Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'സിനിമ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയല്ല; ആണധികാരത്തിന്റെ സഞ്ചിയിൽ കിടക്കുന്ന വിഷക്കുരുകളിൽ ഒന്നല്ല സിനിമ; രേവതി ഫീൽഡ് ഔട്ട് ആയെന്നുള്ള വൃത്തികെട്ട പരാമർശങ്ങൾ ഇവിടെ ഏൽക്കില്ല'; ദിലീപ് കേസിൽ കൂറുമാറിയ താരങ്ങളെ വിമർശിച്ചതിന്റെ പേരിലുള്ള സൈബർ ആക്രമണങ്ങളിൽ നടി രേവതി സമ്പത്തിന്റെ പ്രതികരണം

'സിനിമ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയല്ല; ആണധികാരത്തിന്റെ സഞ്ചിയിൽ കിടക്കുന്ന വിഷക്കുരുകളിൽ ഒന്നല്ല സിനിമ; രേവതി ഫീൽഡ് ഔട്ട് ആയെന്നുള്ള വൃത്തികെട്ട പരാമർശങ്ങൾ ഇവിടെ ഏൽക്കില്ല'; ദിലീപ് കേസിൽ കൂറുമാറിയ താരങ്ങളെ വിമർശിച്ചതിന്റെ പേരിലുള്ള സൈബർ ആക്രമണങ്ങളിൽ നടി രേവതി സമ്പത്തിന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

 കോഴിക്കോട്: സിനിമയെന്ന തൊഴിലിടത്തിലെ ചൂഷണങ്ങളെക്കുറിച്ച് എക്കാലവും തുറന്നടിക്കാറുണ്ട് നടിയും ഗായികമായ രേവതി സമ്പത്ത്. ഈയിടെ നടൻ സിദ്ദീഖ് ദിലീപ് കേസിൽ കൂറുമാറിയതിനെ കുറിച്ചും നടി രൂക്ഷമായി പ്രതികരിച്ചിരുന്നു. കുറച്ചുകാലം മുമ്പ് സിദ്ദീഖിനെതരെ ഉന്നയിച്ച മീടു ആരോപണവും കൂടി ചേർത്തായിരുന്നു 'സിദ്ദീഖിൽനിന്ന് ഇത് പ്രതീക്ഷിക്കുന്ന പക്ഷേ ഭാമയിൽനിന്ന് ഇന്ന് പ്രതീക്ഷിച്ചില്ല' എന്ന അർഥത്തിൽ അവർ പോസ്റ്റിട്ടത്്. . ചരിത്രത്തിലെ ഒറ്റുകാരുടെ സ്ഥാനമായിരിക്കും നിങ്ങൾക്ക് എന്നു ഓർമ്മിപ്പിച്ചു കൊണ്ടാണ് സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ എന്നിവർക്കെതിരെ അവർ തുറന്നടിച്ചിരിക്കുന്നത്. നടൻ സിദ്ദിഖ് മുമ്പ് തന്നെ സമീപിച്ചിരുന്നു എന്ന ആരോപണവും അവർ ആവർത്തിക്കുന്നു.ഇതിനുനേരെ താര ആരാധകർ സൈബർ ആക്രമണം നടത്തിയപ്പോൾ അതി ശക്തമായാണ് രേവതി സമ്പത്ത് പ്രതികരിച്ചിരിക്കുന്നത്.

രേവതി സമ്പത്തിന്റെ പുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു.സിനിമ മേഖലയിൽ ശബ്ദം ഉയർത്തുന്നതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം 'അതെ' എന്ന് തന്നെയാണ്. കുറച്ചുകൂടി കൃത്യത വരുത്തി പറയുകയാണെങ്കിൽ അവസരങ്ങളെ മനപ്പൂർവം ഇല്ലാതാക്കാൻ പഠിച്ച പണി എല്ലാം അവർ ചെയ്യും. അതവരുടെ അധഃപതിച്ച രീതിയാണ്. ഇത് നിലനിൽക്കുന്ന ഒരു സത്യമാണ്.

അതിലൊരു രീതി അഭ്യസ്തവിദ്യന്മാർ ഭരിക്കുന്ന അധികാര ഇടമാണ് സിനിമ മേഖല എന്ന അവരുടെ തെറ്റായ ധാരണയാണ്. സിനിമ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയാണെന്ന അവരുടെ ധാരണയിൽ ആണ് പിശക്. ഇനി രണ്ടാമത്തെ രീതി നോക്കാം. സിനിമയെന്ന കലയിൽ ദൃഢനിശ്ചയം എടുത്ത സ്ത്രീയ്ക്ക് സിനിമയിൽ സ്വന്തം പോരാട്ടങ്ങളിലൂടെയും സ്ട്രാറ്റജികളിലൂടെയും അടയാളപ്പെടുത്താൻ കഴിയും. സ്വന്തമായി വഴികൾ കണ്ടെത്തി മുന്നോട്ട് പോകാനുള്ള വലിയൊരു സ്പെയ്സ് സിനിമയിലുണ്ട്.ആ സ്പേസ് നടക്കില്ലല്ലോ എന്ന ആഘോഷങ്ങളിൽ ആണ് ഞാൻ നിസ്സംശയം പറയുന്നത്, സിനിമ അവരുടെ വീട്ടിൽ നിന്ന് ഭാഗം വെച്ച സ്വത്തല്ല എന്നത്.

ആണധികാരത്തിന്റെ സഞ്ചിയിൽ കിടക്കുന്ന വിഷക്കുരുകളിൽ ഒന്നല്ല സിനിമ. അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്‌കത്തിലുള്ള സർഗ്ഗാത്മകതയാണ്. അതിനെ എങ്ങനെയാണ് ചില ഭീരുകൾക്ക് നശിപ്പിക്കാൻ ആകുക. നിങ്ങളുടെ ഈ വിലക്കുകൾക്കും വേലികേറ്റലുകൾക്കും ഇവിടെ പ്രസക്തിയില്ല. കാരണം, സിനിമ ആരുടെയും ഔദാര്യമല്ല. നല്ല സിനിമകൾ ഉണ്ടാക്കും, നല്ല കഥകൾ പറയുകയും ചെയ്യും,വേലികൾ നിങ്ങൾ നിങ്ങളുടെ ജീർണിച്ച അധികാരസ്വരത്തിന് ചുറ്റും കെട്ടുന്നതാണ് നല്ലത്.

അതിനാൽ, രേവതി ഫീൽഡ് ഔട്ട് (ഫീൽഡുകൾ ഒരുത്തന്റെയും പോക്കറ്റിൽ അല്ല ) ആയെന്നുള്ള വൃത്തികെട്ട പരാമർശങ്ങൾ ഇവിടെ ഏൽക്കില്ല. കാരണം സിനിമ എന്ന കലാരൂപത്തിനെയാണ് ഞാൻ സ്നേഹിക്കുന്നത് അല്ലാതെ ആ കലാരൂപത്തിന്റെ മറവിൽ നിന്നുകൊണ്ട് ചൂഷണം ചെയ്ത് മാന്യതാപ്പട്ടമിടുന്ന പ്രക്രിയയെ അല്ല. അതിനാൽ എപ്പോൾ സംവിധാനം ചെയ്യണം എന്നതും എന്റെ തീരുമാനം ആണ്. സിനിമ എന്ന ഇടം സ്വപ്നം കാണുന്നവർക്ക് എല്ലാം തുല്യമായി ഉള്ളതാണ്. എന്റെ രാഷ്ട്രീയം ഞാൻ എടുക്കാൻ പോകുന്ന സിനിമകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും.

ഞാൻ എനിക്ക് നല്ല വിദ്യാഭ്യാസവും കൊടുക്കുന്നുണ്ട്. വീണാൽ അതിനു മേലെ ആകും ഞാൻ വീഴുക.അതിൽ നിന്നും ഉയർന്നു വരുക എന്നത് അതിലേറെ എളുപ്പവുമാണ്. അതുകൊണ്ട് എന്നെ കുറിച്ച് വല്ലാതെ നിങ്ങൾ സൈബർ തല്ലുകൊള്ളികൾ ആലോചിച്ച് ദുഃഖിക്കേണ്ട കാര്യമേയില്ല.

ദിലീപ് കേസിൽ കൂറുമാറിയ താരങ്ങളെ വിമർശിച്ച് രേവതി നേരത്തെ ഇട്ട കുറിപ്പ് ഇങ്ങനെയാണ്:

'ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ' എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്.ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.

സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ - ലജ്ജയില്ലേ !
അവൾക്കൊപ്പം

2019 ൽ നടൻ സിദ്ദിഖിനെതിരേ മീടൂ ആരോപണവുമായി രേവതി രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം നിള തീയേറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടുവെന്നുമാണ് രേവതി അന്ന് ഫേസ്‌ബുക്കിൽ കുറിച്ചത്. ഡബ്ല്യു.സി.സിയ്‌ക്കെതിരേ, കെ.പി.എ.സി. ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് രേവതി കുറിപ്പ് എഴുതിയത്.. ഈ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കാണുമ്പോൾ സിദ്ദിഖിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറയാതിരിക്കാനാവുന്നില്ലെന്നും രേവതി വ്യക്തമാക്കിയിരുന്നു.

അന്നത്തെ ഫേസ്‌ബുക്ക് പോസ്റ്റി ഇങ്ങനെയായിരുന്നു: 'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എല്ലാം തുറന്നു പറയുന്നതിൽ നിന്ന് എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.

സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവൾ സുരക്ഷിതയായിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു- രേവതി കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP