Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ തന്നെ സിനിമയായി എത്തണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി; അരവിന്ദന്റെ കാഞ്ചന സീത കണ്ട് ആരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്ന് പറഞ്ഞോയെന്നും സ്വാമി; കെ സുരേന്ദ്രനെ 'ആക്രമിച്ചതിന്' പിന്നാലെ ശശികലയേയും വിമർശിച്ച് സ്വാമി

രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ തന്നെ സിനിമയായി എത്തണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി; അരവിന്ദന്റെ കാഞ്ചന സീത കണ്ട് ആരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്ന് പറഞ്ഞോയെന്നും സ്വാമി; കെ സുരേന്ദ്രനെ 'ആക്രമിച്ചതിന്' പിന്നാലെ ശശികലയേയും വിമർശിച്ച് സ്വാമി

തിരുവനന്തപുരം: രണ്ടാമൂഴം കഥ മഹാഭാരതം എന്നപേരിൽ സിനിമയാക്കിയാൽ അത് തിയേറ്റർ കാണില്ലെന്ന് തീവ്ര ഹിന്ദുത്വവാദിയായ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പ്രഖ്യാപിച്ചതിന് പിന്നാലെ ആ ചിത്രത്തിന് മഹാഭാരതം എ്ന്നുതന്നെ പേരിടണമെന്ന് വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി.

ആയിരം കോടി മുതൽ മുടക്കി ബിആർ ഷെട്ടി നിർമ്മിക്കുന്ന, ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറാൻ പോകുന്ന മോഹൻലാൽ ചിത്രത്തിന് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിച്ചാണ് സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തിയിട്ടുള്ളത്.

രണ്ടാമൂഴമെന്നത് മലയാള ശബ്ദമാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അരവിന്ദന്റെ കാഞ്ചനസീത കണ്ട് ആരെങ്കിലും സീതയെ കണ്ടില്ലല്ലോയെന്ന് പരാതി പറഞ്ഞുവോയെന്ന് അദ്ദേഹം ചോദിക്കുന്നു. പ്രേം നസീറിന്റെ ലങ്കാദഹനം സിനിമയിൽ ഹനുമാനും ലങ്കയും എവിടെയാണ്.

മോഹൻലാലെന്ന മഹാനടൻ തന്റെ ഓരോ രോമകൂപങ്ങളെയും ഭീമനിലേക്ക് സന്നിവേശിപ്പിക്കാനുള്ള മഹാപ്രയാണത്തിലാണിപ്പോൾ. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമാണ് ഇപ്പോൾ എം ടിക്കും മോഹൻലാലിനും വേണ്ടത്.
എം ടിയിലൂടെ പ്രവർത്തിക്കുന്നത് വ്യാസനാണ് സംശയിക്കേണ്ട.

എം ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയായി വന്നാൽ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലർക്കും മഹാഭാരതം ആഴത്തിൽ പഠിക്കാനുള്ള പ്രേരണയാകുമെന്നതിലും സംശയം വേണ്ടെന്ന് സ്വാമി പറയുന്നു.

എം ടിയുടെ നോവൽ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നൽകുന്നതിനെതിരെയും എംടിയുടെ നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ വേഷത്തെയും എതിർത്തുകൊണ്ട് കെ.പി ശശികല രംഗത്തെത്തിയതിന് പിന്നാലെ സ്വാമി നടത്തിയ പരാമർശങ്ങൾ ഇതോടെ ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ.

നിർമ്മാല്യത്തിൽ വിഗ്രഹത്തിനെ നിന്ദിക്കുന്ന വെളിച്ചപ്പാടിനെ എതിർക്കാതിരുന്നത് അന്ന് തങ്ങൾക്ക് അത്രയ്ക്ക് ശക്തിയില്ലാതിരുന്നതുകൊണ്ട് ആണെന്നായിരുന്നു ശശികലയുടെ അഭിപ്രായപ്രകടനം. കെ സുരേന്ദ്രനെതിരെ കഴിഞ്ഞദിവസം സ്വാമി നൽകിയ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ശശികലയുടെ വാദങ്ങളെയും ഖണ്ഡിച്ച് സ്വാമി രംഗത്തെത്തുന്നത്.

സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്:

എന്തുകൊണ്ട് മഹാഭാരതമെന്നപേർ?
പ്രിയ സുഹൃത്തുക്കളേ രണ്ടാമൂഴം എന്നത് മലയാള ശബ്ദമാണ്.1000കോടി മുതൽമുടക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായിമാറാൻ പോകുന്ന സർവോപരി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാൻ പോകുന്ന സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പം? അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നപരാതി പറഞ്ഞോ?

പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയിൽ എവിടെയാ ഹനുമാനും ലങ്കയും? വ്യാസന്റെ രാമനോ സീതയോ അല്ല വാത്മീകിയുടെ രാമനും സിതയും, ഇതുരണ്ടുമല്ല ഗോസ്വാമി തുളസീദാസിന്റെ രാമനും സീതയും അവിടെ പ്രാമുഖ്യം ഹനുമാനാണ്. ഇതിൽനിന്നെല്ലാം വിത്യസ്തമാണ് കബരാമായണത്തിൽ രാമൻ. വാസിഷ്ഠത്തിലേക്കുവരുന്‌പോൾ ഇതെല്ലാം മാറിമറയുന്നു. ഭാഗവതത്തിലെ കൃഷ്ണനല്ല മഹാഭാരതത്തിലെ കൃഷ്ണൻ. ഇതുരണ്ടുമല്ല നാരായണീയത്തിലെ കൃഷ്ണൻ.


ഗോപികാഗീതത്തിലെ കൃഷ്ണനല്ല ഭഗവത്ഗീതയിലെ കൃഷ്ണൻ. അപ്പോൾ കൃഷ്ണനും രാമനും ഒരുപാടുണ്ടോ? ഇല്ല. യോവേദാർത്ഥകൃഷ്ണരാമയോ: രാമനും കൃഷ്ണനുമെല്ലാം വേദ താല്പര്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് സാരം.
മോഹൻലാൽ എന്ന മഹാനടൻ തന്റെ ഓരോരോമകൂപങ്ങളേയും മഹാഭാരതത്തിലെ ഭീമനിലേക്ക് സന്നിവേശിപ്പിക്കുന്ന മഹാപ്രയാണത്തിലാണിപ്പോൾ, നമ്മുടെ എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയുമാണ് വാസുവേട്ടനും,ലാലേട്ടനും ഇപ്പോൾവേണ്ടത്. മാനുഷികവികാരങ്ങളെല്ലാമുള്ള സുന്ദരനായഭീമനാണ് എം ടിയുടെ ഭീമൻ. നമുക്ക് കാത്തിരിക്കാം, എം ടി.മലയാളത്തിനു സമ്മാനിച്ചതത്രയും ഉദാത്തങ്ങളാണ്. എം ടി.യെ വായിക്കാത്തവർക്കായി വാരണസി'എന്ന പുസ്തകം നിർദേശിക്കാം. 'വാരണസി'എന്ന കൊച്ചു പുസ്തകം വായിച്ചാൽ നിങ്ങൾ ഉടൻ വാരണസിയിൽ പോകാൻ തയ്യാറെടുക്കും. എം ടി യിലൂടെ പ്രവർത്തിക്കുന്നത് വ്യാസനാണ് സംശയിക്കണ്ട.

എം ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയായി വന്നാൽ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലർക്കും മഹാഭാരതം ആഴത്തിൽ പഠിക്കാനുള്ള പ്രേരണയുണ്ടാകുമെന്നതിലും സംശയം വേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP