Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുപോസ്റ്റർ പതിച്ചതിന്റെ പേരിൽ വീടുകയറി ആളുകളെ അറസ്റ്റ് ചെയ്യിപ്പിക്കുന്നത് സിപിഐ ക്കാരെ ആണെങ്കിൽ പോലും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്; ഇത് താങ്കളുടെ രാഷ്ട്രീയ ജീവിതത്തിന് മേൽ തീരാകളങ്കമായിരിക്കും; കേസ് പിൻവലിക്കാൻ കാനം ആവശ്യപ്പെടുമോ? ചോദ്യങ്ങളുമായി പി.സി.വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒരുപോസ്റ്റർ പതിച്ചതിന്റെ പേരിൽ വീടുകയറി ആളുകളെ അറസ്റ്റ് ചെയ്യിപ്പിക്കുന്നത് സിപിഐ ക്കാരെ ആണെങ്കിൽ പോലും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്; ഇത് താങ്കളുടെ രാഷ്ട്രീയ ജീവിതത്തിന് മേൽ തീരാകളങ്കമായിരിക്കും; കേസ് പിൻവലിക്കാൻ കാനം ആവശ്യപ്പെടുമോ? ചോദ്യങ്ങളുമായി പി.സി.വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പാർട്ടിയിലെ ഒരു വിഭാഗം പോസ്‌റ്റൊട്ടിച്ചത് ചൂടുപിടിച്ച വിവാദമായിരിക്കുകായാണ്. ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു വിമർശനമുണ്ടായി. കൊച്ചിയിലെ പൊലീസ് അതിക്രമത്തിൽ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിക്ക് ഒപ്പം കാനം നിന്നില്ലെന്ന് നേതാക്കൾ വിമർശിച്ചു. പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് പൊലീസിനെ ന്യായീകരിച്ചത്. പോസ്റ്റർ ഒട്ടിച്ച നേതാക്കൾക്കെതിരെ കേസ് കൊടുത്തത് അനാവശ്യമായി എന്നും നേതാക്കൾ കുറ്റപ്പെടുത്തി.

പാർട്ടിയെ ബാധിച്ച വിഭാഗീയത എന്ന കാൻസറാണ് പോസ്റ്റർ വിവാദത്തോടെ പുറത്തുവന്നതെന്നും യോഗത്തിൽ ആത്മവിമർശനം ഉയർന്നു. ജില്ലാ എക്‌സിക്യൂട്ടീവിലും കൗൺസിലിലും ഒരേ വിമർശനമാണ് ഉണ്ടായത്. കാനത്തിനെതിരെ പോസ്റ്റർ പതിച്ചത് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് കാനത്തോട് ചോദ്യങ്ങളുമായി രംഗത്തുവന്നത്. ആലപ്പുഴയിൽ പോസ്റ്റർ പതിച്ച സ്വന്തം പാർട്ടിക്കാർക്ക് എതിരായ് നൽകിയ കേസ് കാനത്തിന് കളങ്കമാണ്. അത് പിൻവലിക്കാൻ ആവശ്യപ്പെടണമെന്നും വിഷ്ണുനാഥ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

'പ്രിയപ്പെട്ട കാനം...ആലപ്പുഴയിൽ പോസ്റ്റർ പതിച്ച സ്വന്തം പാർട്ടിക്കാർക്ക് എതിരായ് നൽകിയ കേസ് താങ്കൾക്കൊരു കളങ്കമാണ്. അത് പിൻവലിക്കാൻ താങ്കൾ തന്നെ ആവശ്യപ്പെടുമെന്ന് ഈ വൈകിയ വേളയിലും പ്രതീക്ഷിക്കുന്നു.

സിപിഐക്ക് കേരള രാഷ്ട്രീയത്തിൽ സമൂഹത്തിന്റെ ബഹുമാനം ലഭിച്ചത് പാർട്ടിയുടെ അംഗബലംകൊണ്ടോ നിയമസഭാ സാമാജികരുടെ എണ്ണം കൊണ്ടോ അല്ല. അത് ആ പാർട്ടി സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടുകളുടെ പേരിലും അതിന്റെ മുൻകാല നേതാക്കളായ അച്യുതമേനോനും പി കെ വിയും എം എൻ ഗോവിന്ദൻനായരും ടി വി തോമസും വെളിയം ഭാർഗവും സി കെ ചന്ദ്രപ്പനുമെല്ലാം ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളുടെ പേരിലുമാണ്.

എറണാകുളത്ത് എസ് എഫ് ഐ യുടെ ക്യാമ്പസ് ഫാസിസത്തിനെതിരായിട്ടാണ് എ എ എസ് എഫുകാർ സമരം ചെയ്തത്. അതിൽ പക്ഷപാതപരമായി നടപടി എടുക്കുന്നു എന്നതിന്റെ പേരിലാണ് പൊലീസിനെതിരെ മാർച്ച് സംഘടിപ്പിച്ചത്. ആ സമരത്തെയാണ് പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത്; സിപിഐ യുടെ എം എൽ എ യ്ക്ക് അടക്കം പൊലീസ് മർദ്ദനമേറ്റത്. താങ്കൾ സൂചിപ്പിച്ചതു പോലെ, ഇതിന്റെ പേരിൽ പിണറായി വിജയനെ എല്ലാ ദിവസവും രാവിലെ താങ്കൾ വിമർശിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പക്ഷെ സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകർക്കും സിപിഐ യുടെ തന്നെ മുതിർന്ന നേതാക്കൾക്കും എം എൽ എയ്ക്കും പൊലീസ് മർദ്ദനം ഏൽക്കുമ്പോൾ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയെങ്കിലും താങ്കൾ പ്രതികരിക്കുമെന്ന് താങ്കളുടെ പാർട്ടിക്കാരും യുവജനസംഘടനാ നേതാക്കളും പ്രതീക്ഷിച്ചതിൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. അതുണ്ടാവാതിരുന്നപ്പോൾ, മർദ്ദനത്തെ ന്യായീകരിക്കുന്ന നിലപാട് എടുത്തപ്പോഴാണ് താങ്കൾക്കെതിരെ പോസ്റ്റർ പതിക്കാൻ അവർ തയ്യാറായത്.

അതിന് താങ്കൾക്ക് വേണമെങ്കിൽ സംഘടനാപരമായ നടപടി സ്വീകരിക്കാം. പക്ഷെ കേവലം ഒരു പോസ്റ്റർ പതിച്ചതിന്റെ പേരിൽ വീടുകയറി ആളുകളെ അറസ്റ്റ് ചെയ്യിപ്പിക്കുന്നത് (അത് സിപിഐ ക്കാരെ ആണെങ്കിൽ പോലും) ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. അത് ഇത്രയും കാലം താങ്കൾ പറഞ്ഞുകൊണ്ടിരുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നടത്തിയ എല്ലാ പ്രർത്തനങ്ങളെയും ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതാണ്. ഇത് താങ്കളുടെ രാഷ്ട്രീയ ജീവിതത്തിന് മേൽ തീരാകളങ്കമായിരിക്കും. തിരുത്തലുകൾക്കായ് മുദ്രാവാക്യം മുഴക്കിയ മുൻഗാമികളെ എങ്കിലും ഒന്നോർക്കുക. അതുകൊണ്ട് ആ കേസ് പിൻവലിക്കാൻ താങ്കൾ തന്നെ ആവശ്യപ്പെടുമെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP