Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വടിവാളുകളടങ്ങിയ മാരകായുധങ്ങൾ നിരന്തരം നവമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും അത് ശത്രുക്കൾക്കെതിരെയുള്ള ആയുധങ്ങളാണെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു; എന്നിട്ടും പിണറായി സർക്കാറിന് മൗനം; ആരാണ് പ്രതീഷ് വിശ്വനാഥൻ? മാധ്യമ പ്രവർത്തകൻ ഷെഫീഖ് താമരശ്ശേരിയുടെ പോസ്റ്റ് ചർച്ചയാകുമ്പോൾ

വടിവാളുകളടങ്ങിയ മാരകായുധങ്ങൾ നിരന്തരം നവമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും അത് ശത്രുക്കൾക്കെതിരെയുള്ള ആയുധങ്ങളാണെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു; എന്നിട്ടും പിണറായി സർക്കാറിന് മൗനം; ആരാണ് പ്രതീഷ് വിശ്വനാഥൻ? മാധ്യമ പ്രവർത്തകൻ ഷെഫീഖ് താമരശ്ശേരിയുടെ പോസ്റ്റ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

യുധ പൂജ... ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നിൽ ഉടവാൾ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും തണലിലാണ്.... ആയുധം താഴെ വെയ്ക്കാൻ ഇനിയും സമയമായിട്ടില്ല... ശത്രു നമുക്കിടയിൽ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്... മറ്റൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കിൽ വിശ്രമത്തിനുള്ള സമയമല്ല ഇത്.... ദുർഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ... ജയ് ശിവാജി, ജയ് ഭവാനി...-സംഘപരിവാർ സഹയാത്രികനായ പ്രതീഷ് വിശ്വനാഥൻ ഇന്നലെ ചിത്രം സഹിതം പങ്കുവച്ച ഫെയ്‌സ് ബുക്ക് കുറിപ്പായിരുന്നു ഇത്. ആയുധങ്ങൾ പൂജിച്ച പ്രതീഷ് വിശ്വനാഥനെതിരെ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയിയൽ പലവിധ ചർച്ചകൾ ഉയരുന്നുണ്ട്. അതിൽ പ്രസക്തമാണ് മാധ്യമ പ്രവർത്തകനായ ഷെഫീഖ് താമരശ്ശേരിയുടെ പോസ്റ്റ്.

ഷെഫീഖ് താമരശ്ശേരിയുടെ വിമർശനം ചുവടെ

'ഹിന്ദു ഹെൽപ് ലൈനിൽ നിന്നും രാജി വെച്ച ഒരു യുവാവിന് ഏതെങ്കിലും ഒരു മാധ്യമത്തോട് ചില കാര്യങ്ങൾ തുറന്നുപറയാനുണ്ട്' എന്ന്, മാധ്യമ പ്രവർത്തകനായ ഒരു സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ഓഗസ്റ്റ് മാസത്തിൽ എറണാകുളം ജില്ലയിലെ ........ സ്ഥലത്ത് വെച്ച് ആ യുവാവിനെ കാണാൻ വേണ്ടി ചെല്ലുന്നത്.

വിശ്വഹിന്ദു പരിഷത് വിട്ടതിന് ശേഷം പ്രവീൺ തൊഗാഡിയ ആരംഭിക്കാൻ പോകുന്ന അന്താരാഷ്ട്രീയ ഹിന്ദു പരിഷത്(എ.എച്ച്.പി) എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ കേരള ഘടക രൂപീകരണത്തിന്റെ ഭാഗമായി അവർ നടപ്പിലാക്കാനുദ്ദേശിക്കുന്ന ചില പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു സംഘടന വിട്ട അയാൾക്ക് പറയാനുണ്ടായിരുന്നത്. ഒപ്പം സേവനങ്ങളുടെ മറവിൽ ഹിന്ദു ഹെൽപ് ലൈൻ കേരളത്തിൽ നടത്തിയ കലാപാസൂത്രണങ്ങളുടെ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളും.

'ഈ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചതിന് ശേഷം ഞാൻ ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് പോലും ഉറപ്പില്ല' എന്ന ഭയത്തോടെ, 'മുഖമോ മറ്റ് വിവരങ്ങളോ പുറത്ത് കാണിക്കില്ല' എന്ന ഞാൻ കൊടുത്ത ഉറപ്പിൽ അയാൾ സംസാരിച്ചു തുടങ്ങി... മുസാഫർ നഗറിനും ഗുജറാത്തിനും സമാനമായ രീതിയിലുള്ള ഒരു കലാപം അവർ കേരളത്തിലും ലക്ഷ്യമിട്ടിരുന്നുവെന്നും. ആദ്യം കലാപം, പിന്നീട് സംഘടന വളർത്തൽ, അതുവഴി ഭരണം പിടിക്കൽ എന്നിവയാണ് അവരുടെ രാഷ്ട്രീയപാതയെന്നും ഈ മുൻ പ്രവർത്തകൻ പറഞ്ഞു.

ശബരിമല വിഷയങ്ങളിൽ കേന്ദ്രീകരിച്ച് ഹിന്ദുവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായുള്ള കലാപ ആസൂത്രണങ്ങൾ, വൈദികരെ ആക്രമിക്കാനുള്ള ശ്രമങ്ങൾ, മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ വിഹാവം ചെയ്താൽ അവരുടെ വീട് ആക്രമിക്കാനുള്ള പദ്ധതികൾ, 'ലൗവ് ജിഹാദി'ന് പകരമായി മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ. ഇങ്ങനെ തുടങ്ങിയ നിരവധി ആസൂത്രണ പദ്ധതികളക്കുറിച്ചായിരുന്നു ഹിന്ദു ഹെൽപ് ലൈനിന്റെ ജില്ലാതല നേൃത്വത്തിലുണ്ടായിരുന്ന ആ യുവാവ് പറഞ്ഞത്.

എ.എച്ച്.പിയുടെ നേതാവായ എറണാകുളം സ്വദേശി പ്രതീഷ് വിശ്വനാഥനാണ് ഈ നീക്കൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് എന്നും ഇയാൾ പറഞ്ഞിരുന്നു. അന്ന് മുതൽ കേരളത്തിലെ അതിതീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുഖമായ പ്രതീഷ് വിശ്വനാഥന്റെ ഓരോ പ്രവർത്തനങ്ങളും നീക്കങ്ങളും ഞാൻ നിരീക്ഷിക്കാറുണ്ട്. ആ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചത് 2018 ലെ മഹാപ്രളയത്തിന്റെ തുടക്ക ദിവസത്തിലായിരുന്നു. പേമാരിക്കിടയിൽ ആ വാർത്ത അധികമാരും ശ്രദ്ധിക്കാതെ പോയി. വ്യാജ വാർത്ത നൽകി എന്നാരോപിച്ച് പ്രതീഷ് വിശ്വനാഥൻ അന്ന് പരാതി നൽകി.

എ.എച്ച്.പിയുടെ കേരള ഘടത്തിന്റെ രൂപീകരണത്തോടുകൂടി അവർ നടത്തിയ ചില നീക്കങ്ങൾ നേരത്തെ ആ യുവാവ് നടത്തിയ വെളിപ്പെടുത്തലുകളെ അക്ഷരാർത്ഥത്തിൽ ശരിവെയ്ക്കുന്നതായിരുന്നു. ശബരിമല യുവതീപ്രവേശവനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെ കേരള സർക്കാറിനെതിരെ പരസ്യമായി കലാപം നടത്തുവാൻ പ്രതീഷ് വിശ്വനാഥൻ അന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നൽകി. പമ്പയിലും പരിസരങ്ങളിലുമെല്ലാം അന്ന് നടന്ന കോലാഹലങ്ങൾക്കും അക്രമസംഭവങ്ങൾക്കും തുടക്കം കുറിച്ചത് പ്രതീഷ് വിശ്വനാഥനും എ.എച്.പിയും ആയിരുന്നു. ശബരിമല വിഷയത്തിലൂടെ എ.എച്ച്.പി രാഷ്ട്രീയലാഭമുണ്ടാക്കുമോ എന്ന് ഭയന്ന ബിജെപിയും ആർ.എസ്.എസും പിന്നീട് സമരം ഏറ്റെടുക്കുകയാണുണ്ടായത്.

പൊതുപരിപാടികളും സമരങ്ങളുമൊക്കെ സംഘടിപ്പിക്കുന്ന സാധാരണ നിലയിലുള്ള രാഷ്ട്രീയ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി കൂടുതലും ആശയപ്രചരണങ്ങളും കായിക അക്രമങ്ങളുമായിരുന്നു കേരളത്തിൽ പിന്നീട് എ.എച്.പി നടത്തിയിരുന്നത്.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ വൈദികരെ മതപരിവർത്തനശ്രമം ആരോപിച്ച് കയ്യേറ്റം ചെയ്തതും, കൊച്ചിയിൽ നോട്ടീസ് വിതരണം നടത്തിയ മുജാഹിദ് പ്രവർത്തകരെ ആക്രമിച്ചതും, കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച് സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ മുളക് പൊടി സ്‌പ്രെ ഉപയോഗിച്ച് ആക്രമിച്ചതും, ആലുവയിൽ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്തതും എല്ലാം എ.എച്.പി പ്രവർത്തകരായിരുന്നു. ആർ.എസ്.എസിനെ തോൽപ്പിക്കുന്ന തരത്തിലുള്ള അതിതീവ്ര വർഗീയ ആക്രമണങ്ങളാണ് ഇവർ നടത്തിയിട്ടുള്ളതൊക്കെയും.

നേരിട്ട് നടത്തിയ ഈ ആക്രമണങ്ങളേക്കാൾ എത്രയോ മടങ്ങ് ഭീകരമായിരുന്നു നവമാധ്യമങ്ങളിലൂടെ പ്രതീഷ് വിശ്വനാഥൻ നടത്തിയ കലാപാഹ്വാനങ്ങൾ. നാട്ടിലെ മുഴുവൻ പ്രശ്നങ്ങളെയും വർഗീയവത്കരിച്ചും ന്യൂനപക്ഷങ്ങൾക്കെതിരായി വെറുപ്പ് പ്രചരിപ്പിച്ചും ഇയാൾ നവമാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് അടക്കമുള്ള വർഗീയ കലാപങ്ങളിൽ ന്യൂനപക്ഷങ്ങളെ അക്രമിക്കാനായി ഹിന്ദുത്വപ്രവർത്തകർ ഉപയോഗിച്ച തൃശൂലം എന്ന ആയുധം ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഒരു ലക്ഷം ഹിന്ദു യുവാക്കൾക്ക് നൽകുമെന്ന് ചിത്രസഹിതം അദ്ദേഹം പോസ്റ്റ് ചെയ്തു.

അയോധ്യവിധി വന്ന ദിവസം സർക്കാറിന്റെ വിലക്കുകളെയെല്ലാം മറികടന്ന് മധുരവിതരണം നടത്തുകയും ദീപങ്ങൾ കത്തിച്ച് ആഘോഷിക്കുകയും ചെയ്തു എന്ന് മാത്രമല്ല അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ബാബരി മസ്ജിദിന് സമാനമായ രീതിയിൽ കാശിയിലെയും മധുരയിലെയും മുസ്ലിം പള്ളികൾ പൊളിച്ചുമാറ്റണമെന്നും അയാൾ ആഹ്വാനം നൽകി.

വടിവാളുകളടങ്ങിയ മാരകായുധങ്ങൾ നിരന്തരം നവമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും അത് ശത്രുക്കൾക്കെതിരെയുള്ള ആയുധങ്ങളാണെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു. ശത്രുക്കൾ മുസ്ലിങ്ങളാണെന്ന് പലപ്പോഴും പരോക്ഷമായി പറഞ്ഞുവെക്കുകയും ചെയ്തു.
പ്രതീഷ് വിശ്വനാഥന്റെ കലാപാഹ്വാനങ്ങൾക്കെതിരെ കേരളത്തിലെ സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരുമടക്കമുള്ള നിരവധി പേർ പല ഘട്ടങ്ങളിലായി അനേകം പരാതികൾ പൊലീസിൽ സമർപ്പിച്ചിട്ടുണ്ട്. പക്ഷേ ഇതിലൊരു കേസ്സിൽ പോലും പൊലീസ് കാര്യമായി നടപടിയെടുത്തില്ല. ചില പരാതിക്കാർക്ക് പൊലീസ് നൽകിയ മറുപടിയാണ് ഇതിലേറ്റവും വിചിത്രം. പ്രതീഷ് വിശ്വനാഥന്റെ മേൽവിലാസവും വിവരങ്ങളും ഞങ്ങൾ ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കാൻ മിനിമം രണ്ട് വർഷം വരെ വേണ്ടി വരുമെന്നായിരുന്നു.

ഇതുപോലൊരു വിചിത്ര ന്യായമാണ് ഇപ്പോഴും പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ അയാൾ നടത്തിയ ആയുധ പ്രദർശനം കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ചിലർക്ക് പൊലീസ് മറുപടി നൽകിയത് അദ്ദേഹം കേരളത്തിൽ നിന്നല്ല പോസ്റ്റ് ചെയ്തത് എന്നാണ്. അയോധ്യവിധിയുമായി ബന്ധപ്പെട്ട ഒരു വിമർശനം ദുബായിൽ വെച്ച് പോസ്റ്റ് ചെയ്ത പ്രവാസിക്കെതിരെ കേരളത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അയാൾ നാട്ടിലെത്തിയപ്പോൾ നിയമനടപടികളെടുത്ത പൊലീസാണ് ഇത് പറയുന്നതെന്നോർക്കണം. സർക്കാറിനെതിരെ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചില ചെറുപ്പക്കാരെ രാത്രിക്ക് രാത്രി വീട് കയറി അറസ്റ്റ് ചെയ്യാൻ പൊലീസിന് ഫേസ്‌ബുക്കിൽ നിന്നും വിവരങ്ങൾ ലഭിക്കാന്ഡ കാത്തുനിൽക്കേണ്ടി വന്നില്ല.

ഹിന്ദുക്കളുടെ സംരക്ഷകനായി, തന്നെ സ്വയം അവരോധിച്ച ഒരുത്തൻ കേരളത്തിൽ പൊതുമണ്ഡലങ്ങളിൽ നിന്നുകൊണ്ട് കലാപങ്ങൾക്ക് കോപ്പുകൂട്ടുകയാണ്. അയാൾക്ക് നേരെ ഒരു ചെറുവിരലനക്കാൻ ഇവിടുത്തെ ഇടതുപക്ഷ സർക്കാർ തയ്യാറാകുന്നില്ല.
സൈബർ നിയമങ്ങൾ അനുദിനം ശക്തമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ, സർക്കാറിനെതിരെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കുന്നവർക്ക് നേരെ കേസ്സെടുത്തുകൊണ്ടിരിക്കുന്ന കേരളത്തിൽ, വാട്സ് ആപ്പിൽ ഹർത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ മതസ്പർധ വളർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നിരവധി മുസ്ലിം യുവാക്കൾക്കെതിരെ പല ഘട്ടങ്ങളിൽ കേസ്സെടുത്ത കേരളത്തിൽ,
ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് സ്ത്രീകൾക്കെതിരെ കേസ്സെടുത്ത കേരളത്തിൽ, തൃശ്ശൂർ പൂരത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായം അറിയിച്ചതിന് മുസ്ലിം യുവാവിനെതിരെ കേസ്സെടുത്ത കേരളത്തിൽ, സ്വന്തം നോവലിന്റെ ഒരു ഭാഗം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് ഒരു എഴുത്തുകാരനെതിരെ രാജ്യദ്രേഹക്കുറ്റത്തിന് കേസ്സെടുത്ത കേരളത്തിൽ, ബിജെപിയുടെ ഹർത്താലിനെ വിമർശിച്ചതിന് മുസ്ലിം യുവാക്കൾക്കെതിരെ കേസ്സെടുത്ത കേരളത്തിൽ, ലഘുലേഖകളും പുസ്‌കതങ്ങളും കൈവശം വെച്ചതിന് അലനെയും താഹയെയും മാസങ്ങളോളം തടവിലിട്ട കേരളത്തിൽ....

അതേ കേരളത്തിലാണ് പ്രതീഷ് വിശ്വനാഥൻ എന്ന ഒരു ഹിന്ദുത്വ തീവ്രവാദി നിരന്തരം കലാപാഹ്വാനങ്ങൾ നടത്തി മുന്നേറുന്നത്. ഈ കലാപാഹ്വാനങ്ങൾക്കെതിരെയുള്ള പിണറായി സർക്കാറിന്റെ മൗനം കേരളത്തിലെ അതിതീവ്രഹിന്ദുത്വത്തിന് അവരുടെ നീക്കങ്ങൾ ഒരുതരത്തിൽ പിന്തുണയാവുകയാണ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP