Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർവ്വതീ.., നിങ്ങളുടെ എല്ലാ വാക്കുകൾക്കും കയ്യടിക്കുന്ന ട്രാൻസ്ജന്റർ സമൂഹത്തോട് കൂട്ടുകാരി റിമക്ക് വേണ്ടി മനസ്സറിഞ്ഞൊരു ക്ഷമ പറയാൻ തയ്യാറാവണം; ഇത്രയും കാലം പറഞ്ഞ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ; കാട് പൂക്കുന്ന നേരം എന്ന സിനിമയിൽ റീമ അവതരിപ്പിച്ച കഥാപാത്രം പൊലീസ്‌കാരനെ അധിക്ഷേപികുന്നത് ആണും പെണ്ണും കെട്ടവൻ എന്നാണ്; പാർവതിക്കെതിര ആഞ്ഞടിച്ച് ബൈജുരാജ് ചേകവർ

പാർവ്വതീ.., നിങ്ങളുടെ എല്ലാ വാക്കുകൾക്കും കയ്യടിക്കുന്ന ട്രാൻസ്ജന്റർ സമൂഹത്തോട് കൂട്ടുകാരി റിമക്ക് വേണ്ടി മനസ്സറിഞ്ഞൊരു ക്ഷമ പറയാൻ തയ്യാറാവണം; ഇത്രയും കാലം പറഞ്ഞ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ; കാട് പൂക്കുന്ന നേരം എന്ന സിനിമയിൽ റീമ അവതരിപ്പിച്ച കഥാപാത്രം  പൊലീസ്‌കാരനെ അധിക്ഷേപികുന്നത് ആണും പെണ്ണും കെട്ടവൻ എന്നാണ്; പാർവതിക്കെതിര ആഞ്ഞടിച്ച് ബൈജുരാജ് ചേകവർ

തിരുവനന്തപുരം: ചാന്ത്‌പൊട്ട് സിനിമയുമായി ബന്ധപ്പെട്ട് ഉനൈസിനോട് മലയാള സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞ പാർവതി കാട് പൂക്കുന്ന നേരത്തിൽ ട്രാൻസ്ജന്ററുകളെ വിമർശിച്ച നടി റിമ കല്ലിങ്കലിനോട് മാപ്പ് പറയാൻ പറയണമെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യുണിയൻ അംഗമായ ബൈജുരാജ് ചേകവർ. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ബൈജുരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.


ബൈജുരാജ് ചേകവരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരെ ,
തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്ന് ഉയിർ കൊണ്ട ഉനൈസിനെ ആദ്യമേ അഭിവാദ്യം ചെയ്യുന്നു.

അഭിനേത്രി പാർവ്വതി ചാന്ത്‌പൊട്ട് സിനിമയുമായി ബന്ധപ്പെട്ട് ഉനൈസിനോട് മലയാള സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് കണ്ടു.

ആ മാപ്പ് ചാന്ത്‌പൊട്ടിന് ചേരില്ല. അത് അർഹിക്കുന്നത് കൂട്ടുകാരി റിമ കല്ലിംഗലിനും അവർ അഭിനയിച്ച കാട് പൂക്കുന്ന നേരം എന്ന സിനിമക്കുമാണ്.

ഉനൈസ് പറയുന്നത് പോലെ ഭൂരിപക്ഷത്തിന്റേതല്ലാത്ത ശരീര ഭാഷയെ നമ്മുടെ സമൂഹം എക്കാലവും ഒമ്പതെന്നും പെണ്ണെന്നും മറ്റ് പേരുകളിലും കളിയാക്കി പോന്നു.

2005 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ ദിലീപ് നായകനായി ലാൽജോസ് സംവിധാനം ചെയ്ത ചാന്ത് പൊട്ട് എന്ന സിനിമക്ക് ശേഷം മലയാളികൾ സ്‌ത്രൈണതയുള്ള പുരുഷന്മാരെ ചാന്ത്‌പൊട്ട് എന്നാണ് വിശേഷിപ്പിക്കാറ്.
അതുവരെ അവരെ വിശേഷിപ്പിക്കാൻ ഒരു പൊതു പദം ഭാഷയിൽ ഉണ്ടായിരുന്നില്ല എന്ന സത്യം നാം കാണാതെ പോകരുത്.
( ക്വിയർ എന്നല്ലാതെ കൃത്യമായൊരു മലയാള പദം ഇത്രയായിട്ടും ഉനൈസും പ്രയോഗിച്ചു കണ്ടില്ല. )

പക്ഷെ ചാന്ത്‌പൊട്ട് എന്ന സിനിമ മുമ്പോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം ഉനൈസും , മാപ്പ് പറഞ്ഞ പാർവ്വതിയും ബോധപൂർവ്വം മറച്ച് വെക്കുന്നു എന്നത് പ്രതിഷേധാർഹമാണ്.

പെണ്ണിന്റെ ശാരീരിക ചലനങ്ങളോടും മാനസിക വ്യവഹാരങ്ങളോടും ആഭിമുഖ്യമുള്ള നായകനായ രാധാകൃഷണൻ എല്ലാവരുടേയും ആഗ്രഹം പോലെ നല്ല ഒന്നാംതരം ആണൊരുത്തനായി മാറുന്നത് കാത്തിരിക്കുകയാണ് ഞാനടക്കമുള്ള കാണികൾ. അന്നത്തെ പൊതുബോധം അതൊരു പെരുമാറ്റ വൈകല്യമായിട്ടാണ് കരുതിപ്പോന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകൾ ലക്ഷ്യം വെച്ചല്ല , സാമ്പ്രദായിക ജനപ്രിയ ബിംബങ്ങളെ താലോലിക്കുന്ന ദിലീപ് - ലാൽ ജോസ് കുടുംബ പ്രേക്ഷകർക്ക് മുമ്പിലാണ് ചാന്ത്‌പൊട്ട് അവതരിപ്പിക്കപ്പെടുന്നതെന്ന് പ്രത്യേകം അടിവരയിടുന്നു.

അതേവരെ സമൂഹം വികലമെന്ന് കരുതി വന്ന നായകന്റെ ശാരീരിക മാനസിക സ്വത്വത്തെ ഒട്ടും മാറ്റാതെ ഉത്തമ പുരുഷ കേസരിയാക്കാതെ ക്ലൈമാക്‌സിലും അതേപടി നിലനിർത്തുക വഴി രാധാകൃഷ്ണന്മാർക്ക് കൂടി അവകാശപെട്ടതാണ് ഈ ഭൂമിയെന്ന് നിശബ്ദമായി പ്രഖ്യാപിച്ചു കൊണ്ടാണ് ലാൽജോസ് സിനിമ അവസാനിപ്പിക്കുന്നത്.

പതിനഞ്ച് വർഷത്തിനുള്ളിൽ ഇറങ്ങിയ ഒരു ജനപ്രിയ മുഖ്യധാര സിനിമയിൽ നായക സങ്കൽപ്പത്തെ ഇത്രമേൽ സൗമ്യമായി അട്ടിമറിച്ച മറ്റൊരു സിനിമ നിർദ്ദേശിക്കാമോ..? പ്രയാസമാണ്. കാരണം സിനിമയുടെ തുടക്കത്തിൽ നായകൻ എന്തിന്റെ പേരിലാണോ ഇകഴ്‌ത്തപ്പെടുന്നത് ക്ലൈമാക്‌സിൽ അത് കരസ്ഥമാക്കുന്നത് കണ്ട് കയ്യടിച്ച് ശീലമുള്ള പ്രേക്ഷകർക്ക് വിരുദ്ധ അനുഭവം നൽകുക എന്നത് മുഖ്യധാര സിനിമയിൽ വെല്ലുവിളിയാണ്.

എന്നിട്ടും പൊതുജനം ചാന്ത്‌പൊട്ട് എന്ന പേരിൽ ഉനൈസിനെ കളിയാക്കിയത് അന്നത്തെ സാമൂഹികമായ വളർച്ചക്കുറവായി വേണം തിരിച്ചറിയാൻ.

സിഗരറ്റ് വലി ഹാനികരം എന്ന ബോർഡ് കാണവെ ഒരാൾക്ക് സിഗരറ്റ് വാങ്ങേണ്ട കാര്യമാണ് ഓർമ്മവരുന്നതെങ്കിൽ അത് പരസ്യത്തിന്റെ കുഴപ്പമല്ല , ആളിന്റെ ശീലത്തിന്റെ തുടർച്ചയാണെന്ന് വേണം മനസിലാക്കാൻ.

തെരുവിൽ വെയിലേറ്റ് മുദ്രാവാക്യം മുഴക്കുന്ന ആത്മാർത്ഥതയുള്ള കുറെ ആക്റ്റിവിസ്റ്റുകളുടെ നിരന്തര ശ്രമഫലമായിട്ടാണ് മുഖം ചുളിച്ചിട്ടാണെങ്കിലും പൊതുസമുഹവും നമ്മുടെ കുടുംബ വ്യവസ്ഥയും മൂന്നാം ലിംഗക്കാരേയും വിമത ലൈംഗികതയേയും അംഗീകരിച്ചത്. സമൂഹ മാധ്യമങ്ങളുടെ വരവോടെ സാമ്പ്രദായിക ഊട്ട്പുരകൾ പലതും വമ്പിച്ച പൊളിച്ചെഴുത്തുകൾക്ക് വിധേയമായി. മന്ദബുദ്ധി എന്ന പ്രയോഗം നാം റദ്ദ് ചെയ്യുകയും ഭിന്നശേഷിക്കാർ എന്ന് അവരെ അഭിസംബോധന ചെയ്യാനും തുടങ്ങി.

പക്ഷെ കലയും രാഷ്ട്രീയവും ഒന്നാണെന്ന് പ്രഖ്യാപിച്ച റീമ കല്ലിംഗൽ ഇതൊന്നും അറിഞ്ഞില്ലെന്നും വേണം കരുതാൻ. അടുത്ത കാലത്തിറങ്ങിയ ഡോക്ടർ ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം എന്ന സിനിമയിൽ റീമ അവതരിപ്പിച്ച കഥാപാത്രം , അതും ഒരു മാവോയിസ്റ്റ് കഥാപാത്രം പൊലീസ്‌കാരനെ അധിക്ഷേപികുന്നത് ആണും പെണ്ണും കെട്ടവൻ എന്ന് ആക്രോശിച്ച് കൊണ്ടാണ് ...
ആ പദമൊക്കെ മലയാളികൾ നിഘണ്ടുവിലേക്ക് മാറ്റിക്കഴിഞ്ഞ കാര്യം മാവോയിസ്റ്റ് കഥാപാത്രമോ റിമയോ അറിഞ്ഞില്ല..

പാർവ്വതീ.., നിങ്ങളുടെ എല്ലാ വാക്കുകൾക്കും കയ്യടിക്കുന്ന ട്രാൻസ്ജന്റർ സമൂഹത്തോട് കൂട്ടുകാരി റിമക്ക് വേണ്ടി മനസ്സറിഞ്ഞൊരു ക്ഷമ പറയാൻ തയ്യാറാവണം. ഇത്രയും കാലം പറഞ്ഞ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ.

ജനവിരുദ്ധ സീനുകളോ സംഭാഷണങ്ങളോ സിനിമയിൽ വരുമ്പോൾ പ്രേക്ഷകർ കൂവണമെന്നും അത് ഉത്തരവാദിത്തമില്ലാത്ത സിനിമാക്കാരുടെ മുഖത്ത് തുപ്പലായി പതിയട്ടേയെന്നും ഫെയ്‌സ് ബുക്കിലൂടെ ആഹ്വാനം ചെയ്ത സംവിധായകൻ ഡോക്ടർ ബിജു .., ഇതിന്റെ പേരിൽ അങ്ങ് മലർന്ന് കിടന്ന് മേലോട്ട് തുപ്പുകയൊന്നും വേണ്ട, ഫെയ്‌സ് ബുക്കിലൂടെ തെറ്റ് പറ്റിയെന്ന് ഒന്ന് സൂചിപ്പിച്ചാൽ മതി.

എന്താണ് സ്‌നേഹം എന്ന ചോദ്യത്തിന് അതാത് കാലത്തെ ആവശ്യമാണ് സ്‌നേഹം എന്നതാണ് കാൽപ്പനികത ഒട്ടുമേയില്ലാത്ത , ഏറ്റവും ലളിതമായ മറുപടി . അതുകൊണ്ടാണ് കാൽമുട്ടിൽ സിഗരറ്റ് കുത്തുന്ന കാമുകൻ പ്രണയകാലത്ത് ഹീറൊ ആകുന്നതും , ഒരിക്കൽ നമ്മൾ മധുരത്തോടെ ആസ്വദിച്ച ആ വേദനയെ പിൽക്കാലം അന്ന് കണ്ട സിനിമയുടെ അക്കൗണ്ടിലേക്ക് വലിച്ചിട്ട് തള്ളിപ്പറയേണ്ടി വരുന്നതും.

അന്നും ഇന്നും എന്നും കാലിലോ ചങ്കിലോ തറയുന്ന വേദന തന്നെയാണ് പ്രണയം. വേദനയില്ലാത്ത പ്രണയത്തെ വിഭാവനം ചെയ്യാൻ മാത്രം അരസികരല്ല നമ്മളാരും.

ഈയ്യിടെ ഹിന്ദി സിനിമയുടെ പ്രമോഷനിടയിൽ നായകനായ ഇർഫാൻ ഖാൻ പാർവ്വതിയോട് കേരളീയ സ്ത്രീകളെ കുറിച്ച് ഒരു ഒളിഞ്ഞ് നോട്ടക്കാരന്റെ ലൈംഗികച്ചുവയോടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയപ്പോൾ പാർവ്വതി പ്രതികരികരിച്ചതേയില്ല.

ഭാവിയിൽ ഒരു (omkv) അങ്ങേർക്കും ചാർത്തി കൊടുക്കാൻ പാർവ്വതിയുടെ ഹോളിവുഡ് അരങ്ങേറ്റത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു .

കാരണം ഒരു കാലത്തെ ഉഭയ സമ്മത പ്രകാരമുള്ള ഇഷ്ടങ്ങളേയും സൗഹൃദങ്ങളേയുമെല്ലാം മറ്റൊരു അവസരത്തിൽ പീഡനമായി തള്ളിപ്പറയുന്ന ശീലത്തിലേക്കാണല്ലൊ നമ്മുടെ സമൂഹത്തെ നിങ്ങൾ നയിച്ചുകൊണ്ടിരിക്കുന്നത്.

താജ് മഹലിന്റെ ചരിത്രത്തിൽ മാത്രമല്ല , ഇപ്പോൾ നമ്മൾ ആരാധിച്ച്‌കൊണ്ടിരിക്കുന്ന പല സുന്ദര ശിൽപ്പങ്ങളും പണി പൂർത്തിയാക്കിയ ശിൽപ്പികളെ വളരെ വിദ്ഗദമായി ഇല്ലയ്മ ചെയ്തവരോ തള്ളിപ്പറഴഞ്ഞവരോ ആണ്. ഒന്നുകിൽ ദയനീയമായ ഭൂതകാലം മറച്ച് വെക്കാൻ , അല്ലെങ്കിൽ കടപ്പാടിനോടുള്ള ഭീതി. ( Fear of obligations )


ജനങ്ങൾക്കിടയിൽ കഴിഞ്ഞ് പോകുന്ന ഞങ്ങളെപ്പോലുള്ള കുറേ സാധാരണ ചലച്ചിത്ര പ്രവർത്തകർ നിങ്ങളുടെയൊക്കെ ആവേശ ഭാഷണങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നുണ്ട്.

അതുകൊണ്ട് പൊന്ന് ചേട്ടന്മാരെ പ്ലീസ് ..

----------------------------- ബൈജുരാജ് ചേകവർ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP