Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയ്‌ലർ വന്നത് ഏപ്രിൽ ഒന്നിന്; ഇനി സിനിമ വരുന്നതും ഏപ്രിൽ ഒന്നിന്; നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി എഫ്ക്ട് എന്തുകൊണ്ട് ലോക വിഢി ദിനത്തിൽ പുറത്ത് വരുന്നു; ആ കൗതുകത്തിന് പിന്നിലെ കഥ

ട്രെയ്‌ലർ വന്നത് ഏപ്രിൽ ഒന്നിന്; ഇനി സിനിമ വരുന്നതും ഏപ്രിൽ ഒന്നിന്; നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി എഫ്ക്ട് എന്തുകൊണ്ട് ലോക വിഢി ദിനത്തിൽ പുറത്ത് വരുന്നു; ആ കൗതുകത്തിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അടുത്ത വർഷം ഏപ്രിൽ 1നാണ് ചിത്രത്തിന്റെ റിലീസ്.മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

എന്നാൽ എന്തുകൊണ്ടാണ് ലോകവിഢി ദിനത്തിൽ തന്നെ ചിത്രം പുറത്തിറക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ ചോദ്യത്തിന് വേറൊരു അടിസ്ഥാനം കൂടി ഉണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതും ഏപ്രിൽ ഒന്നിന് തന്നെ.മാത്രമല്ല ചിത്രത്തിന്റെ പ്രധാന പ്രഖ്യാപനങ്ങളെല്ലാം തന്നെ അണിയറ പ്രവർത്തകർ നടത്തിയത് ഏപ്രിൽ ഒന്നിനാണ്. ഇങ്ങനെയാണ് റോക്കട്രിയും ഏപ്രിൽ 1 ഉം തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകർ അന്വേഷണം ആരംഭിച്ചത്.

ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്വന്തം രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച്, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്‌നിക്കുകയും ചെയിത് പിന്നീട് ചതിയിലൂടെ ജീവിതം നഷ്ടപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളിൽ ഒരാളായി മാറിയ നമ്പി നാരായണന്റെ ജീവിതം പറയാൻ ഇതിലും നല്ല മറ്റൊരു ദിവസമില്ല എന്നതുകൊണ്ടാണ് റിലീസ് ഏപ്രിൽ ഒന്നിന് തീരുമാനിച്ചതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം.

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ വൈറലായിരുന്നു.വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആർട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്.

ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്.ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക.സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷമാണ് സിനിമയിൽ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ആർ. മാധവന്റെ ട്രൈ കളർ ഫിലീസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിൽ നിർമ്മിക്കുന്ന 'റോക്കട്രി ദി നമ്പി എഫ്ക്ട്' എന്ന ബ്രഹ്മാണ്ട ചിത്രത്തിന് 100 കോടിക്ക് മുകളിലാണ് ചിലവെന്നാണ് റിപ്പോർട്ട്.ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP