Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

‘തുക്കഡേ തുക്കഡേ ഗ്യാങി’ നെ പിന്തുണയ്ക്കുന്നവൾ; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന അഹിന്ദു; മതേതര പരസ്യം തനിഷ്‌ക് ജൂവലറി പിൻവലിച്ചിട്ടും സൈബർ ആക്രമണത്തിനിരയായി പരസ്യ ചിത്രത്തിന്റെ സംവിധായിക

‘തുക്കഡേ തുക്കഡേ ഗ്യാങി’ നെ പിന്തുണയ്ക്കുന്നവൾ; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന അഹിന്ദു; മതേതര പരസ്യം തനിഷ്‌ക് ജൂവലറി പിൻവലിച്ചിട്ടും സൈബർ ആക്രമണത്തിനിരയായി പരസ്യ ചിത്രത്തിന്റെ സംവിധായിക

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ആഴ്‌ച്ചയാണ് ​ഗുജറാത്തിലെ ​ഗാന്ധിധാമിലുള്ള തനിഷ്‌ക് ജൂവലറി പുതിയ വീഡിയോ പരസ്യം പുറത്തിറക്കിയത്. മുസ്ലിം വിശ്വാസിയായ അമ്മായി അമ്മയും ഹൈന്ദവ വിശ്വാസിയായ മരുമകളും തമ്മിലുള്ള ഊഷ്മള ബന്ധം ചിത്രീകരിച്ചതായിരുന്നു തനിഷ്‌കിന്റെ പരസ്യം. ഗർഭിണിയായ മരുമകൾക്കൊപ്പം അമ്മായിയമ്മ ബേബി ഷവർ ചടങ്ങിന്റെ ഭാഗമാകുന്നതായിരുന്നു പരസ്യം. പരസ്യത്തിനൊടുവിൽ അമ്മായി അമ്മയോട് ഗർഭിണി ഇങ്ങനെ ചോദിക്കുന്നു: 'ഈ ചടങ്ങ് നിങ്ങളുടെ വീട്ടിൽ നടക്കാറില്ലല്ലോ'. അതിന് അമ്മായിയമ്മ നൽകിയ മറുപടി ഇതായിരുന്നു: ഓരോ വീട്ടിലും പെൺമക്കളെ സന്തോഷത്തോടെ നിലനിർത്തുന്നത് ഒരു പാരമ്പര്യമല്ലേ?' ഈ വീഡിയോക്കെതിരെ ഹിന്ദുത്വ വാദികൾ രം​ഗത്തെത്തുകയും ടൈറ്റൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്‌ക് ജൂവലറിയുടെ സ്റ്റോർ ആക്രമിക്കുകയും ചെയ്തിരുന്നു.

ഗാന്ധിധാമിലെ കട ആക്രമിച്ച ആൾക്കൂട്ടം മാനേജരെ നിർബന്ധിച്ചു ക്ഷമാപണ കത്ത് എഴുതിപ്പിക്കുകയും ചെയ്തിരുന്നു. 'മതേതര പരസ്യം പ്രക്ഷേപണം ചെയ്തുകൊണ്ട് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിന് കച്ച് ജില്ലയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു', മാനേജർ എഴുതിയതിങ്ങനെയാണ്. ക്ഷമാപണ കത്ത് സ്റ്റോറിന് മുൻപിൽ ഹിന്ദുത്വ വാദികൾ ഒട്ടിച്ചുവെക്കുകയുംചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണത്തിന് പിന്നാലെയാണ് ടൈറ്റൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്‌ക് ജൂവലറിയുടെ സ്റ്റോർ ഹിന്ദുത്വ വാദികൾ നേരിട്ട് ആക്രമിച്ചത്.

തനിഷ്‌കിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിലും തീവ്രമായ സൈബർ ആക്രമണമാണ് പരസ്യത്തിന്റെ സംവിധായികയായ ജോയീത പട്പാട്യയ്‌ക്കെതിരെ സംഘപരിവാർ നടത്തുന്നത്. തനിഷ്‌കിന്റെ പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ച ജോയീതയുടെയും സഹപ്രവർത്തകരുടേയും മതം പറഞ്ഞുകൊണ്ട് ബിജെപി-സംഘപരിവാർ അനുകൂല പ്രവർത്തകർ ഇവർക്കെതിപരെ പ്രചാരണം അഴിച്ച് വിടുന്നത്. ജോയീത ഒരു ‘അഹിന്ദു’വാണെന്നും പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ച ബ്രാന്റ് മാനേജർ തൊട്ട് അസിസ്റ്റന്റ് ഡയരക്ടർവരെയുള്ള ആളുകൾ ഹിന്ദുമതത്തിന് പുറത്തുള്ളവരുമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹിന്ദുത്വവാദികൾ പരസ്യത്തിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്.

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജോയീത സ്വീകരിച്ച നിലപാടുകളുൾപ്പെടെ ഇവർ ആക്രമണത്തിന് വിഷയമാക്കുന്നുണ്ട്. ജോയീത പൗരത്വ ഭേദഗതിക്കെതിരാണെന്നും ഷർജിൽ ഇമാം ഉൾപ്പെടെയുള്ള ‘തുക്കഡേ തുക്കഡേ ഗ്യാങി’ നെ പിന്തുണയ്ക്കുന്ന ആളാണെന്നും പറഞ്ഞുകൊണ്ടാണ് ഇവർക്കെതിരെയുള്ള പ്രചരണം. തനിഷ്‌ക് പരസ്യത്തിനെതിരെ വിദ്വേഷ ക്യാംപെയ്ൻ ആരംഭിച്ചതിന് പിന്നാലെ നിരവധിപേർ ഗൂഗിളിൽ തിരഞ്ഞത് ജോയീതയുടെ മതമായിരുന്നു. തനിഷ്‌ക് പരസ്യം പിൻവലിച്ചെങ്കിലും താൻ ചെയ്ത പരസ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എന്ന് സംവിധായിക വ്യക്തമാക്കുന്നു.

”സോഷ്യൽ മീഡിയയിൽ എന്റെ നേരെ വളരെ മോശമായ ധാരാളം പ്രചരണങ്ങൾ വരുന്നുണ്ട്, പക്ഷേ അതൊന്നും ഇൻസ്റ്റാഗ്രാമിൽ നിരന്തരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനേക്കാളേറെ മനോഹരം ഞങ്ങളുടെ ക്യാംപെയ്‌നെ പിന്തുണച്ചുവരുന്ന കലാസൃഷ്ടികളും വാക്കുകളും സ്‌നേഹവുമൊക്കെ പങ്കുവെയ്ക്കുന്നതാണെന്ന് ഞാൻ കരുതുന്നു,” തനിക്കെതിരെ നടക്കുന്ന ആക്രണത്തിൽ ജോയീത നിലപാട് വ്യക്തമാക്കി. തനിഷ്‌ക് ‘ഏകത്വം’ എന്ന ക്യാംപെയ്‌നുമായി സമീപിച്ചപ്പോൾ അതിലെ ഐക്യമെന്ന ആശയമാണ് തന്നെ വല്ലാതെ ആകർഷിച്ചതെന്നും അതിൽ എന്തെങ്കിലും തെറ്റുള്ളതായോ വിവാദമുണ്ടാക്കാൻ പാകത്തിലുള്ള എന്തെങ്കിലും ഘടകങ്ങൾ ഉള്ളതായോ തോന്നിയില്ലെന്നും അവർ പറഞ്ഞു.

സ്വാതന്ത്ര്യം നേടിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. നിരവധി ചർച്ചകളും നടന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ നമ്മൾ ഒരുപാട് മുന്നോട്ടുപോയെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ഈ പരസ്യത്തെ ചുറ്റിപ്പറ്റി ചെറിയ രീതിയിലുള്ള ചർച്ചകൾ ഉണ്ടാവുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. പക്ഷേ പുറത്തുവരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തോത് ഇത്രമാത്രം ഉണ്ടെന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. മുഖമില്ലാത്ത ഒരു കൂട്ടം ആളുകളുടെ ട്രോൾ സംഘമാണ് ഇതിന് പിന്നിൽ. അവർ എന്റെയും ബ്രാന്റിന്റേയും ക്രയേറ്റീവ് ടീമിന്റെയും നേരെ നിരന്തര തെറിവിളികളും അധിക്ഷേപങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സംവിധായിക ചൂണ്ടിക്കാട്ടുന്നു.

പരസ്യത്തിനെതിരെ രംഗത്തെത്തിയ ഹിന്ദുത്വ വാദികൾ പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയിൽ ഹാഷ് ടാഗോടെ ബഹിഷ്‌കരണ ഭീഷണിയും ശക്തമാക്കി. സൈബർ ആക്രമണവും ബഹിഷ്‌കരണ ഭീഷണിയും രൂക്ഷമായതിനെ തുടർന്നാണ് ടൈറ്റൻ ഗ്രൂപ്പ് ഔദ്യോഗികമായി പരസ്യം പിൻവലിച്ചത്. പരസ്യത്തിനും സംവിധായക ജോയീത പട്പാട്യക്കുമെതിരെ നടക്കുന്ന ക്യാംപെയ്‌നുകളെ വിമർശിച്ചുക്കൊണ്ട് പുതിയ ക്യാംപെയ്‌നും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. തീവ്രമായ മതസ്പർധയും വിദ്വേഷപ്രചരണവും രാജ്യത്തെ കീഴടക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് പരസ്യ വീഡിയോ പരമാവധി ഷെയർ ചെയ്താണ് ഈ ക്യാംപെയ്ൻ മുന്നോട്ടുപോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP