Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഡൽഹിക്ക് കേരളത്തിൽ നിന്നല്ല..കേരളത്തിന് ഡൽഹിയിൽ നിന്നാണ് ഏറെ പഠിക്കാനുള്ളത്; തലസ്ഥാന നഗരിയിൽ കേരളത്തിലേത് പോലെ ആളുകൾക്ക് കോവിഡ് പേടിയും പിരിമുറുക്കവുമില്ല; കേരളത്തിലെ പോലെ ഡൽഹിയിൽ പൊലീസ് രാജുമില്ല; കേരള മോഡൽ കോവിഡ് മാനേജ്‌മെന്റിനെ വിമർശിച്ച് എഴുത്തുകാരൻ സച്ചിദാനന്ദന്റെ പോസ്റ്റ്

ഡൽഹിക്ക് കേരളത്തിൽ നിന്നല്ല..കേരളത്തിന് ഡൽഹിയിൽ നിന്നാണ് ഏറെ പഠിക്കാനുള്ളത്; തലസ്ഥാന നഗരിയിൽ കേരളത്തിലേത് പോലെ ആളുകൾക്ക് കോവിഡ് പേടിയും പിരിമുറുക്കവുമില്ല; കേരളത്തിലെ പോലെ ഡൽഹിയിൽ പൊലീസ് രാജുമില്ല; കേരള മോഡൽ കോവിഡ് മാനേജ്‌മെന്റിനെ വിമർശിച്ച് എഴുത്തുകാരൻ സച്ചിദാനന്ദന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനത്തിന്റെ ഒരുഘട്ടത്തിൽ എല്ലാം കൈവിട്ടുപോവുകയാണെന്ന ആശങ്ക ഉയർന്നിരുന്നു. തലസ്ഥാനനഗരിയിലെ ആശുപത്രി സംവിധാനങ്ങളുടെ പരാധീനതകളും മറ്റും മാധ്യമങ്ങളിൽ നിറഞ്ഞു. കോവിഡ് കേസുകൾ പെരുകി. മലയാളി നഴ്‌സുമാരടക്കം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പടർന്നതും ഭീതിക്കിടയാക്കി. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുകയും, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സഹകരിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ഇതോടെ കോവിഡ് ഒരുപരിധി വരെ വരുതിയിലായി. ഒരുപക്ഷേ ഉത്സവാഘോഷങ്ങൾ കഴിയുമ്പോൾ ഒരുരണ്ടാം തരംഗത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും. ഈ പശ്ചാത്തലത്തിൽ ഡൽഹിയിലെയും കേരളത്തിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ താരതമ്യം ചെയ്ത് എഴുത്തുകാരൻ കെ.സച്ചിദാനന്ദൻ ഇട്ട ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. നിരവധി പേർ പോസ്റ്റിലെ വാദങ്ങളോട് യോജിച്ചും വിയോജിച്ചും എത്തി.

ഒരേപോലെ ജനസംഖ്യയുള്ള കേരളത്തിലെയും ഡൽഹിയിലെയും സർക്കാരുടെ കോവിഡിനോടുള്ള സമീപനത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയന്നാണ് സച്ചിദാനന്ദൻ ചോദിക്കുന്നത്. സർക്കാരിന്റെ സമീപനത്തിലാണോ ജനങ്ങളുടെ സമീപനത്തിലാണോ ഈ വ്യത്യാസം എന്ന് വ്യക്തമല്ല. ഡൽഹിയിൽ താൻ മാത്രമല്ല എല്ലാവരും കുറച്ചുകൂടി പിരിമുറുക്കം കുറഞ്ഞ അന്തരീക്ഷത്തിലാണ്. ഡൽഹിയിലും കോവിഡുണ്ടെങ്കിലും കേരളത്തിലെ അത്ര ഭീതി കാണാനില്ല. ഈ ഭീതി ആരുസൃഷ്ടിച്ചതാണെങ്കിലും. ഇവിടെയും ആളുകൾ മാസ്‌ക് ധരിക്കുകയും, സാധിക്കാവുന്നതോളം സാമൂഹിക അകലം പാലിക്കുകയും, ആവശ്യമുള്ളപ്പോൾ മാത്രം പുറത്തുപോവുകയും ചെയ്യുന്നു. ഇവിടെ മുൻകരുതലുണ്ട്, പക്ഷേ ഭീതിയില്ല.

രോഗികൾക്ക് ഒറ്റപ്പെട്ടവരെന്ന ഭീതിയോ, വെറുക്കപ്പെട്ടവരെന്നോ തോന്നുന്നില്ല. കേരളത്തിലേതിൽ നിന്നും വിരുദ്ധമായി ഇത്തരം ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള മനസ്ഥിതിയും കാണുന്നുണ്ട്. ഇങ്ങനെയല്ലാത്തതൊന്നും സംഭവിക്കുന്നില്ലെന്നല്ല. അതാണ് പൊതുവെ തോന്നുന്ന കാര്യം. ഡൽഹിയിൽ പൊലീസിന് റോൾ കുറവാണ്. കേരളത്തിലാണെങ്കിൽ ആൾക്കൂട്ടം ഒഴിവാക്കാൻ റൂട്ട് മാർച്ച് വരെ നടന്നു. പൊലീസാണ് പലപ്പോഴും കണ്ടെയ്‌മെന്റ് സോണുകൾ നിശ്ചയിക്കുന്നത്. ഭാഗികമായി ഇത് ഒറ്റപ്പെടലിന്റെ ഭീതിയും, ഇരയെ വേട്ടയാടുന്ന സമ്പ്രദായവും പൊലീസിന്റെ അമിതോത്സാഹവും മൂലം സംഭവിക്കുന്നതാണ്. ഡൽഹി കേരളത്തിൽ നിന്ന് എന്നതിനേക്കാൾ, കേരളം ഡൽഹിയിൽ നിന്ന് കൂടുതൽ പഠിക്കാനുണ്ടെന്നാണ് തനിക്ക് തോന്നുന്നത്-സച്ചിദാനന്ദന്റെ പോസ്റ്റിൽ പറയുന്നു.

ഇടത് പക്ഷത്തോട് ചേർന്നുനിൽക്കുന്ന എഴുത്തുകാരനാണ് സച്ചിദാനന്ദൻ. അദ്ദേഹത്തിന്റെ വിമർശനം കോവിഡ് നിയന്ത്രണത്തിന് അമിതമായി പൊലീസിനെ ആശ്രയിക്കുന്ന പിണറായി സർക്കാരിന്റെ ശൈലിക്കെതിരെ കൂടിയാണ്.

അതേസമയം, ഡൽഹിയിൽ കോവിഡ് മൂലം 6,163 പേർ മരിച്ചുവെന്നും കേരളത്തിൽ 1256 പേർ മാത്രമേ മരിച്ചുള്ളുവെന്നും ചാർമി ഹരികൃഷണൻ മറുപടിയായി എഴുതുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളം ഡൽഹിയേക്കാൾ കൈവരിച്ച സാമൂഹിക വികസനമാണ് മരണസംഖ്യ കുറയാൻ കാരണമെന്ന് റൂബിൻ ഡിക്രൂസ് അഭിപ്രായപ്പെടുന്നു. രണ്ട് സംസ്ഥാനങ്ങളുടെയും കോവിഡ് മാനേജ്‌മെന്റിനെ ജനസംഖ്യയുടെയും, മറ്റുഘടകങ്ങളുടെയും അടിസ്ഥാനത്തിൽ താരമതമ്യ പഠനം നടത്തിയാൽ മാത്രമേ നിയന്ത്രണത്തിൽ ആരാണ് ഭേദമെന്ന് കണ്ടെത്താനാവൂ. എന്നാൽ, രോഗം വന്നവരെ പഴിക്കുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി കേരളത്തെ വേറിട്ട് നിർത്തുന്നുവെന്നാണ് സച്ചിദാനന്ദന്റെ അഭിപ്രായം. പൊലീസ് കോവിഡ് മാനേജ്‌മെന്റ് ഏറ്റെടുക്കുന്നതും, സമൂഹത്തിൽ നിലനിൽക്കുന്ന ഭീതിയും കേരള സമൂഹത്തിന്റെ പാകതയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് റൂബിൻഡിക്രൂസും അഭിപ്രായപ്പെടുന്നു.

ഡൽഹിയിലെ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികൾ രൂപപ്പെട്ടതായി പുതിയ സിറോ സർവേയിൽ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തിൽ സംസ്ഥാനത്തെ എല്ലാ 11 ജില്ലകളിൽനിന്നും ശേഖരിച്ച 17,000 സാംപിളുകൾ പരിശോധിച്ചുള്ള മൂന്നാമത് സിറോളജിക്കൽ സർവേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം വ്യക്തമായത്. രണ്ടാം തരംഗം ഉണ്ടായാലും അതിനെ നേരിടാൻ ഡൽഹി സജ്ജമെന്നാണ് സർക്കാരിന്റെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP