Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ആദ്യം വാഹനത്തിനടിയിൽപ്പെട്ട് മരിക്കുക ഞങ്ങൾ ആറ് പേർ! ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വൻ അപകടം ഒഴിവായത്'; ഉടൻ ഓടിയെത്തിയ പ്രിയങ്കയുടെയും രാഹുലിന്റെ സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും മാധ്യമപ്രവർത്തകരോടുള്ള കരുതലാണെന്നും രാഷ്ട്രീയ കളിക്ക് വേണ്ടി വ്യാജ പ്രചരണങ്ങൾ നടത്തരുതെന്നും മാധ്യമപ്രവർത്തകൻ

'അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ആദ്യം വാഹനത്തിനടിയിൽപ്പെട്ട് മരിക്കുക ഞങ്ങൾ ആറ് പേർ! ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വൻ അപകടം ഒഴിവായത്'; ഉടൻ ഓടിയെത്തിയ പ്രിയങ്കയുടെയും രാഹുലിന്റെ സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും മാധ്യമപ്രവർത്തകരോടുള്ള കരുതലാണെന്നും രാഷ്ട്രീയ കളിക്ക് വേണ്ടി വ്യാജ പ്രചരണങ്ങൾ നടത്തരുതെന്നും മാധ്യമപ്രവർത്തകൻ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന സന്തോഷത്തിലാണ് സംസ്ഥാനം ഇപ്പോൾ. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കഴിഞ്ഞ് രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കൾ നടത്തിയ റോഡ്‌ഷോയ്ക്കിടെ മാധ്യമപ്രവർത്തകർക്ക് അപകടമുണ്ടായ ദൗർഭാഗ്യകരമായ സംഭവവുമുണ്ടായി.

വാഹനത്തിൽ നിന്ന് വീണ് അപകടം പറ്റിയ മാധ്യമപ്രവർത്തകൻ റിറ്റ്സൺ ഉമ്മന്റെ അടുത്തേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാഹനത്തിൽ നിന്ന് ഇറങ്ങി വന്നതും ആംബുലൻസിൽ കയറ്റാൻ സഹായിച്ചതും അടക്കമുള്ള സംഭവങ്ങളെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ വരുന്ന പ്രചരണങ്ങൾക്ക് ചുട്ട മറുപടി നൽകുകയാണ് കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ് ആയ ഷിബു ബിബിസി.

സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും രാഹുലും പ്രിയങ്കയും ഓടി വന്നത് മാധ്യമ പ്രവർത്തകരോടുള്ള കരുതൽ കൊണ്ടാണെന്നും ഷിബു കുറിപ്പിലൂടെ പറയുന്നു.

ഷിബു ബിബിസിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:

ഞങ്ങൾ ആറ് പേർ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?

രാഹുലിന്റെ റോഡ് ഷോയിൽ മാധ്യമ പ്രവർത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി.വി.ഷിബു. എഴുതുന്നു..

ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.

രാഹുൽ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവർത്തകർ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാൽ ചില കമ്യുണിക്കേഷൻ ഗ്യാപ് മൂലം മീഡിയാകാർക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാൻ വൈകി. 20 പേർക്ക് മാത്രമെ ഈ വാഹനത്തിൽ പാസ് അനുവദിക്കുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി എത്തുന്നതിന് അൽപ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങൾ അഞ്ച് പേർക്ക് മാത്രം (പി.ജയേഷ്, ജംഷീർ കൂളിവയൽ, ഇല്യാസ് പള്ളിയാൽ, ഷമീർ മച്ചിംങ്ങൽ, അനൂപ് വർഗീസ്, സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് വാഹനത്തിൽ കയറിയപ്പോൾ കല് ചുവട് മാറ്റി ചവിട്ടാൻ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു.

നല്ല റിപ്പോർട്ടിംഗിനും ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക നൽകി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായി. ബൈപാസ് വഴി പോകുമ്പോൾ ഹംമ്പ് ചാടിയപ്പോൾ വാഹനത്തിൽ നിന്ന് മാധ്യമ പ്രവർത്തകർ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സ്‌കൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയിൽ വീണത്.

ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോൾ തൊട്ടുപിന്നാലെ വരുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകർത്താൻ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാൽ ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി. അങ്ങനെയാണ് കുഴിയിൽ വീണ ഉടൻ ചെരിഞ്ഞ വാഹനത്തിന്റെ താൽകാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെൽഡ് ചെയ്തായിരുന്നു കൈവരി. ) തകർന്ന് റിക്‌സൺ ഉൾപ്പടെ ആറ് പേർ നിലത്തേക്ക് തെറിച്ച് വീണത്. എനിക്ക് തൊട്ടരികിലായാണ് റിക്‌സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോർട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്.

അപകടമുണ്ടായപ്പോൾ എന്റെ തലക്ക് മുകളിലൂടെയാണ് റിക്‌സൺ അടക്കമുള്ള നാല് പേർ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേർ എടുത്ത് ചാടുകയും ചെയ്തു. ഇത്രയും ഭാരം കുറഞ്ഞില്ലായിരുന്നെങ്കിലും കൈവരി തകർന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയിൽപ്പെട്ട് മരിക്കുന്നത് ഞങ്ങൾ ആറ് പേർ ആകുമായിരുന്നു. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വൻ അപകടം ഒഴിവായത്.

അപകടം നടന്നയുടൻ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മഴുവൻ മാധ്യമപ്രവർത്തകരോടുമുള്ള അവരുടെ കരുതലും സ്‌നേഹവുമാണ് വ്യക്തമാക്കുന്നത്. ചെറിയ പരിക്കുകൾ പറ്റിയവർ പോലും അപകടത്തിൽ പകച്ച് നിന്നപ്പോൾ അവർ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊർജ്ജമാണ് മാധ്യമ പ്രവർത്തകർക്ക് സമ്മാനിച്ചത്. കൂടുതൽ വിവരങ്ങളും നിങ്ങൾ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കിൽ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങൾ നടത്താതിരിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP