Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിൽ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചല്ല; പിണറായി വിജയനെ എതിർക്കാൻ മാത്രമാണ്: ശബരിമല ഒരു വോട്ടുബാങ്ക് പൊളിറ്റിക്കൽ അടവുനയം മാത്രമായിരുന്നു അവർക്ക്; ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാൻ പറ്റുന്നു എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നു: റെഡി ടു വെയ്റ്റ് ക്യാമ്പെയിൻ നേതാവ് പത്മ പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിൽ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചല്ല; പിണറായി വിജയനെ എതിർക്കാൻ മാത്രമാണ്: ശബരിമല ഒരു വോട്ടുബാങ്ക് പൊളിറ്റിക്കൽ അടവുനയം മാത്രമായിരുന്നു അവർക്ക്; ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാൻ പറ്റുന്നു എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നു: റെഡി ടു വെയ്റ്റ് ക്യാമ്പെയിൻ നേതാവ് പത്മ പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും ശബരിമല യുവതീപ്രവേശന വിഷയം ചൂടാറാത്ത വിഷയമാണ്. വോട്ടെണ്ണൽ കഴിഞ്ഞാൽ പലതരത്തിലുള്ള അവകാശവാദങ്ങൾ ഉണ്ടാവുകയും ചെയ്യും. അതൊക്കെ പോട്ടെ. ഇപ്പോൾ, സംസാരിക്കുന്നത് റെഡി ടു വെയ്റ്റ് മൂവ്‌മെന്റിന്റെ മുന്നണി പോരാളിയായ പത്മ പിള്ളയുടെ ഫേസ്‌ബുക്കിലെ ഒരുകമന്റിനെ കുറിച്ചാണ്. ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച് പുസ്തകം എഴുതിയ ആർഎസ്എസ് നേതാവ് ആർ.ഹരിയെ വിമർശിച്ച് കൊണ്ടും കെ.പി.യോഹന്നാനോട് ചില ചോദ്യങ്ങൾ എന്ന മട്ടിലും ഭാസ്‌കർ.ടി.ദാസ് എഴുതിയ കുറിപ്പിനോടുള്ള പത്മ പിള്ളയുടെ പ്രതികരണമാണ് വിവാദമായത്.

കമന്റ് ഇങ്ങനെ:

'ഒരു കാര്യം ഏകദേശം ക്ലിയറായി വരുന്നുണ്ട്. ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിൽ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോട് ഉള്ള ബഹുമാനമോ കൊണ്ടല്ല - പിണറായി വിജയനെ എതിർക്കാൻ മാത്രമാണ്.
ശബരിമല ഒരു വോട്ടുബാങ്ക്, പൊളിറ്റിക്കൽ അടവുനയം മാത്രമായിരുന്നു അവർക്ക്. ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാൻ പറ്റുന്നു എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നു.'

പത്മ പിള്ളയുടെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ പെരുമഴയാണ്. കറകളഞ്ഞ അയ്യപ്പ ഭക്തയായ സഹോദരിക്ക് ഇപ്പോഴാണോ ഇപ്പോഴാണ് നേരം വെളുത്തതെന്നും സംഘപരിവാർ ശബരിമല വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഒരാൾ കമന്റ് ചെയ്യുന്നു. ഇതിന് മറുപടിയായി'പിണറായി ശബരിമലയെ തകർക്കാൻ നോക്കിയതിനു അയാൾക്ക് കിട്ടേണ്ടത് ഇതൊന്നുമല്ല എന്ന് കമന്റ് ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ തന്റെ നിലപാട് വിശദീകരിച്ച് പത്മ പിള്ള ഫേസ്‌ബുക്കിൽ പുതിയ കുറിപ്പിട്ടു.

അതിങ്ങനെ:

യോഹന്നാൻ വിഭാഗത്തിനൊടുള്ള ചോദ്യങ്ങൾ ഉള്ള Bhaskar ന്റെ പോസ്റ്റിൽ ആ വിഭാഗത്തെപ്പറ്റിയുള്ള എന്റെ ഒരു കമന്റു കൊണ്ടു അന്തംകമ്മികൾക്കു ഒരുപാട് ആനന്ദമൂര്ഛ വരുന്നുണ്ടെന് പലരും പറയുന്നു.

പിണറായി വിജയനെ എതിർക്കുക എന്നു പറഞ്ഞാൽ അത് തന്നെയൊരു പുണ്യപ്രവർത്തി ആണെന്നിരിക്കെ, ആ പ്രതിരോധത്തിനോട് വളരെ സ്‌നേഹമുണ്ട്. പക്ഷെ 'യുവതികൾ കയറിയാൽ അയ്യപ്പന് ഒരു ചുക്കും സംഭവിക്കില്ല' എന്നാവർത്തിക്കുന്ന യോഹു വിഭാഗത്തിലെ ആളുകളെയും ആചാരസംരക്ഷകരെന്നു തെറ്റിദ്ധരിച്ചുപോയതിൽ ഉള്ള ആത്മനിന്ദ ഉണ്ട് താനും. 'അവർ' എന്നു ഞാനുദ്ദേശിച്ചത് അവരെയാണ്. അവർ രാഷ്ട്രീയത്തിന് വേണ്ടി വന്നവരാണ്, ആ നിലയിൽ മാത്രമേ കാണേണ്ടിയിരുന്നുള്ളൂ എന്നു സാരം.

ഇൻബോക്‌സിൽ വന്നു ചോദിക്കുന്ന സുഹൃത്തുക്കളോട് മറുപടി പറഞ്ഞു തളർന്നതുകൊണ്ടാണ് ഈ പോസ്റ്റ്.

ആർഎസ്എസ് മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ ഹരിയുടെ മാറ്റുവിൻ ചട്ടങ്ങളെ എന്ന പുസ്തകത്തിലാണ് യുവതി പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന വാദം ശക്തമായി മുന്നോട്ട് വെയ്ക്കുന്നത്. ശബരിമലയിൽ വർഷത്തിൽ 365 ദിവസവും ദർശന സൗകര്യമേർപ്പെടുത്തണമെന്നും തിരക്ക് കുറയ്ക്കാൻ പതിനെട്ടാംപടിയുടെ നീളംകൂട്ടണമെന്നും പുസ്തകത്തിലുണ്ട്.

നൈഷ്ഠിക ബ്രഹമചര്യം മറയാക്കുകയാണെന്നും സ്ത്രീകളുടെ ദർശന സ്വാതന്ത്രം പുരുഷന്മാരുടെ അവകാശമല്ലെന്നതടക്കമുള്ള വാദങ്ങളാണ് ആർഎസ്എസ് നേതാവ് പുസ്തകത്തിൽ മുന്നോട്ട് വെയ്ക്കുന്നത്. ദിവ്യാത്മാക്കളുടെ നൈഷ്ഠികബ്രാഹ്മചര്യം' എന്ന പന്ത്രണ്ടാം അധ്യായത്തിൽ (പേജ് 90) അമൃതാനന്ദമയീമഠത്തിൽ പുരുഷന്മാരെ വിലക്കാൻ തീരുമാനിച്ചാൽ എന്താകുമെന്നും ചോദിക്കുന്നുണ്ട്. സ്ത്രീകൾ പ്രവേശിപ്പിച്ചാൽ അയപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം തകരും എന്ന വാദം പാരാജിതന്റെ വേദാന്തമാണ് തുടങ്ങിയ നിർണായകമായ വാദങ്ങളും പുസ്തകത്തിലൂടെ ആർ ഹരി വ്യക്തമാക്കുന്നു. സ്ത്രീകളെ വിലക്കി സമരം നടത്തുന്നതിനെയും അദ്ദേഹം എതിർക്കുന്നുണ്ട്.

ആർ.ഹരിയുടെ വാദങ്ങളെ വിമർശിച്ച് കൊണ്ടുള്ള ഭാസ്‌കർ.ടി.ദാസിന്റെ പോസ്റ്റ് ഇങ്ങനെ:

ആർഎസ്എസ് (യോഹന്നാൻ) വിഭാഗത്തിനോടാണ് ചോദ്യം!

ആർ. ഹരിയുടെ നേർ സഹോദരനായ രംഗ ധനഞ്ജയൻ ഷേണായ് എന്ന ആർ.ഡി. ഷേണായ് സംഘത്തിന്റെ നിയമ മേഖലയിലെ പരിവാറായ അഭിഭാഷക പരിഷത്തിന്റെ മുതിർന്ന അംഗവും മാർഗ്ഗ ദർശിയുമല്ലേ?

ഇപ്പറയുന്ന ആർ.ഡി. ഷേണായ് തന്നെയല്ലേ സംഘ ജിഹ്വയും മുഖപത്രവുമായ കേസരി വാരികയിൽ പതിവായി ലേഖനങ്ങൾ എഴുതുന്ന ആർ.ഡി. ഷേണായ്?

ഇതേ ആർ.ഡി.ഷേണായി തന്നെയല്ലേ സർക്കാർ ഭൂമി കയ്യേറിയും വ്യാജരേഖ ചമച്ചുമാണ് യോഹന്നാന്റെ ഗോസ്പൽ ഫോർ ഏഷ്യ എന്ന സുവിശേഷ സംഘടന ചെറുവള്ളി എസ്റ്റേറ്റ് കൈവശപ്പെടുത്തിയത് എന്ന കേസിൽ കേരളാ ഹൈക്കോടതിയിൽ കെ.പി. യോഹന്നാന് വേണ്ടി ഹാജരായി വാദിച്ചു വിധിയാക്കിയ വക്കീൽ?

യോഹന്നാനും ചെറുവള്ളി എസ്‌റേറ്റിനും വേണ്ടി കേരള സർക്കാരിനെതിരെ അനിയൻ ധനഞ്ജയ് ഷേണായ് കേസ് നടത്തിയ ശേഷമല്ലേ കേസരിയിൽ ആർ. ഹരിയുടെ ശബരിമല ആചാര വിരുദ്ധവും യുവതീ പ്രവേശന അനുകൂലവുമായ ലേഖന പരമ്പര തുടങ്ങിയതും കുരുക്ഷേത്ര അത് പുസ്തകമായി ഇറക്കിയതും?

ആ ലേഖന പരമ്പരയിൽ ആർ. ഹരി ഉന്നയിച്ച വാദങ്ങളും ഉപയോഗിച്ച വാചകങ്ങളും അല്ലേ രണ്ട് കൊല്ലം മുൻപ് സംഘത്തിന്റെ നിലപാട് എന്ന പോലെ ചിലർ കൊണ്ട് നടന്നു ഒട്ടിച്ചതും പലരെയും പറഞ്ഞു വിശ്വസിപ്പിച്ചതും?

അങ്ങനെയുള്ള ആർ. ഹരിയുടെ വാദങ്ങൾ സംഘ നിലപാടാണ് എന്ന പോലെ പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും ആചാര വാദികളെ ആക്ഷേപിക്കുകയും ചെയ്തവർക്കൊക്കെ ഇക്കാലയളവിൽ സംഘത്തിന്റെ തന്നെ വിദ്യാഭ്യാസ വികാസ കേന്ദ്രത്തിലോ കുരുക്ഷേത്ര പ്രകാശനിലോ എ.ബി.വി.പിയിലോ ജന്മഭൂമിയിലോ ജനത്തിലോ ഒക്കെ പദവികളോ സ്ഥാനമാനങ്ങളോ ശമ്പളമുള്ള ജോലിയോ ഒക്കെ കിട്ടിയിട്ടുണ്ട് എന്നത് യാഥാർഥ്യമല്ലേ?

അതി ലളിതമായ ചില സംശയങ്ങളാണ്.
ഇതിന് വേണ്ടും വിധം ഉത്തരം നൽകിയാൽ അബദ്ധ ധാരണകൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഇല്ലാതെ ആക്കാൻ ഉപകരിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP