Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തെ ആദ്യ വിദ്യാർത്ഥി സംഘടനയുടെ പൈതൃകം ഏറ്റെടുക്കാനുള്ള ശ്രമവുമായി എസ്എഫ്ഐ; വ്യാജഫോട്ടോയുമായി ദേശീയ നേതൃത്വത്തിന്റെ ഫേസ്‌ബുക്ക് പേജ്; എഐഎസ്എഫിന്റെ 84-ാം വാർഷികത്തിൽ 'സംഘടിത വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ആഘോഷ'വുമായി എസ്എഫ്ഐ; ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും ഫോട്ടോഷോപ്പ്; ചരിത്രത്തെ തിരുത്തി എഴുതുന്നതിൽ സംഘപരിവാർ സംഘടനകൾ എസ്എഫ്ഐക്ക് ശിഷ്യപ്പെടണമെന്ന പരിഹാസവുമായി എഐഎസ്എഫ്

രാജ്യത്തെ ആദ്യ വിദ്യാർത്ഥി സംഘടനയുടെ പൈതൃകം ഏറ്റെടുക്കാനുള്ള ശ്രമവുമായി എസ്എഫ്ഐ; വ്യാജഫോട്ടോയുമായി ദേശീയ നേതൃത്വത്തിന്റെ ഫേസ്‌ബുക്ക് പേജ്; എഐഎസ്എഫിന്റെ 84-ാം വാർഷികത്തിൽ 'സംഘടിത വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ആഘോഷ'വുമായി എസ്എഫ്ഐ; ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും ഫോട്ടോഷോപ്പ്; ചരിത്രത്തെ തിരുത്തി എഴുതുന്നതിൽ സംഘപരിവാർ സംഘടനകൾ എസ്എഫ്ഐക്ക് ശിഷ്യപ്പെടണമെന്ന പരിഹാസവുമായി എഐഎസ്എഫ്

മറുനാടൻ ഡെസ്‌ക്‌

എഐഎസ്എഫ് സമരത്തിന്റെ ചിത്രം എഡിറ്റ് ചെയ്ത് തങ്ങളുടേതാക്കി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി. ചരിത്രത്തെ വളച്ചൊടിക്കുന്നത് സംഘപരിവാർ മാത്രമല്ലെന്ന് ചൂണ്ടിക്കാട്ടി എഐഎസ്എഫ് പ്രവർത്തകർ. എഐഎസ്എഫ് രൂപീകരണ ദിനത്തിലാണ് എസ്എഫ്ഐ സംഘടിത വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ആഘോഷം എന്ന പേരിൽ എഐഎസ്എഫ്-എഐവൈഎഫ് പ്രവർത്തകർ ഡൽ​​ഹിയിൽ പണ്ട് ഫാസിസത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് തങ്ങളുടെ ഫോസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. എഐഎസ്എഫ് കൊടികളെ എസ്എഫ്ഐ തങ്ങളുടെ കൊടികളായി ചിത്രീകരിച്ചിരിക്കുന്നത്. എഐഎസ്എഫ് സ്ഥാപക ദിനത്തിൽ ഇത്തരത്തിൽ ചിത്രം പ്രചരിപ്പിക്കുന്നത് തങ്ങളുടെ സംഘടനയുടെ ചരിത്രത്തെ ചുളുവിൽ സ്വന്തമാക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നത് എന്നും എഐഎസ്എഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

എഐഎഎസ്എഫ് രൂപീകരിച്ചതിന്റെ 84-ാം വാർഷികമായിരുന്നു ഓ​ഗസ്റ്റ് 12. ഈ ദിവസമാണ് സെലിബ്രേഷൻ ഓഫ് ഓർ​ഗനൈസ്ഡ് സ്റ്റുഡന്റ് മൂവ്മെന്റ് എന്ന തലക്കെട്ടോടെ എഡിറ്റ് ചെയ്ത ചിത്രവുമായി എസ്എഫ്ഐ കേന്ദ്ര നേതൃത്വം സൈബർ ലോകത്ത് എത്തിയത്. ഇതോടെ പ്രതിഷേധവുമായി എഐഎസ്എഫ് പ്രവർത്തകരും രം​ഗത്തെത്തി. പിറ്റേ ദിവസം വൈകിട്ട് എട്ട് മണിക്ക് എസ്എഫ്ഐയുടെ ഫേസ്‌ബുക്ക് പേജിൽ സംഘപരിവാർ ചരിത്രത്തെ നശിപ്പിക്കുന്നു എന്ന തലക്കെട്ടിൽ തന്നെ ലൈവ് സംവാദം നടത്തുന്നതിന്റെ ചേർച്ചയില്ലായ്മയേയും എഐഎസ്എഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

64 മുൻപുള്ള സിപിഐയെ അഭിഭക്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആക്കിയത് പോലെ എഐഎസ്എഫിനെ അഭിഭക്ത STUDENTS FEDERATION ആക്കാൻ ഉള്ള ശ്രമം ആയിരിക്കും എന്നാണ് പ്രധാനമായും ഉയരുന്ന പരിഹാസം. എസ്എഫ്ഐയും സംഘപരിവാറും ചരിത്രത്തെ തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതാൻ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ സംഘികൾ എസ്എഫ്ഐക്കാർക്ക് ദക്ഷിണ നൽകി ശിഷ്യപ്പെടണമെന്നും എഐഎസ്എഫ് പ്രവർത്തകർ പരിഹസിക്കുന്നു.

1970ലാണ് എസ്എഫ്ഐ രൂപം കൊള്ളുന്നത്. എഐഎസ്എഫ് ആകട്ടെ ഏതിനും മൂന്നര പതിറ്റാണ്ട് മുമ്പാണ് രൂപം കൊള്ളുന്നത്. രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ എരിഞ്ഞ 1936ൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുൻ നിര നേതാക്കളാണ് എഐഎസ്എഫ് എന്ന രാജ്യത്തെ ആദ്യ വിദ്യാർത്ഥി സംഘടനക്ക് രൂപം നൽകിയത്. 1930 കൾ മുതൽ വിവിധ സ്റ്റുഡന്റ്‌സ് ഫെഡറേഷനുകൾ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ രൂപീകൃതമായി. ഈയൊരു പശ്ചാത്തലത്തിലാണ് 1931 മാർച്ച് 26ന് കറാച്ചിയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന 700 പ്രതിനിധികൾ പങ്കെടുത്ത യോഗം ഒരു അഖിലേന്ത്യ സംഘടനയ്ക്ക് രൂപം നൽകാൻ തീരുമാനിക്കുന്നത്.

എന്നാൽ ബ്രിട്ടീഷ് അധികാരികൾ ഇതിലെ അപകടം മനസ്സിലാക്കി വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളെ ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽ വിളിച്ചുകൂട്ടി ഒരു ഔദ്യോഗിക സംഘടനയുണ്ടാക്കുവാൻ ശ്രമിച്ചു. പക്ഷെ, പ്രസ്തുത മീറ്റിങ് ദേശീയവാദികളായ വിദ്യാർത്ഥികൾ കൈയടക്കി. ഇതോടെ ദേശീയ വാദികളായ വിദ്യാർത്ഥികളുടെ ഒരു അഖിലേന്ത്യാ സംഘടനയുടെ രൂപീകരണം അനിവാര്യമാണെന്ന് ദേശീയ വാദികൾക്ക് ബോധ്യമായി. അങ്ങനെയാണ് 1936 ഓഗസ്റ്റ് 12-13 തീയതികളിൽ ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥി സംഘടനകളെയും ക്ഷണിച്ചുകൊണ്ട് ഒരു സമ്മേളനം നടത്തുവാൻ തീരുമാനമാവുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നീ പാർട്ടികളിൽ നിന്നെല്ലാം പ്രതിനിധികളെത്തി. വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ആൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാപന സമ്മേളനം അങ്ങനെ രാജ്യം മുഴുവൻ പങ്കെടുത്ത വലിയ ഒരു സമ്മേളനമായി മാറി. 936 പ്രതിനിധികൾ അഖിലേന്ത്യാ അടിസ്ഥാനത്തിൽ 211 സംഘടനകളെ പ്രതിനിധാനം ചെയ്തു. മുഹമ്മദാലി ജിന്ന അദ്ധ്യക്ഷത വഹിച്ച രൂപീകരണ സമ്മേളനം ജവഹർലാൽ നെഹ്‌റു ആണ് ഉദ്ഘാടനം ചെയ്തത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ശ്രീനിവാസശാസ്ത്രി തുടങ്ങിയ അനേകം ദേശീയ നേതാക്കൾ ആശംസകൾ നേർന്നു. ഈ സമ്മേളനമാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്ന സംഘടനയുടെ ആരംഭം.

പ്രേംനാരായണൻ ഭാർഗവ ആദ്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫിന്റെ രണ്ടാമത്തെ സമ്മേളനം 1936 നവംബർ 22 മുതൽ ലാഹോറിൽ നടന്നു. ഈ സമ്മേളനത്തിലാണ് എഐഎസ്എഫിന്റെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഈ സമ്മേളനത്തിൽ നാസി ജർമ്മനി സ്‌പെയിനിനെതിരെ നടത്തുന്ന യുദ്ധത്തിനെതിരെയുള്ള പ്രമേയം പാസാക്കി. ലോക വിദ്യാർത്ഥി പ്രസ്ഥാനവുമായി (ഇന്റർനാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ്) എഐഎസ്എഫിനെ അഫിലിയേറ്റ് ചെയ്തു.

സിപിഎമ്മിന്റെ രൂപീകരണത്തിനും വളരെ നാളുകൾക്ക് ശേഷമാണ് എസ്എഫ്ഐ രൂപം കൊള്ളുന്നത്. 1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന സമ്മേളനത്തിൽ ആണ് എസ് എഫ് ഐ രൂപീകരിച്ചത്. ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. സി.ഭാസ്‌ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP