Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുല്ലപ്പള്ളിയുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് 16 സെക്കൻഡ് നീണ്ട മൗനം; ചോദ്യം കേട്ടില്ലേ സിഎം എന്ന് മാധ്യമപ്രവർത്തക; ചോദ്യം കേട്ടെന്നും മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാതിരുന്നതെന്നും മുഖ്യമന്ത്രി; ലൈഫ് മിഷൻ രേഖകൾ എന്തുകൊണ്ട് പ്രതിപക്ഷ നേതാവിന് നൽകുന്നില്ലെന്ന് ചോദിച്ചപ്പോൾ ഒരാൾക്ക് രണ്ടിൽക്കൂടുതൽ ചോദ്യങ്ങൾ പാടില്ല'എന്ന ശാസന; പിണറായിയുടെ വാർത്താസമ്മേളനത്തിൽ സംഭവിച്ചത്: പ്രമീള ഗോവിന്ദ് എഴുതുന്നു

മുല്ലപ്പള്ളിയുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് 16 സെക്കൻഡ് നീണ്ട മൗനം; ചോദ്യം കേട്ടില്ലേ സിഎം എന്ന് മാധ്യമപ്രവർത്തക; ചോദ്യം കേട്ടെന്നും മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാതിരുന്നതെന്നും മുഖ്യമന്ത്രി; ലൈഫ് മിഷൻ രേഖകൾ എന്തുകൊണ്ട് പ്രതിപക്ഷ നേതാവിന് നൽകുന്നില്ലെന്ന് ചോദിച്ചപ്പോൾ ഒരാൾക്ക് രണ്ടിൽക്കൂടുതൽ ചോദ്യങ്ങൾ പാടില്ല'എന്ന ശാസന; പിണറായിയുടെ വാർത്താസമ്മേളനത്തിൽ സംഭവിച്ചത്: പ്രമീള ഗോവിന്ദ് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുമ്പോൾ അനിഷ്ടം പ്രകടിപ്പിക്കുന്നതും, ശകാരിക്കുന്നതും, ഉത്തരം പറയാതിരിക്കുന്നതും ഭരണാധികാരികളുടെ രീതിയാണ്. ചേർന്ന് നിൽക്കുന്നവരെ താലോലിക്കാനും, അകലെ നിന്നാണെങ്കിലും ചോദ്യങ്ങൾ ചോദിക്കുന്നവരെ തല്ലാനും തോന്നുന്നവരാണ് പല നേതാക്കളും. തങ്ങളുടെയോ, സർക്കാരിന്റെയോ ഗ്ലാമറോ, ഇമേജോ ആ ചോദ്യത്തിന് മറുപടി പറയുന്നതിലൂടെ തകിടം മറിയുമെന്ന മിഥ്യാധാരണയാണ് ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിൽ. അടുത്തകാലത്ത്, അതായത് ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വനിതാ റിപ്പോർട്ടറുടെ ചോദ്യത്തിന് 16 സെക്കൻഡ് മൗനം പാലിച്ചത് വാർത്തയായിരുന്നു.

സിപിഎമ്മും ബിജെപിയും തമ്മിൽ സ്വർണ്ണക്കടത്ത് കേസിൽ ധാരണയുണ്ട് എന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ടല്ലോ എന്ന ചോദ്യം മാധ്യമപ്രവർത്തക ഉന്നയിച്ചു. എന്നാൽ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകാതെ 16 സെക്കന്റ് മിണ്ടാതിരിക്കുകയായിരുന്നു. പിന്നീട് മറുപടി അർഹിക്കാത്തതുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിലൂം സമാനമായ അനുഭവം മാധ്യമപ്രവർത്തയ്ക്കുണ്ടായി. 'ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിഷയത്തിലെ രേഖകൾ പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല നേരിട്ട് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നൽകുന്നില്ല ? എന്ന ചോദ്യം ശരിയായ ഉത്തരം കിട്ടാതെ വന്നപ്പോൾ വീണ്ടും ചോദിച്ചത് മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. നീരസം പരസ്യമാക്കിക്കൊണ്ടുതന്നെ മുഖ്യമന്ത്രി പറഞ്ഞു 'ഒരാൾക്ക് രണ്ടിൽക്കൂടുതൽ ചോദ്യങ്ങൾ പാടില്ല'എന്ന പറഞ്ഞ് മറ്റൊരു റിപ്പോർട്ടറുടെ ചോദ്യത്തിലേക്ക് മുഖ്യമന്ത്രി കടക്കുകയായിരുന്നു. ഇടത് അനുഭാവികൾ പലപ്പോഴും നോൺസെൻസ് ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി പറയാത്തത് എന്ന് ന്യായീകരിക്കാറുണ്ടെങ്കിലും ടെലിവിഷൻ കാണുന്ന എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല.

എന്തായാലും സത്യമറിയാൻ ഇനി വേണ്ടത് ചോദ്യങ്ങൾ ചോദിക്കലാണ് , ചോദ്യം ചെയ്യലുകളാണ് എന്ന വിശ്വസിക്കുന്നയാളാണ് ജയ്ഹിന്ദ് ടിവിയിലെ വനിതാ പ്രതിനിധി പ്രമീള ഗോവിന്ദ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ അനുഭവം പ്രമീള ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

കുറിപ്പ് ഇങ്ങനെ:

ചോദ്യഭയവും ചോദ്യഭാരവും

വാർത്താസമ്മേളനങ്ങൾ,ലൈവുകൾ,സ്റ്റോറികൾ,സമരങ്ങൾ,റിപ്പോർട്ടുകൾ,സ്വർണം,കള്ളക്കടത്ത്, അലച്ചിൽ .........പിന്നെ കുട്ടികൾ (കുറിപ്പ് കുടുംബപരമല്ലാത്തതുകൊണ്ടാണ് പ്രയോറിറ്റി ഇങ്ങനെ തലതിരിഞ്ഞ് ആയത് )വല്ലാത്ത തിരക്കുകൾ കാരണമാണ് ഒരു പോസ്റ്റ് ഇടാൻ വൈകിയത്. കഴിഞ്ഞ ദിവസത്തെ കഴിഞ്ഞ ദിവസത്തെ വാർത്തസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും മറുപടിഭാഷയും കണ്ടവരൊക്കെയും വിളിച്ചിരുന്നു.

'ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിഷയത്തിലെ രേഖകൾ പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല നേരിട്ട് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നൽകുന്നില്ല ? 'എന്ന ചോദ്യത്തിന് ഉത്തരം കിട്ടാഞ്ഞപ്പോൾ അന്ന് സിഎമ്മിനു മുൻപിൽ ഞാൻ ചോദ്യം ആവർത്തിച്ചു. അതിലെ നീരസം പരസ്യമാക്കിക്കൊണ്ടുതന്നെ മുഖ്യമന്ത്രി പറഞ്ഞു 'ഒരാൾക്ക് രണ്ടിൽക്കൂടുതൽ ചോദ്യങ്ങൾ പാടില്ല' എന്ന്. മുൻപ് ' ഉത്തരം അർഹിക്കുന്നില്ല ' എന്ന ഉത്തരം പറഞ്ഞും , മറ്റൊരിക്കൽ 17 സെക്കൻഡ് നീണ്ട മൗനം കൊണ്ടും അദ്ദേഹം 'എന്നിലൂടെ ഉന്നയിക്കപ്പെട്ട' ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്.'എന്നിലൂടെ ഉന്നയിക്കപ്പെട്ട' എന്ന് ഞാൻ ഊന്നിപ്പറയാൻ കാരണം ചോദ്യകർത്താവ് ഞാനാണെങ്കിലും അതിന്റെ 'ഉടമ' ഞാനല്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്. കാരണം ഭരിക്കുന്നവരുടെ മുന്നിൽ ഉന്നയിക്കപ്പെടുന്ന മാധ്യമ പ്രവർത്തരുടെ ചോദ്യങ്ങൾ ഒരിക്കലും അവരുടേതല്ല, അവരുടെ മുതലാളിമാരുടേതുമല്ല. ചോദ്യങ്ങൾ വിട്ടു ജീവിക്കുന്നവരല്ല ബഹുഭൂരിപക്ഷം മാധ്യമപ്രവർത്തകരും, എങ്കിൽപ്പിന്നെ ആരാണ് ചോദ്യങ്ങളുടെ ഉടമസ്ഥർ?

ഒരു സംശയവും വേണ്ട എല്ലാ ചോദ്യങ്ങളും വർഗ്ഗസ്വഭാവം പുലർത്തുന്ന അന്വേഷണങ്ങൾ തന്നെയാണ്. ഭരണവർഗത്തിനു മുന്നിലെ ഭരണീയവർഗ്ഗത്തിന്റെ സംപൂർണ്ണ പ്രാതിനിധ്യമാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾ. അവർക്കുവേണ്ടിതന്നെയാണ് ചോദ്യങ്ങൾ ഉയർത്തപ്പെടുന്നതും. സിന്ധു സൂര്യകുമാർ, വിനു, നിഷ പുരുഷോത്തമൻ, തുടങ്ങി വിവിധ ചാനലുകളിലെ മുതിർന്ന മാധ്യപ്രവർത്തകരും 'മറുനാടൻ'പോലുള്ള നിരവധി പോർട്ടലുകളും പിന്തുണ രൂപത്തിലുള്ള സുവ്യക്തമായ പരിഗണനകൾ ആ ചോദ്യങ്ങൾക്കു നൽകുന്നത് അവയ്ക്ക് വർഗ്ഗ സ്വഭാവം ഉള്ളതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ജനതയെന്ന വർഗത്തെ മുൻനിർത്തിയാണ് ഓരോ മാധ്യമപ്രവർത്തകരും ചോദ്യങ്ങൾ ഉന്നയിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റേത് മാധ്യമപ്രവർത്തകരെയും പോലെ ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ എനിക്കുള്ള പിന്തുണ (വ്യക്തിപരമായ സന്തോഷമുള്ളപ്പോൾ തന്നെ) പൊതുസമൂഹത്തിനു അവകാശപ്പെട്ടതാണ്. എന്നിട്ടും ഒന്നിലധികം ചോദ്യങ്ങൾ പാടില്ലെന്ന തിട്ടൂരമിറക്കിയും അനുബന്ധചോദ്യങ്ങൾ വിലക്കിയും അന്നും 'മാധ്യമ സ്വാതന്ത്ര്യം ' സംരക്ഷിച്ചു !. മാധ്യമപ്രവർത്തനം പഠിക്കുന്ന കാലത്തും പണിയെടുക്കുന്ന കാലത്തും നാളിതുവരെ അങ്ങനെയൊരു നിബന്ധന ഞാൻ കേട്ടിട്ടേയില്ല. അദ്ദേഹത്തോട് ആവർത്തിച്ചു ചോദിച്ചത് എന്തോ ഒര് വലിയ അപരാധമായി കണ്ടെന്നെ സ്‌നേഹബുദ്ധ്യാ ഉപദേശിച്ചവരും കുറവല്ല.

'ഉപ്പുതിന്നവൻ വെള്ളം കുടിക്കും' മുതൽ 'മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കണ്ട ' വരെയുള്ള പഴമൊഴികളിൽ തലയറഞ്ഞാടുന്ന കേരളരാഷ്ട്രീയം അക്ഷരാർത്ഥത്തിൽ അതിന്റെ 'സ്വർണ്ണ കാല' ത്തിലൂടെ കടന്നുപോകുകയാണ്. പഴഞ്ചൊല്ലുകൾ കൊണ്ട് ഇത്രയും രാഷ്ട്രീയം പ്രതിരോധം തീർത്ത മറ്റൊരു സർക്കാർ ഇന്നേവരെ കേരളത്തിലുണ്ടായിക്കാണില്ല എന്ന് തോന്നുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ഇടതുപക്ഷ സർക്കാറിനെ രക്ഷിച്ചെടുക്കേണ്ട വലിയ ബാധ്യതയുള്ള ഏക ആയുധമായി തങ്ങൾക്ക് മാറേണ്ടിവരുമെന്ന് ഇടതുപ്രത്യയശാസ്ത്രത്തേക്കാൾ പഴക്കമുള്ള ഈ പാവം പഴഞ്ചൊല്ലുകൾ ഒരിക്കലും കരുതിയിട്ടുമുണ്ടാവില്ല. ചോദ്യശിലകൾ കൊണ്ട് തീർക്കുന്ന ജനാധിപത്യത്തിന്റെ അടിത്തറയില്ലാതാക്കാൻ പഴഞ്ചൊല്ലുകൾ തീർക്കുന്ന ഈ പഴഞ്ചൻ പ്രതിരോധം പതിരാവാനിനിയെത്ര നിമിഷം ബാക്കി ? മരണാസന്നമാവുന്നത് ചോദ്യങ്ങളോ അസത്യങ്ങളുടെ പാഴ്മുറങ്ങളോ ?

'ചോദ്യങ്ങൾ മരിക്കുന്നതിനെ'ക്കുറിച്ച് പുസ്തകമെഴുതിയത് The New York Women's Foundation അംഗവും സ്ത്രീപക്ഷ ആക്ടിവിസ്റ്റും കോളമിസ്റ്റുമായ ആൻഡ്രിയ ബാറ്റിസ്തയാണ്. ചോദ്യങ്ങൾ ശിശുസഹജമാണ് എന്ന ആമുഖ വാചകത്തോടെ തുടങ്ങുന്ന The Death of 'Why?' എന്ന പുസ്തകം ചോദ്യം ചെയ്യൽ അവസാനിക്കുന്ന ഒരു കാലത്തെ ഭയക്കുന്ന ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി പ്രതിപാദിക്കുന്നു. 'ചോദ്യം ചെയ്യലിന്റെ തകർച്ചയും ജനാധിപത്യത്തിന്റെ ഭാവിയും ' എന്നാണ് പുറംചട്ടയിലെ സബ്‌ടൈറ്റിൽ തന്നെ. ഒരു പെണ്ണായതുകൊണ്ടും പുസ്തകം ചോദ്യങ്ങളെകുറിച്ചായതുകൊണ്ടും ഹൃദ്യമായ പ്രേരണയാണ് അതിന്റെ വായന. ചോദ്യം ചെയ്യലെന്നത് വെറുമൊരു പ്രവർത്തിയല്ലെന്നും ജനാധിപത്യ സങ്കല്പങ്ങളിൽ ആഴത്തിൽ പതിച്ച ഒരു മൂല്യമാണതെന്നും ആൻഡ്രിയ എടുത്തുപറയുന്നു, പുത്തൻ ഭരണാധികാരികളോട് വിരൽചൂണ്ടി പറയുന്നപോലെ തോന്നും അതിന്റെ ഭാഷ.

Lights, Camera, Debate! എന്ന അവസാന അധ്യായം അമേരിക്കയിലെ ഭരണകർത്താക്കളുമായി മീഡിയയും ഓഡിയൻസും നടത്തുന്ന സംവാദങ്ങളെകുറിച്ചാണ്. കണ്ണുണ്ടെങ്കിൽ കാണാനും കാതുണ്ടെങ്കിൽ കേൾക്കാനുമായി അതിലെ ഒരു വാചകം ഉദ്ധരിക്കട്ടെ 'തുറന്നതും ചിന്താപരവും ക്രിയാത്മകവുമായ ചർച്ച ജനാധിപത്യത്തിന്റെ നിർണായക ഘടകമാണ്, പൗരന്മാർക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ശബ്ദങ്ങൾ കേൾക്കാനുമുള്ള അവസരമെന്ന നിലയിലും തങ്ങളുടെ കഴിവ് നമ്മുടെ നേതാക്കൾക്ക് പ്രകടിപ്പിക്കാനുള്ള അവസരമെന്ന നിലയിലും നാടിന്റെ വെല്ലുവിളികൾ അതിജീവിക്കാനും ചോദ്യങ്ങൾ ആവശ്യമാണ്'ചോദ്യങ്ങൾ ഇല്ലാതാവുന്നതിന് തൊട്ടു മുൻപ് കേൾക്കുന്ന നിലവിളി അന്തസ്സ് ഇല്ലാതാവുന്നതിന്റേതായിരിക്കും .അതുകൊണ്ടുതന്നെ ഉത്തരം കിട്ടാനുള്ള ഒട്ടേറെ ചോദ്യങ്ങൾ ഇനിയുമുയർത്താനുണ്ട്. ചോദ്യങ്ങൾ ഇല്ലാതാക്കാൻ നടക്കുന്നവർക്ക് അങ്ങനെയൊരു നിലവിളിയുടെ കാര്യമുണ്ടാവില്ല.

കേൾക്കുന്നവർക്ക് ഭയമുണ്ടാക്കുന്ന ചോദ്യങ്ങൾ, ഒരിക്കലും ചോദിക്കുന്നവർക്ക് ഭാരമല്ലെന്നോർക്കണം , അത് പോലെ തിരിച്ചും ! അതെ, തിരച്ചിലുകൾ അവസാനിപ്പിക്കാൻ നേരമായി. സത്യമറിയാൻ ഇനി വേണ്ടത് ചോദ്യങ്ങൾ ചോദിക്കലാണ് , ചോദ്യം ചെയ്യലുകളാണ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP