Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തനിക്ക് ആ കുട്ടിയുടെ വിവരംപോലും ഇല്ലല്ലോ; തനിക്ക് ഒന്നും പറ്റിയ പണിയല്ല എംഎ‍ൽഎ; തനിക്ക് പറ്റിയത് ബഡായി ബംഗ്ലാവ് ആണ്'; എംഎ‍ൽഎയെ പഞ്ഞിക്കിട്ട് ട്രോളന്മാർ; അനുഭവിച്ചോ എന്ന് സഹതാരമായ മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും

'തനിക്ക് ആ കുട്ടിയുടെ വിവരംപോലും ഇല്ലല്ലോ; തനിക്ക് ഒന്നും പറ്റിയ പണിയല്ല എംഎ‍ൽഎ;  തനിക്ക് പറ്റിയത് ബഡായി ബംഗ്ലാവ് ആണ്'; എംഎ‍ൽഎയെ പഞ്ഞിക്കിട്ട് ട്രോളന്മാർ; അനുഭവിച്ചോ എന്ന് സഹതാരമായ മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ഫോൺ വിളിച്ച് സഹായം തേടിയ വിദ്യാർത്ഥിയോട് കയർത്തും പരുഷമായും സംസാരിച്ച കൊല്ലം എംഎ‍ൽഎ എം.മുകേഷിനെതിരേ സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകളുടെ പൊടിപൂരം. സംഭവം പുറത്തുവന്ന് മിനുറ്റുകൾക്കകം ട്രോളന്മാർ വിഷയം ഏറ്റെടുത്തു.

രാജിവെച്ച മുൻ വനിതാകമ്മീഷൻ അധ്യക്ഷയുടെ 'ഹിറ്റായ പ്രയോഗം' കൂടി കടമെടുത്താണ് എംഎ‍ൽഎയെ ട്രോളുന്നത്. അതേസമയം വിഷയത്തിൽ സമൂഹമാധ്യമങ്ങളിലും രോഷം പുകയുകയാണ്. ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ഒരാൾ എങ്ങിനെയാണ് ജനസേവകനാകുന്നതെന്നാണ് പ്രധാന ചോദ്യം. കൂടുതൽപേരും വിമർശിക്കുന്നുണ്ടെങ്കിലും എംഎ‍ൽഎയെ പിന്തുണച്ചും ചിലരെല്ലാം രംഗത്തുവന്നിട്ടുണ്ട്. ഇത് മനപ്പൂർവ്വം കെട്ടിച്ചമച്ച നാടകമാണെന്നാണ് അക്കൂട്ടരുടെ വാദം.

പാലക്കാടുള്ള കുട്ടി കൊല്ലം എംഎ‍ൽഎയെ വിളിച്ചതിൽ ദൂരൂഹത കാണുന്നവരും കുറവല്ല. മുകേഷിന്റെ പഴയൊരു ഡയലോഗ് എടുത്തുപറഞ്ഞാണ് വിമർശനങ്ങളിൽ അധികവും ഉയർന്നിരിക്കുന്നത്. രാത്രിയിൽ തന്നെ വിളിച്ച ആരാധകനോട് 'അന്തസ്സ് വേണമെടാ അന്തസ്സ്' എന്ന് മുകേഷ് പ്രതികരിച്ചിരുന്നു. അത് വ്യാപകമായി വിമർശനത്തിനും ഉപയോഗിക്കുന്നുണ്ട്.

'ഇങ്ങനെയും ബഡായി ബംഗ്ലാവ്', 'അനുഭവിച്ചോ എല്ലാം','കുഞ്ഞുങ്ങളോടു സിനിമാ , കഷ്ടം'-തുടങ്ങി കമന്റുകളാണ് ഏറെയും. തനിക്ക് ആ കുട്ടിയുടെ വിവരംപോലും ഇല്ലല്ലോ. ഒന്നുമല്ലെങ്കിൽ വിളിച്ചത് ഒരു കുട്ടിയല്ലേ. ആ കുട്ടിക്ക് പറയാനുള്ളത് എന്താണെന്നെങ്കിലും കേൾക്കാമായിരുന്നു. തനിക്ക് ഒന്നും പറ്റിയ പണിയല്ല.എംഎ‍ൽഎ. തനിക്ക് പറ്റിയത് ബഡായി ബംഗ്ലാവ് ആണ്'-എന്നാണ് ഒരാൾ വിമർശനമായി കുറിച്ചു.

കുട്ടിയും മുകേഷും തമ്മിലുള്ള സംഭാഷണത്തിന്റെ ഫോൺ കോൾ റെക്കോർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ാം ക്ലാസുകാരനാണ് എംഎ‍ൽഎയെ വിളിച്ചത്. കൂട്ടുകാരൻ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി. ഫോൺ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്നരീതിയിലായിരുന്നു എംഎ‍ൽഎയുടെ സംസാരം.

'ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത്, ഒറ്റപ്പാലം എംഎ‍ൽഎ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത്'എന്നുതുടങ്ങി പിന്നീടങ്ങോട്ട് ശകാരവർഷമായി. ഞാനൊരു സ്റ്റുഡന്റ് ആണെന്നും 10ാം ക്ലാസിലാണ് പഠിക്കുന്നതെന്നും വിദ്യാർത്ഥി പറഞ്ഞു. ആരായാലും തന്നെ വിളിക്കേണ്ടെന്നായിരുന്നു എംഎ‍ൽഎയുടെ മറുപടി.

കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നായി പ്രതികരണം. സ്വന്തം എംഎ‍ൽഎയുടെ നമ്പർ തരാതെ വേറേരാജ്യത്തുള്ള എംഎ‍ൽഎയുടെ നമ്പർ തന്ന കൂട്ടുകാരനാരാണെന്നും മുകേഷ് ചോദിച്ചു. താൻ വലിയ ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണെന്നും തന്നെ ആളുകൾ പരിഹസിക്കുന്നുവെന്നുമായി പിന്നീടുള്ള പ്രതികരണം. ഇതോടെ കുട്ടി സോറി പറഞ്ഞു. സോറി ഒന്നും പറയേണ്ടെന്നും ഇത് നല്ല അസ്സൽ വെളച്ചിലാണെന്നുമായി എംഎ‍ൽഎ.

അതേസമയം സംഭവത്തിൽ നടന്നത് ഗൂഢാലോചന ആണെന്നാണ് മുകേഷ് പറയുന്നത്. തനിക്കെതിരെ പലരും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് കുട്ടി ഫോൺ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സൈബർ സെല്ലിലും പൊലീസിലും പരാതി നൽകുമെന്നും മുകേഷ് പറഞ്ഞു.

'തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്. നിരവധി പേരാണ് വിളിക്കുന്നത്. ഫോൺ വിളികൾ കാരണം ഒരു മണിക്കൂറിനുള്ളിൽ മൊബൈലിലെ ചാർജ് തീരുന്ന അവസ്ഥയാണ്. ഗൂഢാലോചന നടത്തി തന്നെ പ്രകോപിപ്പിക്കാനാണ് അവരുടെ ശ്രമം. ആര് ഫോൺ വിളിച്ചാലും എടുക്കുന്ന പ്രകൃതമാണ് തനിക്ക്. എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചുവിളിക്കും.ഇപ്പോൾ സംഭവിച്ചതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ആ കുട്ടി താൻ ഒരു സൂം മീറ്റിങ്ങിൽ പങ്കെടുക്കുമ്പോഴാണ് വിളിക്കുന്നത്.

ആദ്യം വിളിച്ചപ്പോൾ യോഗത്തിലാണെന്ന് പറഞ്ഞു. ആറ് തവണയാണ് യോഗത്തിനിടെ വീണ്ടും വീണ്ടും വിളിച്ചത്. ഇതുകാരണം മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. പിന്നീട് തിരിച്ചുവിളിച്ച് സ്വന്തം നാട്ടിലെ എംഎ‍ൽഎയെ ബന്ധപ്പെട്ടോ എന്ന് ആരാഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ലഭിച്ചശേഷം തന്നെ ബന്ധപ്പെട്ടോളൂ എന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത്.

സുഹൃത്ത് പറഞ്ഞിട്ടാണ് അവൻ വിളിച്ചതെന്ന് പറഞ്ഞു. എന്നാൽ അയാൾ സുഹൃത്തല്ല, ഈ നാടിന്റെ തന്നെ ശത്രുവാണ്. പലരും ഇത്തരത്തിൽ പ്രകോപിപ്പിക്കുന്നുണ്ട്. ആറ് പ്രാവശ്യം വിളിച്ചതും ഫോൺ റെക്കോർഡ് ചെയ്തതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഇതുപോലെ തന്റെ ഓഫിസിന്റെ പേരിൽ ആശുപത്രി, ബാങ്ക് എന്നിവിടങ്ങളിലേക്കും പലരും വ്യാജമായി വിളിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകി.

കുട്ടികളോട് വളരെ നല്ല രീതിയിൽ മാത്രമാണ് താൻ പെരുമാറാറുള്ളത്. ചൂരൽ ഉപയോഗിച്ച് അടിക്കണമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. കുട്ടിയുടെ അച്ഛന്റെയോ മൂത്ത ജ്യേഷ്ഠന്റെയോ പ്രായം തനിക്കുണ്ട്. അതിനാലാണ് അത്തരത്തിലെ പ്രയോഗം ഉപയോഗിച്ചത്.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. പൊലീസിലും സൈബർ സെല്ലിലും പരാതി നൽകാനാണ് തീരുമാനം. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ഇത്തരത്തിൽ കുട്ടികൾ ആരെയും വിളിക്കരുത്. കുട്ടിക്ക് വിഷമം ഉണ്ടായതുപോലെ തനിക്കും അതിലേറെ ഇപ്പോൾ സങ്കടം തോന്നുന്നു. ഇത്തരത്തിലൊരു വിഡിയോ ഇടേണ്ടിവന്നതിൽ വിഷമമുണ്ട്' -മുകേഷ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP