Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202305Monday

'നീലയിൽ ആറാടുകയാണ് ചെക്കൻ...'; മലയാളത്തിൽ കുറിപ്പെഴുതി സന്ദീപ് വാര്യരെ ടീമിലേക്ക് സ്വാഗതം ചെയ്ത് മുംബൈ ഇന്ത്യൻസ്; ജസ്പ്രിത് ബുമ്രയ്ക്ക് പകരക്കാരനായി ടീമിലെത്തിയത് 50 ലക്ഷം രൂപയ്ക്ക്

'നീലയിൽ ആറാടുകയാണ് ചെക്കൻ...'; മലയാളത്തിൽ കുറിപ്പെഴുതി സന്ദീപ് വാര്യരെ ടീമിലേക്ക് സ്വാഗതം ചെയ്ത് മുംബൈ ഇന്ത്യൻസ്; ജസ്പ്രിത് ബുമ്രയ്ക്ക് പകരക്കാരനായി ടീമിലെത്തിയത് 50 ലക്ഷം രൂപയ്ക്ക്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ മലയാളി പേസർ സന്ദീപ് വാര്യർ മുംബൈ ഇന്ത്യൻസിനായി കളിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ താരത്തെ ടീമിലേക്ക് സ്വാഗതം ചെയ്ത് ടീം അധികൃതർ. മലയാളത്തിൽ കുറിപ്പെഴുതികൊണ്ടാണ് മുംബൈ തമിഴ്‌നാടിന് വേണ്ടി കളിക്കുന്ന താരത്തെ സ്വാഗതം ചെയ്തത്. 'നീലയിൽ ആറാടുകയാണ് ചെക്കൻ...' എന്നാണ് മുംബൈ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടത്. സന്ദീപിന്റെ ഫോട്ടോയും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

പരിക്കേറ്റ് പിന്മാറിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരമാണ് സന്ദീപ് ടീമിലെത്തിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിരുന്ന താരമാണ് സന്ദീപ്. ആഭ്യന്തര ക്രിക്കറ്റിൽ നിലവിൽ തമിഴ്‌നാടിനുവേണ്ടിയാണ് സന്ദീപ് വാര്യർ പന്തെറിയുന്നത്. പുറത്തേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പും ടി20 ലോകകപ്പും നഷ്ടമായ ബുമ്രക്ക് ശസ്ത്രക്രിയക്ക് വിധേയനായതോടെ ഐപിഎൽ പൂർണമായും നഷ്ടമാകുമെന്ന് ഉറപ്പായിരുന്നെങ്കിലും പകരക്കാരനെ മുംബൈ ഇന്ത്യൻസ് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.

ഇന്ത്യൻ കുപ്പായത്തിൽ ഒരു ടി20 മത്സരവും ഐപിഎല്ലിൽ കൊൽക്കത്തക്കായി അഞ്ച് മത്സരവും കളിച്ചിട്ടുള്ള താരമായ സന്ദീപ് വാര്യർ 50 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യൻസിനായി പന്തെറിയാനെത്തുന്നത്. 2013ൽ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി അരങ്ങേറിയ സന്ദീപ് വാര്യർ 2020 മുതൽ തമിഴ്‌നാടിന് വേണ്ടിയാണ് കളിക്കുന്നത്. 68 ടി20 മത്സരങ്ങളിൽ 62 വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള സന്ദീപ് ഐപിഎല്ലിൽ കൊൽക്കത്തക്കായി അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റ് നേടി.

മലയാളി താരം വിഷ്ണു വിനോദും ഇത്തവണ മുംബൈ ഇന്ത്യൻസിലുണ്ട്. സന്ദീപ് കൂടി എത്തുന്നതോടെ മുംബൈ ടീമിലെ മലയാളി സാന്നിധ്യം രണ്ടായി. രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന സഞ്ജു സാംസണും കെ എം ആസിഫുമാണ് ഇത്തവണ ഐപിഎല്ലിൽ കളിക്കുന്ന മറ്റ് മലയാളി താരങ്ങൾ.

ബുമ്രയുടെ ആഭാവത്തിൽ ജോഫ്ര ആർച്ചറിലാണ് ഇത്തവണ മുംബൈയുടെ പ്രധാന ബൗളിങ് പ്രതീക്ഷ. ഓസ്ട്രേലിയയുടെ ജേസൺ ബെഹ്‌റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് മറ്റ് വിദേശ പേസർമാർ. മുംബൈയിൽ നടക്കുന്ന ടീമിന്റെ പരീശിലന മത്സരം കാണാനും കളിക്കാരെ പ്രചോദിപ്പിക്കാനും ബുമ്ര ടീം അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP