Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

ശസ്ത്രക്രിയാ മേശക്കു ചുറ്റിലും നിൽക്കുന്ന സർജന്മാരുടെ ഗൗരവമുള്ള ശരീര ഭാഷയല്ലേ നേതാക്കളിൽ കാണുന്നത്: അതൊരു കുഞ്ഞു മുറിയല്ല, മാരുതൻ സ്വച്ഛശീതളമായി തടസങ്ങളില്ലാതെ സഞ്ചരിക്കുന്ന വിശാലമായ ഹാളാണ്: ചരിതമുഹൂർത്തമാണത്, കല്യാണമോ അടിയന്തിരമോ പോലുള്ള സാധാരണ ലൗകിക വ്യവഹാരമല്ല : കേക്ക് മുറിയെ പരിഹസിച്ച് കവി ഷാജു വിവിയുടെ പോസ്റ്റ്

ശസ്ത്രക്രിയാ മേശക്കു ചുറ്റിലും നിൽക്കുന്ന സർജന്മാരുടെ ഗൗരവമുള്ള ശരീര ഭാഷയല്ലേ നേതാക്കളിൽ കാണുന്നത്: അതൊരു കുഞ്ഞു മുറിയല്ല, മാരുതൻ സ്വച്ഛശീതളമായി തടസങ്ങളില്ലാതെ സഞ്ചരിക്കുന്ന വിശാലമായ ഹാളാണ്: ചരിതമുഹൂർത്തമാണത്, കല്യാണമോ അടിയന്തിരമോ പോലുള്ള സാധാരണ ലൗകിക വ്യവഹാരമല്ല : കേക്ക് മുറിയെ പരിഹസിച്ച് കവി ഷാജു വിവിയുടെ പോസ്റ്റ്

കെവി നിരഞ്ജൻ

കോഴിക്കോട്: ശസ്ത്രക്രിയാ മേശയ്ക്കു ചുറ്റും നിൽക്കുന്ന സർജന്മാരുടെ ഗൗരവമുള്ള ശരീര ഭാഷയാണ് ഓരോരുത്തരിലും കാണുന്നത്.... നിയമസഭാ തെരഞ്ഞെടുപ്പ് വിജയം എൽഡിഎഫ് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നേതാക്കൾ ഒന്നിച്ചു കൂടിനിന്ന് കേക്ക് മുറിച്ച് ആഘോഷിച്ചതിനെ പരിഹസിച്ചു കൊണ്ടുള്ള കവി ഷാജു വി വിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇടതുപക്ഷത്തെ അധിക്ഷേപിക്കാൻ കാരണങ്ങൾക്കായി സിനിക്കൽ ഭൂതക്കണ്ണാടിയും വച്ച് നടക്കുന്നവർക്ക് കാണുന്നതെന്തും കാരണമാണ് .കാര്യമുണ്ടാവണമെന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

പൊതുജനങ്ങൾക്കു മാതൃകയാ വേണ്ട നൂറോളം മുൻനിര രാഷ്ട്രീയ നേതാക്കൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഒറ്റമുറിയിൽ കൂട്ടം കൂടി നിൽക്കുന്നു എന്നൊക്കെ ചില വലതുപക്ഷ നിക്ഷിപ്ത സൈബർ വിഷജീവികൾ പെരും നുണകൾ എഴുതിപ്പിടിപ്പിച്ചത് കാണാനായി .

ചുവരിലുള്ള എ കെ ജിയുടെയും ഇ എം എസിന്റെയും മറ്റു അന്തരിച്ചു നേതാക്കളുടെ പടങ്ങളെയും കൂട്ടിയാണോ നിങ്ങൾ നൂറെന്നു പറയുന്നത്? മരിച്ചു പോയവരോ ചുവർ ചിത്രങ്ങളോ കൊറോണ രോഗവാഹകരല്ല സുഹൃത്തുക്കളേ. ഏതു വിധേനയും നൂറു തികയ്ക്കാൻ ഇതെന്താ ക്രിക്കറ്റ് മാച്ചാണോ?സത്യാനന്തര ലോകം എന്ന വാക്കിന്റെ വിവക്ഷ നിങ്ങൾക്ക് എന്തുനുണകളും വിളിച്ചു പറയാവുന്ന ലോകം എന്നല്ല.മിനിമം ധാർമ്മികത വേണ്ടേ?

സഖാവ് പന്ന്യൻ രവീന്ദ്രനെയൊക്കെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഉയർന്ന സാമൂഹ്യബോധത്തോടെ ശ്വാസം പിടിച്ചുള്ള ആ നിൽപ്പ് ജാഗ്രത മാത്രം പോരാ, ഭയവും വേണം എന്ന അടിക്കുറിപ്പോടെ കോവിഡ് പ്രതിരോധ ബോധവൽക്കരണ പോസ്റ്ററായി ഉപയോഗിക്കാവുന്ന അത്രയും മാതൃകാപരമല്ലേ? നിരന്തരം ചിരിച്ചും ഉച്ചത്തിൽ സരസമായി വർത്താനം പറഞ്ഞും മാത്രം കാണാറുള്ള എത്രയെത്ര എൽ ഡി എഫ് നേതാക്കളാണ് പാന്റമിക് സാഹചര്യത്തിലെ അഭിലഷണീയ സാമൂഹ്യ ശരീരഭാഷയുടെ സന്ദേശവിളംബരമായി ആ ഫോട്ടോയിൽ നിൽക്കുന്നത്?

ഡോ ആഷിലിനെപ്പോലുള്ളവർ കരഞ്ഞും കടുത്തും ഗത്യന്തരമില്ലാതെ പൊട്ടിത്തെറിച്ചും കേരളത്തിലെ പൗരസമൂഹത്തിനു കൈമാറിക്കൊണ്ടിരിക്കുന്ന ആശങ്കാകരമായ പകർച്ചവ്യാധി സ്ഥിതിവിശേഷത്തെ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ടല്ലേ അവർ ഓരോരുത്തരും നിലയുറപ്പിച്ചിട്ടുള്ളത്? അലക്കി വെളുപ്പിച്ച, ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്ന മാസ്‌കുകൾ കോവിഡിനെതിരായുള്ള മുൻകരുതലുകളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര പരസ്യചിത്രത്തിന്റെ ആംബിയൻസുണ്ടാക്കുന്നില്ലേ?

അതൊരു കുഞ്ഞു മുറിയല്ല. വിശാലമായ ഹാളാണ് .ജനാലകൾ മലർക്കെ തുറന്നു കിടന്നിട്ടുണ്ട്.മാരുതൻ അകത്തേക്കും പുറത്തേക്കും സ്വച്ഛശീതളമായി തടസ്സങ്ങളില്ലാതെ നിർബാധം സഞ്ചരിക്കുന്നുണ്ട് .

ആ പടം നോക്കി തെരുവിൽ 'പകർച്ചവ്യാധി സദസ്സിലെ കയ്യടി പോലെ സംക്രമിക്കുമ്പോൾ ' ( പ്രയോഗം മേതിലിന്റേത് ) അധികാരത്തിന്റെ അപ്പക്കഷണങ്ങൾ പങ്കുവയ്ക്കുന്നവർ എന്നു നിങ്ങൾക്ക് അടിക്കുറിപ്പെഴുതാൻ തോന്നുന്നുണ്ടോ? ഒരു റഗ്‌ബി ടീം പന്തിനു ചുറ്റും അക്രമോൽ സുകരായി കൂടി നിൽക്കുന്നതു പോലെ എന്ന് അലങ്കാരം ചമയ്ക്കാൻ തോന്നുന്നുണ്ടോ?
എങ്കിൽ നിങ്ങൾ മനസാക്ഷിയില്ലാത്തയാളാണ് .ആർക്കു വേണ്ടിയാണവരവിടെ വന്നു ചേർന്നത്? എനിക്കും നിങ്ങൾക്കും വേണ്ടി .നമുക്കു വേണ്ടി .ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത് .

ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഒരു ശസ്ത്രക്രീയാമേശയ്ക്കു ചുറ്റിലും നിൽക്കുന്ന സർജന്മാരുടെ ഗൗരവമുള്ള ശരീരഭാഷയല്ലേ അവരിൽ ഓരോരുത്തരിലും കാണുന്നത്? കത്തിയുമായി നമ്മുടെ പ്രിയങ്കരനായ നേതാവ് കുനിഞ്ഞു നിൽക്കുന്ന ദ്യശ്യം ലോകത്തിനു നൽകുന്നത് കോവിഡിനെതിരായ സർജിക്കൽ പോരാട്ടത്തിന്റെ പ്രതീകാത്മക സന്ദേശമല്ലേ?

ഇക്കഴിഞ്ഞ ഇലക്ഷൻ വേളയിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നഗ്‌നമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനമാണ് രാജ്യത്തിന്റെ സ്ഥിതി ഈ അവസ്ഥയിൽ എത്തിച്ചത് എന്ന് ചില വിമർശനങ്ങൾ കണ്ടു. എന്തല്ലാം അസംബന്ധങ്ങളാണ് ആളുകൾ പറയുന്നത്? രണ്ടാം തരംഗമിത്രയും ഗുരുതരമായി മൂർച്ഛിക്കാനുണ്ടായ കാരണങ്ങൾ, യു ഡി എഫിന്റെ പരാജയ കാരണങ്ങൾ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ പoനങ്ങൾ നടക്കുന്നുണ്ട്.

കേരളത്തിലെ ഓരോ പൗരന്റെയും പ്രതിനിധികളെന്ന നിലയിലാണ് ആ ഹാളിലെ ഉത്തരവാദിത്തപ്പെട്ട ഓരോ നേതാക്കളും നിൽക്കുന്നത് .ചരിത്ര മുഹൂർത്തമാണിത്. കല്യാണമോ അടിയന്തിരമോ പോലുള്ള സാധാരണ ലൗകികവ്യവഹാരമല്ല.

അവരോരോരുത്തരും കോവിഡ് ടെസ്റ്റ് നടത്തി രോഗികളല്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് അവിടെ സന്നിഹിതരായിട്ടുള്ളത് .ടെസ്റ്റിനു ശേഷം രോഗം പകർന്നിട്ടുണ്ടാവാമല്ലോ എന്നൊക്കെ ബാലിശമായ കുതർക്കങ്ങൾ ഉന്നയിക്കുന്നത് ദുഃഖകരമാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോവിഡ് എന്ന മഹാമാരി രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉയർന്ന പോസിറ്റിവിറ്റി നിരക്കോടെ വ്യാപിക്കുന്ന ഈ കാലത്ത് കോവിഡില്ലാത്ത ഭൂമിയിലെ ഏക ആരോഗ്യ മാതൃകാ മനുഷ്യസഞ്ചയത്തിന്റെ ഫോട്ടോയാണിത്.നോഹയുടെ പെട്ടകം എന്ന രൂപകം സന്ദർഭത്തിനു യോജിക്കാത്തതു കൊണ്ട് ഞാൻ വേണ്ടെന്നു വയ്ക്കുന്നു എന്നും അദ്ദേഹം പരിഹസിക്കുന്നു.

മറ്റൊരു കാര്യം കൂടി .കോവിഡ് 19 മനുഷ്യരാശിക്കുണ്ടാക്കിയ പരിക്കുകൾ ചില്ലറയല്ല. എങ്കിലും വൈറസിനെ നാം കുറച്ചു കാണരുത് .ഈ ചരിത്രമുഹൂർത്തത്തിൽ ആ മുറിക്കു പുറത്ത് ചെരിപ്പുമൂരി വിനീതരായി നിൽക്കുകയാണ് വേണ്ടത് എന്ന് കൊറോണാ വൈറസിനും അറിയുമായിരിക്കണം.കാരണം ചരിത്രം മനുഷ്യരെ മാത്രമല്ല ആവേശിക്കുന്നത് . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP