞ്ഞിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ഒരു മാസികക്ക് വിനു ചക്രവർത്തി നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു-
'വണ്ടിച്ചക്രം എന്ന ചിത്രത്തിനായി ഒരു നടിയെ വേണം എന്ന് പറഞ്ഞ് നിർമ്മാതാവ് തിരുപ്പൂർ മണി എന്നെ സമീപിച്ചു. ചിത്രത്തിൽ അഭിനയിക്കാൻ ഒരുപാട് പെൺകുട്ടികൾ എത്തിയിരുന്നു. അതിനിടയിലാണ് അതീവ വശ്യതയുള്ള കണ്ണുകൾക്കുടമയായ ഒരു പെൺകുട്ടി എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അടുത്ത് വിളിച്ച് പേര് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. 'സർ എന്റെ പേര് വിജയലക്ഷ്മി. ആന്ധ്രയിൽ നിന്നാണ് വരുന്നത്. സിനിമയിൽ അഭിനയിക്കണമെന്നുണ്ട്. വീടുകളിൽ ജോലിക്ക് പോയി കൊണ്ടിരിക്കുകയാണ്. നാട്ടിൽ അത്യാവശ്യം ഡാൻസ് ചെയ്യാറുണ്ട്'. കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ അവളെ ക്യാമറ ടെസ്റ്റിന് പരിഗണിച്ചു. ക്യാമറയ്ക്ക് മുൻപിലെത്തിയപ്പോൾ അവളുടെ കണ്ണുകളിലെ ഭാവം മാറി. ഒരു പ്രത്യേക ശരീരഭാഷയായിരുന്നു അവളുടേത്. ഞങ്ങൾ അവളെ തിരഞ്ഞെടുത്തു 22 ദിവസമാണ് അവളെ വച്ച് ചിത്രീകരിച്ചത്.

നിങ്ങൾ എല്ലാവരും പറയുന്നതുപോലെ സിൽക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവൾ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. കമൽഹാസനും രജനികാന്തിനുമൊപ്പമെല്ലാം സിനിമകൾ ചെയ്തു. തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം സിലുക്കും ഞാനും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല. അവളുടെ ജഡത്തിൽ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികൾ നേടി. ഈ സിനിമകൾക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

സിലുക്ക് മരിച്ചപ്പോഴും എല്ലാവർക്കും അറിയേണ്ടത് ഞങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അവൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഞാൻ അറിഞ്ഞത് സിംഗപ്പൂരിൽ വച്ചാണ്. അവിടെ വച്ച് ഒരാൾ എന്നോട് ചോദിച്ചു സിലുക്കിനെയും എന്നെയും ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടാൽ എന്താണ് സംഭവിക്കുന്നതെന്ന്. ഞാൻ അയാളോട് പറഞ്ഞു. 'നിങ്ങളുടെ കണ്ണിൽ ഞാൻ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാൽ എനിക്ക് അവൾ മകളെപ്പോലെയായിരുന്നു. മാതാപിതാക്കളുടെ സ്‌നേഹവും സുരക്ഷിതത്വവുമില്ലാതെ വളർന്നതുകൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. അവൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. തള്ളിപ്പറഞ്ഞു. ഈ നിരാശയിൽ അവൾ ജീവിതമൊടുക്കി. അടുത്ത ജന്മം ഉണ്ടെങ്കിൽ എനിക്കവളുടെ അച്ഛനായാൽ മതി'. സിംഗപ്പൂരിലെ വിമാനത്താവളത്തിൽ ഞാൻ ഈ പറയുന്നത് ഒരു കൂറ്റൻ സ്‌ക്രീനിൽ കാണിച്ചിരുന്നു. എല്ലാവരും അന്ന് കയ്യടിച്ചു. ഞാൻ അവളുടെ അദ്ധ്യാപകനായിരുന്നു. ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുത്തിരുന്നു. എന്നാൽ ജീവിതം അവളെക്കൊണ്ട് അതിനപ്പുറം പലതും ചെയ്യിച്ചു'.- ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിലുടെ വൈറൽ ആവുന്നത്.

മലയാള സിനിമയിൽ ഗൗണ്ടർ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ വിനു ചക്രവർത്തി മൂന്നുവർഷം മുമ്പ് തന്റെ 72ാമത്തെ വയസ്സിലാണ് അന്തരിച്ചത്.തമിഴകത്തെ പഴയകാലനടന്മാരിൽ പ്രമുഖനായ അദ്ദേഹം പലഭാഷകളിലായി ആയിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.ശബ്ദമായിരുന്നു അദ്ദേഹത്തെ മറ്റുനടന്മാരിൽനിന്നും വ്യത്യസ്തമാക്കിയ ഒരു പ്രധാനഘടകം. ലേലം, തെങ്കാശിപ്പട്ടണം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പിൽ ആൺവീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP