Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹിന്ദുമതത്തിന്റെ പ്രത്യേകത വൈവിധ്യം; ഹിന്ദുത്വത്തിന് സാമ്യം ഇസ്ലാമിനോടും ക്രിസ്ത്യൻ വിശ്വാസത്തോടും; ഹിന്ദുമതത്തെ മതനിരപേക്ഷത എന്ന് വ്യാഖ്യാനിക്കാമെന്നും ശശി തരൂർ

ഹിന്ദുമതത്തിന്റെ പ്രത്യേകത വൈവിധ്യം; ഹിന്ദുത്വത്തിന് സാമ്യം ഇസ്ലാമിനോടും ക്രിസ്ത്യൻ വിശ്വാസത്തോടും; ഹിന്ദുമതത്തെ മതനിരപേക്ഷത എന്ന് വ്യാഖ്യാനിക്കാമെന്നും ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തെ രാഷ്ട്രീയ- സാംസ്‌കാരിക- മതരംഗങ്ങളിലുള്ളവർ ഇന്ന് ഒരുപോല ചർച്ച ചെയ്യുന്ന വിഷയമാണ് ഹിന്ദുമതവും ഹിന്ദുത്വവും. ഇത് രണ്ടും ഒന്നാണ് എ്ന്ന തരത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ പ്രചാരണം നടത്തുമ്പോൾ തന്നെ ഇവ രണ്ടും വ്യത്യസ്തമാണെന്നും പരസ്പര ബന്ധം പോലും ഇല്ലാത്തവയാണെന്നും സമർത്ഥിക്കാൻ സംഘപരിവാർ വിരുദ്ധ ചേരി ശ്രമിക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഹിന്ദുമതവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. ട്വിറ്ററിലാണ് തരൂർ ഹിന്ദുമതവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഹിന്ദുമതവും ഹിന്ദുത്വവും തമ്മിലുള്ള ആറ് വ്യത്യാസങ്ങളാണ് ശശി തരൂർ ട്വീറ്റ് ചെയ്ത പട്ടികയിലുള്ളത്. ഹിന്ദുമതത്തിന്റെ വിപരീതം ഇസ്ലാമോ ക്രിസ്തുമതമോ സോഷ്യലിസമോ അല്ലെന്നും അത് ഹിന്ദുത്വമാണ് എന്നു പറഞ്ഞു കൊണ്ടാണ് പട്ടിക തുടങ്ങുന്നത്.

1. വ്യത്യസ്തമായ ഇന്ത്യൻ സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സ്ഥാപകരില്ലാാത്ത വേരുകളുടെയും ആകെത്തുകയാണ് ഹിന്ദുമതം. എന്നാൽ വിനായക ദാമോദർ സവർക്കർ പ്രചരിപ്പിച്ച ഏകശിലാരൂപിയായ വംശീയ - പ്രാദേശിക ആശയമാണ് ഹിന്ദുത്വം.

2. ഹിന്ദുമതത്തിന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. ഇത് ലോകത്തെ ഏറ്റവും പഴക്കമുള്ള ആത്മീയ ജീവിതരീതികളിലൊന്നാണ്. എന്നാൽ സവർക്കർ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം മുന്നോട്ടു വെച്ചത് 1923ലായിരുന്നു.

3. ഹിന്ദുമതത്തിന് വേദങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ന്യായം, സാംഖ്യം, മീമാംസ, യോഗ തുടങ്ങി നിരവധി പാഠങ്ങളുണ്ട്. എന്നാൽ ഹിന്ദുത്വയുടെ ഒരേയൊരു ഗ്രന്ധം 1928ൽ പ്രസിദ്ധീകരിച്ച ഹിന്ദുത്വഃ ആരാണ് ഹിന്ദു എന്ന രാഷ്ട്രീയ ലഘുലേഖ മാത്രമാണ്.

4. വൈവിധ്യമാണ് ഹിന്ദുമതത്തിന്റെ പ്രത്യേകത. പലതരം ജീവിതവഴികളുടെ ഒത്തു ചേരലാണത്. എന്നാൽ ഹിന്ദുത്വമാകട്ടെ ഏകശിലാരൂപീയാണ്. ഇതിന് ഇസ്ലാമിനോടും ക്രിസ്ത്യൻ വിശ്വാസത്തോടുമാണ് കൂടുതൽ സാമ്യം.

5. വിവിധ ചിന്താധാരകളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുകയാണ് ഹിന്ദുമതം. ലോകം മുഴുവനും ഒരു കുടുംബത്തെപ്പോലെയാണ് അത് വീക്ഷിക്കുന്നത്. എന്നാൽ ഹിന്ദുത്വം മറ്റു മതങ്ങളെ, വിശേഷിച്ച് ഇസ്ലാമിനെയും ക്രൈസ്തവതയെയും വെറുക്കുയും ഭയപ്പെടുകയും ചെയ്യുന്നു.

6. ഹിന്ദുമതത്തെ മതനിരപേക്ഷത എന്നും വ്യാഖ്യാനിക്കാം. ലോകത്ത് എല്ലാ ഭാഗത്തു നിന്നും നല്ല ചിന്തകൾ വന്നു ചേരട്ടെ എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. എന്നാൽ ഹിന്ദുമതത്തിന്റെ ആധാരശിലയായ മതനിരപേക്ഷതയുള്ള ഹിന്ദു ജീവിതരീതിയെ ഹിന്ദുത്വത്തിന്റെ പ്രചാരകർ എതിർക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP