Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇന്നത്തെ നിലയിൽ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപിഎമ്മും; ഇപ്പോൾ ഇടതുപക്ഷം എന്ന് നടിക്കുന്ന സിപിഎമ്മും ബിജെപിയും ചെയ്യുന്നത് എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ അടിച്ചമർത്താനാണ്'; തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ആം ആദ്മിക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ

'ഇന്നത്തെ നിലയിൽ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപിഎമ്മും; ഇപ്പോൾ ഇടതുപക്ഷം എന്ന് നടിക്കുന്ന സിപിഎമ്മും ബിജെപിയും ചെയ്യുന്നത് എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ അടിച്ചമർത്താനാണ്'; തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ആം ആദ്മിക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സ്ഥാനാർത്ഥി നിർണയത്തിനൊപ്പം പ്രചരണ പരിപാടികൾക്ക് ആരംഭം കുറിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. ഈ അവസരത്തിലാണ് സിപിഎമ്മിനേയും ബിജെപിയേയും ആഞ്ഞടിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപിഎമ്മും എന്ന് അഭിപ്രായപ്പെട്ട സനൽ കുമാർ താൻ കോൺഗ്രസിനും ആം ആദ്മിക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചുവെന്നും ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

സംവിധായകൻ സനൽകുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഈ വരുന്ന തെരെഞ്ഞെടുപ്പിൽ എനിക്ക് കഴിയുന്ന രീതിയിൽ പരസ്യമായി തന്നെ കോൺഗ്രസ് പാർട്ടിക്കും ചിലയിടങ്ങളിൽ എഎപിക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചു. ഇന്ത്യൻ ജനാധിപത്യം ഒരു വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് കോൺഗ്രസ് പാർട്ടിയുടെ മടങ്ങിവരവ് നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും നിലനില്പിന് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. ശക്തവും സത്യസന്ധവുമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം എന്നെങ്കിലും ഉണ്ടായി വന്നാൽമാത്രം ഞാൻ അതിനെ പിന്തുണക്കും. എന്തായാലും ഇപ്പോൾ അതില്ല. എഎപി അത്തരത്തിലൊന്നിലേക്കുള്ള ഒരു തുറസാണെന്ന് കരുതുന്നതുകൊണ്ടാണ് അതിനെ പിന്തുണയ്ക്കുന്നത്. ഇന്നത്തെ നിലയിൽ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപിഎമ്മും എന്ന് എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും പറയാൻ കഴിയും.

എതിരഭിപ്രായങ്ങൾക്കും സുരക്ഷിതമായ ഇടമുണ്ടാവുക എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ ഇപ്പോൾ ഇടതുപക്ഷം എന്ന് നടിക്കുന്ന സിപിഎമ്മും, പ്രത്യക്ഷത്തിൽ തന്നെ മതാധിഷ്ഠിതമായ ബിജെപിയും ചെയ്യുന്നത് എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ നേരിടുകയും കഴിയുന്നത്ര അടിച്ചമർത്തുകയുമാണ്. വിമർശിക്കുന്നവർ രാഷ്ട്രീയക്കാരായിക്കോട്ടെ, കലാകാരന്മാരായിക്കോട്ടെ, ബുദ്ധിജീവികളായിക്കോട്ടെ അവരെയൊക്കെ വളരെ ക്രൂരമായി അവഹേളിക്കാനും കയ്യൂക്കും ഭരണബലവും ഉപയോഗിച്ച് കഴിയുന്നത്ര നശിപ്പിക്കാനും ബിജെപിയും സിപിഎമ്മും ശ്രമിക്കും എന്നതിന് വ്യക്തിപരമായി തന്നെ നിരവധി അനുഭവങ്ങൾ എനിക്കുണ്ട്. കേരളത്തിൽ സിപിഎമ്മിനെതിരെ സംസാരിച്ച ബുദ്ധിജീവികൾക്കെല്ലാമുണ്ടായ അവസ്ഥ നമുക്കറിയാവുന്നതാണല്ലോ. അതേ സമയം കോൺഗ്രസ് പാർട്ടിക്കെതിരായി വിമർശനമുന്നയിച്ചു എന്നപേരിൽ ഒരു കലാകാരനും ബുദ്ധിജീവിക്കും ശത്രുതാപരമായ നടപടികൾ നേരിടേണ്ടി വന്നിട്ടില്ല.

അടിയന്തിരാവസ്ഥക്കാലത്തുപോലും ഉണ്ടായ കാർട്ടൂണുകളുടെ ഉദാഹരണം തന്നെ എടുക്കുക. ഇന്ന് അവയുടെ നൂറിലൊന്ന് വീര്യമുള്ള ഒരു കാർട്ടൂൺ മോദിക്കെതിരെയോ പിണറായി വിജയനെതിരെയോ ഉണ്ടായി എന്ന് കരുതുക എന്തുതരം സമീപനമാണ് ഉണ്ടാവുക എന്ന് ആലോചിച്ചു നോക്കുക. മതേതരമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വളരെ വേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ഒരെ ഒരു പ്രസ്ഥാനമേ ഇപ്പോൾ ഉള്ളു എന്ന സത്യം കണ്ണുള്ളവർക്കെല്ലാം കാണാൻ കഴിയും. അത് കോൺഗ്രസ് പാർട്ടിയാണ്. ഇന്നത്തെ അപകടകരമായ സാഹചര്യത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യങ്ങൾക്ക് വോട്ട് ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP