Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണതലത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയും തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമ: സർക്കാറിന്റെ പിആർ വർക്കിന് മംഗളപത്രം വായിക്കലല്ല പ്രതിപക്ഷ ധർമ്മം; നിർണായക ഘട്ടത്തിൽ രാഷ്ട്രീയം മാറ്റിവെച്ച് സർക്കാറിനൊപ്പം നിലയുറപ്പിച്ചിട്ടുമുണ്ട് പ്രതിപക്ഷം; സംഗീത സംവിധായകൻ ഷാൻ റഹ്മാന് മറുപടിയുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്

ഭരണതലത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയും തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമ: സർക്കാറിന്റെ പിആർ വർക്കിന് മംഗളപത്രം വായിക്കലല്ല പ്രതിപക്ഷ ധർമ്മം; നിർണായക ഘട്ടത്തിൽ രാഷ്ട്രീയം മാറ്റിവെച്ച് സർക്കാറിനൊപ്പം നിലയുറപ്പിച്ചിട്ടുമുണ്ട് പ്രതിപക്ഷം; സംഗീത സംവിധായകൻ ഷാൻ റഹ്മാന് മറുപടിയുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ആരോഗ്യ മന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ സംഗീത സംവിധായകൻ ഷാൻ റഹ്മാന് മറുപടിയുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. ഭരണതലത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയും തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. ഗുരുതരമായ വീഴ്ചകൾ വരുത്തിയ മന്ത്രിയെയും സർക്കാരിനെയും പാടി പുകഴ്‌ത്തുന്നതിൽ താങ്കൾക്കു താൽപര്യം ഉണ്ടാകാമെന്നും വിമർശിക്കാതിരിക്കാൻ ഇത് കിങ് ജോങ് ഉന്നിന്റെ ഉത്തരകൊറിയ അല്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

 പി സി വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആരോഗ്യ മന്ത്രിയെ വീഴ്ച ചൂണ്ടിക്കാട്ടി വിമർശിച്ചതിന്റെ പേരിൽ പ്രതിപക്ഷത്തെ ഓർത്ത് ലജ്ജ തോന്നുന്നതായി കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ ഷാൻ റഹ്മാൻ സമൂഹമാധ്യമത്തിൽ കുറിപ്പ് ഇട്ടിരുന്നല്ലോ.

ഭരണതലത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയും തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്; സർക്കാറിന്റെ പിആർ വർക്കിന് മംഗളപത്രം വായിക്കലല്ല പ്രതിപക്ഷ ധർമ്മം. അതേ സമയം നിർണായക ഘട്ടത്തിൽ രാഷ്ട്രീയം മാറ്റിവെച്ച് സർക്കാറിനൊപ്പം നിലയുറപ്പിച്ചിട്ടുമുണ്ട് പ്രതിപക്ഷം.

ഇനി ഷാൻ ഉന്നയിച്ച വിമർശനങ്ങൾ ഓരോന്നായി പരിശോധിക്കാം.

1. നിപ കാലത്ത് നിങ്ങളെല്ലാം ഒളിച്ചിരുന്നപ്പോൾ അവരും അവരുടെ ടീമുമാണ് ഇറങ്ങിയതത്രെ...
ഇവിടെയാണ് പ്രശ്നം. നിപ വന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് താങ്കൾക്ക് അറിയാമോ ?

കോഴിക്കോട്ടെ രണ്ട് എംപിമാരും യുഡിഎഫുകാരായിരുന്നു; കോൺഗ്രസുകാരായിരുന്നു. നിരവധി പഞ്ചായത്തുകൾ കോഴിക്കോട്ട് യു ഡി എഫിന്റെ ഭരണ നേതൃത്വത്തിലായിരുന്നു; അവരുൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യപ്രവർത്തകരും പൊതുജനാരോഗ്യ പ്രവർത്തകരും ഒരുമിച്ച് നിന്നാണ് ഒരു നാട് നിപ്പയെ തോൽപ്പിച്ചത്.
സി പി എം ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തിനായി അവരുടെ മാത്രം രാഷ്ട്രീയനേട്ടത്തിലേക്ക് നിപ്പ പ്രതിരോധത്തെ മാറ്റുന്ന സങ്കുചിതത്വം മനസ്സിലാക്കാം. സഹിക്കാം.

താങ്കളുടെ രാഷ്ട്രീയ വിധേയത്വം ഓരോ വരിയിലും താങ്കൾ പ്രകടിപ്പിക്കുമ്പോഴും ഒരു കലാകാരനെന്ന നിലയിൽ വിശാലമായ് ഒരു കാര്യം ചിന്തിക്കൂ: അന്ന് ജനങ്ങൾക്കൊപ്പം, സർക്കാറിന് ഒപ്പം നിന്ന ഞങ്ങളെ ഈ രീതിയിൽ പരിഹസിക്കുന്ന ഈ അസുഖത്തിന്റെ പേരെന്താണ്?

2. അടുത്ത ആരോപണം: നിങ്ങളിൽ നിന്നും ശ്രദ്ധമാറി, ഞങ്ങളെല്ലാം ഒറ്റക്കെട്ടായി നിൽക്കുന്നു. -ഇവിടെ ആരാണ് നിങ്ങളെയും ഞങ്ങളെയും ഉണ്ടാക്കുന്നത്?

താങ്കൾ മനസ്സിലാക്കേണ്ടത് ജനാധിപത്യത്തിൽ ഭരണപക്ഷത്തെ അധികാരത്തിലേക്ക് തിരഞ്ഞെടുക്കുന്ന ജനം പ്രതിപക്ഷത്തിനെ തീർത്തും പരാജയപ്പെടുത്തുകയല്ല, മറിച്ച് ഭരണപക്ഷത്തെ വീഴ്ചകൾ ജാഗ്രതയോടെ നിരീക്ഷിച്ച് മനസ്സിലാക്കി തെറ്റുകൾ തിരുത്തിക്കുക എന്ന ദൗത്യമാണ് ഏല്പിക്കുന്നത്. അതു ചെയ്യാതിരുന്നാൽ ജനങ്ങൾ അർപ്പിച്ച പ്രതിപക്ഷ ധർമ്മം എന്ന ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ല എന്നാണ് അർത്ഥം.

വിമർശിക്കാതിരിക്കാൻ ഇത് കിങ് ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ അല്ല; ജനാധിപത്യ ഇന്ത്യയും കേരളവുമാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപതികളുള്ള അത്തരം രാഷ്ട്രങ്ങളിൽ വിമർശകരെയും രോഗികളെയുമെല്ലാം വെടിവെച്ച് കൊല്ലുകയാണ് പതിവ്.

താങ്കൾ പ്രതിപക്ഷ വിമർശനത്തിന്റെ വസ്തുതകൾ മനസ്സിലാക്കണം. സർ്ക്കാറിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഏതുപ്രവർത്തനത്തിലാണ് ആയിരത്തിലധികം വരുന്ന യുഡിഎഫ് ജനപ്രതിനിധികൾ നിസാരവത്കരിച്ചത്? അത് നമ്മുടെ നാടിന്റെ ഉത്തരവാദിത്തമാണ്, അതിനൊപ്പം കേരളമെല്ലാം ഉണ്ട്. ഇവിടെ ചൂണ്ടിക്കാട്ടിയത് ഈ ഭീതിയുടെ. ആശങ്കയുടെ അന്തരീക്ഷത്തിലേക്ക് കേരളത്തെ തള്ളിവിട്ട ഗുരുതര വീഴ്ചയെപ്പറ്റിയാണ്.

ഇറ്റലിയിൽ നിന്നും എത്തിയവർ സൂത്രത്തിൽ പുറത്തുകടന്നു എന്ന് പറഞ്ഞ മന്ത്രിയെ പിന്നെ അഭിനന്ദിക്കണോ?
എങ്ങനെ പുറത്തുകടന്നെന്നാണ് മന്ത്രി പറഞ്ഞത്? -സൂത്രത്തിൽ. ഇത്രയേറെ നിരീക്ഷണ-സുരക്ഷാ സംവിധാനമുള്ള വിമാനത്താവളത്തിൽ നിന്ന് സൂത്രത്തിൽ കടന്നതത്രെ.

ഇറ്റലിയിൽ നിന്നും എത്തിയവർ എന്ത് പറഞ്ഞാലും യാഥാർത്ഥ്യം യാഥാർത്ഥ്യമായി നിൽക്കുകയാണല്ലോ.
കണക്ടഡ് ഫ്ളൈറ്റിൽ വന്നാലും, പാസ്പോർട്ടിൽ ഇറ്റലിയിൽ നിന്നും വന്നതാണെന്ന് മനസ്സിലാവുകയില്ലേ?
ആ ഫ്ളൈറ്റിലെ യാത്രക്കാരെ മുഴുവനും, ഇനി അവർ നിരസിച്ചാലും നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കി, ഐസലോഷൻ വാർഡുകളിലേക്ക് മാറ്റിയിരുന്നെങ്കിൽ ഇന്ന് ഇത്രയേറെ ആളുകൾ തീ തിന്നു ജീവിക്കുന്ന ദുരവസ്ഥ ഒഴിവാക്കാമായിരുന്നില്ലേ?

താങ്കൾ റാന്നിയിലെ കാര്യങ്ങൾ ആലോചിക്കണം. ഈ സർക്കാർ ചെയ്ത ക്രിമിനൽക്കുറ്റത്തെപ്പറ്റി ആലോചിക്കണം. മുന്നറിയിപ്പില്ലാതെ പമ്പയാറിലെ ഒമ്പത് ഡാമുകൾ തുറന്ന് വിട്ടുണ്ടായ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് ഒരു രൂപ ഈ സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടില്ല. നിങ്ങൾ സിനിമാക്കാരും ഗായകരും കുടുക്ക പൊട്ടിച്ചുണ്ടാക്കി കൊടുത്ത സംഭാവനയെല്ലാം സി പി എം നേതാക്കളുടെ അക്കൗണ്ടിൽ പോയത് താങ്കളും അറിഞ്ഞുകാണുമല്ലോ? !

ഈ റാന്നിയിൽ ഇന്നും ആളുകൾ പുറത്തിറങ്ങാൻ ഭയന്ന് ആശങ്കയോടെ കഴിയുകയാണ്. അവരെ വിമാനത്താവളത്തിൽ തടയാൻ, പരിശോധിക്കാൻ പരാജയപ്പെട്ട ശേഷം മന്ത്രി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയാണ്: വിമാനത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ച് നൽകണമെന്ന്.

ഇമിഗ്രേഷനിൽ യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാണെന്നിരിക്കെ ടീച്ചറമ്മയുടെ ഈ പി ആർ ടീമിന്റെ അതിബുദ്ധിയിൽ ഞങ്ങളും കൂടണമായിരുന്നു എന്നാണ് ഷാൻ താങ്കളും പറയുന്നത്?

വിമാനത്താവളങ്ങളിൽ കോവിഡ്19 പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ 26 ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മാർച്ച് 3നാണ് കേന്ദ്ര നിർദ്ദേശം ലഭിച്ചതെന്ന് നിയമസഭയെ പോലും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രിയെ ഞങ്ങൾ വാഴ്‌ത്തണോ?

മാർച്ച് അഞ്ചിന് ദുബൈയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കുണ്ടൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ആരോഗ്യ പരിശോധന നടത്തിയിരുന്നോ?

അതിനേക്കാൾ ഗുരുതരമാണ് കെ.എസ്.ശബരിനാഥൻ എംഎൽഎ ഇന്ന് നിയമസഭയിൽ ഉന്നയിച്ച വിഷയം . അദ്ദേഹത്തിന്റെ മണ്ഡലത്തിൽപെട്ടയാൽ ഇറ്റലിയിൽനിന്ന് വന്നു എന്ന് വിമാനത്താവളത്തിൽ അറിയിച്ചിട്ടും കാര്യമായ പരിശോധനകൾ കൂടാതെ അദ്ദേഹത്തെ വീട്ടിൽ പോകാൻ അനുവദിച്ചു. പിന്നീട് പഞ്ചായത്ത് മെമ്പർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ എത്തിയ അദ്ദേഹത്തിന് കാര്യമായ പരിശോധനകൾ ഇല്ലാതെ തിരിച്ച് വീണ്ടും വീട്ടിലേക്ക് അയച്ചു.അദ്ദേഹം കടകളിൽ പോയി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങി പിന്നീട് ഇപ്പോൾ അദ്ദേഹത്തിന് രോഗമാണെന്ന് മനസ്സിലാക്കുന്നു. ഇപ്പൊൾ പരിഭ്രാന്തിയിലും പരക്കംപാച്ചിലിലുമാണ് കൊച്ചിയിലെ അനുഭവം ഉണ്ടായതിനു ശേഷവും ഈ വീഴ്‌ച്ച വന്നതിന് ആരാണ് ഉത്തരവാദി. . .

ആന്ത്രാക്സും സാർസും എബോളയും സിക്ക വൈറസും ഉൾപ്പെടെ കേരളത്തെ പരിഭ്രാന്തിയിലാഴ്‌ത്തിയ മാരക രോഗങ്ങൾ വന്നപ്പോൾ നമ്മളതിനെ അക്കാലത്ത് ഒറ്റക്കെട്ടായി നേരിട്ടു. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിമാർക്ക് അപദാനം പാടാൻ സമൂഹമാധ്യമങ്ങളിലെ സൈബർ പോരാളികളെന്ന സംവിധാനം അന്ന് ഇല്ലായിരുന്നല്ലോ... അല്ലേ ഷാൻ. ഗുരുതരമായ വീഴ്ചകൾ വരുത്തിയ മന്ത്രിയെയും സർക്കാരിനെയും പാടി പുകഴ്‌ത്തുന്നതിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാകാം പക്ഷേ അതിന് തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തെ പരിഹസിക്കുന്നതെന്തിന്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP