Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിലെ ശാസന ഉള്ളുരുകിയ വേദനയിൽ നിന്ന് ഉണ്ടായതാണ്; സംഘടനയെ ആകെ വിമർശിച്ചെന്ന ദുർവ്യാഖ്യാനവുമായി അവസരം മുതലെടുക്കുന്ന ചില സൈബർ ഗുണ്ടകളെ തിരിച്ചറിയാം; സങ്കുചിതമായ മനോഭാവം മൂലമാണ് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ കഴിയാത്തത്; സൈബർ സഖാക്കൾക്കും പാർട്ടിയിലെ വിമർശകർക്കുമെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിലെ ശാസന ഉള്ളുരുകിയ വേദനയിൽ നിന്ന് ഉണ്ടായതാണ്; സംഘടനയെ ആകെ വിമർശിച്ചെന്ന ദുർവ്യാഖ്യാനവുമായി അവസരം മുതലെടുക്കുന്ന ചില സൈബർ ഗുണ്ടകളെ തിരിച്ചറിയാം; സങ്കുചിതമായ മനോഭാവം മൂലമാണ് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ കഴിയാത്തത്; സൈബർ സഖാക്കൾക്കും പാർട്ടിയിലെ വിമർശകർക്കുമെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ പാട്ടുപാടിയതിനെ ചൊല്ലി വളർന്ന കലഹം കത്തിക്കുത്തിൽ കലാശിച്ചപ്പോൾ, ക്യാമ്പസിൽ ചോര വീണതിനെ ചൊല്ലി പതിവില്ലാതെ വിധം പ്രതികരിച്ചവരിൽ സിപിഎം നേതാക്കളുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ സ്പീക്കർ പി.ശ്രീരമാകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പലവിധത്തിൽ വ്യാഖ്യാനങ്ങൾക്കിടയായി. നിങ്ങൾ ഏതു തരക്കാരാണെന്നും എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാലയെന്നും, ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണലെന്നും,നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണെന്നും, മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ടെന്നും, ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക, അതായിരുന്നു ശ്രീരാമകൃഷ്ണന്റെ സ്‌നേഹോപദേശം. എന്നാൽ, ഇത് പലതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് വഴിവച്ചു.

ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ. അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്. ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ... ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട'' എന്നായിരുന്നു കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ്. അതേസമയം, എസ്എഫ്‌ഐയെ ആകെ വിമർശിച്ചു എന്ന വിമർശനങ്ങൾ സൈബർ സഖാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായി. പ്രതികരിച്ചവർക്കും, വിമർശിച്ചവർക്കും മറുപടിയുമായി ശ്രീരാമകൃഷ്ണൻ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിട്ടു.

നാലുപതിറ്റാണ്ടായി പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്ന തങ്ങളുടെയൊക്കെ ചോരയും കണ്ണീരും വിയർപ്പും സ്വപ്നങ്ങളും ജീവിതവും അർപ്പിച്ച വിദ്യാർത്ഥി പ്രസ്ഥാനത്തെ തെരുവിലിട്ട് ചവുട്ടിത്തേക്കുന്നത് കണ്ടപ്പോൾ, അതിന്റെ തന്നെ ഭാഗമായ കുട്ടികളുടെ വികാരപ്രകടനങ്ങൾ കണ്ടപ്പോൾ, അത്തരമൊരവസ്ഥയ്ക്കു കാരണക്കാരായവരുടെ തെറ്റ് ചൂണ്ടിക്കാണിക്കണമെന്ന് തോന്നിയെന്ന് ശ്രീരാമകൃഷ്ണൻ കുറിച്ചു. സംഘടനയെ വിമർശിച്ചു എന്ന് ദുർവ്യാഖ്യാനം ചെയ്ത് അവസരം മുതലെടുക്കാനെത്തിയ ചില സൈബർ ഗുണ്ടകളുടെ ലക്ഷ്യവും ഉദ്ദേശവും എല്ലാവർക്കും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. 'തെറ്റുകൾ സംഭവിക്കാം. അത് 'തിരുത്തണം' എന്ന് പറയുന്നതും ഒരു കുറ്റകൃത്യമാണെന്ന മട്ടിൽ ആക്ഷേപം ചൊരിയുന്നവരുടെ മാനസികാവസ്ഥ എന്താണ്? ഈ സങ്കുചിതമായ മനോഭാവം മൂലമാണ് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ പലർക്കും കഴിയാതെ പോകുന്നത്. ചിലപ്പോഴെങ്കിലും സമൂഹത്തിന്റെ പൊതുവായ നന്മയ്ക്ക് വേണ്ടി നിലപാട് സ്വീകരിക്കാനുള്ള ആരോഗ്യം എല്ലാവരും കാണിക്കണം, ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റ് ഇങ്ങനെ:

*പ്രതികരിച്ച എല്ലാവർക്കും നന്ദി **

പതിനൊന്നാമത്തെ വയസ്സിൽ ഒരു ഹൈസ്‌ക്കൂൾ യൂണിറ്റ് സെക്രട്ടറിയായി ചുമതലയേറ്റപ്പോഴാണ് ഈ വിദ്യാർത്ഥി സംഘടനയെ ഞാനും നെഞ്ചോട് ചേർത്തു പിടിച്ചത്. കാലം ഏതാണ്ട് നാലുപതിറ്റാണ്ടുകൾ പിന്നിടുകയാണ്. ഞങ്ങളുടെയൊക്കെ ചോരയും കണ്ണീരും വിയർപ്പും സ്വപ്നങ്ങളും ജീവിതവും അർപ്പിച്ച ആ വിദ്യാർത്ഥി പ്രസ്ഥാനത്തെ തെരുവിലിട്ട് ചവുട്ടിത്തേക്കുന്നത് കണ്ടപ്പോൾ, അതിന്റെ തന്നെ ഭാഗമായ കുട്ടികളുടെ വികാരപ്രകടനങ്ങൾ കണ്ടപ്പോൾ, അത്തരമൊരവസ്ഥയ്ക്കു കാരണക്കാരായവരുടെ തെറ്റ് ചൂണ്ടിക്കാണിക്കണമെന്ന് തോന്നി. ശാസിക്കണമെന്നും തോന്നി. ആ ശാസന ഉള്ളുരുകിയ വേദനയിൽ നിന്ന് ഉണ്ടായതാണ്. അത് തെറ്റിനോടുള്ള പ്രതികരണമാണ്. തെറ്റുകാരോട് മാത്രമുള്ള ഓർമ്മപ്പെടുത്തലാണ്. എന്നാൽ സംഘടനയെ ആകെ വിമർശിച്ചു എന്ന് ദുർവ്യാഖ്യാനം ചെയ്ത് അവസരം മുതലെടുക്കാനൊത്തുകൂടിയ ചില സൈബർ ഗുണ്ടകളുണ്ടാവാം. അവരുടെ ലക്ഷ്യവും ഉദ്ദേശവും എല്ലാവർക്കും മനസ്സിലാകും. അത്തരക്കാരുടെ മുരളലുകൾകൊണ്ട് പതറിപ്പോകുന്ന പാഠമല്ല നാം പഠിക്കേണ്ടത് .

സംഘടനാനേതൃത്വം സ്വീകരിച്ച ശരിയായ നടപടികൾ മാതൃകാപരമാണ്. അത് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഞാനും വികാരം പങ്കുവെച്ചത്. അതുതന്നെയാണ് പക്വതയോടെ മുൻ നേതൃത്വം മുഴുവനും സ്വീകരിച്ച നിലപാടും. ഒന്നൊഴിയാതെ മുൻകാല നേതാക്കളെല്ലാം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉൾപ്പെടെ സഖാക്കൾ കോടിയേരിയും എം എ ബേബിയും ജി സുധാകരനും ഡോ. തോമസ് ഐസക്കും എം ബി രാജേഷും ഇപ്പോൾ വി പി സാനുവരെയും പറഞ്ഞതും മറ്റൊന്നല്ല.

പാത്തും പതുങ്ങിയുമിരിക്കുന്നവർ അവസരങ്ങൾ വീണുകിട്ടിയാൽ ആവേശത്തോടെ പുലിമടകളിൽനിന്ന് പുറത്തിറങ്ങും എന്നതിന്റെ ഉത്തമോദാഹരണമാണ് ഇപ്പോഴുള്ള പ്രചാരണ അക്രമങ്ങളിൽ തെളിയുന്നത്. അത് ഏകപക്ഷീയമാണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും. മറ്റൊന്നും കാണുകയോ കേൾക്കുകയോ ചെയ്യാതെ കടിച്ചുകീറാൻ വരുന്നവരുടെ ലക്ഷ്യം മനസ്സിലാക്കി മുന്നോട്ടുപോകാൻ കഴിയണം. അതിനുള്ള അവസരമൊരുക്കാതിരിക്കാനുള്ള വിവേകവും ബുദ്ധിയും കാണിക്കണം.

തെറ്റുകൾ സംഭവിക്കാം. അത് 'തിരുത്തണം' എന്ന് പറയുന്നതും ഒരു കുറ്റകൃത്യമാണെന്ന മട്ടിൽ ആക്ഷേപം ചൊരിയുന്നവരുടെ മാനസികാവസ്ഥ എന്താണ്? ഈ സങ്കുചിതമായ മനോഭാവം മൂലമാണ് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ പലർക്കും കഴിയാതെ പോകുന്നത്. ചിലപ്പോഴെങ്കിലും സമൂഹത്തിന്റെ പൊതുവായ നന്മയ്ക്ക് വേണ്ടി നിലപാട് സ്വീകരിക്കാനുള്ള ആരോഗ്യം എല്ലാവരും കാണിക്കണം.എന്റെ എഫ്ബി പോസ്റ്റിനോട് പ്രതികരിച്ച എല്ലാവർക്കും നന്ദി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP